DCBOOKS
Malayalam News Literature Website

സാഹിത്യോത്സവത്തിന് ഖവാലി സംഗീതത്തോടെ തുടക്കമായി

 

 

ഖവാലി സംഗീതത്തിലലിഞ്ഞ് കോഴിക്കോട് കടപ്പുറം. കലയും സംസ്‌കാരവും കൂടിച്ചേരുന്ന ഇനിയുള്ള നാലുനാളുകള്‍ക്ക് വൈകുന്നേരം 6.30 തിന് ആരംഭിച്ച മെഹ്ഫില്‍- ഇ- സമായുടെ സംഗീതത്തോടെ തുടക്കമായി…. ഫെബ്രുവരി 8ന് വൈകിട്ട് മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍  കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഇത്തവണ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ 500 ലധികം അതിഥികളും 15 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരുമുണ്ട്. നാളെ രാവിലെ 9.30 മുതല്‍ വിവിധ സെഷനുകളിലായി ചര്‍ച്ച, സംവാദം, മുഖാമുഖം തുടങ്ങി വിവിധ പരിപടികള്‍ ആരംഭിക്കും.

13-ാം നൂറ്റാണ്ടോടെ രൂപപ്പെട്ടതായി കരുതുന്ന ഖവാലി സംഗീതം ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കുവെക്കുന്ന പഞ്ചാബ് സിന്ധ് മേഖലകളിലാണ് കൂടുതലും പരിപോഷിപ്പിക്കപ്പെട്ടത്. ഇന്ന് ലോകത്തധികം അറിയപ്പെടുന്ന ഖവാലി സംഗീതജ്ഞരില്‍ പ്രമുഖര്‍ പാകിസ്ഥാനി സംഗീതജ്ഞരാണ്. ഖവാലിയെ ആദ്യമായി ലോകത്തിന് മുന്നിലത്തെിച്ച് അതിന്റെ അതിശയകരമായ സാന്നിധ്യം ലോക സംഗീതാരാധകര്‍ക്ക് തുറന്നുകൊടുത്തത് നുസ്രത്ത് ഫത്തേ അലിഖാനാണ്.

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ പട്യാലയില്‍ ജനിച്ച സംഗീതജ്ഞനും കവിയുമായ അമീര്‍ ഖുസ്‌റുവാണ് ഖവാലി സംഗീതത്തിന്റെ ഉപജ്ഞാതാവ്. ഇന്ത്യയിലും പാകിസ്ഥാനിലും പ്രശസ്തമായ ഗസലും ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പേഴസ്യന്‍, അറബിക്, ടര്‍ക്കിഷ് അംശങ്ങള്‍ ചേര്‍ന്ന് കാലാകാലങ്ങളായി വികസിച്ചുവന്ന സൂഫി സംഗീതശാഖയാണ് ഖവാലി. ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കാന്‍ വലിയ താല്‍പര്യമില്ലാത്ത സാധാരണക്കാര്‍ക്കും ആസ്വദിക്കാവുന്നതരത്തില്‍ ജനപ്രിയമായാണ് ഖവാലിയുടെ രൂപകല്‍പന. മലയാളത്തിലും ഇതിന്റെ ചുവടുപിടിച്ച് ചില ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Comments are closed.