DCBOOKS
Malayalam News Literature Website

ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള; കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും

ഷാർജ: ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മലയാളികളായ സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ കോണ്‍ഫറന്‍സ് ഹാളിലാണ് കാവ്യസന്ധ്യ.

കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര ഗാനങ്ങൾക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. വർത്തമാന കാലത്തെ ഏറ്റവും മികച്ച ഗാന രചയിതാവ് എന്ന് നിസംശയം പറയാവുന്ന റഫീഖ് അഹമ്മദിന്റെ കവിതയും വർത്തമാനവും യു എ ഇ യിലെ ആസ്വാദകർക്ക് നവ്യാനുഭവത്തിന്റെ ‘തോരാമഴ’ സമ്മാനിക്കും. ‘ലളിതം’ എന്ന ഒറ്റക്കവിത കൊണ്ട് മലയാള കവിതാസ്വാദകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കവിയാണ് പി പി രാമചന്ദ്രൻ. കേരള സാഹിത്യ അക്കാദമി അവാർഡ്,പി കുഞ്ഞിരാമൻ നായർ കവിത അവാർഡ്.ചെറുശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പി പി രാമചന്ദ്രന്റെ കവിതകളും വാക്കുകളും കേൾവിക്കാർക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകും.

Leave A Reply