DCBOOKS
Malayalam News Literature Website

‘ഖബര്‍’; സമകാലിക രാഷ്ട്രീയത്തിന്റേയും പുസ്തകം

കെ ആര്‍ മീരയുടെ ‘ഖബര്‍’ എന്ന നോവലിന്  ഡോ.ജീവന്‍ കെ യൂസഫ് എഴുതിയ വായനാനുഭവം. 

ജില്ലാ ജഡ്ജിയായ ഭാവന സച്ചിദാനന്ദൻ്റെ കോടതിയിൽ അതിപുരാതനമായ ഒരു ഖബർ സംബന്ധിയായ കേസ് വരുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഖബർ എന്ന നോവലിൻ്റെ ഇതിവൃത്തം. കേസിനാധാരമായ ഖബർ കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങളുടെ പൂർവികനായ, ചേരമാൻ പെരുമാളിനോടൊപ്പം മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു മടങ്ങി വന്ന ഹസൻ കോയയുടേതാണ്. ആ ഖബർ നിലനിൽക്കുന്നുവെന്ന് പറയപ്പെടുന്ന രണ്ടേക്കർ പതിനഞ്ച് സെൻ്റ് സ്ഥലം ഖയാലുദ്ദീൻ തങ്ങൾക്കും സഹോദരങ്ങളായ സലാഹുദ്ദീൻ തങ്ങൾ, ഫസലുദ്ദീൻ തങ്ങൾ, അമീറുദ്ദീൻ തങ്ങൾ എന്നിവർക്കുമായി പിതാവായ നിസാറുദ്ദീൻ തങ്ങളിൽ നിന്നും കുടംബസ്വത്തായി ലഭിച്ചതാണ്.

Textഓഡിറ്റോറിയം പണിയുന്നതിനായി സാകേതം ചാരിറ്റബിൾ ട്രസ്റ്റിന് സഹോദരങ്ങൾ വിറ്റ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഖബർ നശിപ്പിക്കപ്പെടരുതെന്നും അത് സംരക്ഷിക്കാനായി ഖബർ സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രമായി പണം കൊടുത്തു വാങ്ങാൻ വാദി തയ്യാറാവുന്നുണ്ടെങ്കിലും തിരികെ നൽകാൻ ട്രസ്റ്റ് തയ്യാറാകുന്നില്ല. തുടർന്ന് നടക്കുന്ന കേസ് വിസ്താരവും വിചാരണയും മറ്റ് കേസുകളിൽ നിന്നും വിഭിന്നമായി ഭാവനയുടെ വ്യക്തിജീവിതത്തെയും ബാധിക്കാൻ തുടങ്ങുന്നു. ജിന്നുകളെ അടിമകളാക്കി മന്ത്രവാദവും മായാജാലവും സ്വായത്തമാക്കിയവനും മനുഷ്യമനസ്സ് വായിക്കാൻ കഴിവുള്ളവനുമായ ഖയാലുദ്ദീൻ തങ്ങളുടെ വിദ്യകളിൽ പെട്ട് ഭാവനയുടെ മനസ്സിലും ശരീരത്തിലും ജീവിതത്തിൽ തന്നെയും പലവിധ അസ്വസ്ഥതകൾ ഉടലെടുക്കുന്നു. കേസ് വിസ്താരത്തിൻ്റെ ആദ്യദിവസം തന്നെ ഭാവനയുടെ പൂർവികനായ യോഗീശ്വരനമ്മാവനെയും അത്ഭുതബാലികമാരെയും ഭാവനയുടെ മുന്നിൽ വരുത്തിക്കൊണ്ടാണ് തങ്ങൾ തൻ്റെ മായാജാലങ്ങൾക്ക് തുടക്കമിടുന്നത്.

എന്തുകൊണ്ടാണ് അവരെ തങ്ങൾ നമുക്ക് മുന്നിൽ പ്രതിഷ്ഠിച്ചതെന്നതിനുള്ള ഉത്തരം തുടർന്നുള്ള വായനയിൽ നമുക്ക് ബോധ്യപ്പെടുന്നു. കഥാവസാനം ചില തിരിച്ചറിവുകൾ കൂടി വായനക്കാരിൽ അവശേഷിപ്പിച്ചു കൊണ്ടാണ് കഥയവസാനിക്കുന്നത്. ഭാവനയുടെ വ്യക്തിജീവിതവും ഭർത്താവായിരുന്ന പ്രമോദുമായുണ്ടായിരുന്ന പ്രണയവും ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളും അറ്റൻഷൻ ഡെഫിസ്റ്റ് ഡിസോർഡർ ഉള്ള അദ്വൈത് എന്ന മകൻ്റെ ജീവിതവും ഇതിനിടയിൽ പറഞ്ഞു പോകുന്നുണ്ട്. കഥാവസാനം ആർകിടെക്റ്റ് കൂടിയായ തങ്ങൾ ഒരു ചരിത്രസ്മാരകത്തിൻ്റെ പുനർനിർമാണത്തിനിടയിൽ മരണപ്പെടുന്നു. നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഖയാലുദ്ദീൻ തങ്ങളുടെയും ഭാവനയുടെയും പ്രണയം ഭ്രമാത്കമായ ഒരു മായികലോകത്തിലെന്ന പോലെ കെ.ആർ. മീര അവതരിപ്പിച്ചിരിക്കുകയാണ്. കെ.ആർ മീരയുടെ എല്ലാവരം വായിച്ചിരിക്കേണ്ട മറ്റൊരു മികച്ച സൃഷ്ടി തന്നെയാണ് ഖബർ. 

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം  വാങ്ങാന്‍  സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.