രാജീവ് ഗാന്ധി വധക്കേസ്; ശുഭ പ്രതീക്ഷയില്‍ പേരറിവാളന്റെ കുടുംബം
മകന്റെ മോചനത്തിനായി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം ഫലം കാണുമെന്ന പ്രതീക്ഷയില്‍ പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍. പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
‘മകന്‍ ജയിലില്‍നിന്നു പുറത്തിറങ്ങുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതു വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ അര്‍പുതമ്മാള്‍ പറയുന്നു.
ഇത്തവണ ശുഭ വാര്‍ത്തയുണ്ടാകുമെന്നു തന്നെയാണു വിശ്വാസമെന്നു പിതാവ് ജ്ഞാനശേഖരനും പറയുന്നു.
ചികിത്സക്കായി രണ്ടു മാസത്തെ പരോള്‍ അവസാനിച്ച് ഈയിടെയാണു പേരറിവാളന്‍ ജയിലിലേക്കു മടങ്ങിയത്.പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കേസിലെ പ്രതികളില്‍ പേരറിവാളന്റെയും മറ്റു 2 പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തം തടവാക്കാന്‍ സുപ്രീം കോടതി 2014 ലാണ് തീരുമാനിച്ചത്.
Comments are closed.