DCBOOKS
Malayalam News Literature Website

സ്‌നേഹവും രതിയും ആത്മീയതയും മറ്റനേകം വൈകാരികാംശങ്ങളും ചേര്‍ന്നു രൂപപ്പെട്ട കഥകള്‍!

PUNATHIL KUNJABDULLAYUDE KATHAKAL SAMPOORNAM By : PUNATHIL KUNHABDULLA
PUNATHIL KUNJABDULLAYUDE KATHAKAL SAMPOORNAM
By : PUNATHIL KUNHABDULLA

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മൂന്നാം ചരമവാര്‍ഷികദിനമായിരുന്നു ഇന്നലെ

‘കുഞ്ഞബ്ദുള്ളയ്ക്ക് ക്രാഫ്റ്റ് ഇല്ല. കുഞ്ഞബ്ദുള്ള മുന്‍കൂട്ടി ക്രാഫ്റ്റ് നിര്‍മ്മിക്കുന്നുമില്ല. കഥയുടെ ഒഴുക്കിനോടൊപ്പം അങ്ങിനെ ഒഴുകുകയാണ്. ശരിക്കും പറഞ്ഞാല്‍ കുഞ്ഞബ്ദുള്ളതന്നെ കഥയോടൊപ്പം ഒഴുകിപ്പോവുകയാണ്. കഥാപാത്രങ്ങളുമായി സൗഹൃദംപ്രാപിച്ച് അവരെ ഒരിക്കലും കരുക്കളാക്കി നീക്കാതെ കുഞ്ഞബ്ദുള്ള അവരോടൊപ്പം ഒരുപോക്കുപോവുകയാണ്.’– സക്കറിയ

എഴുത്തിന്റെ വ്യത്യസ്തമായ രണ്ടുധാരകളെ സംവഹിക്കുന്ന സക്കറിയയും പുനത്തിലും ഏതാണ്ട് ഒരേ കാലത്ത് എഴുതിത്തുടങ്ങുകയും എഴുതിത്തെളിയുകയും ചെയ്തവരാണരെങ്കിലും കഥയില്‍ ജീവിതത്തിന്റെ നിശിതമായ അനുഭവങ്ങളേയും സംഭവവികാസങ്ങളെയും നിര്‍മമമായ നോക്കിക്കാണലുകളോടെ പ്രശ്‌നവല്ക്കരിക്കുന്നതില്‍ പുനത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളകരവിരുത് എടുത്തുപറയുകയാണ് സക്കറിയ ഈ വരികളിലൂടെ.

കഥയില്‍നിന്നു ജീവിതത്തെയും ജീവിതത്തില്‍നിന്നു കഥയെയുംവേറിട്ട രീതിയില്‍ പുനഃസൃഷ്ടിക്കുകയായിരുന്നു പുനത്തില്‍. ഒരേ സമയം യാഥാര്‍ഥ്യലോകത്തും ഭാവനയുടെ സങ്കല്പലോകത്തും കാലുകളമര്‍ത്തിച്ചവിട്ടിക്കൊണ്ട് നടത്തിയിട്ടുള്ള ഉദാസീനമായ Textസഞ്ചാരങ്ങളായിരുന്നു ആ രചന. ഈ നടത്തത്തിനിടയില്‍ ആഴമേറിയ ഒരുപാടു സാമഗ്രികകള്‍ ഒരു മാന്ത്രികന്‍ തന്റെ തൊപ്പിക്കുള്ളില്‍നിന്നുയര്‍ത്തിയെടുക്കുന്നതുപോലെ കഥയില്‍നിന്ന് നമുക്കെടുത്തുതന്നു. സമീപസ്ഥമായ അതിര്‍ത്തിരേഖകള്‍ മാത്രമല്ല, വിദൂരമായജനപഥങ്ങളും ഭൂസ്ഥലികളും ഒരു വലിയ എഴുത്തുകാരനുമാത്രം സാധ്യമായ കൈയടക്കത്തോടെ ആ ഭാവനാഭൂപടത്തില്‍ ആവിഷ്‌കൃതമായി. പ്രണയവും രതിയും അവിടെ പ്രകോപനപരവും സൗമ്യവുമായ, ഉടലുകളുടെ അനാദിയായ ഒരാലിംഗനം കൂടിയായി. ചില ജീവിതസന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദമായി പറയുന്ന വാക്കുകളേക്കാള്‍ അത് പലപ്പൊഴും ഉജ്വലമായി പൊട്ടിത്തെറിക്കുന്നു. വാക്കുകള്‍ സദാചാര സീമകളെ അതിലംഘിക്കുന്നു. നീലനിറമുള്ള തോട്ടവുംഅഭിസാരികാരേഖകളുമായി അവപൂത്തുലയുന്നു. ജീവച്ഛവങ്ങള്‍ എന്ന ഹിമാലയ തീര്‍ത്ഥാടനം കഥയിലെ സോന, തന്നെയെന്നും സ്വപ്‌നംകണ്ടിരുന്ന അംഗുലിയുടെ ശിരസ്സ് കൂടംകൊണ്ട് പിളര്‍ക്കുമ്പോള്‍ നനുത്തതും പൂവുപോലെ മൃദുലവു മായ അവളുടെ അത്ഭുതം നിറഞ്ഞതലച്ചോറ് കാണുമ്പോള്‍ ചിന്തിച്ചുപോകുന്നത് തങ്ങളെന്നും ഒത്തുചേരാറുള്ള ഗോതമ്പുപാടത്തെ കാറ്റിലാടിയുലയുന്ന പൂക്കളെക്കുറിച്ചാവുന്നതും ഉന്മാദത്തോളമെത്തുന്ന സര്‍ഗഭാവനയുടെ വ്യതിരിക്തതകൊണ്ടാണ്.

എഴുത്തില്‍ സദാചാരസമയനിഷ്ഠകള്‍ പാലിക്കാനോ പാലിക്കുന്നുഎന്നു ഭാവിക്കാനോ കുഞ്ഞബ്ദുള്ളവിസമ്മതിക്കുന്നു. ഇത് സ്വാഭാവികമാണ്.കാരണം കലാകാരന്‍ പ്യൂരിറ്റനല്ല, എന്ന് കെ.പി. അപ്പന്‍ എഴുതുന്നത്ഈയൊരു പശ്ചാത്തലത്തിലായിരിക്കണം. മലമുകളിലെ അബ്ദുള്ളയില്‍നിന്ന് സൈക്കിള്‍ സവാരിയിലേക്കുംഫത്തേപ്പൂര്‍ സിക്രിയിലേക്കും എത്തുമ്പോഴേക്കും പുനത്തില്‍ നീന്തിക്കടന്നുപോയ കഥയെഴുത്തിന്റെ സമുദ്രയാത്രകളെക്കുറിച്ചുള്ള ഓര്‍മ്മ ഏതൊരു വായനക്കാരനും അസാധാരമമായ വായനാനുഭവമാകും. സ്വയം നിര്‍വചിക്കാവുന്ന ആശയതലങ്ങള്‍വിട്ട് സ്‌നേഹവും രതിയും ആത്മീയതയും മറ്റനേകം വൈകാരികാംശങ്ങളും ചേര്‍ന്നു രൂപപ്പെട്ട കഥയുടെ ഒരു സിംഫണിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെകഥകള്‍ സമ്പൂര്‍ണ്ണം. ഏതൊരുവായനക്കാരനെയും തോളത്ത് കൈയിട്ട് തന്നോടൊപ്പംകൂട്ടുന്ന ഒരു മാസ്മരികത നിസ്സാരമല്ലാതിക്കെ ആധുനികരില്‍ അത്തരമൊരു വിശേഷണം നേടിയിട്ടുള്ള ഏക എഴുത്തുകാരന്‍, ഒരുപക്ഷേ, പുനത്തില്‍ കുഞ്ഞബ്ദുള്ള മാത്രമായിരിക്കും.

Comments are closed.