ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികന്‍ മരിച്ച നിലയില്‍
ദില്ലി: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ രൂപതയിലെ വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറ(62)യെ മരിച്ച നിലയില്‍ കണ്ടെത്തി. ജലന്ധറിന് സമീപം ദസ്‌വയിലെ പള്ളിയിലെ മുറിയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് മുറിവിട്ട് പുറത്തേക്ക് വന്നിരുന്നില്ല. ഇന്ന് രാവിലെ കുര്‍ബാനയ്ക്ക് വൈദികനെ കാണാതായപ്പോള്‍ ജോലിക്കാരന്‍ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അടുത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ.കുര്യാക്കോസ് സഹായങ്ങള്‍ നല്‍കിയിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. ബിഷപ്പിനെതിരെ പൊലീസിന് മൊഴി നല്‍കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന് ആദ്യം മുതല്‍ പൊലീസിന്റെ ഭീഷണിയുണ്ടായിരുന്നതായും മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യമാണെന്നും വൈദികന്റെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments are closed.