സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു
സംസ്ഥാനത്ത് ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി പണിമുടക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ബസ് ചാര്‍ജ് മിനിമം എട്ട് രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന ബസ് വ്യവസായത്തിനെ ഈ വര്‍ധനവ് സഹായിക്കുകയില്ലെന്നും മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമകളുടെ യോഗം തീരുമാനിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം 19 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തുവാനും സംയുക്തസമര സമിതി തീരുമാനിച്ചിട്ടുണ്ട്.
മിനിമം ചാര്‍ജ്ജില്‍ ഒരു രൂപയുടെ വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്ര ഇളവ് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്നും നിലവിലുള്ള യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണെന്നിരിക്കെ നിരക്ക് വര്‍ധനവ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പിലാക്കാതെ ബസ് വ്യവസായം നിലനില്‍ക്കില്ല.യാത്രക്കൂലിയുടെ അമ്പത് ശതമാനം കണ്‍സഷനായി വിദ്യാര്‍ഥികള്‍ നല്‍കണമെന്നും സംയുക്തസമരസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മറ്റിക്ക് രൂപം നല്‍കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകള്‍ മുന്നോട്ടുവയ്ക്കുന്നു.
12 സംഘടനകള്‍ക്ക് കിഴിലെ 14,800ഓളം സ്വകാര്യ ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സമരം പൂര്‍ണമായിരിക്കുമെന്നും സമരസമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Comments are closed.