DCBOOKS
Malayalam News Literature Website

നീയൊക്കെ ഏത് കാലത്താടാ ജീവിക്കുന്നത്…?

വിനോയ് തോമസിന്റെ രണ്ടു നോവെല്ലകളുടെ (പ്രോത്താസീസിന്റെ ഇതിഹാസം, നന.) സമാഹാരമായ ‘പ്രോത്താസീസിന്റെ ഇതിഹാസ’ ത്തിൽ നിന്നും ഒരു ഭാഗം വായിക്കാം

“നീയൊക്കെ ഏത് കാലത്താടാ ജീവിക്കുന്നത്… ഒരു പെൺകുട്ടി അവളുടെ കൂട്ടുകാരനെ ഒന്നു വിളിച്ചാൽ, അല്ലെങ്കിൽ അവന്റെകൂടെ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി ഒന്നു പുറത്തുപോയാൽ അന്നേരെ അവള് പെഴച്ചുപോയെന്ന് നീയങ്ങു തിരുമാനിക്കുകയാണോ. എടാ, എല്ലാർക്കും അവരവരുടെ അവകാശങ്ങളുണ്ട്. ആരും ആരുടേയും അടിമയൊന്നുമല്ല, മനസ്സിലായില്ലേ. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതിരിക്കുക എന്നതാണ് പാർട്‌ണർഷിപ്പിന്റെ അടിസ്ഥാനതത്ത്വം.”

പ്രോസിയുടെ ആ സിദ്ധാന്തം കേട്ടപ്പോൾ മൃദുലയ്ക്ക് സന്തോഷം തോന്നി. പ്രോസിച്ചേട്ടൻ തന്നെ മനസ്സിലാക്കുന്നുണ്ട്.

“പ്രോസിച്ചേട്ടാ, അങ്ങനെയാണെങ്കി എനിക്കും എന്റെ സ്വാതന്ത്ര്യം എടുക്കാല്ലോ. അപ്പോ അവള് പരാതീം പറഞ്ഞോണ്ട് വന്നേക്കരുത്.

അപ്പോഴാണ് മൃദുലയ്ക്ക് പ്രോസിസിദ്ധാന്തത്തിന്റെ അപകടം പിടികിട്ടിയത്.

”അങ്ങനെയാകുമ്പോ പിന്നെ ഫാമിലിലൈഫ് മുന്നോട്ടു പോകുവോ?” മൃദുലയുടെ ആ ചോദ്യം തന്റെ ആശയത്തെ കൂടതൽ വിശദീകരിക്കാനുള്ള അവസരമായിട്ടാണ് പ്രോസി കണ്ടത്.

“എന്തിന് മുൻപോട്ടു കൊണ്ടുപോകണം. രണ്ടുപേരുടേയും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി പരസ്പ്‌പരം തല്ലുപിടിച്ച് യാതനകൾ സഹിച്ച് എന്തിനാണ് ഈ നരകം നിങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.”

“ചേട്ടാ, കുട്ടികളില്ലേ… അവരുടെ കാര്യം ആരു നോക്കും.. എന്റെ റിൻസുചേട്ടനേം മക്കളേം പിരിയുന്ന കാര്യം എനിക്ക് ചിന്തിക്കാൻപോലും പറ്റിയേല. ചേട്ടനെന്നെ ഉപേക്ഷിച്ചാ അവിടെ ഞാൻ ജീവിതം തീർക്കും.”

അതു കേട്ടപ്പോൾ റിൻസിനും കണ്ണുനിറഞ്ഞു. അവൻ മൃദുലയുടെ കൈയിൽ പിടിച്ചു.

“ചേട്ടാ, എനിക്ക് പറ്റിപ്പോയി. ക്ഷമിക്ക് ചേട്ടാ.”

മൃദുല റിൻസിന്റെ കാലുപിടിച്ചു. അതുംകൂടി കണ്ടാ പ്രോസിക്ക് സഹിച്ചില്ല.

“എന്തു വൃത്തികേടാണിവിടെ നടക്കുന്നത്. കാലുപിടിത്തവും മാപ്പുപറച്ചിലും കോപ്പും… വല്ലാത്ത ഒരവസ്ഥതന്നെ. നമ്മളിതുവരെ പത്തൊമ്പതാം നൂറ്റാണ്ടീന്ന് വണ്ടി കേറീട്ടില്ല. എന്റെ പൊന്നു പെങ്കൊച്ചേ, നിനക്കൊക്കെ എന്നുമിങ്ങനെ അടിമയായിട്ട് ജീവിക്കാനാണ് വിധി. അതെങ്ങനെയാ പുസ്‌തകം വായിക്കിയേല. ഒന്നും വേണ്ട ഒന്നു പൊറത്തേക്കിറങ്ങി നോക്ക് നിങ്ങള്… മനുഷ്യരൊക്കെ എങ്ങനെയാ ജീവിക്കുന്നേന്ന്…”

Text“അത്രയുമായപ്പോഴേക്കും റിൻസ് മൃദുലയുടെ കൈയിലുള്ള പിടിത്തം മുറുക്കി.

“പ്രോസിച്ചേട്ടാ മതി, ഞങ്ങളെങ്ങനെയെങ്കിലും ജീവിച്ചോളാം. ചേട്ടൻ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചേട്ടന്റെ കുടുംബത്തിൽ ചെയ്‌ത്‌ കാണിക്ക് കെട്ടോ.”

അതും പറഞ്ഞ് റിൻസും മൃദുലയും പുറത്തേക്കിറങ്ങി. അവർ പോയിക്കഴിഞ്ഞപ്പോൾ റോസിച്ചേടത്തി പ്രോസിയോടു ചോദിച്ചു:

“എടാ, എനിക്കറിയാൻ മേലാഞ്ഞ് ചോദിക്കുവാ, നിനക്കെന്നാ പറ്റിയെ..?”

പിന്നീട് ഒരു മാസത്തിനിടയ്ക്ക് ആ ചോദ്യം പല പ്രാവശ്യം വിജിക്കും പ്രോസിയോടു ചോദിക്കേണ്ടിവന്നു. പക്ഷേ, പ്രോസിക്ക് എല്ലാത്തിനും മറുപടിയുണ്ടായിരുന്നു.

“വിജീ, നീയോലോചിച്ചു നോക്ക്. കല്യാണം കഴിഞ്ഞതിൽ പിന്നെ എപ്പോഴെങ്കിലും നിനക്ക് മറ്റൊരു പുരുഷനോടു തോന്നുന്ന പ്രണയം തുറന്നുപറയാൻ കഴിഞ്ഞിട്ടുണ്ടോ…”

“ചേട്ടന് പ്രാന്താണോ. അങ്ങനെ തോന്നുന്നതു മുഴുവൻ പറഞ്ഞോണ്ടു നടന്നാൽ നമ്മുടെ കുടുംബജീവിതം ഉണ്ടാകുവോ..?”

“അപ്പോ നിനക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, അതിനു തടസ്സമായി നിൽക്കുന്നത് നമ്മുടെ കുടുംബജീവിതമാണ്. അതാണ് ഞാൻ പറയുന്നത് നമ്മുടെ സങ്കല്പങ്ങളെയും സ്വപ്‌നങ്ങളെയും ശാരീരികാവശ്യങ്ങളെയുമൊക്കെ അടിച്ചമർത്താനുള്ള വലിയൊരു യന്ത്രസംവിധാനമാണ് കുടുംബം എന്നത്. അതിന്റെ ഭീമൻപല്ലുകളിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മളെല്ലാവരും.”

വിജി ഒന്നും മനസ്സിലാകാതെ കുറച്ചുനേരം പ്രോസിയെ തുറിച്ചു നോക്കി. പിന്നെ അവൾ പതുക്കെ വിതുമ്പിത്തുടങ്ങി.

“പപ്പേ, പപ്പ പറയുന്ന കുറേ കാര്യങ്ങൾ ശരിയാണ്. പക്ഷേ, നമ്മുടെ നാട്ടിൽ അതൊക്കെ വർക്കാകുവോന്നാ.” പ്രോസിയെ ഒറ്റയ്ക്കു കിട്ടിയപ്പോൾ അൽഫോൻസ പറഞ്ഞു. അതു കേട്ടപ്പോൾ പ്രോസിക്ക് കുറച്ച് ആശ്വാസമായി. ഒരാളെങ്കിലും തന്നെ മനസ്സി ലാക്കുന്നുണ്ടല്ലോ.

“മോളേ, നമ്മൾ ശ്രമിക്കുകയാണ്, മാറ്റം കൊണ്ടുവരാൻ. ഇങ്ങനെ ആരെങ്കിലുമൊക്കെ ഇടപെടാനില്ലെങ്കിൽ ഈ സമൂഹത്തിൽ പഴഞ്ചൻരീതികൾ തുടരുകയേ ഉള്ളൂ.”

“എന്റെ ബർത്ത്ഡേയാണ് വരാൻ പോകുന്നത്. അത് ഗംഭീരമാക്കുമെങ്കിൽ ഞാൻ പപ്പയുടെകൂടെ കട്ടയ്ക്കു നിൽക്കും.”

“യെസ്, നമ്മളത് പൊളിക്കും.”

പിന്നീടുള്ള ദിവസങ്ങളിൽ പ്രോസി ഭയങ്കരമായ ആലോചനയിലും ഫോൺവിളികളിലുമായിരുന്നു. വലിയ രീതിയിലുള്ള ആഘോഷങ്ങളോടെ അൽഫോൻസയുടെ ബർത്ത്ഡേ നടന്നു. അന്നു രാത്രി പ്രോസി കുടുംബത്തിലുള്ള എല്ലാവരെയും വിളിച്ച് രൂപക്കൂടിനു മുന്നിൽ നിർത്തി.

“ഞാൻ വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്താൻ പോവുകയാണ്.”

റോസച്ചേടത്തിയും വിജിയും അൽഫോൻസയും ബാംഗ്ലൂരിൽനിന്നും ലീവിനു വന്ന തോമസും ആകാംക്ഷയോടെ പ്രോസിയെ നോക്കി. പ്രോസി മേശവലിപ്പിൽനിന്നും പ്രിൻ്റ് ചെയ്‌ത ഒരു മുദ്ര പത്രം പുറത്തെടുത്തു.

“പ്രോത്താസിസ് ആറ്റുകടമ്പനെന്ന ഞാൻ എന്റെ കുടുംബാംഗങ്ങൾ മുൻപാകെ ഉത്തമബോധ്യത്തോടെ നടത്തുന്ന സത്യപ്രഖ്യാപനം. ഇന്ന് എന്റെ ഇളയമകൾ അൽഫോൻസയ്ക്കും പതിനെട്ടു വയസ്സ് പൂർത്തിയായിരിക്കുകയാണ്. ഇതോടെ ഈ കുടുംബ ത്തിലുള്ള എല്ലാവരും പ്രായപൂർത്തിയായിക്കഴിഞ്ഞു.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.