വി.ആര്‍ സുധീഷിന്റെ ചെറുകഥാസമാഹാരമായ ‘പുലി’ രണ്ടാം പതിപ്പില്‍
ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭയാണ് വി.ആര്‍. സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ നിലവിളിമുഴക്കം അദ്ദേഹത്തിന്റെ കഥകളില്‍ ദര്‍ശിക്കാം.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുലി, മേക്കാനത്തെ ഗൗരിയേച്ചി, ഏകരൂല്‍ ലീലാ ടാക്കീസിന്റെ വെള്ളിത്തിരയില്‍, പകതമ, രണ്ടു പെണ്‍കുട്ടികള്‍ എന്റെ കഥയില്‍, അവധൂതന്‍മാരുടെ നാട്, രാജശലഭം, അടുത്ത ബെല്ലോടുകൂടി തുടങ്ങി എട്ടു കഥകളാണ് പുലി എന്ന ഈ ചെറുകഥാ സമാഹാരത്തിലുള്ളത്. പുലിയുടെ രണ്ടാം പതിപ്പ് ഡി.സി. ബുക്‌സ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്.
കഥയില്‍ നിന്ന്
“വെയില്‍ കത്തുന്നതിനുമുമ്പു വാര്‍ത്ത കത്തിപ്പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ മൂസാന്റെ പറമ്പത്തേക്കു കുതിച്ചു. ഒഞ്ചിയത്തെയും കണ്ണൂക്കരയിലേയും സ്‌കൂളുകളില്‍ ആദ്യത്തെ പീരിയഡ് തുടങ്ങിയതേയുള്ളൂ. ചോമ്പാല്‍ തുറമുഖത്തെ മത്സ്യത്തൊഴിലാളികള്‍ കടല്‍ താണ്ടിക്കഴിഞ്ഞിരുന്നു. അങ്ങാടിയിലെ കടകളെല്ലാം തുറക്കപ്പെട്ടിരുന്നു. മേലോട്ട് ഇരമ്പിക്കയറിയ ഷട്ടറുകളെല്ലാം ഒന്നൊന്നായി വേഗത്തില്‍ വലിഞ്ഞു താണു. അര മണിക്കൂര്‍ കൊണ്ട് അങ്ങാടി വിജനമായി…..”
പ്രമേയപരവും ആഖ്യാനപരവുമായി ഏറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന കഥാകാരനാണ് വി.ആര്‍.സുധീഷ്. പുലി പോലെയുള്ള കഥകള്‍ രാഷ്ട്രീയമാനങ്ങള്‍ക്കപ്പുറം കഥാകൃത്തിന്റെ പ്രാദേശിക ഭാഷാ സൗന്ദര്യവും നൈര്‍മ്മല്യവും കാത്തുസൂക്ഷിക്കുന്നുണ്ട്.
Comments are closed.