ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു
മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു. 87 വയസായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ ഇരുപത്തഞ്ചാം വയസില്‍ എംഎല്‍എയായി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ പോയ ആദ്യമുന്‍മന്ത്രിയും കൂറുമാറ്റ നിരോധനനിയമത്തിന്റ പേരിൽ അയോഗ്യനാക്കപ്പട്ട ഏക എം.എൽ.എയും ബാലകൃഷ്ണപിള്ളയാണ്. മകനും ചലച്ചിത്രതാരവുമായ കെ.ബി.ഗണേഷ് കുമാര്‍ പത്തനാപുരത്തുനിന്ന് നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലേയാണ് ബാലകൃഷ്ണപിള്ള വിടവാങ്ങുന്നത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എംജി കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹം രാഷ്ട്രീപ്രവർത്തകനാകാൻ ആഗ്രഹിച്ചിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസീലൂടെയാണ് സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം. തുടർന്ന് 1964ൽ കേരള കോൺഗ്രസിൻറെ സ്ഥാപക ജനറൽ സെക്രട്ടറിയായി. 1976 ൽ കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു.തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977 ൽ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപപ്പെടുകയും ചെയ്തു. പിന്നീട് (1977-1982) കാലയളവിൽ എൽ.ഡി.എഫിനൊപ്പവും (1982-2015) കാലളവിൽ യു.ഡി.എഫിനൊപ്പവും പ്രവർത്തിച്ചു. നിലവിൽ എൽ.ഡി.എഫിനൊപ്പമാണ് കേരള കോൺഗ്രസ് ബി.
1975ൽ ആണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. ഗതാഗതം, എക്‌സൈസ്, ജയിൽ വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. തുടർന്ന് വൈദ്യുതി വകുപ്പുമന്ത്രിയായും, ഗതാഗത വകുപ്പുമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1971 ൽ മാവേലിക്കരയിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2006ലാണ് പിള്ള അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന ബാലകൃഷ്ണപിള്ള സി.പി.എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017ൽ കേരള മുന്നോക്ക വികസന കോർപറേഷൻ ചെയർമാനായും നിയമിക്കപ്പെട്ടു.
Comments are closed.