കുറേ ജീവിതക്കളികള്‍ പുറ്റിനുള്ളിലുണ്ട്, മുഖ്യമായിട്ട് കുടുംബജീവിതം…പുറ്റിനു വിനോയ് തോമസ് എഴുതിയ ആമുഖം
പിടിച്ചാകിട്ടാത്ത ഭാവന
പണ്ട് ഞങ്ങടെയൊക്കെ നാട്ടില്‍നിന്നും കര്‍ണ്ണാടകത്തിലെ മാക്കൂട്ടത്തേക്ക് തലച്ചുമടായി കശുവണ്ടികള്ളക്കടത്ത് നടത്തുന്ന പരിപാടിയുണ്ടായിരുന്നു. അക്കാര്യം നോവലില്‍ പറഞ്ഞിട്ടുണ്ട്. നോവലിലില്ലാത്ത ഒരു കാര്യമാണ് ഇപ്പോളോര്‍ക്കുന്നത്. പത്തുപതിനഞ്ചുകിലോമീറ്റര്‍ദൂരം അമ്പതുകിലോയോളംവരുന്ന കശുവണ്ടിയും തലയിലെടുത്ത് പോലീസിനേയും സ്പെഷ്യല്‍സ്ക്വാഡുകാരേയുമൊക്കെ വെട്ടിച്ചുപായുന്നതിനിടയില്‍ നമ്മള് വിചാരിക്കും ദൈവമേ ഈ കശുവണ്ടി എങ്ങനെയെങ്കിലും മാക്കൂട്ടത്തെത്തിച്ചു തന്നാമതി, ഇനി ജീവിതത്തിലൊരിക്കലും ഈ ദുരിതംപിടിച്ച പരിപാടിക്ക് ഞാന്‍ നില്‍ക്കിയേലെന്ന്. പക്ഷേ കശുവണ്ടി തൂക്കിക്കൊടുത്ത് പത്തുമുന്നൂറുരൂപയോളം കയ്യില്‍കിട്ടിക്കഴിഞ്ഞാല്‍ അടുത്തദിവസം കടത്താനുള്ള കശുവണ്ടി മേടിക്കാനുള്ള ഓട്ടം തുടങ്ങും.
രണ്ടാമത്തെ നോവലെഴുതിക്കഴിഞ്ഞപ്പോള്‍ ആ കശുവണ്ടികടത്തുകാലമാണ് എനിക്കോര്‍മ്മവന്നത്. ഇനി അടുത്തകെട്ട് അണ്ടി സംഘടിപ്പിക്കാനുള്ള ഓട്ടം തുടങ്ങുമായിരിക്കും. എന്നതായാലും കഷണങ്ങളായി നോവല്‍ പുറത്തുവരുന്നതിന്റെ കന്നിയനുഭവം രസമുള്ളതായിരുന്നു. അഭിപ്രായങ്ങള്‍ കഷണങ്ങളായിത്തന്നെ കിട്ടി. പണ്ട് മാക്കൂട്ടത്തെ അണ്ടിച്ചാപ്പയില്‍നിന്നും കശുവണ്ടിവിറ്റ കാശ് കിട്ടുമ്പോഴുള്ളയൊരു ഓതാറുണ്ടല്ലോ അതാണ് മനസ്സില്‍ തോന്നിയത്‍.
പാടി എന്നുപറഞ്ഞാല്‍ താമസിക്കുന്ന സ്ഥലമെന്ന അര്‍ത്ഥമുണ്ടെന്നു തോന്നുന്നു. പെരുമ്പാടി എന്നാകുമ്പോള്‍ ഒത്തിരി ജീവിതങ്ങളുടെ സ്ഥലമെന്ന് വേണമെങ്കില്‍ പറയാം. നോവലിന് പെരുമ്പാടി എന്നുതന്നെ പേരിട്ടാലോയെന്നാണ് ആദ്യമാലോചിച്ചത്. അപ്പോഴുള്ള തരക്കേടെന്നതാന്നുവെച്ചാല്‍ എന്റെ മിക്ക എഴുത്തുകളുടേയും തലക്കെട്ട് സ്ഥലപ്പേരുകളാണ്. അതുകൊണ്ട് പെരുമ്പാടി വേണ്ടെന്നുവെച്ചു. പിന്നെയങ്ങനെ ആലോചിച്ചുംപിടിച്ചും മറ്റു പലരോട് ചോദിച്ചുമൊക്കെ കിട്ടിയ ഒരു പേരാണ് പുറ്റ്. ചിതലിനും ഉറുമ്പിനുമൊക്കെ പുറ്റുകളുണ്ടല്ലോ. അതിനുള്ളില്‍ ആയിരക്കണക്കിന് ജീവിതങ്ങളുമുണ്ട്. പുറ്റിന്റെ ഉള്ള് നമ്മളങ്ങനെ കാണാത്തതുകൊണ്ട് അവിടെയുള്ള ജീവിതങ്ങളേക്കുറിച്ച് എങ്ങനെ വേണെങ്കിലും ഭാവന ചെയ്യാം.
കെ സുരേന്ദ്രന്റെ കൂട്ടുജീവിതം എന്ന പാഠഭാഗത്ത് കൂട്ടുജീവിതം നയിക്കുന്ന മനുഷ്യനല്ലാത്ത ജീവികളേക്കുറിച്ച് പറയുകയും അവരില്‍നിന്നും എന്തു വ്യത്യാസമാണ് മനുഷ്യന്റെ കൂട്ടുജീവിതത്തിനുള്ളതെന്ന് താരതമ്യം ചെയ്യുന്നുമുണ്ട്. അതൊക്കെ വായിച്ചുകഴിഞ്ഞ് പിന്നെയങ്ങോട്ട് ഭാവനയുടെ കളിയായിരുന്നു. വിചിത്രമായ അനേകം ജീവിതങ്ങളെ ഭാവനചെയ്തു. അതെല്ലാംകൂടി ഒരു നോവലില്‍ ഇണക്കിച്ചേര്‍ക്കാനായിരുന്നു പാട്. പിന്നെ ഞാന്‍ വിചാരിച്ചു നോവലല്ലേ, ചേരുന്നില്ലെങ്കില്‍ അങ്ങനെയങ്ങ് പോട്ടേന്ന്. വായിച്ച ചിലര് നോവലിലെ കഥാപാത്രങ്ങളേപ്പറ്റി എന്നോടു ചിലപ്പോള്‍ പറയുമായിരിക്കും
“എടാ, ഇത് ഇന്ന സ്ഥലവല്ലേ? അവിടെയൊണ്ടായിരുന്ന ആളെല്ലേ ഇയ്യാള്? എനിക്കറിയാം മോനേ…”
സോറി സഹോദരങ്ങളെ, ഈ നോവലിലുള്ളതൊന്നും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവയാണ്. പെരുമ്പാടിപോലെ ഒരു സ്ഥലവും പക്കാ സദാചാരവിരുദ്ധരായ മനുഷ്യരും കുത്തഴിഞ്ഞ കുടുംബങ്ങളും ലോകകോമഡിയായ സ്ഥാപനങ്ങളും മണ്ടന്‍ പ്രസ്ഥാനങ്ങളും തെമ്മാടി മതങ്ങളുമൊന്നും കേരളത്തിലെന്നല്ല ലോകത്തൊരിടത്തും കാണുകയില്ല. മനുഷ്യജീവിതമുള്ള അന്യഗ്രഹങ്ങളില്‍ എവിടെയെങ്കിലും ഉണ്ടായെങ്കിലായി. ഇതുമുഴുവനും ഭാവനയാ, പച്ച ഭാവന.
വലിയ പാരമ്പര്യവും അച്ചടക്കവും ദൈവഭയവും ശ്രേഷ്ഠത്വവുമുള്ള മഹത്‍കുടുംബങ്ങളാണ് നല്ല ഒരു സമൂഹത്തിന്റെ അടിസ്ഥാനമെന്നും നമ്മുടെ ഭൂരിഭാഗവും കുടുംബങ്ങളും അത്തരത്തിലുള്ളതാണെന്നുമുള്ള അഭിപ്രായം മാത്രമേ ഞാന്‍ പരസ്യമായെവിടേയും പറയുകയുള്ളൂ. മറിച്ചുള്ള എന്റെ ചിന്തയെല്ലാം ഭാവനകളാണ്, വൃത്തികെട്ട ഭാവന.
ഭാവനയെന്ന് പറഞ്ഞല്ലോ, അങ്ങനെ ഭാവനചെയ്യണമെന്ന് എനിക്കു തോന്നിയത് പലരും പറഞ്ഞ കഥകള്‍ കേട്ടപ്പോഴാണ്. ചെറുപ്പംതൊട്ടേ നല്ലൊന്നാന്തരം കഥ പറച്ചിലുകാരുമായിട്ടായിരുന്നു എന്റെ ഇടപാടൊക്കെ. അതില്‍ പ്രധാനപ്പെട്ടയൊരാള് ബെന്നിച്ചേട്ടനാണ്. ഒരേ കഥതന്നെ പലവട്ടം പുള്ളിക്കാരന്‍ പറയും. പക്ഷെ കേള്‍വിക്കാര്‍ക്ക് ഓരോപ്രാവശ്യവും അത് പുതുമയുള്ളതായിരിക്കും.
ആ കഥകള്‍ ബോറടിപ്പിക്കാതിരിക്കാന്‍ രണ്ട് കാരണമാണ് ഞാന്‍ കാണുന്നത്. ഒന്ന് ബെന്നിച്ചേട്ടന്റെ പറച്ചിലിന്റെ മെച്ചം. രണ്ട് ആ കഥകളില്‍ മുഴുവന്‍ ജീവിതമാണ്. ഈ നോവലിന്റെപേരില്‍ മാത്രമല്ല മറ്റു പലതുകൊണ്ടും ബെന്നിച്ചേട്ടനെന്ന വലിയ കഥപറച്ചിലുകാരനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
എന്നതായാലും കുറേ ജീവിതക്കളികള്‍ പുറ്റിനുള്ളിലുണ്ട്. മുഖ്യമായിട്ട് കുടുംബജീവിതം. അതില്‍നിന്ന് കയറുന്ന സാമൂഹ്യജീവിതവും വ്യക്തിജീവിതവുമൊക്കെയായിട്ട് ആ കളികളങ്ങനെ നീണ്ടുനീണ്ടു പോവുകയാണല്ലോ. ഇത്രയുംകാലത്തെ ജീവിതത്തിനിടയ്ക്ക് ഇതെന്താന്നപ്പാ ഇങ്ങനെ എന്ന അമ്പരപ്പോടെ കണ്ടുനിന്ന കളികള്‍ ഇരുപത്തിയേഴ് അധ്യായങ്ങളിലൂടെ ഒരുമാതിരിയൊക്കെ പറയാന്‍പറ്റുമോയെന്ന് നോക്കുകയാണു ചെയ്തത്.
ഒരു പുറ്റുണ്ടാക്കാന്‍ ഒത്തിരിയാളുകളുടെ സഹായം വേണം. ഒരു തടസ്സവുമില്ലാതെ എനിക്കതു കിട്ടിയെന്നതുകൊണ്ട് നന്ദികലക്കിയ സന്തോഷമാണ് മനസ്സില്‍. എഴുത്തിന്റെ സമയത്ത് പലരേയും വിളിച്ച് ഒന്ന് കൂടിത്താന്ന് പറഞ്ഞപ്പോള്‍ അവരാരും പുറംതിരിഞ്ഞ് നിന്നില്ല. നേരിട്ടും ഫോണ്‍വിളിച്ചും ഞാന്‍ മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ച അവരെയൊക്കെ ഓര്‍ക്കുകയാണ്. എസ് ഹരീഷ്, ഇ സന്തോഷ്‍കുമാര്‍, ഷുക്കൂര്‍ പെടയങ്ങോട്, സോമന്‍ കടലൂര്‍, എ വി രാജേഷ്, ഷിനിലാല്‍, സുരേഷ് ചുഴലി, ആന്റണി, ശിവദാസ് പൊയില്‍ക്കാവ്, അനീഷ് അഞ്ജലി തുടങ്ങിയവരൊക്കെ പറ്റുന്നതുപോലെ സഹായിച്ചു.
സമകാലിക മലയാളം വാരികയുടെ പത്രാധിപസമിതി കുഴപ്പംപിടിച്ച കാലത്ത് നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. നോവലിന് ചിത്രങ്ങള്‍ വരച്ച് പ്രേംകുമാര്‍ കണ്ണോം അതിനെ ഗംഭീരമാക്കി. കുറേയാളുകള്‍ എല്ലാ ആഴ്ചയും നോവല്‍ മുടങ്ങാതെ വായിച്ച് എന്നെ വിളിച്ചും സാമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും അഭിപ്രായം പറഞ്ഞ് നമ്മളെ ഉശാറാക്കി. ഡിസി ബുക്സ് നോവല്‍ പുസ്തകമാക്കി കൂടുതല്‍ വായനക്കാരിലേക്കെത്തിക്കുന്നു. എല്ലാവര്‍ക്കും നന്ദിസര്‍ബ്ബത്ത്.
– വിനോയ് തോമസ്
പുറ്റ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്തു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.