DCBOOKS
Malayalam News Literature Website

ഈ വലിയ ലോകത്തില്‍ മനുഷ്യര്‍ ചെറിയവര്‍തന്നെ…!

2021 മാര്‍ച്ച്  ലക്കം പച്ചക്കുതിരയിൽ പ്രസിദ്ധീകരിച്ചത്-പുനഃപ്രസിദ്ധീകരണം

പുതുക്കുടി ബാലചന്ദ്രന്‍

ഈ വലിയ ലോകത്തില്‍ മനുഷ്യര്‍ ചെറിയവര്‍തന്നെയാണെന്ന് തന്റെ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ അരവിന്ദന്‍ മുമ്പേ സൂചിപ്പിച്ചു. അതിന്റെ വികാസമായി തന്റെ സിനിമയായ ‘ഉത്തരായണ’വും കോഴിക്കോടന്‍ സൗഹൃദകൂട്ടായ്മയിലൂടെ അരവിന്ദന്‍ കണ്ടെത്തി.: 60 വര്‍ഷം പൂര്‍ത്തിയായ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെയും അതിന്റെ സര്‍ഗ്ഗാത്മക തുടര്‍ച്ചകളുടെയും ഓര്‍മ്മയിലൂടെ.

1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു. രാമു എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തി അറുപതുകളിലെയും എഴുപതുകളിലെയും ജീവിതാവസ്ഥ അവതരിപ്പിച്ച അരവിന്ദന്‍ വരകള്‍കൊണ്ടുള്ള ഒരു നോവല്‍ ശില്പം നമുക്കു സമ്മാനിച്ചു. എല്ലാം വെട്ടിപ്പിടിക്കാന്‍ ഓടിനടന്ന രാമു ഒടുവില്‍ ജീവിതത്തിലെ ശൂന്യതകള്‍ തിരിച്ചറിയുന്നു. എം.ടിയുടെ’കാല’ത്തിലെ സേതുവിന്റെ മാനസികാവസ്ഥ രാമുവിനും ഉണ്ട്. രാമുവിനും സേതുവിനും മനസ്സ് വറ്റിവരണ്ട പുഴയായി മാറുന്നു. എം.ടി. ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ”മുകള്‍ത്തട്ടിലെത്താനുള്ള വെമ്പലിനിടയ്ക്ക് കാല്‍ക്കീഴില്‍ വിശുദ്ധമെന്നു കരുതിയ മൂല്യങ്ങളുടെ പൂജാപുഷ്പങ്ങള്‍ പലതും ചതഞ്ഞരയുന്നു. രാമു നിശ്ശബ്ദമായ നിലവിളികള്‍ കേള്‍ക്കുന്നുണ്ട്. ഗുരുജി കാണുന്നുണ്ട്. ‘ഞാന്‍ ഞാനല്ലാതായിരിക്കുന്നു. ഇതു വേണ്ടായിരുന്നു.’ എന്നു ചിലപ്പോള്‍ രാമു ചിന്തിച്ചുപോകുന്നുണ്ട്. മുജ്ജന്മശാപം പേറുന്നവനെപ്പോലെ ഭൗതികവിജയമെന്ന മരീചികയിലേക്കുള്ള പടവുകള്‍ രാമു കയറിക്കൊണ്ടിരിക്കുന്നു.” (ആമുഖം – എം.ടി).

”ചെറിയ മനുഷ്യരും വലിയ ലോകവും” കലാസാഹിത്യസംബന്ധിയായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇന്നത്തെപ്പോലെ ശാസ്ത്രസാങ്കേതികരംഗം വികസിച്ചിട്ടില്ലാത്ത ആ കാലത്ത് വിജ്ഞാനകേന്ദ്രം വായനശാലയും പുസ്തകങ്ങളുമായിരുന്നു. രാമുവിനെ രൂപപ്പെടുത്തുന്നത് ഗുരുജിയും പുസ്തകങ്ങളുമാണ്. ഇവിടെനിന്നും ആര്‍ജ്ജിച്ച മനുഷ്യാവബോധം രാമു വൈകിയാണെങ്കിലും ഗുരുജിയിലൂടെ തിരിച്ചറിയുന്നു.

അരവിന്ദന്റെ സംവിധാന മികവില്‍, 1974 നവംബര്‍ 23-ന് ‘ഉത്തരായണം’ പൂര്‍ത്തിയായി. കോഴിക്കോട്ടെ സൗഹൃദ കൂട്ടായ്മയില്‍ തിക്കൊടിയനും അരവിന്ദനുംകൂടി തിരക്കഥ രചിച്ചു. നിര്‍മ്മാണം പട്ടത്തുവിള കരുണാകരന്‍.

മലയാളസിനിമയിലെ പ്രമുഖരായ പ്രേംജി, ബാലന്‍.കെ. നായര്‍, കുഞ്ഞാണ്ടി, അടൂര്‍ഭാസി, നിലമ്പൂര്‍ ബാലന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, ടി.ജി. രവി, സുകുമാരന്‍, ആര്‍.കെ. നായര്‍, ഭാസ്‌കരക്കുറുപ്പ്, കവിയൂര്‍പൊന്നമ്മ, ശാന്താദേവി, മല്ലിക തുടങ്ങിയവര്‍ ‘ഉത്തരായണ’ത്തില്‍ അണിനിരന്നു. തമിഴ് സിനിമയില്‍ പിന്നീട് സജീവമായ വിജയന്‍, കോഴിക്കോട്ടെ പ്രമുഖ ഫോട്ടോഗ്രാഫറായിരുന്ന നീന ബാലന്‍ എന്നിവരും ഈ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. കേന്ദ്രകഥാപാത്രമായ രവിയെ ഡോക്ടര്‍ മോഹന്‍ദാസ് അനശ്വരനാക്കി. കെ. രാഘവന്റെ സംഗീത സംവിധാനത്തില്‍ പ്രൊഫസര്‍ കുമാരപ്പിള്ളയുടെ ‘ഹൃദയത്തില്‍ രോമാഞ്ചം’ യേശുദാസിന്റെ മാസ്മരിക ശബ്ദത്തില്‍ സ്വരരാഗഗംഗയായി ഒഴുകി. ആര്‍ട്ടിസ്റ്റ് നമ്പൂതിരികലാസംവിധാനം നിര്‍വ്വഹിച്ചു. അങ്ങനെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന രേഖാചിത്രകഥാകാരന്‍ മലയാളസിനിമയിലേക്കു തന്റെ വരവറിയിച്ചു.

ക്വിറ്റ് ഇന്ത്യാ കാലഘട്ടവും സ്വാതന്ത്ര്യത്തിനുശേഷമുള്ള കാലഘട്ടവും ”ഉത്തരായണ”ത്തില്‍ ചര്‍ച്ചയാവുന്നു. സ്വാതന്ത്ര്യസമരസേനാനിയായ മാധവമേനോന്‍ (പ്രേംജി) ഗാന്ധിയന്‍ കാഴ്ചപ്പാടും, കുമാരന്‍മാഷിന്റെയും (കുഞ്ഞാണ്ടി) അച്ചുവിന്റെയും (ബാലന്‍ കെ. നായര്‍) ഭഗത്‌സിങ്, സുഭാഷ് ചന്ദ്രബോസ് കാഴ്ചപ്പാടുകളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ഈ സിനിമ ചര്‍ച്ച ചെയ്തു. മാധവമേനോന്റെ ഭാര്യയായി ശാന്താദേവിയും മകളായി കവിയൂര്‍ പൊന്നമ്മയും സ്വാതന്ത്ര്യസമരകാലത്ത് ജീവിച്ച സ്ത്രീ ജീവിതങ്ങളെ പ്രതിനിധീകരിക്കുന്നു. മാധവമേനോന്റെ മകളായ മീനാക്ഷിയുടെ ഭര്‍ത്താവ് സ്വാതന്ത്ര്യത്തിനുവേണ്ടി ഒളിവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ദിവസം രാത്രി തന്റെ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വരുന്നതും ആ സമയത്ത് ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ കൊലപ്പെടുത്തുന്നതും അരവിന്ദന്‍ ഹൃദയവേദനയോടെ ചിത്രീകരിച്ചു. ആ കുഞ്ഞാണ് ഇംഗ്ലിഷില്‍ ബിരുദാനന്തരബിരുദം നേടി സ്വതന്ത്രഇന്ത്യയില്‍ തൊഴില്‍ രഹിതനായി അലയുന്ന രവി.

സ്വാതന്ത്ര്യസമരസേനാനികൂടിയായ തിക്കൊടിയന്‍ തന്റെ തട്ടകത്തില്‍ നടന്ന സ്വാതന്ത്ര്യസമര ചിന്തകള്‍ ഈ സിനിമയിലൂടെ അയവിറക്കുന്നു. തിക്കൊടിയന്റെ ‘മടക്കയാത്ര’ എന്ന നോവലിലും അദ്ദേഹം തന്റെ സ്വാതന്ത്ര്യസമരകാലഘട്ടത്തെപ്പറ്റി എഴുതുന്നുണ്ട്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തുവര്‍തന്നെ പിന്നീട് സ്വാതന്ത്ര്യസമര പെന്‍ഷനും മന്ത്രിപദവിയുംവരെ നേടിയെടുത്ത കഥകള്‍ ‘അരങ്ങുകാണാത്ത നടന്‍’ എന്ന തന്റെ ആത്മകഥയില്‍ തിക്കൊടിയന്‍ ചിത്രീകരിക്കുന്നുണ്ട്. ഇതെല്ലാം കണ്ട് നിര്‍ത്താതെ ചിരിക്കുന്ന ഗോവിന്ദേട്ടന്‍ തിക്കൊടിയന്റെ മറക്കാന്‍ പറ്റാത്ത കഥാപാത്രമാണ്.

Textരാമുവിന്റെ ജീവിതാവസ്ഥ ‘ഉത്തരായണ’ത്തിലെ രവിയെ രൂപപ്പെടുത്തുന്നതില്‍ സഹായമായിട്ടുണ്ട്. വിപ്ലവകാരിയും ആത്മീയവാദിയും ഒന്നായിത്തീരുന്ന മനസികാവസ്ഥയുള്ള പട്ടത്തുവിളയുടെ കഥാപാത്രമായ പ്രതാപന്റെ അംശവും രവിയിലുണ്ട്. വിപ്ലവാഭിനിവേശം മനസ്സില്‍ സൂക്ഷിക്കുമ്പോള്‍തന്നെ ഭീരുവായി മാറുന്ന, ‘ബൂര്‍ഷാസ്‌നേഹിതന്‍’ എന്ന കഥയിലെ കഥാകൃത്തും ‘ഉത്തരായണ’ത്തിന്റെ അടിയൊഴുക്കാണ്. നെല്ലിക്കോട് ഭാസ്‌കരന്‍ അവതരിപ്പിക്കുന്ന കുട്ടന്‍ എന്ന കഥാപാത്രത്തെ ഓര്‍ക്കുക. ഒരിക്കലും പൂര്‍ണ്ണതയില്‍ എത്തിക്കാനാവാത്ത വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും നിലവിളികള്‍ രവിയുടെയും ജീവിതത്തില്‍ നിന്നു നമുക്ക് കേള്‍ക്കാന്‍ കഴിയുന്നു. തിക്കൊടിയന്റെയും അരവിന്ദന്റെയും പട്ടത്തുവിളയുടെയും സര്‍ഗ്ഗാത്മകതയുടെ സമ്മേളനംതന്നെയായി ഈ സിനിമ.

1942, 1943 കാലഘട്ടങ്ങളില്‍ ചേമഞ്ചേരി എന്ന ഗ്രാമത്തില്‍ നടക്കുന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനമാണ് ‘ഉത്തരായണ’ത്തിന്റെ കേന്ദ്രബിന്ദു. ഭാരതത്തിലുടനീളം നടന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ കണ്ണീര്‍ചാലുകള്‍ ചേമഞ്ചേരിയിലും ഒഴുകിപ്പരക്കുന്നു. കാലത്തിന്റെ സാക്ഷിയെന്നോണം തിക്കൊടി ലൈറ്റ് ഹൗസ് കണ്ണു തുറക്കുന്നു. സമയമാംനദിഎല്ലാ പോരാട്ടങ്ങള്‍ക്കും വേദിയാകുന്നു. അധികാരിയുടെയും (അടൂര്‍ഭാസി) പോലീസിന്റെയും (ഭാസ്‌കരക്കുറുപ്പ്) നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് കാലം സാക്ഷിയാവുന്നു. പാതിരാത്രിയില്‍ നടുക്കടലില്‍ തോണിയില്‍വെച്ച് കുമാരന്‍ മാഷും അച്ചുവും കൂട്ടാളികളും ‘സ്വതന്ത്രഭാരതം’ കല്ലച്ചില്‍ അടിക്കുന്നതും അത് ഗ്രാമത്തില്‍ വിതരണം ചെയ്ത് സ്വാതന്ത്ര്യസമരം വ്യാപിപ്പിക്കുന്നതും കണ്ട് കാലം നിര്‍വൃതികൊണ്ടു. ടെലിഫോണും വൈദ്യുതിയും ഇല്ലാത്ത ഒരു കാലത്ത് ഗ്രാമഫോണും റേഡിയോയും സ്വാതന്ത്ര്യസമരസേനാനികള്‍ക്കു കൂട്ടായി. മാതൃഭൂമി ദിനപത്രം സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത് ‘ഉത്തരായണം’ തിരിച്ചറിയുന്നു.

സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  സന്ദര്‍ശിക്കുക

‘ചെറിയ മനുഷ്യരും വലിയ ലോകവും’ ;ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍  ഡി സി ബുക്സിലൂടെ!

എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

  • ഒറ്റത്തവണ 1599 രൂപ ഒന്നിച്ച് അടയ്ക്കാം
  • തവണവ്യവസ്ഥയില്‍ (1000+599) 30 ദിവസത്തിനുള്ളില്‍ രണ്ട് ഗഡുക്കളായി അടയ്ക്കാം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, വാട്സാപ്പ്- 9946 109449 

ഓണ്‍ലൈനില്‍:  കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ഏജന്‍സികളിലൂടെയും ബുക്ക്  ചെയ്യാവുന്നതാണ്. 

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.