DCBOOKS
Malayalam News Literature Website

ഇതിഹാസവും നനയും: വിനോയ് തോമസ് എഴുതുന്നു

രുകണക്കിനു പറഞ്ഞാൽ ഇത് എന്റെ എഴുത്തിന്റെ പത്താമത്തെ വർഷമാണ്. രണ്ടായിരത്തി പതിനാല് മെയ് മാസത്തിൽ ഡി സി ബുക്‌സ് നോവൽ Textമത്സരത്തിന്റെ പരസ്യം കണ്ട് എന്നാൽ ഒരു നോവലെഴുതിക്കളയാമെന്നു വിചാരിച്ച് പേനയും കടലാസുമെടുത്ത് ഒറ്റയിരിപ്പിരുന്നു. ആ ഇരിപ്പിലാണ് സാഹിത്യമെഴുത്ത് കുറച്ച് ഗൗരവമുള്ള പണിയാണെന്ന് എനിക്കു തോന്നിത്തുടങ്ങിയത്. ‘കരിക്കോട്ടക്കരി‘ എഴുതിക്കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഇനി കഥകളൊന്നും ഉണ്ടാവില്ലെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമൊക്കെ സമ്മതിക്കണ്ടേ. അവരിങ്ങനെ കഥ കുത്തിപ്പൊക്കിക്കോണ്ടു വരും. ഇപ്പോ എനിക്കു തോന്നുന്നത് എന്റെ ചുറ്റുമുള്ളവരെല്ലാം ജീവിക്കുന്നതുതന്നെ എനിക്കുവേണ്ടി കഥയുണ്ടാക്കാനാണെന്നാണ്. ഈ ‘പ്രോത്താസീസിന്റെ ഇതിഹാസ’വും അങ്ങനെയൊരു കൂട്ടുകാരൻ ഉണ്ടാക്കിത്തന്ന കഥയാണ്. അവനെ നമുക്ക് പാപ്പച്ചൻ എന്നു വിളിക്കാം. കടുത്ത കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന പാപ്പച്ചൻ ചെറുപ്രായത്തിൽ തന്നെ ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചു. ഓരോ കാര്യവും ചെയ്യുന്നതിന് ഓരോ പ്രായമില്ലേ. ഒക്കെ അവന്റെ വിധി. ബാലസാഹിത്യം വായിക്കണ്ട കാലത്ത് ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചതുകൊണ്ട് ആ കക്ഷി പെട്ടു പോയി. നാട്ടിൽ വായനശാലയുടെ സമ്മേളനത്തിനു വന്ന ഒരെഴുത്തുകാരൻ പാപ്പച്ചനെ വേദിയിൽ വിളിച്ചു വരുത്തി മഹാവായനക്കാരൻ എന്ന ലേബലിൽ ആദരിച്ചു.

ബാക്കി എന്തും നമുക്ക് സഹിക്കാം. കലയുടെയും സാഹിത്യത്തിന്റെയും പേരിൽ മുളയിലേ കിട്ടുന്ന ആദരവ്… അതെന്നു പറഞ്ഞാൽ തെങ്ങിൻതൈയുടെ കൂമ്പിൽ മണ്ണെണ്ണ ഒഴിക്കുന്നതുപോലെയാണ്. തീർത്തുകളയും നമ്മളെ.Text ഇപ്പോൾ വാർദ്ധക്യത്തിലേക്കു കടന്ന പാപ്പച്ചൻ ഞാൻ ഖസാക്കിനെയല്ല ഖസാക്ക് എന്നെയാണ് വായിച്ചതെന്നും പറഞ്ഞ് ഒരു പണിയുമെടുക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. പണ്ട് അവനെ ആദരിച്ച് ഒരു വഴിക്കാക്കിയ അതേ നാട്ടുകാർ ഇപ്പോൾ പറയുന്നത് പാപ്പച്ചന്റെ കിളി പോയി എന്നാണ്. എന്റെ പൊന്നു നാട്ടുകാരേ നിങ്ങൾതന്നെയാണ് അതിനുത്തരവാദികൾ. കുരുന്നു പ്രതിഭകളെ നിങ്ങൾ അവഹേളിച്ചോളൂ, എന്നാലും ആദരിക്കരുത്.

പാപ്പച്ചൻ ഒറ്റപ്പെട്ട ഒരു സംഭവമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ‘ഖസാക്കിന്റെ ഇതിഹാസം‘ വായിച്ചു എന്ന ഒറ്റക്കാരണത്താൽ ബുദ്ധിജീവിയായി യാതൊരു പണിക്കും പോകാതെ അലഞ്ഞുതിരിയുന്ന അനേകമാളുകളുള്ള നാടാണ് നമ്മുടേത്. വികാരജീവിയല്ലാത്ത സാധാരണക്കാരനായ ഒരു കൂട്ടുകാരൻ എന്നോടു പറഞ്ഞ അഭിപ്രായമെന്താണെന്നറിയുമോ. ഒരു ബാധ്യതയും ഏറ്റെടുക്കാൻ കഴിയാതെ വെറുതേ നടന്ന് ജീവിതം ആസ്വദിക്കാൻ Textആഗ്രഹിക്കുന്നവരു ടെ ബൈബിളാണ് ‘ഖസാക്കിന്റെ ഇതിഹാസം’. അവരുടെ ദൈവം രവിയും. ആ അഭിപ്രായം വെച്ച് ‘ഖസാക്കിന്റെ ഇതിഹാസം’ ഞാൻ ഒരിക്കൽക്കൂടി വായിച്ചു. സംഗതി ശരിയാണെന്ന് എനിക്കും തോന്നി.

അങ്ങനെയാണെങ്കിൽ വികാരജീവിയായ ഒരു സാധാരണക്കാരൻ ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചാൽ എങ്ങനിരിക്കുമെന്ന് ഞാൻ ആലോചിച്ചതിൽ നിന്നുമുണ്ടായ കഥയാണ് ‘പ്രോത്താസീസിന്റെ ഇതിഹാസം’. കുറച്ചധികം വലിപ്പമുണ്ടെങ്കിലും എന്നെ സംബന്ധിച്ച് ഇത് കഥതന്നെയാണ്. ചെറുകഥയല്ലെന്ന് മാത്രം. അതുപോലുള്ള മറ്റൊരു കഥകൂടി ഈ സമാഹാരത്തിലുണ്ട്. ‘നന’ അഥവാ നല്ലവരുടെ നഗരം.

‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥ ലിജോ ‘ചുരുളി’ സിനിമയാക്കി മാറ്റിയത് ഇടുക്കി കുളമാവിലെ വനപ്രദേശത്തു വെച്ചായിരുന്നു. ആ സമയത്ത് ഷൂട്ടിങ് കാണാനായി ഞാനും അവിടെ പോയിരുന്നു. കാട്ടിലെ വിഷമം പിടിച്ച അവസ്ഥയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ ആ സിനിമയിൽ ആർട്ട്‌ വർക്ക് ചെയ്യുന്ന ഒരാൾ എന്നോടു പറഞ്ഞു, അതേ, വല്ല ഫ്ലാറ്റിലും ഒളിച്ചിരിക്കുന്ന കുറ്റവാളിയെ തേടി പോലീസുകാർ പോകുന്ന കഥയെഴുതിയാൽ പോരായിരുന്നോ നിങ്ങക്ക്. നമ്മളീ കാട്ടിൽ വന്നുകിടന്ന് കഷ്ടപ്പെടണ്ട അവസ്ഥ വരില്ലാരുന്നല്ലോ. പിന്നീടാലോചിച്ചപ്പോഴാണ് ആ കഥയ്ക്ക് അങ്ങനെയൊരു സാധ്യതയുണ്ടല്ലോ എന്ന് ഞാൻ ചിന്തിക്കുന്നത്. അപ്പോൾ കളിഗെമിനാറിന്റെ നേരെ ഓപ്പോസിറ്റ് ഒരു കഥ പറയാം എന്ന് തോന്നി. കുറ്റവാളിയെ അന്വേഷിച്ചു പോകുന്ന പോലീസുകാർ. പക്ഷേ, അവർ ഇക്കുറി എത്തുന്നത് തെറി പറയുന്ന കുഴപ്പം പിടിച്ച മനുഷ്യരുള്ള കാട്ടിലല്ല. കടുത്ത മതവിശ്വാസികളായ നല്ലവർ മാത്രം താമസിക്കുന്ന ഒരു നഗരത്തിലാണ്. ആ നല്ലവർക്കിടയിലുമുണ്ട് ഒരു കുറ്റവാളി. തെമ്മാടികളുടെയിടയിൽനിന്നും കുറ്റവാളിയെ പിടികൂടുക എന്നതിനെക്കാൾ ദുഷ്‌കരമാണ് നല്ലവരുടെയിടയിൽനിന്നും ഒരു ക്രിമിനലിനെ കസ്റ്റഡിയിലെടുക്കുന്നത്.

‘നന’ എന്ന കഥയെഴുതാൻ മറ്റൊരു കാരണംകൂടിയുണ്ട്. സ്വയം തീരുമാനിച്ച് സ്വീകരിക്കുന്ന രക്തസാക്ഷിത്വത്തെപ്പറ്റി എന്റെ കൂട്ടുകാരൻ പറഞ്ഞ ഒരഭിപ്രായമാണ് ഇനി പറയുന്നത്. നന്മ എന്ന് നമ്മൾ കരുതുമെങ്കിലും നമ്മുടെ ശരീരത്തോടും മനുഷ്യജീവനോടും നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് അറിഞ്ഞുകൊണ്ടു പോയി ഏൽക്കുന്ന രക്തസാക്ഷിത്വം. മിക്ക മതങ്ങളും രാഷ്ട്രീയപ്പാർട്ടികളും ബലി എന്നതിനെ മഹത്ത്വവത്‌കരിക്കുന്നുണ്ട്. കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. വിക്കിപീഡിയയിൽ അശ്വമേധയാഗമെന്നും പുരുഷ മേധയാഗമെന്നുമൊക്കെ അടിച്ചു നോക്കിയാൽ നമുക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. വിശുദ്ധ കുറ്റകൃത്യം ചെയ്‌ത പ്രതിയെത്തേടിയാണ് നല്ലവരുടെ നഗരത്തിലേക്ക് പോലീസുകാർ എത്തുന്നത്.

പ്രോത്താസീസിന്റെ ഇതിഹാസം’ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Leave A Reply