DCBOOKS
Malayalam News Literature Website

ഖൂനി വൈശാഖിയുടെ മലയാളം വിവര്‍ത്തനം ‘രക്തവൈശാഖി’ പ്രകാശനം ചെയ്തു

സാഹിത്യകാരനും യു.എ.ഇ.യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ നവദീപ് സിങ് സൂരി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഖൂനി വൈശാഖി എന്ന കവിതയെക്കുറിച്ചുള്ള സംവാദം ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നടന്നു. മേളയുടെ നാലാം ദിനത്തില്‍, ഇന്റലക്ച്വല്‍ ഹാളില്‍ വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ നടന്ന പരിപാടിയില്‍ പുസ്തകത്തെ അധികരിച്ചുള്ള ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ അധികരിച്ച് നാനാക് സിങ് പഞ്ചാബി ഭാഷയില്‍ രചിച്ച ‘ഖൂനി വൈശാഖി’ എന്ന കവിത അദ്ദേഹത്തിന്റെ പൗത്രനായ നവദീപ് സിംഗ് സൂരി ഖൂനി വൈശാഖിയെന്ന പേരില്‍ത്തന്നെയാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ മലയാളപരിഭാഷയായ ‘രക്തവൈശാഖി’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹിന്ദു-മുസ്‌ലിം-സിഖ് മൈത്രി ഹൃദയസ്പര്‍ശിയായി വര്‍ണ്ണിക്കുന്ന, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നേര്‍സാക്ഷ്യമായ ഖൂനി വൈശാഖിയുടെ കയ്യെഴുത്തുപ്രതിയോ അച്ചടിച്ച പുസ്തകമോ തങ്ങളുടെ കുടുംബാംഗങ്ങളാരും കണ്ടിരുന്നില്ലെന്ന് നവദീപ് സിംഗ് സൂരി പറഞ്ഞു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമടുത്തപ്പോള്‍, തന്റെ മാതാവാണ്, പഞ്ചാബിയിലെഴുതിയ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തി പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്തുണ്ടായിരുന്ന നാനാക് സിംഗ് ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ്. നാലായിരം വാക്കുകളാണ് കൂട്ടക്കൊലയെ കുറിച്ച് അദ്ദേഹമെഴുതിയ കവിതയില്‍ ഉണ്ടായിരുന്നത്. കവിത പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ അത് നിരോധിക്കപ്പെട്ടു. പില്‍ക്കാലത്ത് പുസ്തകത്തിന്റെ കോപ്പി ലഭിക്കാനായി പല തലങ്ങളിലും ശ്രമിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല.

എണ്‍പതുകളില്‍, കേന്ദ്രത്തില്‍ അഭ്യന്തരമന്ത്രിയായിരുന്ന ഗ്യാനി സെയില്‍ സിംഗ് പുസ്തകത്തിന്റെ കോപ്പി കണ്ടെടുക്കാന്‍ പ്രത്യേകതാത്പര്യമെടുത്തിരുന്നു. അറുപത് വര്ഷങ്ങള്‍ക്ക് ശേഷം, ജാഗ്രുതി പത്രത്തിന്റെ പത്രാധിപസമിതിയിലുണ്ടായിരുന്ന ഡോ. ഗുപ്തയുടെ പക്കല്‍ നിന്ന് തങ്ങള്‍ക്ക് കവിതയുടെ ഒരു പ്രതി ലഭിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പുസ്തകങ്ങള്‍ ശേഖരിക്കുന്ന വ്യക്തിയായിരുന്നു. മുത്തച്ഛന്റെ പഴയ ചാക്കുകെട്ടുകള്‍ക്കുള്ളില്‍ നിന്നാണ് ഡോ. ഗുപ്തയ്ക്ക് കവിത ലഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം, ബ്രിട്ടീഷ് ലൈബ്രറിയെ സമീപിച്ചപ്പോള്‍, അവരുടെ യോക്ക് ഷെയര്‍ ലൈബ്രറിയുടെ ഗ്രന്ഥരക്ഷാലയത്തില്‍ ‘ഖൂനി വൈശാഖി’യുടെ പഴയ പ്രതി ഉണ്ടെന്നറിഞ്ഞു. കാലപ്പഴക്കം മൂലം തുറന്നുവായിക്കാന്‍ കഴിയാത്ത നിലയിലായിരുന്ന പുസ്തകത്തെ വിദഗ്ദ്ധരുടെ സഹായത്താല്‍ പ്രത്യേകപ്രക്രിയകള്‍ക്ക് വിധേയമാക്കിയതിന് ശേഷമാണ് അധികൃതര്‍ക്ക് പകര്‍പ്പെടുക്കാന്‍ സാധിച്ചത്. ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് സ്‌കാന്‍ ചെയ്തുകിട്ടിയ പകര്‍പ്പാണ് തന്റെ പക്കലുള്ളതെന്ന് നവദീപ് സിംഗ് സൂരി പറഞ്ഞു.

1919 ഏപ്രില്‍ 13-ന്, രാമനവമിക്ക് തൊട്ടടുത്ത ദിവസമുള്ള വൈശാഖി ആഘോഷങ്ങള്‍ക്കായി ജാലിയന്‍വാലാ ബാഗില്‍ ഒത്തൊരുമിച്ച ജനക്കൂട്ടത്തിന് നേരെ കേണല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് പേരാണ് മരിച്ചുവീണത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികദിനമായ 2019 ഏപ്രില്‍ 13-ന് അബുദാബിയില്‍ വെച്ചാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നടന്നത്.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വീര്യവും ആവേശവും നല്‍കിയ സംഭവമായിരുന്നെന്ന് പുസ്തകപ്രകാശനപരിപാടിയില്‍ പങ്കെടുത്ത കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായിരുന്നിട്ടും നൂറാം വാര്‍ഷികവേളയില്‍ ജലിയന്‍വാലാ ബാഗിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് ഗുല്‍സാര്‍ പറഞ്ഞു.

നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഇന്ത്യയുടെയും പാകിസ്ഥാന്റെയും മാത്രമല്ല, ദക്ഷിണേഷ്യയുടെ തന്നെ മനസ്സിലെ മായാത്ത മുറിവാണ് ജലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്ന് പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയും സിനിമാസംവിധായകയുമായ അമ്‌ന ഇഹ്തിഷാം അഭിപ്രായപ്പെട്ടു. ‘ഖൂനി വൈശാഖി’യുടെ ഇംഗ്ലീഷ്, ഷാമുഖി, മലയാളം ഭാഷകളിലുള്ള വിവര്‍ത്തനങ്ങളുടെ പ്രകാശനം പരിപാടിയുടെ ഭാഗമായി നടന്നു.

ഗുല്‍സാര്‍, അമ്‌ന ഇഹ്തിഷാം, നവദീപ് സിംഗ് സൂരി, ഷാജഹാന്‍ മാടമ്പാട്ട്, രവി ഡി സി എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

Comments are closed.