DCBOOKS
Malayalam News Literature Website

ആനന്ദിനെ വായിച്ചു കഴിയുമ്പോൾ മനസ്സിൽ അവശേഷിക്കുക ആനന്ദമോ?

ആനന്ദിന്റെ ‘രക്തവും സാക്ഷികളും’ എന്ന പുസ്തകത്തെക്കുറിച്ച് ബിപിന്‍ ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ്

ആനന്ദിനെ വായിച്ചു കഴിയുമ്പോൾ പലപ്പോഴും ആനന്ദമല്ല മനസ്സിൽ അവശേഷിക്കുക. മനുഷ്യരെന്ന നിലയിൽ നമ്മൾ പുലർത്തേണ്ട ചില മിനിമം ഉത്തരവാദിത്വങ്ങളെക്കുറിച്ച് ആനന്ദ് എപ്പോഴും നമ്മളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. ചുറ്റുമുള്ള മനുഷ്യരോടു പുലർത്താൻ മറന്നുപോയ നന്ദിയും Textസ്നേഹവും കാരുണ്യവുമൊക്കെ എങ്ങനെയാണ് എപ്പോഴാണ് കൈമോശം വന്നതെന്നോർത്ത് നമ്മൾ കുഴഞ്ഞുനിന്നുപോകും. ജനാധിപത്യം എന്ന വാക്കിന്റെ പൊരുളാഴങ്ങളെക്കുറിച്ച് നിരന്തരം ആ എഴുത്ത് അന്വേഷിച്ചുകൊണ്ടേയിരിക്കും. നീതി എന്ന വാക്കിൻറെ പ്രഭ അതിലെങ്ങും നിറഞ്ഞുനിൽക്കും.

രക്തവും സാക്ഷികളും വായിച്ചിട്ട് എല്ലാ ആനന്ദ് വായനകൾക്കും ശേഷമെന്നതുപോലെതന്നെ ഞാൻ അന്തംവിട്ട് ആലോചിച്ചുകൊണ്ടേയിരുന്നു. ഏറ്റവും മികച്ച മനുഷ്യരാകാനൊന്നും എല്ലാവർക്കും പറ്റില്ലായിരിക്കും. പക്ഷേ അല്പം കൂടി നല്ല മനുഷ്യരാകാൻ തീർച്ചയായും കഴിയും. ആനന്ദിനെ വായിക്കുന്ന ആർക്കാണ് മനുഷ്യരെന്ന നിലയിൽ അല്പമെങ്കിലും മുന്നോട്ടുപോകാതിരിക്കാൻ കഴിയുക. മതങ്ങളും പാർട്ടികളും സംഘടനകളും കുടുംബമടക്കമുള്ള സകലമാന സ്ഥാപനങ്ങളും ഞെരിച്ചമർത്തലിന്റെയും ചവിട്ടിമെതിക്കലിന്റെയും പ്രത്യയശാസ്ത്രത്തിന്റെ അധികാരപതാക തെല്ലും നാണക്കേടില്ലാതെ ഉയർത്തിപ്പറപ്പിക്കുമ്പോൾ , സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ തത്ത്വങ്ങളെയൊക്കെ മുറുകെപ്പുണരുന്ന മനുഷ്യർ വംശനാശം വന്ന വർഗ്ഗമായിത്തീരാതിരിക്കുന്നത് ആനന്ദിനെപ്പോലുള്ളവർ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നതുകൊണ്ട് കൂടിയാണ്.

ലത്തീഫ് അബ്ദുൾ ഡിസൈൻ ചെയ്ത പുസ്തകത്തിൻറെ കവറിലേക്ക് ഞാനിങ്ങനെ നോക്കിനോക്കിയിരിക്കുകയാണ്. ചോരച്ചുവപ്പിന്റെ പശ്ചാത്തലത്തിലുള്ള ആ പുറംചട്ട മനുഷ്യചരിത്രത്തെക്കുറിച്ചും ചരിത്രത്തിലെ കൊടിയ പീഡനങ്ങളെക്കുറിച്ചും ഉടലുകളിലും ആത്മാവുകളിലും തുളഞ്ഞുകയറിയ കൂരാണികളെക്കുറിച്ചുമുള്ള ചിന്തകൾ മനസ്സിൽ ഉണർത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ എന്നത് എപ്പോഴും അത്ര മനോഹരമായ പദമൊന്നുമല്ല. പക്ഷേ ആനന്ദിന്റെ പുസ്തകത്തിലെ ഒരു അധ്യായത്തിന്റെ തലക്കെട്ട് പോലെ ” സൂര്യൻ ഇനിയും ഉദിക്കും .” പ്രതീക്ഷ എന്നതാണല്ലോ മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ബിപിന്‍ ചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.