DCBOOKS
Malayalam News Literature Website

#KLF സംവാദവേദിയില്‍ രാകേഷ് ശര്‍മ്മയെത്തുന്നു

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം പതിപ്പ് കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കപ്പെടുകയാണ്. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും കെ.എല്‍.എഫ് വേദിയില്‍ എത്തുന്നുണ്ട്. ബഹിരാകാശപര്യവേഷണരംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ രാകേഷ് ശര്‍മ്മയുടെ സാന്നിദ്ധ്യമാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മുഖ്യാകര്‍ഷണം.

ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശര്‍മ്മ. 1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യന്‍ വ്യോമസേനയില്‍ വൈമാനികനായിരുന്ന രാകേഷ് ശര്‍മ്മ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും സോവിയറ്റ് ഇന്റര്‍ കോസ്‌മോസ് സ്‌പേസ് പ്രോഗ്രാമും സംയുക്തമായി സഹകരിച്ച ബഹിരാകാശപര്യവേഷണത്തിനായി രാകേഷ് ശര്‍മ്മയെയാണ് തെരഞ്ഞെടുത്തത്. 18 മാസം നീണ്ടുനിന്ന കടുത്ത പരിശീലനത്തിനുശേഷം 1984 ഏപ്രില്‍ മൂന്നിന് സല്യൂട്ട്-7 എന്ന ബഹികാരാകാശ കേന്ദ്രത്തിലേക്ക് സൊയൂസ്- T II എന്ന ബഹിരാകാശ പേടകത്തിലേറി രാകേഷ് ശര്‍മ്മ യാത്ര തിരിച്ചു. ഒപ്പം രണ്ട് ബഹിരാകാശ യാത്രികര്‍ കൂടിയുണ്ടായിരുന്നു. ബഹിരാകാശത്ത് ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിട്ടും പിന്നിട്ട ശേഷമാണ് അവര്‍ ഭൂമിയിലെത്തിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആഹ്ലാദകരമായ ചരിത്രനിമിഷങ്ങളിലൊന്നായിരുന്നു അത്. ബഹിരാകാശത്തെത്തുന്ന 138-ാമത്തെ മനുഷ്യനായിരുന്നു അദ്ദേഹം.

വ്യോമസേനയില്‍ നിന്ന് വിങ് കമ്മാന്‍ഡറായി വിരമിച്ച രാകേഷ് ശര്‍മ്മ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ ചീഫ് ടെസ്റ്റ് പൈലറ്റായിരുന്നു. രാജ്യം നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നായ അശോകചക്രം നല്‍കി രാകേഷ് ശര്‍മ്മയെ ആദരിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ ഹീറോ ഓഫ് ദി സോവിയറ്റ് യൂണിയന്‍ പദവിയും നല്‍കിയിട്ടുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

 

 

Comments are closed.