രക്തസാക്ഷ്യം’ സുവനീര്‍ പ്രകാശനവും സെമിനാറും ജൂലൈ 11ന്
തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാന്‍ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നല്കിയ ‘രക്തസാക്ഷ്യം’ പരിപാടികളുടെ ഓര്‍മയ്ക്കായി സമിതി തയാറാക്കിയ ‘രക്തസാക്ഷ്യം സുവനീറി’ന്റെ പ്രകാശനവും ഒപ്പം ‘ഗാന്ധിജി സത്യാനന്തര യുഗത്തില്‍’ എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനവും ജൂലൈ 11-ന് വൈകിട്ട് നാലു മണിക്ക് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചലച്ചിത്രനടനും സംവിധായകനുമായ രഞ്ജി പണിക്കരാണ് മുഖ്യമന്ത്രിയില്‍ നിന്ന് സുവനീര്‍ സ്വീകരിക്കുന്നത്. ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ആമുഖഭാഷണം നടത്തും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, അശോകന്‍ ചരുവില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി സ്വാഗതമാശംസിക്കുകയും വകുപ്പു ഡയറക്ടര്‍ ടി.ആര്‍ സദാശിവന്‍ നായര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്യും.
തുടര്‍ന്ന് ‘ഗാന്ധിജി സത്യാനന്തര യുഗത്തില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി പ്രഫസറും ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിസിറ്റിങ് പ്രഫസറും കോളമിസ്റ്റുമായ ഡോ. ശിവ് വിശ്വനാഥന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രൊഫസറും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ പ്രഭാഷണം നടത്തും. കേരള സര്‍വകലാശാലാ ഇംഗ്ലീഷ് പ്രഫസറും സാംസ്‌കാരിക വിമര്‍ശകയുമായ ഡോ. മീന ടി പിള്ള മോഡറേറ്ററായിരിക്കും. വിഷയത്തില്‍ പൊതുചര്‍ച്ചയും നടക്കും.
Comments are closed.