DCBOOKS
Malayalam News Literature Website

സി ആർ ഓമനക്കുട്ടൻ അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. വാചാര്‍ത്ഥത്തില്‍ ചെറിയകഥകളെന്നു തോന്നിക്കുന്ന എന്നാല്‍ അതിനുമപ്പുറം വ്യക്ത്വമുള്ള രചനകളാണ് സി ആര്‍ ഓമനക്കുട്ടന്റേത്. നര്‍മവും ആത്മാനുഭവപ്രധാനവുമാണ് അവ.

‘കഥകള്‍’,നിറംപിടിപ്പിക്കാത്ത നേരുകള്‍‘, കാല്പാട്,  ‘ശവംതീനികള്‍‘, ‘തിരഞ്ഞെടുത്ത കഥകള്‍’ എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ദേവദാസ്, ഫാദർ സെർജിയസ്, കാർമില എന്നീ വിവർത്തനകൃതികളും അദ്ദേഹത്തിന്റേതായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘തിരഞ്ഞെടുത്ത കഥകള്‍’, ‘ശവംതീനികള്‍ ‘ എന്നീ പുസ്തകങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ് വേയുടെ വാട്ടര്‍ ഫ്രണ്ട് ഹാളില്‍ നടന്ന ചടങ്ങില്‍വെച്ചാണ് പ്രകാശനം ചെയ്തത്. നടൻ മമ്മൂട്ടിയായിരുന്നു ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ സി ആർ എഴുതിയ  ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുണ്ട രാഷ്ട്രീയ ചരിത്രം പ്രൊഫസർ സി ആർ ഓമനക്കുട്ടൻ ഈ ഗ്രന്ഥത്തിലൂടെ തീവ്രമായ ഒരു അനുഭവം ആക്കി മാറ്റുകയായിരുന്നു.

1943 ഫെബ്രുവരി 13-ന് കോട്ടയത്ത് ജനിച്ചു. അച്ഛൻ: സഖാ രാഘവൻ. അമ്മ: പെണ്ണമ്മ. കോട്ടയം നായർസമാജം ഹൈസ്കൂൾ, സി.എം.എസ്. കോളജ്, കൊല്ലം എസ്.എൻ. കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. സിനിമാമാസിക, ഗ്രന്ഥാലോകം, പ്രഭാതം എന്നീ പത്രമാസികളിൽ സബ് എഡിറ്റർ, തുടർന്ന് കേരളസർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി. 1973 മുതൽ ഗവൺമെന്റ് കോളേജുകളിൽ മലയാളം ലക്ചറർ, ഇരുപത്തിരണ്ടു വർഷം എറണാകുളം മഹാരാജാസ് കോളജിൽ. 1998-ൽ റിട്ടയർ ചെയ്തു.

സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ് ഉപദേശകസമിതി, ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി സർവ്വകലാശാല പാഠ്യപദ്ധതി പരിഷ്കരണസമിതി, വിശ്വവിജ്ഞാനകോശം പത്രാധിപസമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഭാര്യ: ഹേമലത. മക്കൾ: അമൽ നീരദ്, അനൂപാ ഗോപൻ.

Comments are closed.