DCBOOKS
Malayalam News Literature Website

ഒരു പെണ്ണിനേക്കുറിച്ചെഴുതാൻ പെണ്ണോളം പോന്ന ആരുണ്ട്!

റോസി തമ്പിയുടെ ‘റബ്ബോനി’ എന്ന പുസ്തകത്തിന് വി.വി. ജോസ് കല്ലട എഴുതിയ വായനാനുഭവം 
ഡി.വിനയചന്ദ്രന്റെ ഒരു കവിതയുണ്ട്. ദീർഘകവിത. മഗ്ദലന മറിയം. അതിങ്ങനെയാണ് തുടങ്ങുന്നത്.
അന്നാറേ
ഗലീലിയാക്കടലിന്റെ മുഴക്കത്തിൽ
ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി
അവന്റെ ആജ്ഞ;
നിങ്ങളിൽ പാപം ചെയ്യാത്തവർ
എന്നെയും കല്ലെറിയുക.
വചനപ്രവാഹത്തിൽ
മുതിർന്നവരും ഇളമുറകളും
ഒലിച്ചുപോയപ്പോൾ
സ്ത്രീയേ നീ എന്ത് എന്നുചോദിച്ചളവേ
അവളോ:
റബ്ബീ
സത്യം സത്യമായി നിന്നോട് പറയുന്നു:
ഞാനും നിന്നെപ്പോലെ
സങ്കടങ്ങളുടെ അങ്ങേയറ്റത്ത്
മറ്റാർക്കും എത്താനാകാത്ത
അറിവിലും ഏകാകിതയിലും
കത്തിജ്വലിക്കുന്നവൾ
കുരുടന്മാർക്കും കുഷ്ഠരോഗികൾക്കും
ദാഹംതീരുന്ന തീർത്ഥം
നീയോ വചനശുശ്രൂഷ
ഞാനോ പ്രേമശുശ്രൂഷ.
Textബൈബിളിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട മലയാളത്തിലെ ആദ്യ പദ്യകൃതിയായ മഹാകവി വള്ളത്തോളിന്റെ മഗ്ദലന മറിയത്തിന് നൂറുവർഷം തികയുന്ന വേളയാണിപ്പോൾ. മോറീസ് മെറ്റർ ലിങ്കിന്റെ മേരീ മഗ്ദലീൻ എന്ന നാടകം ചങ്ങമ്പുഴയെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. അതും മനസ്സിലിട്ട് കുറേ നാൾ ചങ്ങമ്പുഴ നടന്നു. പിന്നെ പൊൻകുന്നം ദാമോദരന്റെ മറിയത്തെ കണ്ടപ്പോൾ എഴുതാതെ വയ്യെന്നായി. അങ്ങനെയാണ് ചങ്ങമ്പുഴയുടെ മഗ്ദലമോഹിനി ജനിക്കുന്നത്. പിന്നെയും ഈ ബൈബിൾ കഥാപാത്രം എത്രയോ മലയാളി എഴുത്തുകാരേ വശീകരിച്ചു. മേരി മഗ്ദലന്റെ ആത്മകഥ എന്ന പേരിൽ ഡോ.പി.സി. നായരും (പ്രഭാത് ബുക്സ്)വിശുദ്ധ മഗ്ദലനയുടേയും എന്റേയും സുവിശേഷം എന്ന പേരിൽ രതീദേവിയും (ഗ്രീൻ ബുക്സ്)എഴുതിയ നോവലുകളും അൽപനാളുകൾക്കു മുൻപ് പുറത്തുവന്നതോർക്കുന്നു.

 

യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച സ്ത്രീയാണ് മഗ്ദലന മറിയം. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യംകണ്ടയാൾ. മഗ്ദല ഒരു ദേശമാണ്.ഗലീലാക്കടലിന്റെ പടിഞ്ഞാറേക്കരയിൽ. അവിടെ ജനിച്ചവളാണ് മറിയം. ഇന്നും ആ പ്രദേശമുണ്ട്. മറ്റൊരു പേരിലാണ്. തരിക്കേയെ.വിശ്വസാഹിത്യത്തിൽ മഗ്ദലന മറിയത്തേക്കുറിച്ചുള്ള കഥകൾ ഒൻപതാം നൂറ്റാണ്ടിലെ മാവുരസ് റബാനുസ് എഴുതിയ ‘ലൈഫ്’ മുതൽ തുടങ്ങുന്നു. പിൽക്കാലത്ത് ഡാൺ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് സൃഷ്ടിച്ച കോലാഹലവും ഓർക്കുക. The Holy Blood, Holy Grail ഇത്യാദി നോവലുകളും വൻ വിവാദങ്ങൾക്കു വഴിവെച്ചു. എന്തായാലും ബൈബിളിൽ പരാമർശിക്കുന്ന പല മറിയമാർക്കിടയിൽ മഗ്ദലന മറിയത്തെ കൃത്യമായി വേർതിരിച്ചെടുത്ത് അവതരിപ്പിക്കുന്നതിൽ മിക്കവരും കുറേ സന്ദേഹങ്ങൾ ബാക്കി വെക്കുന്നുണ്ട്.

 

പാപിനിയായ ഒരു സ്ത്രീ യേശുവിന്റെ മാസ്മരികതയിൽ സ്വയം മറന്ന് വിശുദ്ധയായി മാറിയപ്പോൾ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിക്കുവാൻ ശിഷ്യന്മാരേക്കാൾ യോഗ്യമായി ഭവിച്ചു എന്നൊരു ധ്യാനചിന്ത ഡോ. ബാബുപോൾ വേദശബ്ദരത്നാകരത്തിൽ കുറിക്കുന്നുണ്ട്. പക്ഷേ ക്രിസ്തുവിന്റെ പ്രിയപ്പെട്ട ശിഷ്യയായിരുന്നു മഗ്ദലന മറിയം എന്നതാണ് വാസ്തവം. ഈ വാസ്തവത്തെ ഹൃദയംഗമമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നോവലാണ് റോസി തമ്പിയുടെ റബ്ബോനി.
Jesus said to her,
“Mary.”
She turned and said to him in Aramaic,
“Rabboni!”
which means Teacher
(John 20:16
Bible English standard version.)
മലയാളം ബൈബിളിൽ കാണുന്നത് ഇങ്ങനെയാണ്.
യേശു അവളോടു:
മറിയയേ, എന്നു പറഞ്ഞു.
അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബോനി എന്നു പറഞ്ഞു;
അതിന്നു ഗുരു എന്നർത്ഥം.
പരിഭാഷയിൽ അരാമിക് ഭാഷ ഹീബ്രുവായതു വിട്ടുകളയാം. എന്തായാലും യേശുവിന് അരാമിക്കും ഹീബ്രുവും വശമായിരുന്നു. ക്രിസ്തു ഉയർത്തെഴുന്നേറ്റതിന് ശേഷം ആദ്യം നടക്കുന്ന സംഭാഷണമാണിത്. യേശുവിനെ അടക്കം ചെയ്ത കല്ലറക്ക് സമീപമാണ് ഇത് സംഭവിച്ചത്. പ്രഭാതമഞ്ഞിന്റെ പുകമറയിലൂടെ യേശുവിനെ കണ്ടപ്പോൾ തോട്ടക്കാരനായിരിക്കുമെന്നാണ് മറിയ ആദ്യം കരുതിയത്. തുറന്നു കിടന്ന കല്ലറയിൽ നിന്ന് യേശുവിന്റെ മൃതദേഹം ആരോ മോഷ്ടിച്ചുകൊണ്ടുപോയെന്ന ഉള്ളുരുക്കത്തിലായിരുന്നു അവളപ്പോൾ. യേശുവിനെ തിരിച്ചറിഞ്ഞപ്പോൾ നടത്തിയ സംബോധനയാണ് റബ്ബോനി.
റബ്ബോനി എന്നാൽ ഗുരു. വെറും ഗുരുവല്ല. ആത്മീയഗുരു. റബ്ബോനി എന്ന വാക്കിന്റെ ജന്മ പടവുകളിലേക്ക് ഇറങ്ങിച്ചെന്നാൽ ഹീബ്രുഭാഷയിലൊഴികേ മറ്റൊന്നിലേക്കും മൊഴിമാറ്റത്തിന് പിടിതരാത്ത മൗലികവഴക്കം കാണാമെന്ന് അവതാരികയെഴുതിയ സി. ഗണേഷ് പറയുന്നു. അതിനാൽ മലയാളത്തിലും റബ്ബോനി റബ്ബോനി തന്നെ.
റോസിടീച്ചറിന്റെ നോവലിൽ മഗ്ദലനമറിയത്തിനൊപ്പം പ്രാമുഖ്യം യൂദാസിനുമുണ്ട്. നാം ഇതുവരെ അറിഞ്ഞ ഒരു യൂദാസല്ല റബ്ബോനിയിൽ പ്രത്യക്ഷപ്പെടുന്നത്. മുപ്പത് വെള്ളിക്കാശിനായി ഗുരുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത പിന്നീട് ഒറ്റുകാശ് വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്ത യൂദാസിനെയാണ് നമുക്ക് പരിചയം. തൂങ്ങിച്ചാവാനൊരുങ്ങവേ കയറ് പൊട്ടി തലതല്ലി താഴെവീണു മരിച്ചെന്ന് മറ്റൊരു പാഠവുമുണ്ട്. അതെന്തായാലും റോസി ടീച്ചറുടെ നോവലിൽ യൂദാസിന്റെ മറിയത്തോടുള്ള ഭാഷണം ദാണ്ടെ ഇങ്ങനെയാണ്:
” ജോസഫാത്തിന്റെ താഴ്‌വരയിൽ വിജനമായ ശ്മശാനത്തിലെ ഒരു ഒലിവുമരച്ചില്ലയിലാണ് ഞാൻ തൂങ്ങിമരിക്കാൻ തീരുമാനിച്ചത്…. എനിക്ക് ജീവിതത്തേക്കാൾ മരണമായിരുന്നു അപ്പോൾ പ്രിയം. പക്ഷേ വിധി അതിനും അനുവദിച്ചില്ല. എന്റെ ദുരാഗ്രഹത്തിന്റെ ശിക്ഷ അതിലും വലുതായിരുന്നു. പെട്ടെന്ന് ഒരു വലിയ കാറ്റ് വീശുകയും ഞാൻ തൂങ്ങിയ ചില്ല അടർന്നു താഴെ ശവപ്പറമ്പിലെ ഒഴിഞ്ഞ കല്ലറയിൽ വീഴുകയും ചെയ്തു. ഒടിഞ്ഞ കാലുമായി എനിക്കൊന്നിനും കഴിഞ്ഞില്ല. മൂന്നു ദിവസവും ജലപാനമില്ലാതെ ഞാൻ കഴിഞ്ഞു. ഒരു കുറുക്കൻപോലും ആ വഴി വന്നില്ല. അവിടെ പട്ടിണി കിടന്നു മരിക്കാം എന്നു ഞാൻ തീരുമാനിച്ചു. എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു. അന്നു പുലർച്ചെയാണ് അവൻ അവിടെ വന്നത്. അവന്റെ കൈയിൽ ഒരു തുകൽ സഞ്ചിനിറയെ വെള്ളവും രണ്ട് അപ്പവും ഉണ്ടായിരുന്നു. ഞങ്ങൾ ഓരോ അപ്പം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.
അവൻ മരിച്ചിട്ടില്ലെന്ന് എനിക്കുറപ്പായി.”
അവിടെ നിന്നും നടന്നു നടന്നു യൂദാസ് ജെറുസലേമിൽ നിന്ന് ഗലീലി തടാക തീരത്തെത്തുന്നു.
രാത്രി. നിലാവും. കടവിൽ തോണിപ്പുറത്ത് ഒരാൾരൂപം. അത് അവളായിരുന്നു.
മഗ്ദലനാ..
അൽപം ഭയത്തോടെ യൂദാ വിളിച്ചു. തിരിഞ്ഞു നോക്കാതെ അവൾ വിളി കേട്ടു.
യൂദാ…
യൂദായുടെയും മറിയത്തിന്റെയും സംഭാഷണങ്ങളിലൂടെയാണ് നോവൽ മുന്നോട്ടു നീങ്ങുന്നത്. അത് നമ്മുടെ ഇതുവരെയുള്ള പല ധാരണകളേയും അട്ടിമറിക്കുന്നുണ്ട്.
സ്ത്രീകൾക്ക് പ്രധാനമായും രണ്ട് ഭാവങ്ങളുണ്ട്. ഒന്ന് മാതൃഭാവമാണ്.
അടുത്തത് കാമുകീഭാവവും. റോസി ടീച്ചറിലെ അമ്മയാണ് ഈ നോവലിലെ യൂദാസിനെ എഴുതിപിടിപ്പിച്ചത്. അതുകൊണ്ടു തന്നെ യൂദാസിനു കിട്ടിയ ശാപമോക്ഷമായി ഈ കൃതിയെ ഞാൻ വായിക്കുന്നു. റബ്ബോനിയിലെ മഗ്ദലനമറിയത്തെക്കുറിച്ച്‌ – ഒരു പെണ്ണിനേക്കുറിച്ചെഴുതാൻ പെണ്ണോളം പോന്ന ആരുണ്ട് എന്ന ചോദ്യം മാത്രം. റോസി ടീച്ചർ അവളെ വെളിപ്പെടുത്തുന്നത്
നോക്കൂ..
ദൈവത്താൽ പ്രണയിക്കപ്പെട്ടതു കൊണ്ടു മാത്രം
അധികാരത്താൽ പകുക്കപ്പെടുകയും
കാമത്താൽ പൂരിപ്പിക്കപ്പെടുകയും
അജ്ഞതയാൽ വെറുക്കപ്പെടുകയും
അവിശ്വസ്തതയാൽ അപഹസിക്കപ്പെടുകയും
അസൂയയാൽ ഒഴിവാക്കപ്പെടുകയും ചെയ്തവൾ
തോറ്റുപോകാത്തവൾ
പ്രണയത്താൽ ഉയിർത്തവൾ
മറിയം മഗ്ദലന.

 

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.