DCBOOKS
Malayalam News Literature Website

കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടർന്ന്

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ അന്തരിച്ചു.  46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് താരത്തെ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍  പ്രവേശിപ്പിച്ചത്.  ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 29 ഓളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം 1985-ൽ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡ് നേടി.

അപ്പു (2002) എന്ന ചിത്രത്തിലൂടെ പുനീത് നായകനായി, അതിനുശേഷം അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിച്ചിരുന്നു. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്‌നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

പ്രിയ ആനന്ദിനൊപ്പം ചേതൻ കുമാറിന്റെ ജെയിംസിന്റെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നവംബർ 1 മുതൽ പവൻ കുമാർ സംവിധാനം ചെയ്യുന്ന ദ്വിത്വയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു പുനീത്.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2007–08 മിലാനയിലും 2010-11 ജാക്കിയിലും മികച്ച നായക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി.

2015ലെ ‘മൈത്രി’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം വേഷമിട്ടിട്ടുണ്ട്. ഇരുവരും എക്സറ്റൻഡഡ്‌ കാമിയോ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. നടൻ രാജ്കുമാറിന്റെയും പാർവതമ്മയുടെയും മകനാണ്.  അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കൾ.

Comments are closed.