DCBOOKS
Malayalam News Literature Website

വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണം: അരുന്ധതി റോയ്

വിഭവങ്ങള്‍ അത് ഏതുമാകട്ടെ പണമോ, മൂല്യമുള്ള വസ്തുക്കളോ സമൂഹത്തിലെ ചില വ്യക്തികളിലോ ചില വര്‍ഗങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലേക്കും എത്തിപ്പെടുന്ന തരത്തില്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം വരേണ്ടതുണ്ടെന്ന് അരുന്ധതി റോയ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തന്റെ ഈ പ്രത്യേയശാസ്ത്രമാണ് 20 വര്‍ഷമായി വായനക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരെ ചൂഷണം ചെയ്ത് കൊള്ളലാഭം നേടുന്ന വന്‍കിട കമ്പനികളാണ് സാധാരണയായി ഇത്തരം മേളകള്‍ സംഘടിപ്പിക്കാറ് അവര്‍ക്ക് അവ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് . അതിനാല്‍ തന്നെയാണ് അത്തരം പരിപാടികളില്‍ പങ്കെടുക്കാത്തത്. എന്നാല്‍ ഇവിടെ കോഴിക്കോട് എനിക്ക് കാണാന്‍ കഴിഞ്ഞത് ഒരു സംസ്ഥാനത്തിന്റെ തന്നെ മേളയാണ്. സാധാരണ പരിപാടികള്‍ എലീറ്റ് എന്ന് നാം വിളിക്കുന്ന വിഭാഗത്തിന് മാത്രമായി മാറുമ്പോള്‍ ഇവിടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഊര്‍ജ്വസ്വലതയുള്ള യുവതീയുവാക്കളും ജനാധിപത്യബോധമുള്ള ഒരു സമൂഹവുമാണ് ഇവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്.

കലുഷിതമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത് നമ്മുടെ പ്രതികരണങ്ങളെപ്പോലും നിശബ്ദമാക്കുകയാണ്. ഭയപ്പെടുത്തി കാര്യം നേടുക എന്ന ഫാസിസ്റ്റ് രീതിയാണ് ഇന്ന് ഭരണത്തിലിരിക്കുന്ന വിഭാഗം കൈക്കൊള്ളുന്നത് കേവലം അഞ്ച് മിനുട്ടിന്റെ സമയപരിധിയില്‍ പറഞ്ഞു തീര്‍ക്കാനോ പരിഹാരം നിര്‍ദ്ദേശിക്കാനോ പറ്റാത്ത ഒരു വിഷയമാണത്. ഭീഷണി ഫാസിസത്തിന്റെ മാതാവാണ് അത് മാത്രം ഓര്‍ക്കണമെന്ന മൊഴിയോടെ പത്രസമ്മേളനം അവസാനിച്ചു.

 

Comments are closed.