DCBOOKS
Malayalam News Literature Website

‘പുന്നപ്ര വയലാര്‍ സമരം’ കേരളജീവിതത്തില്‍ ചെലുത്തിയ സ്വാധീനം: എ. ശ്രീധരമേനോന്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എ.ശ്രീധരമേനോന്റെ ‘പുന്നപ്ര വയലാറും കേരള ചരിത്രവും’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, ആധുനിക കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക ചരിത്രത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നു കാണാം. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, ആ സമരത്തില്‍ അണികള്‍ വരിച്ച രക്തസാക്ഷിത്വം പില്ക്കാലത്തു കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കു വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു. രാജ്യമൊട്ടുക്കുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് ധീരരക്തസാക്ഷിത്വത്തിന്റെ പ്രതീകമായിത്തീര്‍ന്നു പുന്നപ്ര-വയലാര്‍. 1957-ലും അതിനുശേഷവും പലപ്പോഴായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ സഹായിച്ച ഒരു മുഖ്യഘടകമായിരുന്നു ആ സംഭവം. പുന്നപ്രയിലെ രക്തസാക്ഷിമണ്ഡപത്തിനു മുന്‍പില്‍ പ്രണാമമര്‍പ്പിച്ചതിനുശേഷമേ കമ്മ്യൂണിസ്റ്റു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാറുള്ളൂവെന്നത് ഈ യാഥാര്‍ത്ഥ്യത്തിന്റെ അംഗീകാരമാണ്.

Textപുന്നപ്ര-വയലാര്‍ സമരത്തോടെ കര്‍ഷക-തൊഴിലാളി വര്‍ഗ്ഗം കേരള സമൂഹത്തില്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്നു തെളിഞ്ഞു. ഇവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പല പരിഷ്‌കാരങ്ങളും ഭൂനിയമ പരിഷ്‌കാരമുള്‍പ്പെടെ, പിന്നീട് അധികാരത്തില്‍വന്ന ജനകീയ ഗവണ്‍മെന്റുകള്‍, പ്രത്യേകിച്ച് 1957-ല്‍ അധികാരത്തില്‍വന്ന ഇ.എം.എസിന്റെ കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റ്, മുന്‍ഗണന കൊടുത്തു നടപ്പാക്കാന്‍ നിര്‍ബന്ധിതരായത് ഈ സാഹചര്യത്തിലാണ്. ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമെന്ന ബഹുമതി കേരളത്തിനു ലഭിച്ചുവെന്നുള്ളതു യാദ്യച്ഛികമായ ഒരു പ്രതിഭാസമല്ല. കമ്മ്യൂണിസ്റ്റുകള്‍ പതിമൂന്നര സെന്റ് ഭൂമിവീതം ഓരോരുത്തര്‍ക്കും വിതരണം ചെയ്യാന്‍ നടത്തിയ വിപ്ലവമാണ് പുന്നപ്ര-വയലാറെന്ന് അന്നു പ്രചാരത്തിലിരുന്ന കിംവദന്തിയുടെ പശ്ചാത്തലത്തില്‍ ഭൂനിയമപരിഷ്‌കാരത്തിനു പ്രസക്തിയുണ്ട്. കൂടാതെ, സാമൂഹികരംഗത്ത്, സവര്‍ണ്ണ-അവര്‍ണ്ണജാതികള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഗുണ പരമായ മാറ്റമുണ്ടായി. അവര്‍ണ്ണജാതിക്കാര്‍ക്ക് അവരുടേതായ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുത്തേ തീരൂ എന്നൊരു സ്ഥിതി വിശേഷവും സംജാതമായി. ഈ നേട്ടങ്ങളുടെയെല്ലാം പിന്നില്‍ പുന്നപ്ര- വയലാര്‍ സമരം അഴിച്ചുവിട്ട രാഷ്ട്രീയ -സാമൂഹിക- സാമ്പത്തിക ശക്തികള്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ ചെലുത്തിയ സ്വാധീനത പ്രകടമാണ്.

സാംസ്‌കാരികരംഗത്തും പുന്നപ്ര-വയലാറിന്റെ സ്വാധീനത കാണാം. ഈ സമരത്തോടനുബന്ധിച്ച് അരങ്ങേറിയ സംഭവങ്ങളെ ആധാരമാക്കി മലയാള ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തുന്നില്ലെങ്കിലും, ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്ന ചലച്ചിത്രം ഉദാഹരണത്തിന് ചൂണ്ടിക്കാണിക്കാം. മലയാളസാഹിത്യകൃതികളിലും പുന്നപ്ര-വയലാര്‍ സ്വാധീനം ചെലുത്തിയിട്ടുള്ളതായിക്കാണാം. പുന്നപ്ര-വയലാര്‍ സമരത്തെ ആസ്പദമാക്കി പി. ഭാസ്‌കരന്‍ രചിച്ചിട്ടുള്ള കവിതകള്‍ എടുത്തുപറയേണ്ടവയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ എന്ന കവിത. ഇതിലെ ചില വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ:

”ചിരകാലം രാജ്യത്തി-
ന്നോര്‍മ്മയിലൊക്ടോബ-
റിരുപത്തിയേഴുതെളിഞ്ഞുമിന്നും.”

വയലാര്‍ രാമവര്‍മ്മയുടെ കവിതകളിലും നാടക-ചലച്ചിത്രഗാനങ്ങളിലും വയലാറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സമരം ചെലുത്തിയ സ്വാധീനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആധുനിക കേരളത്തെ സംബന്ധിച്ച് ചരിത്രസാഹിത്യത്തെയും പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് രചിച്ചിട്ടുള്ള കൃതികള്‍ സമ്പന്നമാക്കിയിട്ടുണ്ട്. ഇങ്ങനെ കേരളജീവിതത്തിന്റെ പല മേഖലകളിലും പുന്നപ്ര-വയലാര്‍ മായാത്ത മുദ്ര പതിച്ചിട്ടുള്ളതായിക്കാണാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.