പുതിയ വിദ്യാഭ്യാസനയം സമീപനവും വിമര്‍ശനവും
നവംബര്‍ 11-ദേശീയ വിദ്യാഭ്യാസദിനം
ദേശീയവിദ്യാഭ്യാസകരടുനയത്തെ സംബന്ധിച്ച് ദേശീയതലത്തില്‍ നടന്ന സംവാദങ്ങളെ, അവയിലെ വ്യത്യസ്ത കാഴ്ചപ്പാടുകളെ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകമാണ് ‘പുതിയ വിദ്യാഭ്യാസ നയം’. ദേശീയ വിദ്യാഭ്യാസനയത്തിന്റെ സംക്ഷിപ്തം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. പുസ്തകത്തിന് ഡോ ബി ഇക്ബാല്‍ എഴുതിയ ആമുഖത്തില്‍ നിന്നും
കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയം 2020 പൊതു ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരിക്കയാണ്. ഡോ. കെ. കസ്തൂരിരംഗന്‍ (മുന്‍ അദ്ധ്യക്ഷന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) അദ്ധ്യക്ഷനായും ഡോ. ഷക്കീല ഷംസു സെക്രട്ടറിയുമായുള്ള എട്ടംഗസമിതി സമര്‍പ്പിച്ച കരട് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയിട്ടുള്ളത്. അക്കാദമിക്ക് സമൂഹവുമായും സംസ്ഥാന ഗവര്‍ണമാര്‍ അടക്കം ഭരണരംഗത്തുള്ളവരുമായും കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തെപ്പറ്റിയുള്ള അഭിപ്രായം ആരാഞ്ഞുവരികയാണ്.
1986-ലാണ് അവസാനത്തെ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് പിന്നീട് 1992-ല്‍ വിദ്യാഭ്യാസനയം പുതുക്കി അവതരിപ്പിച്ചു. 6 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം സ്ഥാപിച്ചുകൊണ്ട് 2009 ആഗസ്റ്റ് 4-ന് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമമാണ് അതിനുശേഷം ദേശീയ തലത്തിലുണ്ടായ പ്രധാന സംഭവവികാസം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ ഭേദഗതി ചെയ്ത് തയ്യാറാക്കിയ വിദ്യാഭ്യാസ അവകാശ നിയമം 2010 ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്ത്യാ സര്‍ക്കാര്‍ അംഗീകരിച്ച ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ നാലാമത്തേത് വിദ്യാഭ്യാസത്തെ സംബന്ധിച്ചിട്ടുള്ളതാണ്, ഇതനുസരിച്ച് ജീവിതകാലം മുഴുവന്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും തുല്യതയോടെയും സാകല്യമായും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ദേശീയവും സാര്‍വദേശീയവുമായ ഇത്തരം സംരംഭങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യന്‍ സമൂഹത്തെ നയിക്കാന്‍ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസനയം കരുപ്പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വിദ്യാഭ്യാസ നയത്തിന്റെ ആമുഖത്തില്‍ പറയുന്നു.
നരേന്ദ്രമോഡി സര്‍ക്കാര്‍ 2019-ല്‍ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള നയപ്രഖ്യപാനങ്ങളും നിയമനിര്‍മ്മാണങ്ങളും വിവിധമേഖലയിലായി നടത്തിവരികയാണ്. അവയോടെല്ലാം പൊതുസമൂഹം പ്രതികരിച്ച് വരികയുമാണ്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കരട് വിദ്യാഭ്യാസനയത്തെ സംബന്ധിച്ചാണ് കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നത്. അക്കാദമിക് വിദഗ്ധര്‍, രാഷ്ട്രീയ ചിന്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാര്‍ത്ഥി അധ്യാപക സംഘടനാ നേതാക്കള്‍, ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി പേര്‍ വിദ്യാഭ്യാസനയത്തെ നിഷ്‌കൃഷ്ടമായ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്.
പ്രധാനമായും ഏതാനും കേന്ദ്രപ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടന്നുവരുന്നത്. ഭരണഘടനാവിധാതാക്കള്‍ ഭാരതത്തിന്റെ ഭാഷാ സാംസ്‌കാരിക വിദ്യാഭ്യാസപരങ്ങളായ വൈജാത്യങ്ങള്‍ പരിഗണിച്ച് വിദ്യാഭ്യാസം സംസ്ഥാന വിഷയമായിട്ടാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 1976-ല്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനായി നിയോഗിച്ച സര്‍ദാര്‍ സ്വരണ്‍സിങ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് വിദ്യാഭ്യാസം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യാവകാശങ്ങള്‍ നല്‍കുന്ന കണ്‍കറന്റ് ലിസ്റ്റില്‍ പെടുത്തുകയുണ്ടായി അപ്പോഴും ഭരണഘടനയുടെ നിയാമക തത്ത്വങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അവയില്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസ തുല്യാവസരം, ഉറപ്പാക്കുക, മതേതരത്വ മൂല്യങ്ങളും ശാസ്ത്രബോധവും സാമൂഹ്യനീതിയും സംരക്ഷിക്കുക തുടങ്ങിയ കടമകള്‍ പുതിയ നയത്തില്‍ ലംഘിക്കപ്പെടുന്നു എന്ന വളരെ ഗൗരവസ്വഭാവമുള്ള വിമര്‍ശനം പലരും മുന്നോട്ട് വക്കുന്നു.
കണ്‍കറന്റ് ലിസ്റ്റിലായാലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അവകാശമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികള്‍ വഴി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സമീപനങ്ങളില്‍നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവും. ഉപരിപഠനം, തൊഴില്‍ ലഭ്യത, സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ തുടര്‍ വിദ്യാഭ്യാസം തുടങ്ങിയ പല അടിസ്ഥാന മേഖലകളെയും ബാധിക്കുന്നതുകൊണ്ട് എത്ര പ്രസക്തമായിരിക്കാമെങ്കിലും സംസ്ഥാനത്തിന് മാത്രം ബാധകമായ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ കഴിയാതെ വരും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൗരാവകാശങ്ങളെ പൊതുനന്മയില്‍ പെടുത്തി അവ പൗരര്‍ക്ക് വരുമാന സാമൂഹ്യപദവി വ്യത്യാസമില്ലാതെ ഉറപ്പാക്കുന്നതിനുള്ള പ്രാഥമികമായ ചുമതല ഭരണകൂടത്തിനുണ്ട് എന്നാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ട് വന്നിരുന്ന സമീപനം. എന്നാല്‍ 1990-കളോടെ ആരംഭിച്ച ആഗോളവല്‍ക്കരണം, നവ ലിബറല്‍ സാമ്പത്തികനയം, ഉദാരവല്‍ക്കരണംഎന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയ സാമ്പത്തിക ലോകവീക്ഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസം ഒരവകാശമെന്ന നിലയില്‍നിന്നും ആനുകൂല്യമായി കരുതപ്പെടുകയും പൊതുനന്മയില്‍നിന്നും സ്വകാര്യ ഏജന്‍സികള്‍ ലാഭേച്ഛയോടെ ഇടപെടാവുന്ന വ്യവഹാരമേഖലയായി പരിവര്‍ത്തനം ചെയ്യപ്പെടുകയുമുണ്ടായി.