DCBOOKS
Malayalam News Literature Website

ക്വിറ്റ് ഇന്ത്യ ദിനം

quit india day
quit india day

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റില്‍ ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറില്‍ വാര്‍ധയില്‍ വെച്ചു നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി,പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ഇന്ത്യന്‍ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ ക്രിപ്‌സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങള്‍ കൈയൊഴിയും എന്ന് വ്യക്തമായി നിര്‍വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പു ലഭിക്കാനായി. കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാപ്രസ്ഥാനം ആരംഭിച്ചു.

സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാല്‍ അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഓഗസ്റ്റ് എട്ടിന് മുംബൈയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ ‘ഡൂ ഓര്‍ ഡൈ’ (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍ പ്രതിഫലിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗം നടന്ന് ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍ തുറുങ്കിലടച്ചു. അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷഭാഗം ജയിലില്‍ കഴിയേണ്ടി വന്നു.

Comments are closed.