മനുഷ്യചേതനയുടെ അഗാധതയിലേക്കുള്ള വഴി
ജെനി ആന്‍ഡ്രൂസ്
ജ്ഞാനം തെളിഞ്ഞൊരാളുടെ വിനിമയമേതും സുഗന്ധപൂരിതം. എന്തില്‍ വ്യാപരിക്കുമ്പോഴും അതിലെല്ലാം പ്രസരിക്കുന്നു, ജ്ഞാനസുഗന്ധം. കഥാരചനയിലും ഈ പരിമളമാണ് വഴിഞ്ഞെത്തിയിരിക്കുന്നത്. ഭാഷയുടെ
കൗശലപ്രയോഗങ്ങളില്‍ അത്ര മുഴുകാതെ തെളിമയോടെ കഥകള്‍ പറയുന്നു പ്രഭാഷണങ്ങളില്‍ സദാവിളങ്ങുന്ന അനായാസതയും ആസ്വാദ്യതയും കഥകളിലും. മനസ്സിന്റെ വിചിത്രതകളും ഇരുട്ടും വെളിച്ചവുമെല്ലാം അനാവരണം ചെയ്യുന്നു. ഇരുണ്ട കൊലപാതകങ്ങളുണ്ട്, ഇരുണ്ട വ്യാപരിക്കലുകളുണ്ട്, തെളിഞ്ഞ പ്രണയമുണ്ട്, തെളിഞ്ഞ വഴികാട്ടലുകളുണ്ട്. പ്രജ്ഞാവികാസങ്ങളുടെ ചെറുതും വലുതുമായ ആവിഷ്‌കാരങ്ങളുമുണ്ട്. ദ്വന്ദ്വങ്ങളുടെ ഇരുപുറങ്ങള്‍ വരച്ചിടുന്നു. മനുഷ്യമനസ്സ് എപ്രകാരമെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് ചിന്തിപ്പിക്കുവാന്‍വഴിയാകുന്നു, ഇവ. The Homecoming and other Stories’ (പുനരാഗമനവും മറ്റു കഥകളും) എന്ന് ശീര്‍ഷകം. വീട്ടിലേക്കുള്ള തിരിച്ചെത്തലിനെക്കുറിച്ചാണല്ലോ ശ്രീ എം സത്സംഗുകളില്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. അവനവനില്‍ത്തന്നെ കുടികൊള്ളുന്ന സ്വഗൃഹത്തിലേക്കുള്ള, ഉള്‍ക്കാമ്പിലേക്കുള്ള, പ്രവേശനം. സര്‍വ്വവും അതിനുള്ളിലാണ്. സര്‍വ്വവും വിരിഞ്ഞെത്തുന്നതും അതില്‍നിന്ന്. ഈ ഗൃഹായനത്തിലുപരിയായ ഒരു അയനമില്ല. സാധാരണ ജീവിതം നയിച്ചുകൊണ്ട്, ഉള്‍വെളിച്ചത്തിന്റെ സ്വച്ഛന്ദവിഹായസ്സിനെക്കുറിച്ച് നിരന്തരം ദൂത് നല്‍കി യുക്തിക്കും സിദ്ധാന്തങ്ങള്‍ക്കും ഉപരിയായൊരു തലത്തില്‍ വ്യാപരിച്ചുപോരുന്നയാളാണ് ശ്രീ എം. അന്വേഷണയാത്രകള്‍ക്കും സാധനകള്‍ക്കുമനന്തരം ഗുരു മഹേശ്വര്‍നാഥ് ബാബാജിയില്‍നിന്ന് കൈമാറിക്കിട്ടിയ ജ്ഞാനസമ്പത്തത്രയും പ്രഭാഷണങ്ങളിലൂടെയും സത്സംഗുകളിലൂടെയും എഴുത്തുകളിലൂടെയും പകര്‍ന്നുനല്‍കുന്നു. അപൂര്‍വോജ്വലമായ ബോധപരിവര്‍ത്തനത്തിന്റെ സാക്ഷ്യമായ
ആത്മീയാചാര്യനില്‍നിന്ന് മനോഹരമായ പതിമൂന്ന് കഥകള്‍ നമുക്കു ലഭിച്ചിരിക്കുന്നു. തന്റെ കഥാപാത്രങ്ങളിലൂടെ, വ്യതിരിക്തമായൊരു തലത്തില്‍ ലോകത്തെ നോക്കിക്കാണുകയാണ് ശ്രീ.എം. ഇനിയെന്ത് എന്ന് ഉടനീളം ആകാംക്ഷയുണര്‍ത്തുന്നകഥകള്‍. അപ്പോഴും, പരോക്ഷമായ ചില ഓര്‍മപ്പെടുത്തലുകളിലൂടെ മനുഷ്യ ചേതനയുടെ അഗാധതകളിലേക്ക് വായനക്കാരെ മെല്ലെ വഴിനടത്തുന്നുമുണ്ട് ഈ രചനകള്‍.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.