നിരുപാധിക പ്രണയത്തിന്റെ ബസ് യാത്ര……
ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിന് ശ്യാം സോര്‍ബ എഴുതിയ വായനാനുഭവം
പ്രേമനഗരം – പ്രസ്തുത നഗരത്തിന് ഇത്രമേൽ ഭംഗി ഉണ്ടായിരുന്നു എന്നും, ഇത്രമേൽ പ്രണയാതുരമായിരുന്നു എന്നും നീലുവിലൂടെയും മാധവിലൂടെയുമാണ് തിരിച്ചറിയുന്നത്.അപ്മാർക്കറ്റ് ഫിക്ഷൻ എന്നൊരു വിഭാഗത്തിൽ പെടുത്താവുന്ന മനോഹരമായ ഒരു വായനനുഭവമാണ് ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, പ്രേമവും രതിയും ദർശനവും ആത്മാബോധവും ഇഴച്ചേർന്നൊരു നോവൽ.
എന്ത് മനോഹരമായിരുന്നു അവരുടെ പ്രണയം. ആദ്യത്തെ കൂട്ടിമുട്ടലും, അവിചാരിതമായ കണ്ടുമുട്ടലുകളും, പിന്നീട് പ്രണയത്തിലേക്കുള്ള വളർച്ചയും, രതിയുടെ പൂർണ്ണതയും അങ്ങനെ മനോഹരമായ ഒരു ജീവിതചക്രം തന്നെ ആയിരുന്നു പ്രേമനഗരം. മലയാള പൊതുബോധത്തിന്റെ ബോധത്തലങ്ങളിൽ ഒരു തരത്തിലും അംഗീകരിക്കപ്പെടാൻ സാധ്യത ഇല്ലാത്ത പ്രണയം.
എങ്കിലും മാധവ്, നീ ഒരുതരത്തിൽ കേരളത്തിലെ സകല കാമുകന്മാരുടേം പ്രതീകമായി ചില സമയത്ത് മാറുന്നത് ഞാൻ കണ്ടിരുന്നു. ഇടക്കെപ്പഴോ കയറി വരുന്ന വൃത്തികെട്ട പൊസ്സസിവനെസ്സും ആൺ അഹന്തയും ഒക്കെ നിന്നിൽ നിഴലിച്ചു നിന്നു. അവളിലൂടെ സംഭവിച്ച നിന്റെ മാറ്റങ്ങൾ മനോഹരമാണ്. നീ കഥ പറയാൻ തുടങ്ങിയതും, പ്രണയിക്കാൻ പഠിച്ചതും, ചിന്തിക്കാൻ (മനോഹരമായി) പഠിച്ചതും അവളിലൂടെ ആണ്. നീ ഏറ്റവും മനോഹരമായി നടത്തിയ യാത്രയും ഒരുപക്ഷെ ആദ്യത്തെ ആ യാത്ര തന്നെ ആയിരിക്കും. ആദ്യ ഇണച്ചേരൽ പൂർണതയിൽ എത്തിക്കാൻ പറ്റാതെ നിന്നെ ചേർത്ത് പിടിച്ചുകൊണ്ടു എടാ ഞാൻ തൃപ്‌തിയാണ് എന്ന് പറയുന്ന നീലു നിന്റെ രതി സങ്കൽപ്പങ്ങക്ക് പുതിയ വാസന നൽകി… അങ്ങനെ മാധവ്, അവളിലൂടെ നിന്നെ നിന്നെ കണ്ടെത്തി…
നീലു, നീ ആരായിരുന്നു? എന്തിനായിരുന്നു അവനിലേക്ക് പ്രവേശിച്ചത്? എന്തിനാണ് ഞാൻ ഒരു ആത്മാവ് ആണെന്ന് അവനെ വിശ്വസിപ്പിച്ചത്? അറിയില്ല, ഒരുപക്ഷെ അതുകൊണ്ടാകും ഇന്ന് അവൻ ഏറ്റവും മനോഹരമായി പ്രണയിക്കാൻ പഠിച്ചത്. ഏറ്റവും തീവ്രമായി പ്രണയിക്കാൻ പഠിച്ചത്. ആൾതിരക്കുള്ള ബസ്സിൽ ആദ്യമായി അവനെ നീ ചുംബിച്ചപ്പോൾ, പേടി കൊണ്ട് തുറന്നിട്ട മുറിയുടെ വാതിൽ നീ പോയി അടച്ചപ്പോൾ, ആദ്യ രതിയിൽ നിരാശനായി തളർന്ന അവനെ എടാ ഞാൻ തൃപ്തയാണ് എന്ന് പറഞ്ഞു ചേർത്ത് പിടിച്ചപ്പോൾ, അവന് ചോറ് വാരി കൊടുത്തപ്പോൾ, ചിലപ്പോൾ അവന്റെ പ്രണയം ഉള്ളിൽ മറച്ചു പിടിച്ചുകൊണ്ടു നീ ഒരു അമ്മയും ഭാര്യയുമാണ് എന്ന് സ്വയം പറയുമ്പോൾ ഒക്കെ ഏറ്റവും മനോഹരമായ ഒരു കവിതയായി മാറുകയായിരുന്നു നീ…..
ഒരുപാട് തോന്നലുകളുടെ വേലിയേറ്റമാണ് പ്രേമനഗരം…. അവനിൽ അവൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന ചിലതുണ്ടായിരുന്നു…. അത് ഏറ്റവും മനോഹരമായി പൂർത്തിയാക്കി നീ ഒരുവാക്ക് പോലും പറയാതെ പോകുമ്പോൾ, പോയി ഒരു മെയിൽ അയച്ചുകൊണ്ട് അവനെ വീണ്ടും ചേർത്ത് പിടിക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്… നിന്നെക്കാൾ മനോഹരമായി അവനെ പ്രണയിക്കാൻ മറ്റൊരാൾക്ക് കഴിയില്ല…. അവനെക്കാൾ മനോഹരമായി നിനക്ക് കഥകൾ പറഞ്ഞു തരാനും നിന്നെ കേൾക്കാനും മറ്റൊരാൾക്ക് കഴിയില്ല.
അവൻ ഇപ്പഴും നിന്നെ പ്രണയിക്കുന്നണ്ട്…. അതി തീവ്രമായി തന്നെ…. വീണ്ടും ഒരു തുടക്കം ആഗ്രഹിച്ചുകൊണ്ട്…..
“ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോലെ, നാം തൊട്ടമാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ”
Comments are closed.