DCBOOKS
Malayalam News Literature Website

വലിയ ഒരു പുറ്റ്, സാധാരണജീവിതത്തില്‍ തങ്ങള്‍ മറച്ചുപിടിക്കുന്ന ആഗ്രഹങ്ങളെ തുറന്നുവിടാനുള്ള സ്വാതന്ത്ര്യം അതിഥികള്‍ക്കു നല്‍കുന്ന അനേകം അറകളുള്ള ഒരു മനുഷ്യപ്പുറ്റ്…!

27 ശിലാമനെ റിസോട്ട്

വെങ്കലനിറംപൂശിയ വലിയ ഇരുമ്പുഗയിറ്റിനു പുറത്ത് വാഹനങ്ങള്‍ വന്നുനില്‍ക്കുമ്പോള്‍ കോട്ടും തലപ്പാവും ധരിച്ച ജറമിയാസ് ഗയിറ്റുതുറന്ന് ഒരു സലാംകൊടുത്ത് അതിഥികളെ ശിലാമനെറിസോര്‍ട്ടിലേക്കു സ്വീകരിക്കും. അധികം ഉയരമില്ലാതെ പരന്നുകിടക്കുന്ന ഒരു കുന്നിന്റെ ചുവട്ടിലാണ് റിസോട്ടിന്റെ കവാടം.

കുടകിലെ പോളീബേട്ടയില്‍ താമസിക്കുന്ന രാജേന്ദ്രസൗക്കാറില്‍നിന്നുമാണ് ഇപ്പോള്‍ റിസോട്ടായി മാറിയ ആ കുന്ന്  ലൂയീസ് വാങ്ങിക്കുന്നത്. കുടകിലും പുറത്തും പേരുകേട്ടയൊരു മുതലാളിയായിരുന്ന രാജേന്ദ്രസൗക്കാര്‍ വെറുതെയങ്ങനെ മുതലാളിയായതല്ല, പാരമ്പര്യമായിട്ട് ഉള്ളകൂട്ടത്തില്‍ പെട്ടയാള്‍തന്നെയായിരുന്നു.

ആദികുടകന്റെ വംശപരമ്പരയില്‍ പെടുന്നയാളെന്ന് സ്വയം വിശേഷിപ്പിച്ചുനടക്കുന്നതില്‍ രാജേന്ദ്രസൗക്കാറെ  തെറ്റുപറയാന്‍ പറ്റില്ല. കാരണം ഒരാള്‍ക്ക് എത്ര പണമുണ്ടെങ്കിലും ശരി അയാളെ സൗക്കാറായി കുടകരംഗീകരിക്കണമെങ്കില്‍ ആദികുടകനുമായി അയാള്‍ക്ക് ബന്ധമുണ്ടായിരിക്കണം. രാജകീയമായ വാളും തോക്കുമൊക്കെ ഉള്‍പ്പെടുന്ന കുടക്ചിഹ്നവും തലപ്പാവും ആചാരപ്രകാരമുള്ള കോട്ടുമൊക്കെ ആദികുടകന്റെ പിന്‍മുറക്കാര്‍ക്കേയുള്ളൂ. ചില പുത്തന്‍പണക്കാര്‍ ആരോടും ചോദിക്കാതെ ഇപ്പോള്‍ അതൊക്കെ വെച്ചുകെട്ടി നടക്കുന്നുണ്ട്. അത് നാണംകെട്ടോന്‍മാരുടെ രീതിയെന്ന് തള്ളിക്കളയുകയാണ് വിവരമുള്ള മുതിര്‍ന്നവര്‍ ചെയ്യുന്നത്.

ആദികുടകനേപ്പറ്റി പല കഥകളുമുണ്ട്. അയാള്‍ കൂട്ടംതെറ്റിയ ഒരു ഗന്ധര്‍വ്വനായിരുന്നെന്നും അതല്ല ഉത്തരേന്ത്യയില്‍നിന്നും നാടുവിട്ടോടിപ്പോന്ന ഏതോ രാജാവാണെന്നും അതൊന്നുമല്ല സാക്ഷാല്‍ ദൈവംതന്നെയായിരുന്നു എന്നൊക്കെ തരംപോലെയാളുകള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരിക്കും. എന്നാല്‍ ആദികുടകന്‍ ഒരു യൂറോപ്യനാണെന്നാണ് ലൂയീസിന് കിണര്‍റിംഗ് നിര്‍മ്മാണ ഉപകരണങ്ങള്‍ നല്‍കിയ പഴയ മുതലാളി പറഞ്ഞുനടക്കുന്ന കഥ.

നൂറ്റാണ്ടുകള്‍ക്കുമുന്‍പു യൂറോപ്പിലെ ഏതോവൊരു രാജ്യത്ത് തികഞ്ഞ മതവിശ്വാസിയും കുടുംബസ്ഥനുമായി ജീവിച്ചിരുന്ന ഒരു സായിപ്പിന് തന്റെ ജീവിതം പരമവിരസമായി തോന്നുന്നിടത്താണ് ആ കഥയാരംഭിക്കുന്നത്. അയാളുടെ ഭാര്യ ആണ്ടുമുഴുവന്‍ പള്ളിയും പ്രാര്‍ത്ഥനയുമായി നടക്കുന്നവളായിരുന്നു. കൂടാതെ കിടപ്പറയില്‍ ഉളിഞ്ഞുനോക്കുന്നവനാണ് ദൈവമെന്ന് ഏറ്റവും അപകടകരമായ ഒരു വിശ്വാസംകൂടി ആ പെണ്ണുമ്പിള്ളയ്ക്കുണ്ടായിരുന്നു.

ദൈവം എല്ലാം കാണുന്നുണ്ടല്ലോ എന്ന പേടികൊണ്ട് തുണിയഴിക്കാനോ ദൈവത്തിനിഷ്ടമില്ലാത്ത രീതിയില്‍ കിടന്നു നെഗളിക്കാനോ ഭാര്യ ഭര്‍ത്താവിനെ അനുവദിച്ചില്ല.

അങ്ങനെ പല പൊസിഷനില്‍നിന്നുള്ള മുഷിപ്പന്‍ പ്രാര്‍ത്ഥനയും അതിനേക്കാള്‍ വിരസമായ കിടപ്പറജീവിതവുമായി കാലംകുറേ കടന്നുപോയപ്പോള്‍ സായിപ്പിന് ജീവിതത്തോട് അടക്കാന്‍പറ്റാത്ത വിരക്തിതോന്നി. കടുത്ത ആലോചനയ്ക്കൊടുവില്‍ അക്കാലത്ത് പല യൂറോപ്യന്‍മാരും ചെയ്തിരുന്നതുപോലെ വല്ല കപ്പലിലുംകയറി ദൂരദേശത്തേക്കു പോയി രക്ഷപ്പെടാന്‍ അയാള്‍ തീരുമാനിച്ചു.

അങ്ങനെ എങ്ങോട്ടുപോകുമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ഈജിപ്തിലേക്ക് ഒരു കപ്പല്‍ പോകുന്നുണ്ടെന്നു സായിപ്പറിയുന്നത്. കപ്പലില്‍കയറി താന്‍ നാടുവിടുകയാണെന്ന കാര്യം നേരിട്ടു പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ട് ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതും വിശ്വസനീയവുമായ രീതിയിലാണ് സായിപ്പ് വിഷയം അവതരിപ്പിച്ചത്.

ദരിദ്രവാസികളും ദൈവജ്ഞാനമില്ലാത്തവരും അപരിഷ്കൃതരുമായവര്‍ കണ്ടമാനം വസിക്കുന്ന കിഴക്കന്‍ദേശത്ത് എവിടെയെങ്കിലുംപോയി കുറച്ചുകാലം സുവിശേഷവേല ചെയ്യണമെന്നു താന്‍ ആഗ്രഹിക്കുന്നെന്നും അവിടെ ദൈവവചനമെത്തിക്കുന്നതിലൂടെ നമുക്കും നമ്മുടെ കുടുംബത്തിനും അളവില്ലാത്ത കൃപ ലഭിക്കുമെന്നും സായിപ്പ് ഭാര്യയോടു പറഞ്ഞു. ശുദ്ധപുണ്യചരിതയായ ഭാര്യ അതുകേട്ടപ്പോള്‍ വലിയ സന്തോഷത്തോടെ കുരിശുമാലയും ബൈബിള്‍ചുരുളുമൊക്കെ കൊടുത്ത് ഭര്‍ത്താവിനെ ഈജിപ്തിലേക്കു യാത്രയാക്കി.

ഈജിപ്തിലെത്തിക്കഴിഞ്ഞപ്പോള്‍ അവിടെനിന്നും കിഴക്കന്‍ദേശങ്ങളിലേക്ക് പോകാനുള്ള ഒരു പായക്കപ്പല്‍ കാലവര്‍ഷക്കാറ്റ് വരുന്നതുംകാത്ത് തുറമുഖത്തു കിടക്കുന്നത് സായിപ്പ് കണ്ടു. തന്റെ ഭാര്യ ജീവിക്കുന്ന നാട്ടില്‍നിന്നും പരമാവധിയകലേക്കു പോവുകയെന്നതുമാത്രം ലക്ഷ്യമായിരുന്ന സായിപ്പ് കിഴക്ക് എങ്ങോട്ടേയ്ക്കാണ് കപ്പല്‍ പോകുന്നതെന്നൊന്നും അന്വേഷിക്കാതെ കയ്യിലുണ്ടായിരുന്ന കാശ് മുഴുവന്‍ കൊടുത്ത് കപ്പലില്‍ കയറിക്കിടന്നു.

സായിപ്പ് കയറിയതിന്റെ മൂന്നാംനാള്‍ കാലവര്‍ഷക്കാറ്റ് വന്നു, കപ്പല്‍ പുറപ്പെട്ടു. ‍യാത്ര പുരോഗമിക്കുമ്പോള്‍ കിലോമീറ്ററുകളോളം ഉരുണ്ടുകിടക്കുന്ന ഒരു ആകാശലിംഗമായി വെള്ളംനിറഞ്ഞ് മഴമേഘങ്ങള്‍ എണീറ്റുനിന്നു. ഏഴിമലയുടെ വിടവുകളിലേക്ക് കുത്തിക്കയറാന്‍ ആ മേഘം ശ്രമിച്ചപ്പോഴാണ് സായിപ്പുകയറിയ കപ്പല്‍ വല്ലഭപട്ടണമെന്ന തുറമുഖത്തടുക്കുന്നത്.

കാല്‍ കരയില്‍തൊട്ടതേ കയ്യിലിരുന്ന ബൈബിളും കഴുത്തില്‍കിടന്ന കുരിശുമാലയുമെടുത്തു പുഴയിലെറിഞ്ഞിട്ട് സായിപ്പ് അറിയാവുന്ന തെറികളെല്ലാം ചേര്‍ന്ന അട്ടഹാസങ്ങള്‍ മുഴക്കി. ഇത്തരത്തിലുള്ള പല പിരാന്തന്‍മാരെയും കണ്ടിട്ടുള്ളതുകൊണ്ട് വല്ലഭപട്ടണത്തുകാര്‍ സായിപ്പിന്റെ കോപ്പിരാട്ടി ശ്രദ്ധിക്കാനേ പോയില്ല.

കല്ല്യാണത്തിനുശേഷം ആദ്യമായിട്ടാണ് ഇങ്ങനെ പിടിവിട്ട ഒരു സ്വാതന്ത്ര്യം സായിപ്പിനു ലഭിക്കുന്നത്. ഇത്രയുംകാലം തന്നെ കുരിശുമുത്തിച്ചു കിടത്തിയ ഭാര്യയും അവളെയതിനു പ്രേരിപ്പിച്ച തിരുസഭയും എന്നെന്നേക്കുമായി തുലഞ്ഞുപോട്ടെയെന്ന് പൂഴിവാരിയെറിഞ്ഞ് സായിപ്പ് പ്രാകി. അതുംകൂടിയായപ്പോഴും സാധാരണയില്‍നിന്നും അല്‍പംകൂടിയ ഒരിനമെന്നേ വല്ലഭപട്ടണത്തുകാര്‍ കരുതിയുള്ളൂ.

ആ സമയത്ത് കിഴക്കന്‍മലകളില്‍നിന്നും കുരുമുളക്, ഏലം, ചുക്ക്, മരത്തൊലികള്‍, എന്നിവയും വിദേശികളെ പറ്റിക്കാന്‍പറ്റുന്ന മറ്റുചരക്കുകളും കൊണ്ടുവരുന്ന ധാരാളം തോണികള്‍ പുഴയിലുണ്ടായിരുന്നു. അതിലൊരു തോണിയില്‍ കയറിയ സായിപ്പ് എന്നാണ് തോണി കിഴക്കോട്ട് പോകുന്നതെന്ന് ചോദിച്ചു. ഇനി കുറച്ചുനാള്‍ കഴിഞ്ഞേ തോണി കിഴക്കോട്ടുള്ളെന്നാണ് തോണിക്കാരന്‍ പറഞ്ഞത്.

അതുകേട്ടപ്പോള്‍ സായിപ്പിന് ഒടുക്കത്തെ കലിപ്പ് വന്നെങ്കിലും അന്യനാട്ടിലാണല്ലോ താനെന്ന ചിന്തയില്‍ അതങ്ങടക്കി. കലിയടങ്ങി കുറച്ചുനേരം ആലോചിച്ചപ്പോഴാണ് ഭാര്യയുടെ അപ്പന്‍ വിവാഹസമ്മാനമായിതന്ന സ്വര്‍ണ്ണക്കുരിശ് തന്റെ പെട്ടിയുടെയടിയില്‍ കിടക്കുന്ന കാര്യം സായിപ്പോര്‍ത്തത്. ആ കുരിശ് ഒഴിവാക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് സായിപ്പിന് തോന്നി.

പുഴ തുടങ്ങുന്നിടംവരെ തന്നെ കൊണ്ടവിടണമെന്നാണ് സ്വര്‍ണ്ണക്കുരിശു വാങ്ങിയ തോണിക്കാരനോട് സായിപ്പ് പറഞ്ഞത്. ഇത്രയും വിലയുള്ള സ്വര്‍ണ്ണക്കുരിശ് പുല്ലുപോലെ തനിക്കുതന്ന സായിപ്പിനെ ഏതായാലും ഊമ്പിക്കണ്ടെന്ന്  തീരുമാനിച്ചിട്ടാണ് തോണിക്കാരന്‍ അയാളെയും കയറ്റി കിഴക്കോട്ട് തോണിയൂന്നി തുടങ്ങിയത്.

പയ്യാവൂരുമലയുടെ താഴ്‍വാരത്തുവരെയേ തോണിയെത്തുകയുള്ളൂ. തോണിക്കാരന് നന്ദി പറഞ്ഞിട്ട് സായിപ്പ് അവിടെയിറങ്ങി. കാട്ടില്‍ കുരുമുളകു പറിക്കാനും തടിമുറിക്കാനും പോകുന്ന ചിലരും ആദിവാസികളും മാത്രമായിരുന്നു അന്ന് പയ്യാവൂരില്‍ മനുഷ്യരായിട്ടുണ്ടായിരുന്നത്.

എന്നെങ്കിലും അന്വേഷിച്ചു വരാനിടയുള്ള ഭാര്യയ്ക്കും മക്കള്‍ക്കും തന്നെ കണ്ടുപിടിക്കാന്‍ പറ്റാത്തത്ര ദൂരം വന്‍കരയുടെ ഉള്ളിലേക്കു പോകണമെന്നതായിരുന്നു സായിപ്പിന്റെ ലക്ഷ്യം. അതുകൊണ്ടു കണ്ണില്‍കണ്ട കാട്ടുവഴിയിലൂടെ സായിപ്പ് നടക്കാന്‍ തുടങ്ങി. വലിയ കാടും കയറ്റിറക്കങ്ങളുമാണ്.

കാഞ്ഞിരക്കൊല്ലിയും ചിറ്റാരിയുമൊക്കെ കടന്ന് ഒരു ദിവസംകൂടി നടന്നപ്പോള്‍ വലിയകുന്നുകള്‍ കഴിഞ്ഞു. താന്‍ കുടകിലെത്തിക്കകഴിഞ്ഞെന്ന കാര്യമൊന്നും സായിപ്പിനു മനസ്സിലായില്ല. എന്തായാലും യൂറോപ്പിലേതുപോലെ മഞ്ഞുമൂടിയ കാലാവസ്ഥയുള്ള ആ സ്ഥലം സായിപ്പിനിഷ്ടപ്പെട്ടു.

പക്ഷെ അവിടെ താമസിക്കാമെന്ന് സായിപ്പ് തീരുമാനിക്കുന്നത് ആ ഇഷ്ടംകൊണ്ടായിരുന്നില്ല, പുണ്ടമ്മ എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീയെ അവിടെവെച്ചു കണ്ടുമുട്ടുകയും അവളോടിഷ്ടം തോന്നുകയും ചെയ്തതുകൊണ്ടാണ്. ഓരോ ദിവസവും ഇണചേരുമ്പോള്‍ തന്റെ ശരീരംകൊണ്ടു പുതിയ അഭ്യാസങ്ങള്‍ കാണിച്ച് ആനന്ദിച്ചിരുന്ന ആ സ്ത്രീയുടെ മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ അവരുടെ മുന്‍ഭര്‍ത്താക്കന്‍മാര്‍ ഓരോരുത്തരായി നാടുവിട്ടുപോയിരുന്നു. കാടും മലയും കയറിവരുന്ന സായിപ്പിന്റെ ഭാഷ അവള്‍ക്കു മനസ്സിലായില്ലെങ്കിലും ആവശ്യമെന്താണെന്നു പെട്ടന്നുതന്നെ പിടികിട്ടി.

അത്തരത്തിലുള്ള ഒരു സ്ത്രീയെയായിരുന്നല്ലോ താന്‍ അന്വേഷിച്ചിരുന്നതെന്നോര്‍ത്തപ്പോള്‍ സായിപ്പിനും സന്തോഷമായി. പിന്നെ കുറേക്കാലത്തേക്ക് ഒരു ദിവസംപോലും വിരസതയില്ലാത്ത ജീവിതമായിരുന്നു സായിപ്പിന്റേത്.

ആ ദിവസങ്ങളുടെ ഓര്‍മ്മയ്ക്കാണ് കുടകില്‍ പുണ്ടെഹബ്ബ നടത്തുന്നതെന്നാണ് ചിലര്‍ പറയുന്നത്. കുടുംബജീവിതത്തില്‍ പ്രധാനസ്ഥാനം സ്ത്രീകള്‍ക്കുതന്നെയാണെന്ന് പുണ്ടമ്മയില്‍നിന്നും സായിപ്പ് മനസ്സിലാക്കി. അതുകൊണ്ടാണ് ഇന്നും കുടകിലെ കുടുംബങ്ങളില്‍ സ്ത്രീകള്‍ മുഖ്യസ്ഥകളായിരിക്കുന്നതെന്ന് ലൂയീസിന്റെ പഴയ മുതലാളി പറയുന്നു. അതുമാത്രമല്ല ആ സായിപ്പിന്റെ പിന്‍മുറക്കാരാണ് കുടകുവംശജര്‍ എന്നതിനു പലതെളിവുകളും പുള്ളിക്കാരന്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

കുടകര്‍ യൂറോപ്യന്‍മാരേപ്പോലെ കോട്ടിടുന്നു, പന്നിയിറച്ചിയും മദ്യവും അവര്‍ക്കു പ്രധാനപ്പെട്ടതാണ്. തോക്കും വാളും പ്രിയപ്പെട്ട ആയുധമാണെന്നു മാത്രമല്ല വെടിക്കും തോക്കിനുമായി കുടകര്‍ക്ക് പ്രത്യേക ഉത്സവംതന്നെയുണ്ട്. കുടകര്‍ വെളുപ്പും ആളുവലിപ്പവുമുള്ളവരാണ്. പ്ലാന്റേഷന്‍, ബംഗ്ലാവ് തുടങ്ങിയ യൂറോപ്യന്‍ രീതികള്‍ അവര്‍ക്കുണ്ട്. എല്ലാം ആഘോഷമാക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന സ്വഭാവമാണ് കുടകര്‍ക്കുള്ളത്. കഠിനമായി അദ്ധ്വാനിക്കാന്‍ മടിയുള്ളവരും വലിയ സമ്പാദ്യശീലമില്ലാത്തവരാണ് കുടകര്‍. ഈ കാര്യങ്ങളൊക്കെയാണ് ലൂയീസിന്റെ പഴയ മുതലാളി കുടകരേയും യൂറോപ്യന്‍മാരേയും ബന്ധിപ്പിക്കുന്ന പൊതുഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും പണക്കാരനായിക്കഴിഞ്ഞ ലൂയീസ് കുടകില്‍വന്നു ബിസിനസ് തുടങ്ങുന്നതിനു മുന്‍പേ പഴയ മുതലാളിയെ ചെന്നുകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. അയാളാണ് രാജേന്ദ്രസൗക്കാറിന് ബാംഗ്ലൂരിനടുത്ത് ഇങ്ങനെയൊരു സ്ഥലം വില്‍ക്കാനുണ്ടെന്ന കാര്യം ലൂയീസിനോട് പറയുന്നത്.

ബാംഗ്ലൂരിനടുത്തുള്ള ആ കുന്ന് സൗക്കാറിന്റെ ഭാര്യവീട്ടുകാരുടേതായിരുന്നു. മക്കളുണ്ടാകാതിരുന്ന സൗക്കാറിന് കുറേക്കാലത്തിനുശേഷം ഒരാണ്‍കുട്ടിയുണ്ടായി. അതിന്റെ സന്തോഷത്തിന് അമ്മായിയപ്പന്‍ സമ്മാനമായി കൊടുത്തതാണ് ബാംഗ്ലൂരിലെ കുന്ന്.

നല്ലവിലയുള്ള സ്ഥലമാണെങ്കിലും ആദായങ്ങളൊന്നുമില്ലാത്ത പാറക്കുന്നിനോട് കൃഷിക്കാരനായ രാജേന്ദ്രസൗക്കാറിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ലൂയീസ് മോശമല്ലാത്ത വില കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയാള്‍ അമ്മായിയപ്പന്റെ സമ്മാനക്കുന്ന് സന്തോഷത്തോടെ  വിറ്റൊഴിവാക്കി.

Vinoy Thomas-Puttu ഒന്നുംകാണാതെയല്ല ലൂയീസ് ആ പാറക്കുന്ന് വാങ്ങിക്കുന്നത്. ബാംഗ്ലൂരില്‍ പുതുതായി തുടങ്ങിയ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ധാരാളം കരിങ്കല്ല് ആവശ്യമായിരുന്നു. നിറയെ കരിങ്കല്ലുള്ള ആ കുന്നില്‍തന്നെ ഒരു ക്രഷറ് സ്ഥാപിച്ച് അവിടെനിന്നും ജില്ലി, മണല്‍, പൊടി, കല്ല് എന്നിവയൊക്കെ കൊണ്ടുപോകാനായിരുന്നു ലൂയീസിന്റെ പദ്ധതി.

‌ വലിയൊരു പന്നിത്തലയുടെ ആകൃതിയിലുള്ള ഒരു പാറയില്‍നിന്നുമാണ് കുന്നു തുടങ്ങുന്നത്. റോഡു സൗകര്യമുള്ളതുകൊണ്ട് ആ പാറ ഇരിക്കുന്നിടത്തു ക്രഷര്‍യൂണിറ്റു സ്ഥാപിക്കാമെന്ന് ലൂയീസ് തീരുമാനിച്ചു. പന്നിപ്പാറ പൊട്ടിച്ചുനീക്കുന്നതിനുവേണ്ടി ജാക്കിയാമറും ബുള്‍ഡോസറും വെടിക്കാരുമൊക്കെയുള്ള ഒരു യൂണിറ്റിനെ സൈറ്റിലേക്കു പറഞ്ഞുവിട്ടു. ആദ്യത്തെ രണ്ടുദിവസം പണി വലിയ തടസ്സമില്ലാതെ നീങ്ങി. മൂന്നാംദിവസം വെടിപൊട്ടിച്ചപ്പോള്‍ ഒരു കല്ലു തെറിച്ചുവന്ന് പണിക്കാരിലൊരാളുടെ തലയിലടിച്ച് അയാള്‍ മരിച്ചു. കുറച്ചുദിവസത്തേക്കു പണി നിര്‍ത്തിവെക്കേണ്ടി വന്നു.

വീണ്ടും പണിതുടങ്ങി അഞ്ചാറുദിവസം കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ക്കൂടി അപകടമുണ്ടായി. അതില്‍ ആളുമരിച്ചില്ലെങ്കിലും അവിടെയെന്തോ പ്രശ്നമുണ്ടെന്ന് പണിക്കാര്‍ക്കു തോന്നി. അതിന് മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു.

പന്നിത്തലപ്പാറയുടെ ഒരരികു പൊട്ടിച്ചുമാറിയപ്പോള്‍ പണിക്കാര്‍ കണ്ടതു മലയുടെയുള്ളിലേക്കു പോകുന്ന ഒരു ഗുഹയുടെ വാതിലാണ്. ആ ഗുഹ എതോ കുഴപ്പംപിടിച്ച പുരാതനക്കാരുടെ സ്ഥലമാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. അതോടെ ഇനിയാ കുന്നില്‍ പാറപൊട്ടിക്കാനാവില്ലെന്ന് അവര്‍ ലൂയീസിനോടു പറഞ്ഞു.

അത്രയും വിലകൊടുത്തു വാങ്ങിയ കുന്ന് വെറുതേയായിപ്പോയല്ലോയെന്ന നിരാശയിലാണ് ലൂയീസ് പാറപൊട്ടിച്ച സ്ഥലംകാണാന്‍ ചെന്നത്. പതിവുപോലെ ആ സമയത്ത് ലൂയീസിന്റെ ഓഫീസില്‍ ജോലിക്കെത്തിയ ഒരു പെണ്‍കുട്ടിയും അയാളുടെയൊപ്പമുണ്ടായിരുന്നു. കാല്‍ഭാഗത്തോളം പൊട്ടിച്ചെടുത്ത ആ പാറ വലിയ ഗുണമുള്ള കല്ലല്ല. എന്നാലും ക്രഷര്‍യൂണിറ്റു വെക്കണമെങ്കില്‍ അത് പൊട്ടിച്ചുനീക്കിയേ മതിയാകൂ.

സ്ഥലമൊക്കെ കണ്ടുകഴിഞ്ഞപ്പോള്‍ വെറുതെയൊരു കൗതുകത്തിന് അയാള്‍ മുന്നില്‍കണ്ട ഗുഹയുടെ വാതിലിലൂടെ പെണ്‍കുട്ടിയേയുംകൂട്ടി അകത്തേക്കു കയറി. മൂന്നുനാല് സാധാരണമുറിയുടെ വലിപ്പമുണ്ടായിരുന്നു ആ ഗുഹയ്ക്ക്. പുറത്തു കൊടുംചൂടാണെങ്കിലും ഗുഹയ്ക്കകത്തു തണുപ്പാണ്. പാറപൊട്ടിക്കുമ്പോള്‍ തെറിച്ചുവീണ കുറച്ചു കല്ലിന്‍കഷണങ്ങള്‍ ഗുഹയ്ക്കകത്തു കിടപ്പുണ്ട്. കരിങ്കല്ലിന്റെ ഭിത്തികളില്‍ പല നിറത്തില്‍, പല വലിപ്പത്തില്‍ ഒഴുകിക്കയറിയതുപോലെ വരകളുണ്ടായിരുന്നു.

കുറച്ചുനേരം ആ ഗുഹയില്‍തന്നെ ഇരിക്കാമെന്ന് ലൂയീസ് പെണ്‍കുട്ടിയോടു പറഞ്ഞു. പുറത്തെ വെയിലിനേക്കാള്‍ അകത്തെ തണുപ്പിഷ്ടപ്പെട്ടതുകൊണ്ട് അവളുമതു സമ്മതിച്ചു. ലൂയീസിന്റെ ഭാര്യ ജറമിയാസിന്റെയടുത്തു പരാതിയുംകൊണ്ടു പോകുന്നതിന്റെ തൊട്ടുമുന്‍പുള്ള കാലമായിരുന്നു അത്.

അനേകനൂറ്റാണ്ടുകള്‍ക്കു മുന്‍പു രൂപപ്പെട്ട ഈ ഗുഹയുടെ ഇപ്പോഴത്തെ ഉടമ താനാണല്ലോയെന്നു ലൂയീസ് കൗതുകത്തോടെ ഓര്‍ത്തു. ഈ ഗുഹയിലേക്കു ആദ്യമായി മനുഷ്യന്‍ കയറിയ കാലത്ത് ഒരു സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശമുള്ള പൊതവിടമായിരുന്നിരിക്കണം ഇത്.

ലൂയീസ് ഗുഹയുടെ നിരപ്പില്ലാത്ത ഭിത്തിയിലേക്കും തറയിലേക്കും നോക്കി. ഗോത്രത്തലവന്റെ ഒച്ചയും ആംഗ്യങ്ങളും അനുസരണയോടെ ശ്രദ്ധിച്ച് എത്രയോ ആളുകള്‍ തങ്ങളുടേതുകൂടിയായ ഈ തണുത്ത പാറകളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്തിരിക്കും. ആ തലവനേക്കാള്‍ സമ്പത്തുകൊണ്ടും ഉടമസ്ഥതകൊണ്ടും അത്രയോ പ്രബലനാണ് താന്‍. എന്നിട്ടും ഈ ഗുഹയ്ക്കു പുറത്തു എല്ലാവരുടേയും മുന്‍പില്‍ താന്‍ അടിമയേപ്പോലെ വിനീതനായി നില്‍ക്കുന്നു.

അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോള്‍ ഗുഹ പുതിയൊരു ലോകമാണെന്ന് ലൂയീസിനു തോന്നി തന്റെ ഉടമസ്ഥതയില്‍ താന്‍ സൃഷ്ടിച്ചെടുത്ത ലോകം. ഈ ലോകം തന്റേതുമാത്രമാണെന്ന് തോന്നിയ നിമിഷം അയാള്‍ ശരീരം ആഞ്ഞെടുത്ത് ഒന്നലറി. ഗുഹയുടെ ഭിത്തികളില്‍ തട്ടിയ ആ അലര്‍ച്ച പുറത്തേക്കുപോകാന്‍ വഴിയില്ലാതെ പത്തിരട്ടിയായി അതിനുള്ളില്‍ കറങ്ങിക്കൊഴുത്തു. പേടിച്ചുപോയ പെണ്‍കുട്ടി എന്തോ ഒന്നു പറഞ്ഞു. അപ്പോഴാണ് ലൂയീസ് അവളെ ശ്രദ്ധിച്ചത്. സുന്ദരിയായ അവളുടെമേല്‍ എല്ലാ ഉടമസ്ഥതയും ഈ ഗുഹയില്‍ തനിക്കുണ്ട്.

അധികാരിയുടേതായ അശ്ലീലഭാഷയില്‍ അവളോട് നഗ്നയാകാന്‍ ലൂയീസ് പറഞ്ഞു. മറ്റൊന്നുമാലോചിക്കാതെ അവള്‍ നഗ്നയായപ്പോള്‍ എത്ര സുഗമമായാണ് തന്റെ അധികാരം പ്രവര്‍ത്തിക്കുന്നതെന്ന് ലൂയീസിനു വ്യക്തമായി. തുണിയുടുക്കാതെ എന്തിനും തയ്യാറായിനില്‍ക്കുന്ന അവള്‍ തന്റെ അടിമയാണെന്നും താന്‍ അവളുടെ യജമാനനാണെന്നുമുള്ള ബോധ്യം ലൂയീസിന് പ്രത്യേകമായ ഒരു ലഹരിയുണ്ടാക്കി. ആ ലഹരിയില്‍ യുഗങ്ങള്‍ പിന്നിലേക്കുപോയി ഉദ്ധരിച്ച അയാള്‍ അതുവരെയുള്ള തന്റെ മനുഷ്യജീവിതത്തില്‍ സാധ്യമാകാത്ത ആദിമമായ ഉടമസ്ഥതയുടെ ആനന്ദത്തോടെയാണ് പണി നടത്തിയത്.

ആ ദിവസത്തിനുശേഷമാണ് ജറമിയാസ് പോളിനെ ലൂയീസ് വീട്ടില്‍പോയി കാണുന്നത്. ഭാര്യയുടെ മേല്‍ പ്രാകൃതമായ അധികാരം പ്രയോഗിക്കുന്ന ശീലം നിര്‍ത്തണമെന്നു ജറമിയാസ് പോള്‍ പറഞ്ഞപ്പോള്‍ അയാള്‍ ഗുഹയില്‍വെച്ചു തനിക്കുണ്ടായ അനുഭവം ഓര്‍ത്തു. അത്തരം അനുഭവങ്ങളിലേക്ക് ഇടയ്ക്കൊക്കെ മടങ്ങിപ്പോകുന്നതിലൂടെ തന്റെ കുടുംബജീവിതം മെച്ചപ്പെടുത്താനാവുമെന്ന് നവീകരണഭവനത്തില്‍നിന്നുമിറങ്ങുമ്പോള്‍ അയാള്‍ക്കു മനസ്സിലായിരുന്നു.

പാറപൊട്ടിക്കാനായി വാങ്ങിയ സ്ഥലത്ത് പിന്നീട് വളരെ രഹസ്യമായും സൂഷ്മതയോടെയുമാണ് ജോലികള്‍ നടന്നത്. മണ്ണുനീക്കുമ്പോള്‍ പല ഭാഗത്തും ഗുഹാമുഖങ്ങള്‍ തുറന്നുവന്നു. പല വലിപ്പത്തിലുള്ള ഗുഹകളായിരുന്നത്. ആ ഗുഹകളാണ് പുറ്റിന്റെ ആകൃതിയിലുള്ള ഒരു റിസോട്ട് നിര്‍മ്മിക്കുകയെന്ന ആശയത്തിലേക്ക് ലൂയീസിനെ നയിക്കുന്നത്.

വലിയ ഒരു പുറ്റ്, സാധാരണജീവിതത്തില്‍ തങ്ങള്‍ മറച്ചുപിടിക്കുന്ന ആഗ്രഹങ്ങളെ തുറന്നുവിടാനുള്ള സ്വാതന്ത്ര്യം അതിഥികള്‍ക്കു നല്‍കുന്ന അനേകം അറകളുള്ള ഒരു മനുഷ്യപ്പുറ്റ്. അതായിരിക്കണം തന്റെ പുതിയ റിസോട്ടിന്റെ തീമെന്ന് ലൂയീസ് ഡിസൈനറോട് പറഞ്ഞു. ലൂയീസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും മേല്‍നോട്ടത്തിനുമനുസരിച്ചായിരുന്നു ആ എയര്‍ കണ്ടീഷന്‍ഡ് ഗുഹകളുടെ രൂപകല്‍പനയും നിര്‍മ്മാണവും.

ആ കുന്നിലുള്ള മുപ്പത്തിയേഴ് പുറ്റുകളും താന്‍ കൃത്രിമമായുണ്ടാക്കിയതാണെന്ന് സാക്ഷ്യപ്പെടുത്തിയാണ് ലൂയീസ് റിസോട്ടിന്റെ അനുമതിക്കായി അപേക്ഷിച്ചത്. അങ്ങനെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ശിലാമനെ റിസോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു.

തന്റെ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയായ ആര്‍ക്കും വരാമെന്നു ലൂയീസ് പരസ്യം ചെയ്തു. പക്ഷേ മറ്റാരുടേയും നിര്‍ബ്ബന്ധമില്ലാതെ തന്റെ സ്വന്തം ഇഷ്ടപ്രകാരം ആനന്ദിക്കാനാണ് ഇവിടെയെത്തിയിരിക്കുന്നതെന്ന ഒരു സത്യവാങ്മൂലം റിസോര്‍ട്ടില്‍വരുന്ന എല്ലാവരും ഒപ്പിടേണ്ടതുണ്ടായിരുന്നു. ഭാവിയിലുണ്ടാകാനിടയുള്ള കേസും പുക്കാറും ഒഴിവാക്കാനാണങ്ങനെ ചെയ്തത്. എന്തായാലും കുറഞ്ഞകാലംകൊണ്ട്  പുറ്റിനുള്ളിലെ ഒരു ഗുഹയും ഒരു ദിവസംപോലും ഒഴിഞ്ഞുകിടക്കാത്തവിധം ശിലാമനെ റിസോര്‍ട്ടില്‍ തിരക്കായി. മാസങ്ങള്‍ക്കുമുന്‍പ് ബുക്കുചെയ്തിട്ടാണ് ആളുകള്‍ ശിലാമനെയുടെ ആനന്ദങ്ങള്‍ അനുഭവിച്ചത്.

ആരാണ് റിസോര്‍ട്ടില്‍ വരുകയും പോവുകയുംചെയ്യുന്നതെന്ന്  ജറമിയാസ് പോള്‍ ശ്രദ്ധിക്കാറില്ല. കൂടുതലും ജോഡികളാണ് വരാറുള്ളത്. പുരുഷനുംസ്ത്രീയും, പുരുഷനുംപുരുഷനും, സ്ത്രീയുംസ്ത്രീയും ഇങ്ങനെയൊക്കെയുള്ള ജോഡികള്‍. ഒരു പുരുഷനോ സ്ത്രീക്കോ ഒന്നിലധികം പങ്കാളികളുമായി വരുന്നവര്‍, പ്രായത്തില്‍ വളരെ അന്തരമുള്ള പങ്കാളികളെകൂട്ടി എത്തുന്നവര്‍, മൃഗങ്ങളെ മാത്രം കൊണ്ടുവരുന്നവര്‍, എന്തിനോ ഒറ്റയ്ക്കു വരുന്നവര്‍, അപൂര്‍വ്വം ചില ദമ്പതികള്‍ എന്നിങ്ങനെ സൂക്ഷിച്ചുനോക്കിയാല്‍ പെരുമ്പാടിയില്‍ കണ്ടതിനേക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ ജറമിയാസിന് ശിലാമനെയില്‍ കാണാന്‍ സാധിക്കുമായിരുന്നു.

പക്ഷെ ഗയിറ്റ് തുറക്കുക അടയ്ക്കുക വരുന്നവര്‍ക്കും പോകുന്നവര്‍ക്കും അഭിവാദ്യം നല്‍കുക അത്രമാത്രമേ താന്‍ ചെയ്യേണ്ടതുള്ളൂവെന്ന ഉത്തമബോധ്യം ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്. പെരുമ്പാടിയില്‍നിന്നും കൂട്ടിക്കൊണ്ടുവരുമ്പോള്‍ ലൂയീസ് വിനയത്തോടെ അത് ഓര്‍മ്മിപ്പിച്ചിരുന്നു.

മധ്യസ്ഥങ്ങള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ നവീകരണഭവനത്തിലേക്ക് ഒരാളും വരാതായിക്കഴിഞ്ഞ കാലത്ത് ഒരു ദിവസം പ്രസന്നന്‍ അവിടേയ്ക്കു വന്നു. തലമുടിയും താടിമീശകളും വളര്‍ന്ന് ഗുഹാജീവിയേപ്പോലെയായി മാറിയിരിക്കുന്ന ജറമിയാസിന്റെ രൂപം കണ്ടപ്പോള്‍ ഇനിയാര്‍ക്കുവേണ്ടിയും ഒന്നുംചെയ്യാന്‍ ഇയാളേക്കൊണ്ടു സാധിക്കില്ലെന്നു പ്രസന്നനു ബോധ്യമായി. സാരമില്ല ഏതായാലും വന്നതല്ലേയെന്നു കരുതി പ്രസന്നന്‍ വരാന്തയുടെതുമ്പിലിരുന്ന് ഒരു കഥ പറഞ്ഞു.

“”പ്രസിഡന്റ് കേട്ടിട്ടൊള്ളതാരിക്കും. പണ്ടാണ്, നിങ്ങടെ ബാങ്കിലെ പ്രസിഡന്റ് ജോണ്‍സാറിന് ചെറിയ ഒരു നടുവേദന വന്നു. ശരിക്കും പുള്ളിക്കീ ചിക്കന്‍പോക്സ് തുടങ്ങുന്നതിന്റെ ആദ്യത്തെ ലക്ഷണമാരുന്നു അത്. കാശുമൊടക്കി ആശുപത്രീ പോകാനുള്ള മടികൊണ്ട് അങ്ങേരെന്നാ പണി ചെയ്തു? നമ്മടെ ചുഴലിമനോഹരന്റെയടുത്തേക്കു ചെന്നു. അവനന്ന് കളരിവൈദ്യനാണെന്നും പറഞ്ഞു നടക്കുവാണല്ലോ. ഏതാണ്ടൊക്കെ എണ്ണയും കുഴമ്പുമിട്ട് അവന്‍ ജോണ്‍സാറിനെ ചവിട്ടിത്തിരുമി. മൂന്നുദിവസത്തെ തിരുമ് കഴിഞ്ഞപ്പോ സാറിന് മൂത്രംപോകാത്തയവസ്ഥയായി. അന്നേരത്തേക്കും സാറിന്റെ ദേഹത്തു മുഴുവന്‍ പാണപ്പഴംപോലെ കുരുക്കള് പൊന്തുകേം ചെയ്താരുന്നു. മൂത്രോം പോകാതെ കുരിപ്പുംപൊന്തിയിരിക്കുന്ന സാറിന്റടുത്തേക്ക് കോരേന്റെ ജിമ്മി ഒരപേക്ഷാഫോറോംകൊണ്ടു ചെന്നു. കാര്‍ഷികലോണാണ്, അയ്യായിരം രൂപ. അവന് ടിവി മേടിക്കാന്‍ വേണ്ടിയാ. സാറാണെങ്കില്‍ നില്‍ക്കാനുമിരിക്കാനും കെടക്കാനും പറ്റാത്തതുകൊണ്ടു പെരയ്ക്കകത്ത് തലേംകുത്തി നില്‍ക്കുകാ. അങ്ങനെയുള്ളിടത്തേക്ക് ഇവന്‍ കേറിച്ചെന്നിട്ട് സാറിന്റടുത്ത് കുനിഞ്ഞിരുന്നോണ്ടു പറഞ്ഞു. സാറേ അത്യാവശ്യമാണ് ഈ ലോണപേക്ഷയൊന്നു പാസാക്കിത്തരണന്ന്. എനിക്കു സുഖമില്ല പിന്നെവാന്ന് സാറ് മര്യാദയ്ക്കു പറഞ്ഞതാ. അന്നേരം ഇവന്‍ ചോദിക്കുവാ കൈക്ക് കൊഴപ്പമൊന്നും ഇല്ലല്ലോ ഇവിടെയൊരു ഒപ്പിട്ടാ പോരേന്ന്. പിന്നെ സാറ് ഒന്നുംനോക്കാന്‍ നിന്നില്ല. വായിത്തോന്നിയത് മുഴുവനങ്ങു പറഞ്ഞു. മാഷന്മാര് തെറി പറയേലന്നു വിചാരിച്ചിരുന്ന ജിമ്മി അവന്റെ ജീവിതത്തില്‍കേട്ട ഏറ്റവും വലിയ തെറിയായിരുന്നത്. ലോണും വേണ്ട ഒരു കോപ്പുംവേണ്ടാന്നും പറഞ്ഞ് അവനിറങ്ങിയോടി. കുറച്ചുകഴിഞ്ഞപ്പോള്‍ സാറിന്റെ കെട്ടിനിന്ന മൂത്രമെല്ലാംകൂടിപോയെന്നാണ് നാട്ടുകാര് പറയുന്നത്. ജോണ്‍സാറിന്റടുത്ത് ജിമ്മി ചെന്നതുപോലെയാണ് ഞാനിപ്പോ ഇങ്ങോട്ടുവന്നിരിക്കുന്നത്.”

പ്രസന്നന്‍ ജറമിയാസിന്റെ മുഖത്തേക്കു നോക്കി. താന്‍ പറഞ്ഞതൊന്നും അയാള്‍ കേട്ടിട്ടേയില്ലെന്നാണ് ജറമിയാസിന്റെ ഭാവം കണ്ടപ്പോള്‍ അയാള്‍ക്കു തോന്നിയത്. എങ്കിലും തനിക്കുപറയാന്‍ മറ്റൊരിടമില്ലെന്നറിയാവുന്നതുകൊണ്ട് പ്രസന്നന്‍ പറയാന്‍തന്നെ തീരുമാനിച്ചു.

“”അവളുടെ കടയില്‍ ചായയടിക്കാനുള്ള അനുവാദമൊക്കെ കിട്ടി. രാവിലെ പശൂനേം കറന്നോണ്ട് ഞാന്‍ പോകും. വേറേ കൊഴപ്പവൊന്നുമില്ല. അവള്‍ക്കും അവനും കാര്യത്തിനൊക്കെ നല്ല പിടിപ്പൊണ്ട്. എന്റെ കൈയ്യില്‍ നിന്നെങ്ങാനും ഒരുതരി പഞ്ചസാര തൂകിപ്പോയാലോ ഒരു തുള്ളി പാല് നിലത്തിറ്റിയാലോ രണ്ടുപേരും കണ്ണുപൊട്ടുന്നത് പറയും. അല്ല, അച്ഛനാന്നു നോക്കണ്ട കാര്യല്ലപ്പാ. ഞാനും അങ്ങനെതന്നെ ആരുന്നല്ലോ. അങ്ങനെ നോക്കിയാലേ ഉണ്ടാക്കാന്‍ പറ്റൂന്ന് അവര്‍ക്കറിയാം.”

പ്രസന്നന്‍ വീണ്ടും ജറമിയാസിന്റെ നേര്‍ക്കുനോക്കി. അപ്പോളയാള്‍ തന്നെ നോക്കുന്നുണ്ടെന്നുകണ്ട പ്രസന്നന് ആശ്വാസമായി. ആ ആശ്വാസത്തില്‍ അയാളെഴുന്നേറ്റ് പുറത്തേക്കു നടന്നു.

പ്രസന്നന്‍ തന്റെയവസ്ഥയേപ്പറ്റിതന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ജറമിയാസിന്റെ അപ്പോഴത്തെ ജീവിതത്തേപ്പറ്റി അയാള്‍ പുറത്താരോടും പറഞ്ഞില്ല. പറഞ്ഞതു നീരുവാണ്

നീരങ്ങാനം മഠത്തിലേക്കു പോകാനിറങ്ങുമ്പോള്‍ നീരു ലൂയീസിനോടു പറഞ്ഞു.

“”മഠത്തിലേക്കു പോയാല്‍ എനിക്കും കൊച്ചിനും സമാധാനത്തോടെ ജീവിക്കാം. അരുണ് ബാംഗ്ലൂരിലും സന്തോഷത്തോടെയായിരിക്കും കഴിയുന്നത്. പക്ഷെ പപ്പ…”

Vinoy Thomas-Puttu“”ഉം, പ്രസിഡന്റിനെ ഞാനൊന്നു പോയി കാണാം.” ലൂയീസ് പറഞ്ഞു.

അയാള്‍ ചെല്ലുമ്പോഴേക്കും നവീകരണഭവനവും വീട്ടിലേക്കുള്ള വഴിയും കാടുകയറിമൂടിയിരുന്നു. ആള്‍ത്താമസമില്ലാത്തയിടംപോലെയാണ് വീട്. ലൂയീസ് പലവട്ടം വിളിച്ചിട്ടാണ് ജറമിയാസ് വാതിലുതുറന്നത്. മനുഷ്യന്റെ ആദിരൂപത്തിലേക്കു മാറിപ്പോയ ഒരു വൃദ്ധനാണ് തന്റെ മുന്‍പില്‍ നില്‍ക്കുന്നെന്നു ലൂയീസിനു തോന്നി. ദീര്‍ഘകാലം സാമൂഹികജീവിതത്തില്‍നിന്നുമകന്ന് ഭാഷകളെല്ലാം മറന്നുപോയ ഒരാളേപ്പോലെയായിരുന്നു ജറമിയാസിന്റെ പെരുമാറ്റം. അതുകൊണ്ടു കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ സമയമെടുത്തു.

നവീകരണഭവനത്തില്‍നിന്നും ലൂയീസ് പിടിച്ചുകൊണ്ടുവന്ന ജറമിയാസിന് ശിലാമനെയിലെ ഗയിറ്റുകാവല്‍ക്കാരനായപ്പോഴും വലിയ മാറ്റമൊന്നും വന്നില്ല. നരച്ചുനീണ്ട താടിയും മുടിയുമായി അധികമാരോടും സംസാരിക്കാതെ അയാള്‍ തന്റെ ജോലി ചെയ്തു. ടിപ്പിനുവേണ്ടി ജറമിയാസ് പ്രത്യേകമായ ലോഹ്യംകാണിക്കാത്തതുകൊണ്ട് ഒരു വൃദ്ധനായ സെക്യൂരിറ്റിക്കാരനെന്നതിനപ്പുറം ആരുമയാളെ ശ്രദ്ധിക്കാറില്ലായിരുന്നു. ചിലര്‍ എന്തെങ്കിലും ഒരു നോട്ട് വെച്ചുനീട്ടിയാലും അയാള്‍ മേടിക്കില്ല. പക്ഷെ ഒരു ദിവസം ശിലാമനെയില്‍ വന്നുപോയിരുന്ന അതിഥികളിലൊരാള്‍ ജറമിയാസിനെ തിരിച്ചറിഞ്ഞു.

ഒരുദിവസത്തെ താമസത്തിനുശേഷം തിരികെപ്പോവുകയായിരുന്നു ഡോ. പ്രിസ് അഗസ്റ്റ്യന്‍. അയാളേക്കാള്‍ പത്തിരുപതുവയസ്സ് അധികമുള്ള ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു. കാര്‍ റിസോട്ടിന്റെ ഗയിറ്റുകടക്കുമ്പോള്‍ ജറമിയാസ് അയാള്‍ക്കു സലാം നല്‍കി. അപ്പഴേ ഡോക്ടര്‍ക്കു സംശയം തോന്നിയിരുന്നു. ഗയിറ്റിനു പുറത്ത് കാറൊതുക്കിയിട്ട് ഡോക്ടര്‍ ഇറങ്ങിവന്നു.

“”നിങ്ങളെ എനിക്കു പരിചയമുണ്ടല്ലോ.” കുറച്ചുനേരംകൂടി ആലോചിച്ചിട്ട് ഡോക്ടര്‍ ചോദിച്ചു.

“”പെരുമ്പാടിയിലെ…?”

ജറമിയാസ് പതിയെ ചിരിച്ചു. ഡോക്ടര്‍ പിന്നെയൊന്നും ചോദിച്ചില്ല. എന്തോ ആലോചിച്ചുകൊണ്ട് കാറില്‍ കയറിപ്പോയി. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍ തനിച്ച് ശിലാമനെയിലേക്ക് ഒരിക്കല്‍ക്കൂടി വന്നു. മാനേജരോട് അനുവാദം ചോദിച്ചിട്ട് അയാള്‍ ജറമിയാസിനെ തന്റെ ഗുഹയിലേക്കു വിളിച്ചു.

രണ്ടു ഗ്ലാസ്സുകളില്‍ ഒഴിച്ചുവെച്ച വിസ്കിയില്‍ ഐസ്‍കഷണങ്ങളിട്ട് കരിങ്കല്‍കഷണംപോലുള്ള ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്നു ഡോക്ടര്‍. ജറമിയാസിനിരിക്കാനുള്ള കരിങ്കല്ലിലേക്കു ചൂണ്ടി ഡോക്ടര്‍ പറഞ്ഞു.

“”ഞാന്‍ അന്നിവിടുന്ന് പോയിട്ട് എന്റെ ഡയറിയൊക്കെ വിശദമായൊന്നു നോക്കി. അതിന്റെയാവശ്യമൊന്നുമില്ലാരുന്നു. പെരുമ്പാടിയിലെ ജറമിയാസ് എന്റെ മനസ്സില്‍ നേരത്തേയുണ്ടല്ലോ.”

കുറച്ചുനേരത്തെ മൗനത്തിനുശേഷം ഡോക്ടര്‍ തുടര്‍ന്നു.

“”ഇപ്പഴുണ്ടോന്നെനിക്കറിയില്ല നമ്മടെ നാട്ടിലൊക്കെ പലസ്ഥലത്തുമുണ്ടായിരുന്നിരിക്കും നവീകരണഭവനവും ജറമിയാസുമാരുമൊക്കെ. വലിയ സാമൂഹ്യസേവനം ചെയ്യുന്ന നാട്ടുമധ്യസ്ഥര്‍. നിങ്ങള്‍ അതിനും കുറച്ചുകൂടി മുകളിലായിരുന്നു.”

ജറമിയാസ് ഇരുന്നു. ഡോക്ടര്‍ ഗ്ലാസ്സിനു നേര്‍ക്ക് കൈചൂണ്ടിയെങ്കിലും ജറമിയാസത് എടുത്തില്ല. അതു ശ്രദ്ധിക്കാതെ ഡോക്ടറെഴുന്നേറ്റ് തന്റെ തോള്‍ബാഗില്‍നിന്നും ചെറിയൊരു സഞ്ചിയെടുത്തു കല്ലിനു മുകളിലേക്കു വെച്ചു. പഴയൊരു കാര്യം ജറമിയാസ് പറഞ്ഞുതുടങ്ങി.

“”പെരുമ്പാടിയില്‍നിന്നും ഞാനൊരു പെണ്ണുങ്ങളെ ഡോക്ടറുടെ ക്ലിനിക്കില്‍ കൊണ്ടുവന്നാരുന്നു. അവരുടെ ഭര്‍ത്താവാണ് രഹസ്യമായി എന്റെയടുത്തുവന്ന് പ്രശ്നം പറയുന്നത്. എനിക്കൊന്നു ചെയ്തുതാടാ രാവൂട്ടീന്ന് വിളിച്ചുപറഞ്ഞുകൊണ്ട് രാത്രിയില്‍ ഭര്‍ത്താവിന്റെയടുത്തുനിന്നും എഴുന്നേറ്റ് അയല്‍പക്കത്തെവീട്ടിലേക്ക് അവര്‍ പലവട്ടം ഓടിയെന്നതായിരുന്നു പ്രശ്നം. ഓര്‍ക്കുന്നുണ്ടോ അത്?”

“”ഇല്ല, എന്നിട്ടെന്തായി ഓട്ടം നിന്നോ?”

“”ഡോക്ടര്‍ എന്തുചികിത്സയാ കൊടുത്തതെന്ന് എനിക്കറിയില്ല. ഏതായാലും അതുനിന്നു. പക്ഷെ പിന്നീട് എന്റെ മനസ്സില്‍ തോന്നിയ ഒരുകാര്യം അവര്‍ക്ക് രാവൂട്ടീനോട് വല്ല്യതാല്‍പര്യമൊന്നുമുണ്ടായിരുന്നിരിക്കാന്‍ ഇടയില്ല. അവര് സ്ഥിരമായി പള്ളിയില്‍പോവുകയും പ്രാര്‍ത്ഥിക്കുകയും കുമ്പസാരിക്കുകയുമൊക്കെ ചെയ്യുന്നയാളാണ്. ഭര്‍ത്താവിനെ താന്‍ വഞ്ചിക്കുമോയെന്ന പേടിയായിരുന്നു അവര്‍ക്ക്. ആ പേടിയുണ്ടായത് പള്ളിയില്‍ നിന്നായിരുന്നിരിക്കണം. പേടി പുറത്തുചാടിയത് ഇങ്ങനെയായിപ്പോയി. മണ്ടത്തരമാണ് ഞാന്‍ പറയുന്നതെന്ന് ഡോക്ടര്‍ വിചാരിച്ചാലും തെറ്റില്ല. കുറേ അനുഭവങ്ങള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചത്.”

ഡോക്ടര്‍ പൊട്ടിച്ചിരിച്ചു.

https://ebooks.dcbooks.com/puttu“”മനുഷ്യന്റെ സംസാരത്തില്‍ മണ്ടത്തരമെന്നൊന്നില്ല ജറമിയാസ് സാറെ. കേള്‍ക്കാന്‍ ആരുമില്ലെന്നുകരുതി സംസാരിച്ചു നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും. അതൊക്കെ പോട്ടെ, നിങ്ങളീ പറഞ്ഞപോലുള്ള ഒത്തിരി കേസുകള്‍ എന്റടുത്തു വന്നിട്ടുണ്ട്. എനിക്ക് ഓരോ കേസും ഓരോന്നുതന്നെയാണ്. മനുഷ്യമനസ്സിനെ സംബന്ധിച്ചുമാത്രം സാമാന്യവത്കരിച്ച് ഒരു സിദ്ധാന്തവുമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് എന്റെയഭിപ്രായം. ആ കേസില്‍ നിങ്ങളുടെ നിഗമനമായിരിക്കാം ശരി. കാരണം നിങ്ങള്‍ പറഞ്ഞതുതന്നെ, അനുഭവങ്ങള്‍. വലിയ ഫീസ് വാങ്ങുന്ന ഒത്തിരി ഡോക്ടര്‍മാരെയെനിക്കറിയാം. അവര്‍ ചെയ്തതിനേക്കാള്‍ എത്രയോ വലിയ സാമൂഹ്യസേവനമാണ് നിങ്ങള്‍ ചെയ്തിട്ടുള്ളത്.”

എങ്ങനെ തുടങ്ങുമെന്നതിനേപ്പറ്റി ജറമിയാസിന് സംശയമുണ്ടായിരുന്നില്ല.

“”അതിനേക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവന്നത്. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ട പെരുമ്പാടി കുറേക്കൂടി കുത്തഴിഞ്ഞതായിരുന്നു. എന്റെയപ്പന്‍ അവിടേയ്ക്കു വന്നകാലത്ത് അതിലും മോശമായിരുന്നു അവസ്ഥ. സദാചാരമില്ലാത്ത ആ ആള്‍ക്കൂട്ടത്തെ നല്ല ഒരു സാമൂഹ്യജീവിതം പഠിപ്പിക്കാന്‍ അപ്പന്‍ ശ്രമിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു ഞാന്‍. എല്ലാരും പറഞ്ഞത് അപ്പനേക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്തത് ഞാനാണെന്നാണ്. പക്ഷെ ഇപ്പോ എനിക്കുതോന്നുന്നു വെറുതെയായിരുന്നു അതെല്ലാം. രാവൂട്ടിയേ ഒന്നു ചെയ്തുതാടാന്നുംപറഞ്ഞ് രാത്രിയില്‍ അയല്‍പക്കത്തേക്ക് ആ സ്ത്രീയെ ഓടിച്ച സമ്മര്‍ദ്ദം ഉണ്ടാക്കിയവര്‍ എന്തുചെയ്തോ അതുതന്നെയാണ് ഞാനുംചെയ്തത്. ഒന്നിനേയും നിയന്ത്രിക്കാന്‍ നമുക്കു കഴിയില്ല.”

ഡോക്ടര്‍ പ്രിസ് അഗസ്റ്റ്യന്‍ എഴുന്നേറ്റ് ജറമിയാസിന് ഒരുമ്മ കൊടുത്തു.

“”ജറമിയാസ്‍സാര്‍, യൂ ഡിസേര്‍വ് മോര്‍ പ്രഷ്യസ് ലൈഫ്. എന്റെ കാഴ്ചയില്‍ നിങ്ങള്‍ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് നിങ്ങളുടെ മകന്റെ ഭാര്യയ്ക്ക് കുഞ്ഞിനെയുണ്ടാക്കി കൊടുത്തു എന്നതുതന്നെയാണ്. അവളിലെ സ്ത്രീത്വത്തെ നിങ്ങള്‍ അംഗീകരിച്ചു. ഒരു പങ്കാളിയുടെ ചങ്കൂറ്റത്തോടെ അവളെ കൂട്ടിനിര്‍ത്തിയില്ലെന്നത് നിങ്ങള്‍ചെയ്ത മോശം കാര്യങ്ങളിലൊന്നാണെന്നും ഞാന്‍ പറയും. അരുണ്‍ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.”

ഡോക്ടര്‍ കല്ലിന്റെ പുറത്തെ സഞ്ചിയില്‍നിന്നും ഒരു കത്തിയെടുത്തു മേശപ്പുറത്തു വെച്ചു. അതിന്റെ മാന്‍കൊമ്പുപിടി തുകലുറയ്ക്കു പുറത്തേക്കു നീണ്ടുനില്‍ക്കുന്നുണ്ടായിരുന്നു.

Vinoy Thomas-Puttu“”അരുണെനിക്കു തന്നതാണിത്. നിങ്ങള്‍ തലമുറകളായി സൂക്ഷിച്ചുവെക്കുന്നതാണെന്ന് അവന്‍ പറഞ്ഞു. അവനിതിന്റെ ആവശ്യമില്ലെന്നും.”

ഡോക്ടര്‍ മേശപ്പുറത്തുവെച്ചു കത്തി വെറുതെ തിരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അതിന്റെ മുന ഗുഹാഭിത്തിയുടെ നേര്‍ക്കു വന്നുനിന്നു. കത്തിമുന ചൂണ്ടിയ ദിശയിലേക്ക് രണ്ടുപേരും നോക്കി. ഭിത്തിയില്‍ നിറയെ ഏതോ ചിത്രകാരന്‍ വരച്ചു ചേര്‍ത്ത രതിചിത്രങ്ങളാണ്. ശരീരത്തിന്റെ ആനന്ദങ്ങളില്‍ അസാധ്യമായൊന്നുമില്ലെന്ന് ഓര്‍മ്മിപ്പിക്കുംവിധമുള്ള വിചിത്രമായ ഭാവനാചിത്രങ്ങള്‍.

“”നിങ്ങടെ അപ്പന്‍ തന്നതല്ലേ ഇത്? എന്നോട് എന്റെ അപ്പന്‍ ചെയ്തതും ഇതുതന്നെയാ. നമ്മുടെയൊക്കെ മൂലത്തിലേക്ക് ഓരോരോ കത്തികള് കുത്തിക്കേറ്റി നരകിക്കാന്‍ വിട്ടേക്കുവല്ലേ അമ്മയ്ക്കുവെട്ടിയ നായ്ക്കള്. ഊരിക്കളയാന്‍ നമ്മക്കു പറ്റിയേല. ജീവിതകാലം മുഴുവന്‍ ഇതുംവെച്ചോണ്ടു നടന്നിട്ട് പറ്റുകേലാന്നാകുമ്പോള്‍ മക്കടെ മറ്റേടത്തേക്കു കേറ്റിക്കൊടുക്കും. ഫക്കിംഗ് ആന്‍സിസ്റ്ററല്‍ ബ്ലീഡിംഗ്സ്.”

അതുവരെയില്ലാത്ത രോഷത്തോടെ ഡോക്ടര്‍ തെറികള്‍തന്നെ പറഞ്ഞു.

ചുമര്‍ചിത്രങ്ങള്‍ക്കടിയിലുള്ള ഒരു ചെറിയ സുഷിരത്തിലേക്കു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജറമിയാസ്. അവിടെനിന്നും പുറത്തുവന്ന ഒരു കൂട്ടമുറുമ്പുകള്‍ വരിയായി എവിടേയ്ക്കോ നടന്നുപോകുന്നുണ്ടായിരുന്നു. വലിയ പിന്‍മകുടങ്ങളുള്ള ആണുറുമ്പുകള്‍ ഇണചേരലിനോടൊപ്പമുള്ള തങ്ങളുടെ മരണത്തേക്കുറിച്ചോര്‍ത്തു വിഷാദവാന്‍മാരായി തലകുനിച്ചാണു നടന്നിരുന്നതെങ്കിലും കുഞ്ഞുങ്ങളേക്കുറിച്ചുമാത്രം ചിന്തിച്ചിരുന്ന പെണ്ണുറുമ്പുകള്‍ അവരെ മുട്ടിയുരുമി വരാന്‍പോകുന്ന മഴയേക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു.

കുറേ തെറികള്‍ക്കുശേഷം നിശബ്ദനായ ഡോക്ടര്‍ പല പ്രാവശ്യം ശ്വാസമെടുത്തു സ്വയം ശാന്തനാക്കി.

“”ജറമിയാസ്‍സാര്‍ ശിലാമനെ ഈസ് എ സ്കാന്‍ഡലസ് പാസ്റ്റ്. ഏതോ ഭൂതകാലത്ത് ജീവിയെന്നനിലയില്‍ മാത്രം മനുഷ്യന്‍ ജീവിച്ചിരുന്ന ഒരു പുറ്റ്. നിങ്ങള്‍ക്കും നിങ്ങളുടെ അപ്പനും മുന്‍പു പെരുമ്പാടിയായിരുന്നതുപോലുള്ള ഒരിടം. ജീവോത്പത്തി മുതലുള്ള കാര്യമാണ്. അംഗങ്ങളുടെ എണ്ണംകൂടുംതോറും ഓരോ ആവാസവ്യവസ്ഥയും പുതിയ പുതിയ നിയമങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആ നിയമവ്യവസ്ഥയില്‍ കുടുങ്ങിപ്പോകുന്നവര്‍ തങ്ങള്‍ സ്വതന്ത്രരായിരുന്ന പഴയ ഇടങ്ങളേക്കുറിച്ചു ചിന്തിച്ചുതുടങ്ങും. പണ്ട് ലക്ഷകണക്കിനു ജലജീവികളിലൊന്ന് കരയിലേക്കു കയറിയതും നാല്‍ക്കാലികളിലൊന്ന് എഴുന്നേറ്റുനിന്നതും അത്തരമൊരിടം അന്വേഷിച്ചായിരിക്കാം. അനേക രൂപപരിണാമങ്ങളിലൂടെ കടന്നുപോയെങ്കിലും മനുഷ്യവംശം തങ്ങള്‍ സ്വതന്ത്രരായിരുന്ന ഇടങ്ങളെ അന്വേഷിച്ച് ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നുമുള്ള പലായനവും കുടിയേറ്റവും തുടരുന്നു. പണ്ട് ഇത്തരം റിസോട്ടുകളില്ലാതിരുന്നതുകൊണ്ടല്ലേ പെട്ടെന്നൊരു ദിവസം സമൂഹമധ്യത്തില്‍ വെറുക്കപ്പെട്ടവരായി മാറിയവര്‍ പെരുമ്പാടികളിലേക്കൊളിച്ചോടിയത്. ഇന്ന് ലോകത്തെ ടൂറിസത്തിന്റെ എണ്‍പതു ശതമാനവും ഗ്ലോറിഫൈഡ് എസ്കേപ് കോക്കുകളാണ്, ശിലാമനെ പോലെ. പല കാരണങ്ങള്‍കൊണ്ട്  ഇവിടെയെത്താനാകാത്തവര്‍ ഇനിയും ഒളിച്ചോടിക്കൊണ്ടേയിരിക്കും, മനുഷ്യരെത്താത്തയിടങ്ങളിലേക്ക്. അവിടെയുമുണ്ടാകും ഒരു ജറമിയാസ് പോള്‍. പക്ഷെ അയാള്‍ക്കു നിയന്ത്രിക്കാനാവാത്തവിധം പിന്നെയും പാപങ്ങള്‍… പാപങ്ങള്‍… പലായനങ്ങള്‍… കാരണം ദേ ആര്‍ ദി ചില്‍ഡ്രന്‍ ഓഫ് ദിസ് ഫക്കിംഗ് എര്‍ത്ത്.”

ഡോക്ടര്‍ പിന്നെയും ഗ്ലാസ്സിലേക്കു പകര്‍ന്നുകുടിക്കമ്പോള്‍ ജറമിയാസിനോട് ഗ്ലാസ്സ് കാലിയാക്കാന്‍ കണ്ണുകൊണ്ടു ചൂണ്ടിക്കാണിച്ചു. ജറമിയാസ് പതുക്കെ ചിരിച്ചു.

“”വേണ്ട, മദ്യപിക്കാറില്ലെന്നതാണ് ഞാന്‍ പെട്ടുപോയ ഒരു ദുശ്ശീലം. സാറ് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. ശിലാമനെയിലേക്ക് എത്തുന്നവരെ ദിവസവും കാണുന്നവനാണ് ഞാന്‍. ദേ ഈ ചിത്രങ്ങളില്‍ കാണുന്നതുപോലെ ഇവിടെ നിഷിദ്ധമായതൊന്നുമില്ല. പക്ഷെ ഈ ഗുഹകളില്‍നിന്നും പുറത്തുപോയിക്കഴിഞ്ഞാല്‍ ഓരോരുത്തരം നയിക്കുന്ന മറ്റൊരു ജീവിതമുണ്ടല്ലോ. ആ ജീവിതം ഈ സമൂഹത്തിന് ഏറ്റവും വേണ്ടപ്പെട്ടതാണെന്നതിന്റെ ഉദാഹരണമല്ലേ സാറ്. ഇന്ന് പെരുമ്പാടിയിലെ ഏറ്റവും വെറുക്കപ്പെട്ടവന്‍ ഞാനാണ്. ഡോക്ടര്‍ ഞാന്‍ ചെയ്ത നല്ല കാര്യമായി പറഞ്ഞതെന്തോ അതാണ് ആ വെറുപ്പിന്റെ കാരണം. നമുക്ക് മനസ്സിലാകാത്തവിധം സങ്കീര്‍ണ്ണമാണ് കാര്യങ്ങളൊക്കെ. അതുകൊണ്ട് ലളിതമായി പറഞ്ഞാല്‍ നമുക്കു മനസ്സിലാകുന്നതുപോലെ ജീവിക്കുക. ഇത്രയുംകാലം ഞാന്‍ അതാണു ചെയ്തത്. ഇനിയൊരിക്കല്‍ക്കൂടി ഞാന്‍ ജറമിയാസ് പോള്‍ ആവുകയാണെങ്കില്‍, അത് പെരുമ്പാടിയിലാണെങ്കില്‍ ഈ കഴിഞ്ഞുപോയ ജീവിതംതന്നെയായിരിക്കും അയാള്‍ക്കുമുണ്ടാവുക.”

പിന്നെയൊന്നും പറയാന്‍നില്‍ക്കാതെ ജറമിയാസ് ഗുഹയുടെ പുറത്തേക്കു പോയി. ഡോക്ടര്‍ കത്തിമുനയ്ക്കരികില്‍ ജറമിയാസിനുവേണ്ടി നിറച്ചുവെച്ച ഗ്ലാസ്സെടുത്ത് ഒരു പുഞ്ചിരിയോടെ നുണഞ്ഞു.

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ കാലവര്‍ഷമായിരുന്നു അക്കൊല്ലമുണ്ടായത്. മലവെള്ളം പെരുമ്പാടിയിലെ പല വീടുകളേയും വലിച്ചുപൊളിച്ചു കൊണ്ടുപോയി പുഴയുടെ അടിത്തട്ടില്‍ മണ്‍തരികളാക്കിയിട്ടു.

നവീകരണഭവനത്തിലെ ഇലുമ്പിമരം അതിന്റെ എല്ലാ വേരുകളോടും ഇലകളോടുംകൂടി പിഴുതെടുക്കപ്പെട്ട് ഒഴുകിയൊഴുകി അണക്കെട്ടിന്റെ മുകളിലെ കൈവരികള്‍ തകര്‍ത്ത് ഒഴുക്കില്ലാത്തിടംവരെയെത്തിയിട്ട് കരയ്ക്കടിഞ്ഞു. പുഴകളിലൂടെ ഒഴുകിവരുന്ന മരം പിടിക്കുന്ന കുറച്ചുപേര്‍ അത് മുറിച്ചെടുക്കാനായി വന്നെങ്കിലും പാഴ്‍മരമാണെന്നു കണ്ട് പണിക്കൂലിപോലും കിട്ടില്ലെന്നുംപറഞ്ഞു തിരിച്ചുപോവുകയാണ് ചെയ്തത്.

കുടകുവനത്തില്‍ പലയിടത്തും ഉരുള്‍പൊട്ടി കല്ലും മണ്ണും മരങ്ങളും ഒഴുകിവന്നു മാക്കൂട്ടംചുരം റോഡിലെ കലിങ്കുകളില്‍ മിക്കതും തകര്‍ന്നു. പെരുമ്പാടിപ്പുഴ അതുവരെയില്ലാത്തവിധം നിറഞ്ഞുപാഞ്ഞൊഴുകി കടലില്‍ ചേരുന്ന വളപട്ടണത്ത് എത്തുന്നതിനു കിലോമീറ്ററുകള്‍ക്കു മുന്‍പേ ഒഴുക്കുനിലച്ചു നിശ്ചലമായി.

തുടർന്ന് വായിക്കാൻ വിനോയ് തോമസിന്റെ പുറ്റ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം

Comments are closed.