ക്വിയർ സാഹിത്യം: പ്രതിനിധാനവും വെല്ലുവിളികളും
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ രണ്ടാം വേദി-മംഗോയിൽ, ഒന്നാം സെക്‌ഷന് തുടക്കം കുറിച്ചുകൊണ്ട് ക്വിയർ സാഹിത്യകാരൻ ആദി ‘ഭാഷ കൊണ്ടു മുറിവേറ്റവർ മിണ്ടുമ്പോൾ’ നിർവചനത്തിന് വഴങ്ങാത്ത ക്വിയർ സാഹിത്യം ചരിത്രത്തിൽ മായ്ക്കപ്പെട്ട ചില മനുഷ്യരുടെ കടന്നുവരവാണെന്ന് പറഞ്ഞുവെക്കുന്നു. വിഷ്‌ണു സുജാത മോഹൻ, ആഷാ മേനോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സാഫോ, മാധവിക്കുട്ടി എന്നിങ്ങനെ വ്യത്യസ്ത കാലഘട്ടത്തിലെ എഴുത്തുകാർ പ്രത്യക്ഷമായി ക്വിയർ സാഹിത്യത്തെ അഭിസംബോധന ചെയ്തപ്പോൾ ഷെയ്ക്സ്പിയർ, ആശാൻ, ചങ്ങമ്പുഴ എന്നിവരുടെ കൃതികളിൽ പരോക്ഷമായി അവ നിഴലിക്കുന്നതു കൂടി പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ആദി കൂട്ടി ചേർത്തു. ക്വിയർ സാഹിത്യകാർ രചിക്കുന്നതു മാത്രമാണോ ക്വിയർ എഴുത്തിന് കീഴിൽ വരിക എന്ന മോഡറേറ്റർ ആശാ മനോയുടെ ചോദ്യത്തിന് ഐഡന്റിറ്റിയുടെ ഇടുങ്ങിയ കള്ളികളിൽ നിന്ന് പുറത്തേക്ക് വന്നുകൊണ്ടതിനെ വിശകലനം ചെയ്യാൻ ശ്രമിക്കണമെന്ന് ആദി മറുപടി പറഞ്ഞു.
ക്വിയർ കവികൾക്ക് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമ്പോൾ എന്തുകൊണ്ട് മറ്റ് കവി സംഗമങ്ങളിൽ നിന്നവരെ മാറ്റി നിർത്തുന്നു എന്ന ശ്രദ്ധേയമായ ചോദ്യമുയർത്തി വിഷ്ണു സുജാത മോഹൻ സംസാരിച്ചു. അത്തരത്തിൽ ‘ക്വിയർ’ എന്നതിനെ സാധാരണീകരിക്കാൻ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ചർച്ച അവസാനിപ്പിച്ചത്.
ദേവിക ശ്രീജിത്ത്
Comments are closed.