DCBOOKS
Malayalam News Literature Website

എന്തുകൊണ്ട് ‘പ്രായമാകുന്നില്ല ഞാന്‍’ എന്ന പുസ്തകം?: എഴുത്തനുഭവം പങ്കുവെച്ച് ഉണ്ണി ബാലകൃഷ്ണന്‍

പ്രായം കേവലം സമയവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന പ്രതിഭാസമല്ല

‘പ്രായമാകുന്നില്ല ഞാന്‍’എന്ന പുതിയ പുസ്തകത്തിന്റെ എഴുത്തനുഭവം ഉണ്ണി ബാലകൃഷ്ണന്‍  പങ്കുവെക്കുന്നു 

2019-ല്‍ എനിക്ക് 50 വയസ്സ് തികഞ്ഞു. ആദ്യമായി ഞാന്‍ എന്റെ പ്രായത്തെക്കുറിച്ച് ആലോചിക്കുന്നത് ആ പിറന്നാള്‍ ദിനത്തിലാണ്. ഈ ഭൂമിയില്‍ ഞാന്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. എനിക്ക് പ്രായമായിരിക്കുന്നു. എന്റെ അമ്മ അവരുടെ 23-ാം വയസ്സിലാണ് എന്നെ  പ്രസവിച്ചത്. അതായത് എനിക്ക് ഒരു വയസ്സ് പൂര്‍ത്തിയായപ്പോള്‍ എന്റെ അമ്മയ്ക്ക് 24 വയസ്സായി. ഞങ്ങള്‍ തമ്മില്‍ 23 വര്‍ഷങ്ങളുടെ ദൂരം. അത് വലിയ ദൂരം തന്നെയായിരുന്നു. എന്റെ അമ്മയെ പൂര്‍ണമായും ആശ്രയിച്ചാണ് അന്ന് ഞാന്‍ ജീവിച്ചിരുന്നത്. എല്ലാ കുട്ടികളും അങ്ങനെയാണ്. ലാളനയും കൊഞ്ചിക്കലും ഒഴിച്ചാല്‍ ഞങ്ങള്‍ക്കിടയില്‍ ഒരാശയവിനിമയവും അക്കാലത്ത് നടന്നിരുന്നില്ല. എനിക്ക് 50 വയസ്സ് തികഞ്ഞപ്പോള്‍ എന്റെ അമ്മയുടെ പ്രായം 73 ആയി. ഞങ്ങള്‍ക്കിടയിലെ പ്രായത്തിന്റെ ദൂരം ഇപ്പോഴും 23 വര്‍ഷങ്ങള്‍തന്നെയാണ്. എന്നാല്‍ എനിക്കും എന്റെ അമ്മയ്ക്കുമിടയില്‍ ഇപ്പോള്‍ ഒരകലവുമില്ല. ഒരേസമയം പ്രായമായിക്കൊണ്ടിരിക്കുമ്പോഴും, ഒരേ കാലയളവിന്റെ ഇടദൂരം സ്ഥിരമായിത്തന്നെ തുടരുമ്പോഴും ഞങ്ങള്‍ക്കിടയില്‍ അകലം കുറയുകയാണ് ചെയ്തത് നോക്കൂ… നമുക്ക് പ്രായമേറുന്തോറും നമുക്കു മുന്നേ സഞ്ചരിക്കുന്നവരുമായുള്ള അകലം കുറയുകയാണ് ചെയ്യുക. വിചിത്രമായതും എന്നാല്‍ യാഥാര്‍ത്ഥ്യമായതുമായ ഒരു പ്രതിഭാസമാണത്.

എനിക്ക് 31 വയസ്സുള്ളപ്പോഴാണ് എന്റെ മകള്‍ ജനിക്കുന്നത്. എനിക്ക് 50 വയസ്സായപ്പോള്‍ എന്റെ മകള്‍ക്ക് 18 വയസ്സായി. സ്‌നേഹവാല്‍സല്യങ്ങള്‍കൊണ്ട് ഞങ്ങള്‍ക്കിടയില്‍ വലിയ അടുപ്പം തന്നെയാണുള്ളത്. എന്നാല്‍ പ്രായഭേദത്തില്‍ ഞങ്ങള്‍ക്കിടയില്‍ വലിയ അകലം ഉണ്ട്. നോക്കൂ… Textനമുക്ക് പ്രായമേറുന്തോറും നമുക്കു പിന്നാലെ വരുന്നവരുമായുള്ള അകലം കൂടുകയാണ് ചെയ്യുന്നത്. പ്രായമാകുമ്പോള്‍ നമുക്കുമുന്നേ സഞ്ചരിക്കുന്നവരുമായുള്ള അകലം കുറയുകയും നമുക്ക് പിന്നാലെ വരുന്നവരുമായുള്ള അകലം കൂടുകയും ചെയ്യുന്നു! പ്രായത്തിന്റെ വിചിത്രമായ ഈ സ്വഭാവമാണ് ആദ്യം എന്നെ അലട്ടിയത്. അങ്ങനെയാണ് ‘പ്രായമാകല്‍’ എന്ന വിഷയത്തിലേക്ക് ഞാന്‍ എത്തിച്ചേരുന്നത്. പ്രായമാകുമ്പോള്‍ എന്തുകൊണ്ട് നമുക്കു മുന്നേ സഞ്ചരിക്കുന്നവരുമായുള്ള അകലം കുറയുന്നു? എന്തുകൊണ്ട് നമുക്കു പിന്നാലെ വരുന്നവരുമായുള്ള അകലം കൂടുന്നു? കാരണം പ്രായം കേവലം സമയവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന പ്രതിഭാസമല്ല. അത് ആശയങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. നാമോരോരുത്തരും ഓരോ ആശയങ്ങള്‍ കൂടിയാണ്. നാം ഒരാശയത്തെയാണ് (കാഴ്ചപ്പാടിനെയാണ്) പ്രതിനിധാനം ചെയ്യുന്നത്. ആശയങ്ങള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. അങ്ങനെ ഒരു പ്രത്യേക പ്രായത്തിനുശേഷം പ്രായമായവര്‍ക്കിടയില്‍ അകലം കുറയും. കാരണം അവര്‍ ഏറക്കുറെ ഒരേ ആശയ ലോകത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഞാനും എന്റെ അമ്മയും ഒരേ ആശയലോകത്താണുള്ളത്. എന്നാല്‍ ഞാനും എന്റെ മകളും രണ്ട് വ്യത്യസ്ത ആശയങ്ങളുടെ ലോകത്താണുള്ളത്. അപ്പോള്‍ ഞാനും എന്റെ അമ്മയും ഒരേ ലോകം പങ്കുവെക്കുന്നു; ഞാനും എന്റെ മകളും രണ്ട് ലോകങ്ങളില്‍ ജീവിക്കുന്നു. പ്രായമെന്നാല്‍ മാറ്റമാണ്. ശാരീരകവും മാനസികവുമായ പരിവര്‍ത്തനങ്ങളാണ്. അത് നമ്മുടെ കാഴ്ചപ്പാടുകളെ നിരന്തരം പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. അത് നമ്മുടെ പ്രതികരണങ്ങളെ നിരന്തരം മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. ഒരേ സംഭവത്തോട് ഒരു ഇരുപത്തിയഞ്ചുകാരന്റെയും അമ്പതുകാരന്റെയും പ്രതികരണങ്ങള്‍ ഭിന്നങ്ങളായിരിക്കും. കാരണം രണ്ട് കാഴ്ചപ്പാടുകളെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ പ്രായം എന്നാല്‍ ബോധത്തിന്റെയും അത് നിര്‍മ്മിക്കുന്ന കാഴ്ചപ്പാടുകളുടെയും നിരന്തരമായ പരിവര്‍ത്തനങ്ങളാണ്. സമയം അതിനെ അടയാളപ്പെടുത്തുന്ന സൂചകം (ശെഴിശളശലൃ) മാത്രമാകുന്നു.

ഒരാളുടെയും പ്രായം ഒരു അക്കമല്ല. വയസ്സ് സമയമല്ല, മാറ്റമാണ്. ആ മാറ്റം ശാരീരികമായി മാത്രം സംഭവിക്കുന്ന ഒന്നല്ല. മാനസികമായി, ആശയപരമായി, സാമൂഹികമായി ഒക്കെ സംഭവിക്കുന്ന മാറ്റങ്ങളാണ്. എന്റെ പ്രായത്തില്‍ സമൂഹത്തിന് എന്തുകാര്യം? ഉത്തരം ലളിതമാണ്. സമൂഹം അഹിംസയില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നു. എനിക്ക് പ്രായമാകുന്നു. എന്റെ പ്രായത്തില്‍ ശാസ്ത്രത്തിന് എന്തു കാര്യം? ശാസ്ത്രം മരുന്നും സാങ്കേതിക വിദ്യകളും കണ്ടുപിടിച്ചു. അസുഖം വന്നപ്പോള്‍ ഞാന്‍ ചികിത്സിക്കപ്പെട്ടു. എന്റെ ജീവിതം തുടര്‍ന്നു. എനിക്ക് പ്രായമാകുന്നു. അനവധിയായ സാങ്കേതികവിദ്യകള്‍ എന്റെ ജീവിതത്തെ അനായാസമാക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ കായബലത്തോടെ ജീവിക്കുന്നു. എനിക്ക് പ്രായമാകുന്നു. ഒരു മനുഷ്യന്റെയും പ്രായം ഒറ്റപ്പെട്ട പ്രതിഭാസമല്ല. അനേക ലക്ഷം വര്‍ഷങ്ങളിലൂടെ മനുഷ്യരാശി ഒന്നടങ്കം കൂട്ടുചേര്‍ന്ന് നിര്‍മ്മിച്ച ഒന്നാണ് എന്റെയും നിങ്ങളുടെയും പ്രായം. ആ പ്രായത്തെ ഇനിയും എങ്ങനെ ദീര്‍ഘിപ്പിക്കാം എന്ന വലിയ ആലോചനകളിലും പരിശ്രമങ്ങളിലുമാണ് ഇന്ന് ശാസ്ത്രം. കാരണം ഏത് ദുരിതത്തിലും ദുഃഖത്തിലും മനുഷ്യന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണ് ‘ജീവിതകാലയളവ്’ അഥവാ ‘ഘശളലുെമി’. അത് എത്രമാത്രം ദീര്‍ഘിപ്പിക്കാം എന്ന അന്വേഷണത്തിലാണ് ഇന്ന് ലോകം. അതാകട്ടെ ശാസ്ത്രീയമായി മാത്രം കൈവരിക്കാവുന്ന ഒരു നേട്ടവുമല്ല. നിരന്തരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ ആരും സുരക്ഷിതരല്ല. എത്ര ആരോഗ്യക്ഷേമപദ്ധതികളും വൈദ്യശാസ്ത്രമികവും കൈവരിച്ച സമൂഹത്തിലും ആഭ്യന്തര സുരക്ഷയില്ലെങ്കില്‍ എനിക്കും നിങ്ങള്‍ക്കും പ്രായമാകാനാകില്ല. അപ്പോള്‍ പ്രായം എന്നത് നാം കൂട്ടായി ചേര്‍ന്ന് പല മേഖലകളെ നമുക്കനുകൂലമാക്കി മാറ്റിത്തീര്‍
ക്കുന്നതിലൂടെ വികസിച്ചു വരുന്ന ഒന്നാണ്.

പ്രായത്തെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയപ്പോള്‍ അത് അസാധാരണമാം വിധം വ്യാപ്തിയുള്ള ഒരു മേഖലയാണ് എന്ന തിരിച്ചറിവാണ് എനിക്ക് ആദ്യമുണ്ടായത്. നമ്മുടെ പ്രായം നമ്മുടെ ജീവിതംതന്നെയാണ്. ജീവിതം ഒരിക്കലും ലളിതമായ ഒരു പ്രതിഭാസമല്ല. അത് അങ്ങേയറ്റം സങ്കീര്‍ണമാണ്. പ്രായം സങ്കീര്‍ണമായ ജീവിതത്തിന്റെ അടയാളമാണെങ്കില്‍ അതേക്കുറിച്ചുള്ള അന്വേഷണങ്ങളും സ്വാഭാവികമായും സങ്കീര്‍ണമായിരിക്കും. പ്രായത്തെ അടയാളപ്പെടുത്തുന്നത് പ്രാഥമികമായും സമയത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുന്നതിനാല്‍ പ്രായവും സമയവുമായുള്ള ബന്ധമാണ് ഞാന്‍ ആദ്യം അന്വേ ഷിച്ചത്. അത് സമയത്തെക്കുറിച്ചുള്ള അന്വേഷണമായി. സമയം ശാസ്ത്രീയമായും തത്ത്വചിന്താപരമായും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. സമയം ഒരാളുടെ ആത്മനിഷ്ഠമായ അനുഭവമാണ് എന്ന കണ്ടെത്തല്‍ എന്താണ് ആത്മനിഷ്ഠത എന്ന ചോദ്യത്തിലേക്ക് നമ്മെ നയിക്കുന്നു. ആത്മനിഷ്ഠത നമ്മുടെ ബോധത്തിന്റെ സൃഷ്ടിയാണെങ്കില്‍ ആ ബോധം എന്താണ് എന്ന ചിന്തയിലേക്ക്
നാം പ്രവേശിക്കുന്നു. ബോധം മസ്തിഷ്‌കത്തിന്റെ സൃഷ്ടിയാണെങ്കില്‍ അതിന്റെ പരിണാമം അന്വേഷിക്കപ്പെടേണ്ടതായി വരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.