മധുശങ്കര്‍ മീനാക്ഷിയുടെ ‘പുള്ളിക്കറുപ്പന്‍’; കവര്‍ച്ചിത്രം ജോയ് മാത്യു പ്രകാശനം ചെയ്തു
മധുശങ്കര്‍ മീനാക്ഷിയുടെ ഏറ്റവും പുതിയ നോവല്‍ ‘പുള്ളിക്കറുപ്പന്റെ’ കവര്‍ച്ചിത്രം ജോയ് മാത്യു പ്രകാശനം ചെയ്തു. മനോഹമായ ഒരു കുറിപ്പോടു കൂടി ഫേസ്ബുക് പേജിലൂടെയാണ് ജോയ് മാത്യു കവര്‍ച്ചിത്രം പങ്കുവെച്ചത്. ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഇരുട്ടുകൊണ്ട് കണ്ണുകെട്ടിയാലും നേര്‍ത്തുപോകാത്ത പകച്ചൂരില്‍ വെന്ത്, മനുഷ്യരെപ്പോലെ വിചാരപ്പെടുന്ന ഒരു കൂട്ടം പക്ഷിമൃഗാദികളുടെയും അവര്‍ക്കൊപ്പം ജീവിച്ചവരുടെയും കഥയാണ് ‘പുള്ളിക്കറുപ്പന്‍’ എന്ന നോവല്‍ പറയുന്നത്. മുരശുപാണ്ടിയെപ്പോലെ 700 വര്‍ഷം ജീവിച്ചിട്ടും പക തീരാത്ത കടല്‍ക്കിഴവന്മാര്‍. അസുരവേലിനെപ്പോലെ ആനച്ചൂരല്‍ വീശി മുതുകുപൊള്ളിക്കുന്ന ജയിലര്‍മാര്‍. പൊന്‍മഞ്ജരിയെയും താമരയെയും പോലെ അന്ധവിശ്വാസങ്ങളുടെ കൊളുന്ത് നുള്ളുന്ന പെണ്‍കിടാങ്ങള്‍. പുള്ളിക്കറുപ്പന്‍ എന്ന ശേവക്കോളി ആ പകച്ചൂരിന്റെ ആകെത്തുകയാണ്. വികലാംഗനായ പര്ന്ത് വാറുണ്ണിയുടെ നഷ്ടജാതകം തിരുത്തിയെഴുതാന്‍ അവന്റെ ഇടം കാലില്‍ വെച്ചുകെട്ടിയ വീശുകത്തിക്ക് സാധിക്കുമോ…? കൂടപ്പിറപ്പായ പുള്ളിച്ചോപ്പനെപ്പോലെ ഭയസന്ത്രാസരാശിയില്‍പ്പെട്ട് അവനും ഉലഞ്ഞുപോകുമോ…? ഒരേ സമയം സ്‌നേഹത്തിന്റെയും പകയുടെയും വിശാലഭൂമികയെ മാജിക്കല്‍ റിയലിസം കൊണ്ട് കീറിമുറിക്കുകയാണ് നോവല്‍.
Comments are closed.