എണ്‍പതിന്റെ നിറവില്‍ പ്രൊഫ.എസ്.ശിവദാസ്
ശാസ്ത്രകൗതുകങ്ങളെ ഏറെ ലളിതവും ഹൃദ്യവുമായി കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മലയാളത്തിന്റെ പ്രിയ ശാസ്ത്രസാഹിത്യകാരന്‍ പ്രൊഫ.എസ്.ശിവദാസിന് ഇന്ന് എണ്‍പത് വയസ്സ് പൂര്‍ത്തിയാകുന്നു. കുട്ടികളുടെ പ്രിയപ്പെട്ട യുറീക്ക മാമനായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഒരു തലമുറയെ ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റേയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ ഒരു മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഒരു കോളേജ് അധ്യാപകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ശാസ്ത്രത്തോടുള്ള സമീപനം ഏറെ വൈവിധ്യമാര്‍ന്നതും രസാവഹവുമാണ്. ഇരുനൂറിലധികം ബാലസാഹിത്യകൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളും കടന്നുവന്നു.
1940 ഫെബ്രുവരി 19-ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ഉല്ലലയിലായിരുന്നു പ്രൊഫ.എസ്.ശിവദാസിന്റെ ജനനം. 1962-ല്‍ കോട്ടയം സി.എം.എസ് കോളെജില്‍ രസതന്ത്രവിഭാഗം അധ്യാപകനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറി, യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ എങ്ങനെ? എന്നിവയുടെ എഡിറ്റര്‍, പരിഷത് പ്രസിദ്ധീകരണസമിതി ചെയര്‍മാന്‍, വിശ്വവിജ്ഞാനകോശം കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995-ല്‍ രസതന്ത്രവിഭാഗം മേധാവിയായി വിരമിച്ച ശേഷം മുഴുവന്‍സമയ എഴുത്തിലേക്ക് കടന്നു.
കഥകള്‍, നാടകങ്ങള്‍, നോവലുകള്‍, ശാസ്ത്രലേഖനങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് രചനകള്‍. ഭാരതസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും ഉള്‍പ്പെടെ നിരവധി ബാലസാഹിത്യ അവാര്‍ഡുകളും ശാസ്ത്രസാഹിത്യ അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
പ്രധാന പുരസ്‌കാരങ്ങള്‍
1987, 1991,2000 വര്‍ഷങ്ങളില്‍ കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ പുരസ്‌കാരം, 1990-ലെ എന്‍.സി.എസ്.ടി.സി ദേശീയ പുരസ്‌കാരം, 1995-ലെ ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം, 1997-ലെ എന്‍.സി.ഇ.ആര്‍.ടി ദേശീയ പുരസ്‌കാരം, 1997,2007 വര്‍ഷങ്ങളിലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2010-ലെ എ.ഡബ്ല്യു.ഐ.സി പുരസ്‌കാരം, 2014-ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഫെല്ലോഷിപ്പ്, 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, 2020-ലെ ഗുജറാത്ത് സയന്‍സ് അക്കാദമി ബൂട്ടി ഫൗണ്ടേഷന്‍ പുരസ്‌കാരം തുടങ്ങിയവ.
പ്രൊഫ.എസ്.ശിവദാസിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
Comments are closed.