കടലാഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത കഥാമുത്തുകൾ…..
സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’ എന്ന നോവലിന് കെ.വി ജ്യോതിഷ് എഴുതിയ വായനാനുഭവം
കൂറ്റൻ തിരമാലകൾക്കപ്പുറത്ത് കടലാഴങ്ങളിലേക്ക് ചരിച്ച് വെച്ച കടൽനോട്ടമാണ് സോമൻ കടലൂരിന്റെ പുള്ളിയൻ എന്ന നോവൽ. മത്തിച്ചോര പടർന്ന അനുഭവങ്ങളുടെ കടലിൽ കനപ്പെട്ട മീനുകൾ പുളയ്ക്കുമ്പോൾ ചെറുതും വലുതുമായ കടൽ ജീവിതങ്ങളുടെ ആഖ്യാനം തളയൻ മീനിന്റെ വെള്ളി നിറം പോലെ നോവലിൽ വെട്ടിതിളങ്ങുന്നു !.മായികമായ ഭാവനയുടെ ജല വേഗങ്ങൾ വായനക്കാരനെ തോണിപ്പുറത്തേറ്റി കൊണ്ടു പോകുന്നു! ചിരുകണ്ടൻ നീട്ടിയെറിഞ്ഞ ചൂണ്ടലിൽ വിസ്മയിച്ച് കുരുങ്ങി പോവുന്ന വായനക്കാരുടെ കടൽ കൂടിയാണ് പുളളിയൻ!
സമകാലത്ത് മലയാളത്തിലിറങ്ങിയ നോവലിൽ നിന്ന് വ്യതിരിക്തത കൊണ്ട് ഒറ്റപ്പെട്ട് നില്ക്കുന്ന ജീവിത ചിത്രമാണ് പുള്ളിയനിൽ സോമൻ കടലൂർ വരച്ചിട്ടിരിക്കുന്നത്. കടലുങ്കര എന്ന ദേശവും അവരുടെ കടൽ പണിയും ചരിത്രവും മിത്തും പുരാവൃത്തവും ചേർന്ന് തളിർത്ത ജീവിതങ്ങളുടെ കഥ ഊറ്റി എടുക്കുമ്പോൾ ചിരുകണ്ടൻ എന്ന നായകനും വളരുന്നു. ഒപ്പം ഉപ്പാട്ടി മുത്താച്ചിയും ഐ ങ്കരമുത്തപ്പനും ദേവക്കന്നിയും തുടങ്ങി ആകാംക്ഷയുടെ മീൻ പാച്ചിലിൽ വായനക്കാരെ കൊണ്ടു പോവാൻ കടൽക്കോളുമായ് അനേകം കഥാപാത്രങ്ങളും! കടലോര ജീവിതങ്ങൾ നിരവധി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നാൽ ആഴക്കടലിലെ കടൽപ്പണിക്കാരുടെ ജീവിതം പറയുന്ന അപൂർവ്വം നോവലുകളിലൊന്നാണ് പുള്ളിയൻ .കടൽ തൊഴിലുകാരുടെ മീൻപിടുത്തത്തിന്റെ സൂക്ഷ്മമായ ആഖ്യാനം വായനക്കാരിൽ അൽഭുതം കോറിയിടുന്നു.
നോവലിലെ രചനാസമുദ്രങ്ങളിൽ നിന്ന്
” അക്കാലം കടലുങ്കര കടപ്പുറം ഒരു തങ്ങൾ വന്നു വെള്ളത്തലേക്കെട്ട് വെള്ളത്താടി, പൂച്ചക്കണ്ണ് അയാളുടെ കല്ലുവെച്ച മോതിരത്തിൽ നോക്കിയാൽ തോണിക്കാർക്ക് എന്തു കിട്ടും എന്നറിയാം ബീച്ചക്കാരൻ പൈതലേട്ടൻ നോക്കിയപ്പോൾ ഏട്ട പുളയ്ക്കുന്നത് കണ്ടു ! ഒരു മാസം അയാൾക്ക് കിട്ടിയത് ഏട്ട തന്നെ കുഞ്ഞൂട്ടിക്ക നോക്കിയപ്പോൾ അയിലക്കൊലപ്പ് ! ,അസ്സു നോക്കിയപ്പോൾ പൂവാലൻ കൊഞ്ചൻ ! അമ്പു നോക്കിയപ്പോൾ പള്ളത്തി ! ,ബാപ്പു കൊയലയും ആലി നെത്തലും കണ്ടു ചിരുകണ്ടൻ നോക്കിയപ്പോൾ ഞെട്ടിപ്പോയ്. ഒരു കൂറ്റൻ പുള്ളിയൻ തിരണ്ടി !” അന്നു മുതലാണ് അനേകം പുള്ളിയമ്മാരെ വയറ്റിൽ പേറിയ പെരും തിരണ്ടിയെ പോലെ കടൽ ചിരുകണ്ടൻറ ചിന്തയുടെ മോതിരക്കല്ലിൽ തെളിഞ്ഞത്. ആ കൂറ്റൻ തിരണ്ടിയെ പിടിക്കുക എന്നത് തന്റെ ജീവിതദൗത്യമായ് ഉള്ളിൽ പേറുന്ന ചിരുകണ്ടന്റെ കടൽ യാത്രകളും ഓർമ്മകളും ഒരേ കൊലപ്പിൽ വ്യത്യസ്തമായ് ആഖ്യാനം ചെയ്ത മനോഹര നോവലായ് പുള്ളിയൻ മാറുന്നു.
” കാറ്റിന്റേയും തിരയുടേയും പാതിരാ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിലെ വെളിച്ചത്തിന്റെ പാകം കണ്ണുകൊണ്ടും നെഞ്ചു കൊണ്ടും ചിരുകണ്ടൻ അളക്കും .ചുണ്ടിലെ ബീഡി എരിഞ്ഞു തീരാറാവുമ്പോഴേക്കും നിലാവിന്റെ വിരലുകൾ പതിഞ്ഞ ജലപ്പരപ്പ് അയാളെ മാടി വിളിക്കും ! വടക്കൻ കാറ്റിൽ കുത്തിമറിയുന്ന നീലക്കാളയുടെ കൊമ്പുകൾ പുതഞ്ഞ ആകാശവും അയാളെ കാത്തു നില്ക്കും! ഉപ്പുവെള്ളത്തിന്റെ കൊഴുത്ത കിടപ്പിന് മീതെ പടർന്ന കടൽ മഞ്ഞുപോലെ അയാൾ രൂപരഹിതനാകും ” ഇത്തരം ഭാഷാ സൗന്ദര്യത്തിന്റെ പ്രയോഗ ഭംഗിയിൽ പുള്ളിയൻ അക്ഷരാർത്ഥത്തിൽ തിളച്ചുമറിയുകയാണ് . നോവൽ ഭാവനയുടെ അസാധാരണ നിറവിൽ കാലാഴങ്ങളിൽ മുങ്ങിനിവർന്ന് കടലിലെ സുന്ദര നിമിഷങ്ങളെ സ്വന്തമാക്കി നാടോടിപ്പാട്ടിന്റേയും ചിതറി കിടക്കുന്ന അപരിമേയമായ കഥകളുടേയുംചിറകിലേറി പുള്ളിയനിലൂടെ നമുക്ക് സഞ്ചരിക്കാം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.