അവസാനത്തെ ഗാന്ധി
ലിജീഷ് കുമാറിന്റെ ‘കഞ്ചാവ്’ എന്ന പുസ്തകത്തില്‍ നിന്നും
മലപ്പുറത്തെ ഒരു സർക്കാർ സ്കൂളിന്റെ മുറ്റത്തു വന്ന് ഒരു ദിവസം രാഹുൽ ഗാന്ധി ചോദിച്ചു, “ഇവിടെയാരാണ് എന്റെ പ്രസംഗം ട്രാൻസ്‌ലേറ്റ് ചെയ്യാൻ പോവുന്നത്?” പെട്ടെന്നുള്ള ചോദ്യമാണ്. ഇങ്ങനൊക്കെപ്പറഞ്ഞാൽ ആരു വരാനാണ്? അങ്ങനേ ചിന്തിച്ചു നിൽക്കുമ്പോഴാണ് ഒരു പെൺകുട്ടി ആൾക്കൂട്ടത്തിൽനിന്ന് എഴുന്നേറ്റു നിന്നത്. ആരവങ്ങൾക്കിടയിലൂടെ അവൾ മുമ്പോട്ട് നടന്നുകയറിയ കാഴ്ച ഇപ്പോഴും ഓർമ്മയിലുണ്ട്. അവളുടെ പേര് സഫ. പിറ്റേന്നത്തെ വാർത്തകൾ മുഴുവൻ അവളെക്കുറിച്ചായിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കുട്ടി എന്ന തലക്കെട്ടിൽ സഫ.
പക്ഷേ, അവളെക്കണ്ട് ഞെട്ടാത്ത ഒരാൾ അന്നവിടെ ഉണ്ടായിരുന്നു. അത്ഭുതാദരങ്ങളുള്ള കണ്ണുകൾകൊണ്ട് അവളെ നോക്കാത്ത ഒരാൾ, ഒരേയൊരാൾ. അവളെ ഭാഷ പഠിപ്പിച്ചവരോ അവളുടെ അമ്മയപ്പന്മാരോ ആയിരുന്നില്ല അത്. അരാണ് മുമ്പോട്ടു വരുന്നത് എന്ന ചോദ്യവുമായി കൂസലില്ലാതെ അയാൾ നിന്നു. അവൾ വേദിയിലേക്കു കയറി വരുമ്പോൾ, അവൾ മിണ്ടുമ്പോൾ ഒക്കെ കൗതുകത്തോടെ അയാളെ നോക്കി. ശരിയാണ്, ഒരത്ഭുതവും അയാളിലില്ല. അന്നോളമുള്ള തന്റെ പ്രസംഗത്തിന്റെ റിഥം പരിഭാഷപ്പെടുത്തുന്ന കുട്ടിക്കുവേണ്ടി അയാൾ മാറ്റിയതുമില്ല. അമ്പരപ്പിച്ചു കളഞ്ഞത് സഫയല്ല, രാഹുലാണ്.
സഫയെപ്പോലുള്ള കിടിലൻ കുട്ടികൾ തിങ്ങിനിറഞ്ഞ പള്ളിക്കൂടങ്ങളാണ് നമ്മുടേത്. നാമത് പക്ഷേ, തിരിച്ചറിഞ്ഞിട്ടില്ല, അഥവാ അറിഞ്ഞാലും അംഗീകരിക്കില്ല. അതുകൊണ്ടാണ് സഫ അമ്പരപ്പുണ്ടാക്കുന്നത്. ഇതാ ഒരു സഫ എന്നു പറഞ്ഞ് കണ്ണു തള്ളുന്നത്!! നാമിന്നോളം കൊടുക്കാൻ തയ്യാറാകാഞ്ഞ അവസരങ്ങളുടെ, നാമിന്നോളം കയറ്റി ഇരുത്താഞ്ഞ സ്റ്റേജുകളുടെ മുന്നിൽ താടിക്കു കൈ കൊടുത്തിരിപ്പുള്ള എത്ര സഫമാരുണ്ടെന്നോ. ഈ നമ്മൾക്കിടയിൽ വന്നാണ്, ആരാണ് ഇങ്ങോട്ടെഴുന്നേറ്റു വരിക എന്ന് രാഹുൽ ഗാന്ധി ചോദിച്ചത്. അതൊരൊന്നൊന്നര ചോദ്യമാണ്. മുന്നിലെ കുഞ്ഞുങ്ങളിൽ ഒരാൾക്കു തന്റെ പ്രസംഗം തർജ്ജമ ചെയ്യാൻ കഴിയും എന്ന ഉറച്ച വിശ്വാസമാണ് അയാളെ നയിച്ചത്. ആ ബോധ്യത്തിനാണ് കൈയടി. ഉയരേണ്ടത് ആ ബോധ്യത്തിലേക്കാണ്. നമ്മുടെ കുട്ടികൾ കുട്ടികളല്ല എന്ന ബോധ്യത്തിലേക്ക്.
ഇതുവരേയും നമുക്കുയരാൻ കഴിയാത്ത ഇത്തരം ബോധ്യങ്ങളുടെ ഗാന്ധിയാണ് രാഹുൽ. ഒരു ജനാധിപത്യ രാജ്യത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്താൻ വേണ്ട മൂലധനം പക്ഷേ, ഇതൊന്നുമല്ല. അതെന്താണ് എന്നല്ലേ? മൂലധനംതന്നെ!! ആൾബലം, വോട്ട്, പ്രചരണപദ്ധതികൾ, അധികാരം എല്ലാത്തിനും പിന്നിൽ അതാണ്, മൂലധനം. എല്ലാ പാർട്ടികളുടെയും കൈയിൽ അതുണ്ട്. ഉണ്ട് എന്നോ ഉണ്ടായിരുന്നു എന്നോ പറയാം. അതിലേതാണ്ടും ഓഡിറ്റ് ചെയ്യപ്പെടാത്ത പണമാണ് താനും. കള്ളപ്പണമെന്നോ കൊള്ളപ്പണമെന്നോ ഒക്കെ അതിനെ വിളിക്കാം. ഈ കള്ളമുതലാണ് –ഈ കൊള്ളമുതലാണ് പാർട്ടി, അഥവാ പാർട്ടിയെ വാഴിക്കുന്ന പ്രവർത്തന മൂലധനം. ഈ മുതൽ എന്ന് തീരുന്നോ അന്ന് മുതൽ ആ പാർട്ടി വട്ടപ്പൂജ്യമാണ്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നറിയുന്നവർ ഓട്ടക്കാലണ എന്നു വിളിക്കും.
നരേന്ദ്ര മോഡി മന്ത്രിസഭ അധികാരത്തിൽ വന്നശേഷം നോട്ടു നിരോധിച്ചത് എന്തിനായിരുന്നു എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? താത്ത്വികമായ ഒരുത്തരമല്ല പ്രതീക്ഷിക്കുന്നത്. ഏതു ഭാഷയിൽ പറഞ്ഞാലും എല്ലാ ഉത്തരങ്ങളുടെയും സംക്ഷിപ്തരൂപം, രാഹുൽ ഗാന്ധി എന്ന ഓട്ടക്കാലണയെ ഉണ്ടാക്കാൻ എന്നതാണ്. നോട്ടുനിരോധനം ഉന്നംവെച്ചത് ഇന്ത്യയിലെ പൊളിറ്റിക്കൽ പാർട്ടികളുടെ മൂലധനത്തെയായിരുന്നു. വെളുപ്പിക്കാനാവാത്ത പണത്തെക്കുറിച്ച് ഇപ്പാർട്ടികൾക്കൊന്നും ഒരക്ഷരം മിണ്ടാനാവില്ലെന്ന് മോഡിക്കറിയാം. മിണ്ടിയാൽ അവർ കള്ളപ്പണക്കാരാവും. അങ്ങനെ ഒരൊറ്റ നോട്ടുനിരോധനംകൊണ്ട് ബി.ജെ.പി ഇതര രാഷ്ട്രീയപ്പാർട്ടികളെല്ലാം ദരിദ്രവൽക്കരിക്കപ്പെട്ടു, എസ്പെഷലി കോൺഗ്രസ്. പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ കണ്ടത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമല്ല. ധനികനും ദരിദ്രനും തമ്മിലുള്ള പോരാട്ടമാണ്.
മോഡിഭാരതത്തിന്റെ കഥ കോടികളൊഴുക്കി ബി.ജെ.പി രാജ്യം പിടിച്ച കഥയാണ്. കോൺഗ്രസിന്റെ ഓട്ടക്കീശയിൽ ഒന്നുമില്ലായിരുന്നു. രാജകീയ പ്രചരണക്കൊഴുപ്പിന്റെ രൂപത്തിലായാലും വിതരണംചെയ്യപ്പെട്ട പാരിതോഷികങ്ങളുടെയും കിഴികളുടെയും രൂപത്തിലായാലും പ്രവർത്തിച്ചത് പണംമാത്രമാണ്. കോൺഗ്രസ് എം.എൽ.എമാരെ കോടികളൊഴുക്കി ബി.ജെ.പി വാങ്ങുന്നു, പല സംസ്ഥാനങ്ങളിലും അനീതി നടക്കുന്നു എന്നൊക്കെയുള്ള മുറവിളികൾ സത്യത്തിൽ ബാലിശമാണ്. അങ്ങനെ വാങ്ങാൻ അവർക്കു കഴിഞ്ഞില്ലെങ്കിൽ അവരല്പം കാത്തിരിക്കേണ്ടിവരും എന്ന് മാത്രമേയുള്ളൂ. മാസങ്ങൾക്കപ്പുറം ഈ പണം പുതിയ എം.എൽ.എമാരെ ഉണ്ടാക്കാൻ പ്രവർത്തിക്കുകതന്നെ ചെയ്യും. നോട്ടുനിരോധനത്തിനുശേഷമുള്ള ബി.ജെ.പി പഴയ ബി.ജെ.പി.യല്ല, നോട്ടുനിരോധനത്തിനുശേഷമുള്ള കോൺഗ്രസ് പഴയ കോൺഗ്രസല്ലാത്തതുപോലെ!
സത്യസന്ധത–ആത്മാർത്ഥത ഇതൊന്നും വേവുന്ന കലമല്ല ഇന്ത്യൻ പൊളിറ്റിക്സ് ആണെന്നാണ് രാഹുൽ ഗാന്ധിയുടെ തോന്നൽ. കരിമ്പൂച്ചകൾക്കിടയിലൂടെ നൂണ്ടുചെന്ന് തന്റെ നേരേ കൈ നീട്ടുന്ന മനുഷ്യരെ അയാൾ തൊടുന്നതു കണ്ട് ചിരിവന്നിട്ടുണ്ട്. അവരുടെ കൈകളിൽ വെച്ചുകൊടുക്കേണ്ടത് നിങ്ങളുടെ ദരിദ്രവൽക്കരിക്കപ്പെട്ട കൈയല്ല രാഹുൽ. നിങ്ങളവരെ നോക്കി കൈ വീശുമ്പോൾ, അവർ കാണുന്നത് ‘ഇല്ലാ–തരാനൊന്നുമില്ല’ എന്ന മറുപടിയാണ്. നിങ്ങൾ ഒരോട്ടക്കാലണയാണ് എന്നു തിരിച്ചറിഞ്ഞാൽ നിങ്ങളെയുപേക്ഷിച്ച് അവർ ധനികന്റെ അപ്പക്കഷണം തിന്നാൻ പോകും. അഞ്ചപ്പത്തെ അയ്യായിരമാക്കി നിങ്ങൾ വിളമ്പുമായിരിക്കും, അതെന്താവാനാണ് രാഹുൽ. അത് നിങ്ങളുടെ വട്ടമേശയ്ക്കു ചുറ്റുമിരിക്കുന്നവരുടെ വിശപ്പുപോലും മാറ്റില്ല, ഒരു ദിവസം അവരും പോകും. അപ്പോൾ നിങ്ങൾ എന്തു ചെയ്യും?
അപ്പോൾ നിങ്ങളെന്തു ചെയ്യുമെന്ന് എനിക്കറിയാം. വിജയത്തിന്റെ വീരഗാഥയല്ല രാഹുൽ ഗാന്ധി. വൻ തോൽവികളുടെ ഒടേതമ്പുരാനാണ് നിങ്ങൾ. നിഷ്കളങ്കമായി, നിസ്സംഗമായി ഇങ്ങനെ നിൽക്കുമെന്നല്ലാതെ നിങ്ങളെന്തു ചെയ്യാനാണ്. “സെവൻത് ഡേ’ എന്ന മലയാളം പടത്തിൽ നായകന്റെ ഒരു ഡയലോഗുണ്ട്, തോറ്റുപോയവരാണ് എന്റെ ഹീറോസ് എന്ന്. “കര്‍ണന്‍, നെപ്പോളിയന്, ഭഗത്‌സിങ്. you see the irony, dont you …?” എന്ന ഡയലോഗ്. കര്‍ണനെയും നെപ്പോളിയനെയും ഭഗത്‌സിങ്ങിനെയും കണ്ടിട്ടില്ല. എപ്പോഴും തോറ്റുപോയ ഒരാളെയേ കണ്ടിട്ടുള്ളൂ. രാഹുൽ, അതു നിങ്ങളാണ്.
മഹാവിജയങ്ങളുടെ കൊടുമുടിയിലല്ല, തോറ്റവരുടെ ജാഥയിലാണ് രാഹുൽ ഗാന്ധിയെ ആദ്യമായി കാണുന്നത്. ഒടുവിൽ കാണുമ്പോൾ അയാൾ ആ ജാഥ നയിക്കുകയായിരുന്നു. തോൽവി അയാൾക്ക് ഒരവസ്ഥയാണ്, സംഭവമല്ല. എങ്കിലും ആ തോറ്റ മനുഷ്യൻ ഹീറോയാണ്. കല്ലേറും കാൽവരിയും കടന്ന് മൂന്നാം നാൾ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നത്, വേദനിക്കുന്നവരുടെ മിശിഹ ഇങ്ങനെയവസാനിക്കരുത് എന്ന അപാരമായ ആഗ്രഹം ഉള്ളിലുളളതുകൊണ്ടാണ്.
കാമുകിക്കുള്ള കത്തിൽ ഒരിക്കലെഴുതിയിട്ടുണ്ട്, പ്രേമം രാഹുൽ ഗാന്ധിയെപ്പോലെയാണെന്ന്. ഒരു പേടിയുമില്ലാതെ, ഏതാഴക്കടലിലേക്കും എടുത്തുചാടും അതെന്ന്. എത്രപേർ നോക്കിക്കണ്ണുരുട്ടിയാലും ഏതു മതിലും ചാടിക്കടക്കുമെന്ന്! പ്രേമം ശരിക്കും രാഹുൽ ഗാന്ധിയെപ്പോലെയാണ്. കൂടെയുള്ളവർ മറുകണ്ടം ചാടുമ്പോഴും ശുഭാപ്തിവിശ്വാസം കൈവിടാതെ പൊരുതും. തോല്ക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്ന നൂറായിരം കാര്യങ്ങളുണ്ട് പ്രേമത്തിൽ. അരസികർക്കു ബോറെന്ന് തോന്നുന്ന ആയിരം സാഹസങ്ങളുണ്ട് പ്രേമത്തിൽ!! പ്രേമത്തിൽ പെടുമ്പോൾ തോന്നുന്ന ഒരു കനം കുറയലുണ്ട്.
Comments are closed.