പെരുമ്പാടി എന്ന ഗ്രാമത്തിന്റെ ഒരു നൂറ്റാണ്ടോളം നീളുന്ന ലഘു ചരിത്രം…
കരിക്കോട്ടകരി എന്ന നോവലിന് ശേഷം വിനോയ് തോമസ് എഴുതിയ ഏറ്റവും പുതിയ നോവൽ പുറ്റ്…..
പെരുമ്പാടി എന്ന ഗ്രാമത്തിൽ നടക്കുന്ന ഭാവനയും, യാഥാർഥ്യങ്ങളും കൂടി കലർന്ന ബന്ധങ്ങളുടെ കഥ പറയുന്നു പുറ്റ്. പെരുമ്പാടി എന്ന ഗ്രാമത്തിന്റെ ഒരു നൂറ്റാണ്ടോളം നീളുന്ന ലഘു ചരിത്രം (micro history) കൂടിയാണ് ഈ നോവൽ.
മലബാറിലെ കിഴക്കൻ മലയോര ഗ്രാമമായ പെരുമ്പാടി തന്നെ ഈ നോവലിലെ മുഖ്യ കഥാപാത്രം. മനുഷ്യജീവിതത്തിന്റെ സദാചാര മൂല്യങ്ങളിലേക്കു ഇറങ്ങി ചെല്ലുന്ന കഥാപാത്രങ്ങൾക്കു ജീവിതം ആസ്വാദനത്തിനുപരിയായി, നിലനിൽപ്പിനും, പാരമ്പര്യ സമസ്യകൾക്കും ഊന്നൽ നൽകുന്നു.
പെരുമ്പാടി ഗ്രാമത്തിലെ ഓരോ വ്യക്തിയുടെയും പ്രശ്നപരിഹാര ശാലയാണ് പോൾ സാറിന്റെ നവീകരണ ഭവനം. ഗ്രാമീണരുടെ സാമ്പത്തിക പരവും, വ്യക്തി പരവും, വസ്തു പരവുമായ എല്ലാ പ്രശ്നങ്ങളും അനുരഞ്ജനത്തിലൂടെ ഒത്തുതീർപ്പാക്കി കൊടുക്കുന്ന ആൾ കൂടിയാണ് അധ്യാപകനായ പോൾ സാർ. അദ്ദേഹത്തിന് വാർദ്ധക്യം ആയപ്പോൾ കാലക്രമേണ ഈ ദൗത്യം മകൻ ജെറമിയാസിന് ഏറ്റെടുക്കേണ്ടി വരുന്നു. പിന്നീട് ജെറമിയാസിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. തെക്കൻ തിരുവിതാകൂറിൽ നിന്ന് എന്നോ ഒരിക്കൽ പെരുമ്പാടിയിൽ കുടിയേറിയ തന്റെ പാരമ്പര്യവും മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ചു ജീവിക്കുന്ന ജെറമിയാസ്, ഒരു നൈമിഷിക സാഹചര്യത്തിൽ പാപ പങ്കിലമായ ജീവിതത്തിലേക്ക് താൻ പോലുമറിയാതെ വഴി മാറി സഞ്ചരിക്കേണ്ടി വരികയും ചെയ്യുന്നു.
പുരുഷ കഥാപാത്രങ്ങളെ പോലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളും ഈ നോവലിലുണ്ട്. പാപഫലത്തെ തന്റെ ഉദരത്തിൽ പേറുകയും, ആരോടും പരിഭവമില്ലാതെ ജീവിക്കുകയും ചെയ്യുന്ന നീരു, ഇന്ന് വരെയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ ഒരു പൊളിച്ചെഴുത്തു കൂടിയാണ്. കുടുംബത്തിന്റെ വെറുപ്പിനെ അവഗണിച്ചു മകൾക്കു വേണ്ടി സ്വന്തം കാലിൽ നിന്ന് നില നിൽപ്പിനു വേണ്ടി ജീവിത സമരം ചെയ്തു മുന്നേറുന്ന ഒരു കഥാപാത്രം കൂടിയാണ് നീരു.
ഇനിയുമുണ്ട് ധാരാളം കഥാപാത്രങ്ങൾ. കഥകൾ പറയുന്ന പ്രസന്നൻ, സ്വയം ദൈവം എന്ന് വിശേഷിപ്പിക്കുന്ന ഭവാനി ദൈവം, ജീവിതം അതിന്റെ വഴിക്ക് തന്നെ പോകുമെന്ന് കരുതുന്ന കമലാക്ഷി, മനസ്സും ശരീരവും ഒരു പോലെ പിടി തരാൻ ബുദ്ധിമുട്ടുമ്പോൾ സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്ന അരുൺ, അമ്മയുടെ കർമ്മം പൂർണ്ണമായി ഉൾക്കൊണ്ടു ജീവിക്കുന്ന കത്രീന, കാലത്തിനനുസരിച്ചു മാറ്റങ്ങളിലൂടെ ഒരു നവോത്ഥാനമായി മാറുന്ന ലൂയിസ്….. അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ.
പുറ്റിന്റെ ഓരോ താളിലും ഇത് പോലെ നമ്മൾ കണ്ടതും കാണാത്തതുമായ ഒരുപാട് കഥാപാത്രങ്ങളുണ്ട്. വളരെ ലളിതമായ രചനാശൈലിയിലൂടെ വിനോയ് തോമസ് പുറ്റിന്റെ ലോകം വായനക്കാർക്കു തുറന്നു തരുന്നു.
പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ ‘പുറ്റിന്’ ആല്‍ബിന്‍ രാജ് എഴുതിയ വായനാനുഭവം.
Comments are closed.