DCBOOKS
Malayalam News Literature Website

ക്വിറ്റ് ഇന്ത്യാ പ്രമേയം

എന്‍ പി നായര്‍ രചിച്ച 'ക്വിറ്റ് ഇന്ത്യാ സമരം' എന്ന പുസ്തകത്തില്‍ നിന്നും

ക്വിറ്റ് ഇന്ത്യാ (Quit India)-അപാരമായ അര്‍ഥവ്യാപ്തിയുള്ള ഈ ആശയം കേവലം ഒരു നവാക്ഷരിയില്‍ ഒതുക്കിയ മഹാവാക്യം! പക്ഷേ, പേരുപോലെ ചെറുതല്ല പ്രമേയം. പല നേതാക്കന്മാരുടെയും കരലാളനങ്ങളേറ്റ് രൂപഭേദങ്ങള്‍ ഭവിച്ച്, അനുക്രമം വളര്‍ന്ന്, പൂര്‍ണതയിലെത്തിയ ഒരു പരിണാമചരിത്രമുണ്ട് അതിന്റെ പിന്നില്‍.

ക്രിപ്സ് ദൗത്യം പരാജയപ്പെട്ടത് പരിമിതമായ അധികാരമുള്ള ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ നേതാക്കന്മാര്‍ തയ്യാറാകാത്തതുകൊണ്ടായിരുന്നു. ജിന്നാസാഹിബിന്റെ നീക്കുപോക്കില്ലാത്ത പാകിസ്ഥാന്‍ വാദമായിരുന്നു ഒരു മുഖ്യകാരണം. ‘വിഭജിച്ചു ഭരിക്കല്‍’ തന്നെ തരമെന്നു സര്‍ക്കാരും കരുതി. പ്രധാനമന്ത്രി ചര്‍ച്ചിലും ഭാരതകാര്യമന്ത്രി അമറിയും വൈസ്രോയി ലിന്‍ലിത്ത്ഗോ പ്രഭുവും ആഗ്രഹിച്ചതും അതായിരിക്കാം. Textഅമറി പാര്‍ലമെന്റില്‍ പ്രസ്താവിച്ചു: ‘… ഇനി മുന്‍കൈ എടുക്കേണ്ടത് ഇന്ത്യക്കാരാണ്. അവര്‍ക്കു പിന്നാലെ പോകാനോ മറ്റൊരു മിഷന്‍ അയയ്ക്കാനോ സാധ്യമല്ല.”

മഹാത്മാഗാന്ധി മറ്റൊരു തരത്തില്‍ ചിന്തിച്ചു. ഇന്ത്യയിലെ കക്ഷിഭിന്നിപ്പ് ബ്രിട്ടന്റെ ചെയ്തിയാണ്. അവര്‍ പോയാല്‍ ദേശീയ ഐക്യം നിഷ്പ്രയാസം നേടാം. ഒരു ‘മൗനദിന’ത്തില്‍ അദ്ദേഹത്തിന് ‘ഉള്‍വിളി’ ഉണ്ടായി. ”ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോവുകയാണ് ഏക പോംവഴി.”

‘ക്വിറ്റ് ഇന്ത്യാ’ എന്ന് പിന്നീട് പ്രസിദ്ധമായ പുതിയ ആശയത്തെപ്പറ്റി അദ്ദേഹം കൂടുതല്‍ ആലോചിച്ചു. മഹാത്മാവിന്റെ ചിന്താഗതി ഇങ്ങനെ സംഗ്രഹിക്കാം: ”സ്വാതന്ത്ര്യവും ജനായത്തവും സംരക്ഷിക്കാനാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നത് എന്ന ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും അവകാശവാദം കൂടുതല്‍ അര്‍ത്ഥവത്താകും, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുമ്പോള്‍. അങ്ങനെ സംഭവിച്ചാല്‍ സഖ്യകക്ഷികള്‍ക്ക് ലോകവ്യാപകമായ പിന്തുണയുണ്ടാകും. ഹിന്ദു-മുസ് ലിം പ്രശ്നം ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ചു ഭരിക്കല്‍’ മൂലം ഉണ്ടായതാണ്. അവര്‍ ഉള്ളിടത്തോളംകാലം ഇന്ത്യയില്‍ ഐക്യവും സമാധാനവും പുലരുകയില്ല. അതുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണം.”

സ്വന്തം ‘ഹരിജന്‍’ പത്രത്തില്‍ ‘ക്വിറ്റ് ഇന്ത്യാ’ ആശയത്തെ ന്യായീകരിച്ചുകൊണ്ട് മഹാത്മജി ഒന്നിലധികം ലേഖനങ്ങള്‍ എഴുതി. അതോടെ ‘ക്വിറ്റ് ഇന്ത്യാ’ മൂര്‍ച്ചയേറിയ ഒരു വായ്ത്താരിയായി. കോണ്‍ഗ്രസ്സിനെയും പൊതുജനങ്ങളെയും മാനസികമായി ഒരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കോണ്‍ഗ്രസ്സിലെ മറ്റ് നേതാക്കന്മാര്‍ക്ക് ക്വിറ്റ് ഇന്ത്യാ ആശയത്തോട് ആനുകൂല്യം തോന്നിയില്ല. മഹാത്മാവിന്റെ പോക്ക് ഒരു അപകടസന്ധിയിലേക്കാണെന്നു കണ്ട് പണ്ഡിറ്റ് നെഹ്റു ഉള്‍പ്പെടെ പലരും അത്ഭുതപ്പെടുകയും അല്പം അന്ധാളിക്കുകയും ചെയ്തു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

 

 

 

Comments are closed.