DCBOOKS
Malayalam News Literature Website

മലയാള കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ യു. കെ കുമാരന്റെ പ്രിയപ്പെട്ട കഥകള്‍

മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.കെ കുമാരന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് പ്രിയപ്പെട്ട കഥകള്‍. ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തു മാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന അപ്രമാദിതമായ വൈകാരികാവസ്ഥയിലൂടെ അദൃശ്യസഞ്ചാരിയായി അവന്‍ മാറുന്നുവെന്നും അടയാളപ്പെടുത്തുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹപര്‍വ്വം, വ്യക്തിപര്‍വ്വം എന്നിങ്ങനെ രണ്ടു ഭാഗങ്ങളില്‍ ശ്രദ്ധേയങ്ങളായ 35 കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന  പ്രിയപ്പെട്ട കഥകളുടെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

1950 മെയ് 11-ന് കോഴിക്കോട് ജില്ലയിലാണ് യു.കെ. കുമാരന്റെ ജനനം. ഗുരുവായൂരപ്പന്‍ കോളെജില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. വീക്ഷണം വാരികയില്‍ പത്രപ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. വാരികയുടെ അസി. എഡിറ്ററും കേരള കൗമുദി കോഴിക്കോട് യൂണിറ്റ് ചീഫും ആയിരുന്നു. വയലാര്‍ അവാര്‍ഡ്, എസ്. കെ പൊറ്റെക്കാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തക്ഷന്‍കുന്ന് സ്വരൂപം, റെയില്‍പ്പാളത്തില്‍ ഒരു കുടുംബം ധ്യാനിക്കുന്നു, ഒരാളേ തേടി ഒരാള്‍, ഒറ്റയ്‌യ്‌ക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്?, ഒരു ബന്ധു കാത്തിരിക്കുന്നു, എല്ലാം കാണുന്ന ഞാന്‍, ഓരോ വിളിയും കാത്ത്, ഒറ്റവാക്കില്‍ ഒരു ജീവിതം തുടങ്ങി നാല്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച യു.കെ കുമാരന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.