ഖബര്‍ : ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തിന്റെ യാത്രകള്‍
കെ.ആര്‍ മീരയുടെ നോവല്‍ ‘ഖബറിന്’ അപർണ മിഖിൽ അഗ്നി എഴുതിയ വായനാനുഭവം
സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ ആര്‍ മീര. 2001 മുതല്‍ കഥകള്‍ എഴുതിയിരുന്ന കെ ആര്‍ മീര മാധവിക്കുട്ടിക്ക് ശേഷം പെണ്‍ മനസ്സിനെയും പെണ്ണവസ്ഥകളെയും വികാരങ്ങളെയും തുറന്ന് എഴുതിയിട്ടുള്ള ഒരു എഴുത്തുകാരിയായി അറിയപ്പെടുന്നു. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ,ഗില്ലറ്റിന്‍, മീരാസാധു,ആരാച്ചാര്‍, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ തുടങ്ങിയവ കെ ആര്‍ മീരയുടെതായി പ്രസിദ്ധീകരിക്കപ്പെട്ട മികച്ച രചനകളാണ്. ‘ആവേ മരിയ’ എന്ന കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
കെ ആര്‍ മീരയുടെ തൂലികയില്‍ വിരിഞ്ഞ ശക്തയായ ഒരു സ്ത്രീ കഥാപാത്രം- ഭാവന സച്ചിദാനന്ദന്‍…!ജില്ലാ കോടതി ജഡ്ജിയായ ഭാവനയുടെ ചിന്തകളിലൂടെ ആണ് കഥയ്ക്ക് തുടക്കമാകുന്നത്. ലോ കോളേജിലെ പഠനകാലത്ത് പരസ്പരം പ്രണയിച്ചവരാണ് ഭാവനയും പ്രമോദും.പ്രണയം ദാമ്പത്യത്തിലേക്ക് വഴിമാറിയപ്പോള്‍ അവള്‍ അന്നോളം കണ്ടതും അറിഞ്ഞതുമായ ഒരാളായിരുന്നില്ല പ്രമോദ്. പുരുഷ മേല്‍ക്കോയ്മ തന്നെയായിരുന്നു അവിടെയും വില്ലന്‍. ഒരേ പ്രൊഫഷനില്‍ ഉള്ളവര്‍ കൂടി ആയതുകൊണ്ട് ഭാര്യ ജോലിയില്‍ മികവു തെളിയിക്കുമ്പോള്‍ അതും അയാള്‍ക്ക് അവളോടുള്ള വാശി കൂടാന്‍ കാരണമായി. കുട്ടികള്‍ ഉണ്ടാകാതെ വര്‍ഷങ്ങളായി കാത്തിരിപ്പ് നീണ്ടപ്പോള്‍ അതിനും പഴി അവള്‍ക്ക് ആയിരുന്നു. കാത്തുകാത്തിരുന്ന് ഒരു മകനെ കിട്ടിയപ്പോള്‍ ആ കുട്ടിക്ക് എഡിഎച്ച് ഡി ഉണ്ടായിരുന്നു എന്നുള്ളത് പ്രമോദിന് അവളോടുള്ള അകല്‍ച്ച കൂട്ടിയതേയുള്ളൂ.
തന്റെ മുന്നിലെത്തുന്ന ഒരു ഖബര്‍ കേസിലൂടെ ആണ് ഭാവനയുടെ ജീവിതം മാറിമറിയുന്നത്. പൂര്‍വികന്റേത് എന്ന് അവകാശപ്പെടുന്ന കല്ലറ അടങ്ങുന്ന ഭൂമിക്കുവേണ്ടി തര്‍ക്കം ഉന്നയിക്കുകയാണ് ഖയാലുദീന്‍ തങ്ങള്‍. പ്രണയിക്കുമ്പോള്‍ പോലും അവളെ മാഡം എന്ന് അഭിസംബോധന ചെയ്യുന്ന അയാള്‍ വായനക്കാരില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നു.. അങ്ങനെ വിളിക്കാനുള്ള കാരണം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് അയാള്‍.
‘ നിങ്ങള്‍ക്ക് വേണ്ടത് ആദരവാണ് കിട്ടിയിട്ടില്ലാത്തതും അതാണ്… എനിക്കും അതെ…
നോവലില്‍ കാണുന്ന ശക്തയായ മറ്റൊരു സ്ത്രീ കഥാപാത്രമാണ് ഭാവനയുടെ അമ്മ. ഭാവന എന്ന സ്ത്രീയുടെ വ്യക്തിത്വം വാര്‍ത്തെടുത്തത് ആ അമ്മ ആണെന്ന് നിസ്സംശയം പറയാം… ഡിവോഴ്‌സ് കേസില്‍ എന്ത് തീരുമാനം എടുക്കണം എന്ന് ആശങ്കപ്പെട്ട മകളോട് ‘കൂട്ടിനുള്ളിലാണെങ്കില്‍ ചിറക് വിടര്‍ത്താന്‍ ഇടമില്ല. പക്ഷേ പിടിച്ചിരിക്കാന്‍ അഴിയുണ്ട്.
ആകാശത്താണെങ്കില്‍ ചിറക് വിടര്‍ത്താന്‍ ഇടമുണ്ട്. പക്ഷെ പിടിച്ചിരിക്കാന്‍ അഴിയില്ല’ ടാഗോറിന്റെ ഈ പ്രശസ്ത വാക്യം പറഞ്ഞു കൊടുത്ത അമ്മ…
കഥയുടെ ആമുഖത്തില്‍ പറയുന്നതുപോലെ ഒരു കഥയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്… ഈ കഥയെ സംബന്ധിച്ച് നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ അനവധിയാണ്… സ്വന്തം കുഞ്ഞിന്റെ അച്ഛന്റെ രണ്ടാം വിവാഹത്തിന് തല ഉയര്‍ത്തിപ്പിടിച്ച് പങ്കെടുത്ത ഭാവന… എഡ്വെര്‍ഡ് റോസ് പുഷ്പത്തിന്റെ സൗരഭ്യത്തോടെ കടന്നുവന്ന് ഭാവനയുടെ ഉള്ളു കവര്‍ന്ന തങ്ങള്‍..! തന്റെ ആത്മാഭിമാനം കൈമുതലാക്കി 30 പട്ടിക്കുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ട് സ്‌നേഹിക്കുന്ന ഭാവനയുടെ അമ്മ….! അങ്ങനെ ഉള്ളില്‍ തങ്ങി നില്‍ക്കുന്ന അനവധി കഥാപാത്രങ്ങള്‍…!
കഥയെ സംബന്ധിച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതാണ് എന്നതിനുള്ള ഉത്തരം…
‘ ഒരാളുടെ സേവനങ്ങള്‍ക്ക് മറ്റൊരാള്‍ നല്‍കുന്ന പ്രതിഫലമല്ല സ്‌നേഹം.. അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്.. ‘
ഭാവനയുടെ അമ്മ പറയുന്ന ആ വാചകം.. അത് ഉള്ളില്‍ സ്പര്‍ശിച്ച ഒന്നാണ്…!
കഥയിലുടനീളം ഒരു മായിക ലോകത്തിലൂടെ ഉള്ള യാത്രയില്‍ ആവും ഓരോ അനുവാചകനും… ഒരു യാത്രയില്‍ എന്നോടൊപ്പം കൂടിയതാണ് ഖബര്‍…! തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്കുള്ള ആറ് മണിക്കൂര്‍ നീണ്ട യാത്രയുടെ ഇടയ്ക്ക് എന്റെ ഒന്നരമണിക്കൂറോളം കവര്‍ന്നെടുത്ത മനോഹരമായ രചന… ആദ്യപേജ് വായിക്കുമ്പോള്‍ പകുതിയെങ്കിലും വായിച്ചു തീര്‍ക്കുമോ എന്ന് സംശയിച്ചിരുന്നു….പക്ഷേ വായിച്ച് അവസാനം എത്തിയത് പോലും അറിഞ്ഞില്ല എന്ന് പറയാം….
Comments are closed.