DCBOOKS
Malayalam News Literature Website

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ല: മിസോറാമില്‍ പ്രതിഷേധം

മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞചെയ്ത കുമ്മനം രാജശേഖരനെതിരെ കടുത്ത പ്രതിഷേധവുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം). ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഹിന്ദു ഐക്യവേദി, വി.എച്ച്.പി സംഘടനകളുമായി അടുത്ത ബന്ധമുള്ള വ്യ്ക്തിയെന്ന നിലയില്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ല’ എന്ന് പ്രിസം ചൂണ്ടിക്കാണിക്കുന്നു. മതേതരത്വ വിരുദ്ധ നിലപാടുള്ള കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറാകുന്നത് തങ്ങളെ ആശങ്കയിലാക്കുന്നു. അദ്ദേഹത്തെ ഗവര്‍ണറായി നിയമിക്കുന്നത് മിസോറാമിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും എന്നും പ്രിസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

1983 ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷത്തില്‍ പങ്കുള്ളയാളാണ് കുമ്മനമെന്ന് പ്രിസം ആരോപിക്കുന്നു. പ്രിസം പ്രസിഡണ്ട് വന്‍ലാല്രുവാത്തയും ജനറല്‍ സെക്രട്ടറി ലാല്രാനിന്‍സുവാലയും സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലാണ് കുമ്മനത്തെ ഗവര്‍ണറായി തുടരാന്‍ അനുവദിക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മിസോറാമില്‍ അഴിമതിക്കെതിരെ രൂപീകരിക്കപ്പെട്ട സംഘടനയായ പ്രിസം പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറി. 87 ശതമാനവും ക്രിസ്ത്യാനികളുളള സംസ്ഥാനത്ത് രാജശേഖരനെപ്പോലെയുള്ള തീവ്ര ഹിന്ദുത്വവാദിയായ ഒരാളെ നിയമിക്കരുതെന്നാണ് ക്രിസ്ത്യന്‍ ഇന്‍ മിസോറാം പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത്. കുമ്മനം രാജശേഖരന് പകരം ഭേദപ്പെട്ട മനസുള്ള ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ഇവര്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളെയും പ്രിസം സമീപിച്ചിട്ടുണ്ട്.

 

Comments are closed.