എന്റെ പെങ്ങളുടെ ആത്മഗതങ്ങള്‍
റോസി തമ്പിയുടെ ‘റബ്ബോനി’ എന്ന പുസ്തകത്തിന് നീലന്‍ എഴുതിയ വായനാനുഭവം
‘നാം ഉള്ളില്‍ കൊണ്ടുനടക്കുന്നതല്ലാതെ വേറെ പൂന്തോട്ടങ്ങളില്ല.’
– ഒക്ടാവിയാ പാസ്
(രണ്ടു പൂന്തോട്ടങ്ങളെക്കുറിച്ചുള്ള കെട്ടുകഥ എന്ന കവിതയില്‍)
അവളെന്റെ പെങ്ങളാണെന്നാണ് ആദ്യം തോന്നിയത്. ഞാന്‍ യേശുവല്ലല്ലോ. ആയിരുന്നെങ്കില്‍ അവള്‍ മറ്റു പലതുമാകുമായിരുന്നു-അമ്മ മുതല്‍ കാമുകി വരെ. കാരണം മറ്റാരെക്കാളും യേശു അവളെ സ്‌നേഹിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നു. എന്നിട്ടും യേശുദേവന്‍ സന്ദേഹിയായിരുന്നു. ‘ഞങ്ങളേക്കാളധികം നീ എന്താണവളെ സ്‌നേഹിക്കുന്ന’തെന്ന് മറ്റു ശിഷ്യര്‍ കയര്‍ക്കുമ്പോളവനു മറുപടി ഇല്ലായിരുന്നു. ‘അവളെപ്പോലെ നിങ്ങളെ ഞാനെന്താണ്‌സ്‌നേഹിക്കാത്തത്’ എന്നു തനിക്കു നേരേ വന്ന ചോദ്യത്തെ തിരിച്ചിട്ട് രക്ഷപ്പെടാനാണ് യേശു ശ്രമിച്ചത്. യേശുദേവന്‍ സന്ദേഹിയായിരുന്നു. സന്ദേഹികളുടെ അവസാന വിശ്രമകേന്ദ്രമാകുന്നു, മരക്കുരിശ്.
അവളൊരു മറിയ മാത്രം. പല മറിയമാരിലൊരുവള്‍ മാത്രം . സാധാരണ പറയുമ്പോലെയൊരു വിശുദ്ധയേ ആയിരുന്നില്ലവള്‍. പിഴച്ചവളെന്ന് ആര്‍ക്കും എഴുതിത്തള്ളാവുന്ന മറ്റൊരു പെണ്ണു
മാത്രം. ഏതു പെണ്ണിനെയുമങ്ങനെ എഴുതിത്തള്ളാം. ഏതു പെണ്ണും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പിഴച്ചവളാണ്. കാരണം നോട്ടം മുഴുവന്‍ പുരുഷന്‍ തോണെന്നതു തന്നെ. കോട്ടം അവനശേഷം ഇല്ലതാനും. സമൂഹം എല്ലാ കാലത്തും കല്പിച്ചുകൊടുത്ത വല്ലാത്തൊരു സൗകര്യമാണിത്. പക്ഷേ, ഈ മറിയ അവിടെയും വ്യത്യസ്തയായിരിക്കുന്നു.
പിഴച്ചവള്‍ പാപിയല്ല, പരിശുദ്ധയാണെന്ന് തെളിയിച്ചവളാണവള്‍. അതുകൊണ്ടാണ് യേശുദേവന്‍ മറ്റുള്ളവരെ ക്ഷുഭിതരാക്കും വിധത്തില്‍ അവളെ സ്‌നേഹിച്ചു പോയത്. സന്ദേഹിയായിരുന്ന യേശു നിസ്സഹായനുമായിരുന്നു.’ നീ ഹൃദയംകൊണ്ടു മിണ്ടുന്നവള്‍’ എന്ന് സന്ദേഹിയായ ആ നിസ്സഹായന്‍ പോലും പറഞ്ഞു പോയത് അതുകൊണ്ടാണ്.
മഗ്ദലനത്തിലെ മറിയം തിരിഞ്ഞുനോക്കാറില്ല. ‘മഗ്ദലനാ’. അല്പം ഭയത്തോടെ യൂദാ വിളിച്ചു.തിരിഞ്ഞു നോക്കാതെതന്നെ അവള്‍ വിളികേട്ടു : ‘യൂദാ’. അതെ അവള്‍ തിരിഞ്ഞു നോക്കാറില്ല. പാപബോധമുള്ളവരാണ് തിരിഞ്ഞു നോക്കുന്നത്. അവള്‍ക്കതില്ല. അതുകൊണ്ടവള്‍ തിരിഞ്ഞു നോക്കാറില്ല. ‘നീ ഹൃദയംകൊണ്ടു മിണ്ടുന്നവള്‍’. അറിയുന്നവള്‍. അങ്ങനെ അറിയുന്നവള്‍ തിരിഞ്ഞല്ല നോക്കുന്നത്, മറിച്ചു നോക്കുന്നത് തന്റെതന്നെ അകത്തേക്കാണ്. ‘കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണ്’ എന്നു ഹരിനാമ കീര്‍ത്തനം. തിരിഞ്ഞു നോക്കുന്നതിനു പകരം അവനവന്നകത്തേക്കു നോക്കുക. യൂദായെ കാണാനുമറിയാനും അവള്‍ക്കാ അകക്കണ്ണു മതി. യൂദായും അവളെപ്പോലെ ബഹിഷ്‌കൃതന്‍. പഴികേട്ടവന്‍. ഭ്രഷ്ടന്‍. അവര്‍ ഒന്നായിരിക്കുകയും ഒന്നല്ലായിരിക്കുകയും ചെയ്യുന്ന രണ്ടാത്മാക്കള്‍. ആത്മീയമായ ഒരുതരം ഡയലക്ടിക്‌സ് അവര്‍ മനുഷ്യരല്ല.’രണ്ടാത്മാക്കള്‍. കുറ്റപ്പെടുത്തുവാനില്ലിതില്‍ നാമെല്ലാം എത്രയായാലും മനുഷ്യരല്ലേ’ എന്നു ചങ്ങമ്പുഴ ആശ്വസിക്കുന്നത് മനുഷ്യരെ പ്രതിയാണ്. ആത്മാക്കള്‍ മനുഷ്യാതീതര്‍. അവരെ മനുഷ്യരായിരിക്കെ കുറ്റപ്പെടുത്താം. അതു കഴിഞ്ഞാല്‍ വയ്യ. ഒരുപോലെ പഴികേട്ടവരും അത്രമേല്‍ ബഹിഷ്‌കൃതരുമാണെന്നതിലാണിവരുടെ ആത്മീയ മൈത്രി, ഇഷ്ടക്കൂട്ട്. അങ്ങനെയൊരു ഇഷ്ടകൂട്ടുകാരനെ കാണാനും അറിയാനും മറിയത്തിന്നു തിരിഞ്ഞു നോക്കേണ്ടതില്ല. അവളുടെ വെളിച്ചം അകത്താണ് . എല്ലാം തിരിച്ചറിഞ്ഞു തെളിഞ്ഞു കാണാനുള്ള വെളിച്ചം.
ഈ രണ്ട് ഭ്രഷ്ടാത്മാക്കളുടെ ആത്മഭാഷണമാണ് റോസി തമ്പിയുടെ റബ്ബോനി എന്ന നോവല്‍. അവര്‍ പരസ്പരം സംസാരിക്കുമ്പോഴും ആത്മഭാഷണമായിട്ടാണ് വായനയിലനുഭവം. പെട്ടെന്ന് മണി കൗളിന്റെ സിദ്ധേശ്വരി എന്ന ചിത്രത്തിന്റെ ദൃശ്യശ്രാവ്യാനുഭവം ഓര്‍ത്തുപോയി. സാധാരണ സിനിമയിലുള്ള ഡയലോഗുകളില്ല ഈ ചിത്രത്തില്‍. ഡയലോഗിനു പകരം, മണി മോണോലോഗ് ഉപയോഗിക്കുന്നു. ഈ മോണോലോഗ് കേട്ടുകേട്ട് ഡയലോഗുപോലും മോണോലോഗായി മാറുന്നു വിശിഷ്ടമായ ആ ചിത്രം കണ്ടിരിക്കുമ്പോള്‍. സമാനമായ വായനാനുഭവം ആയിരിക്കുന്നു ഈ നോവലും.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.