DCBOOKS
Malayalam News Literature Website

‘രക്തകിന്നര’ത്തിന് ഒരു ആമുഖക്കുറിപ്പ്

 

മലയാളകവിതയിലെ ചെറുതാകാത്ത ചെറുപ്പമായി നിലനില്‍ക്കുന്ന പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനുള്ള പിറന്നാള്‍ സമ്മാനമായി ഡി സി ബുക്‌സ് പുറത്തിറക്കിയ രക്തകിന്നരം എന്ന കവിതാസമാഹാരത്തിന് ചുള്ളിക്കാട് എഴുതിയ ആമുഖ കുറിപ്പ്;

സ്വന്തം കവിതയെക്കുറിച്ച് ഏറെയൊന്നും പറയാനില്ല. എന്റെ ആന്തരികജീവിതത്തിനു കവിതാരൂപം നല്കുക എന്ന തികച്ചും പരിമിതമായ ലക്ഷ്യം മാത്രമേ എന്നും എന്റെ കവിതാരചനയ്ക്കുള്ളൂ. ആരുടെയും അഭിപ്രായം

രക്തകിന്നരം
രക്തകിന്നരം

പരിഗണിക്കാതെ, ആരുടെയും നിര്‍ദ്ദേശം അനുസരിക്കാതെ, എനിക്കു തോന്നുമ്പോള്‍ തോന്നുന്നത് തോന്നുന്നപോലെ എഴുതുന്നു. അത്രമാത്രം. സമാനഹൃദയരായ ആരെങ്കിലും ആസ്വദിക്കണം എന്നതിനപ്പുറം എന്തെങ്കിലും പ്രതീക്ഷ ഒരിക്കലുമില്ല.

ചില മനുഷ്യര്‍ എന്റെ കവിതകളില്‍ അവരുടെ ജീവിതം കണ്ടെത്തി. അവരാണ് എന്നെ ഒരു കവിയായി ആദ്യം അംഗീകരിച്ചത്. അവര്‍ പണ്ഡിതരോ ബുദ്ധിജീവികളോ സൈദ്ധാന്തികരോ ആയിരുന്നില്ല.എന്നെപ്പോലെ മനസ്സു തകര്‍ന്ന വെറും മനുഷ്യരായിരുന്നു. ഉറക്കം നഷ്ടപ്പെട്ട പാതിരാകളില്‍ ഉന്മാദത്തിന്റെ അതിരുകളിലൂടെ അലഞ്ഞുനടന്ന ആ അറിയപ്പെടാത്ത മനുഷ്യരാണ് അവരുടെ സ്വന്തം മുറിവില്‍ വിരല്‍ മുക്കി മലയാളകവിതയുടെ മതിലിനു പുറത്ത് എന്റെ പേര് എഴുതിയിട്ടത്. എന്റെ കവിത അവരോടൊപ്പം അവസാനിക്കുകയും ചെയ്യും. അവരുടെ നശ്വരതയിലാണ് എന്റെ കവിതയുടെ അന്ത്യനിദ്ര…

Comments are closed.