DCBOOKS
Malayalam News Literature Website

കഥകള്‍ കോര്‍ത്ത കാലുകളുമായി പറന്നുവരുന്ന പ്രാവുകള്‍

 

 

 

 

അന്‍വര്‍ അബ്ദുള്ള, മുഹമ്മദ് റാഫി എന്‍.വി.യുടെ കഥാസമാഹാരമായ പ്രാവുകളുടെ ഭൂപടം വായിക്കുകയാണ്

 

ഇന്ന് 2025 ഫെബ്രുവരി 13ന് കല്പറ്റയിലെ വീട്ടിലെ ഏകാന്തതയിലിരുന്ന് സുഹൃത്തുകൂടിയായ മുഹമ്മദ് റാഫി എന്‍.വി.യുടെ കഥാസമാഹാരമായ പ്രാവുകളുടെ ഭൂപടം വായിക്കുകയാണ്. ഇന്നലെ ദേവഗിരി കോളജില്‍ സാഹിത്യത്തിലെ കാലപ്രയാണത്തെക്കുറിച്ച് സംസാരിക്കാനിടയായി. ഇന്നലെത്തന്നെയാണ് സന്തോഷ് സഖാവ് അയച്ചുതന്ന ലിങ്കില്‍ക്കയറി, കൊളംബിയന്‍ പ്രസിഡന്റ് പെട്രോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് റ്റ്രംപിന് എഴുതിയ തുറന്ന കത്തു വായിച്ചതും. മുഹമ്മദ് റാഫിയുടെ കഥാസമാഹാരത്തിലെ എല്ലാ കഥകളും അവ എഴുതപ്പെട്ട കാലത്തുതന്നെ വായിച്ചിട്ടുള്ളവയാണ്. അവയുടെ ആദ്യവായനക്കാരിലൊരാളാണ്. അത് ആദ്യവായനയാണെങ്കില്‍, ഇന്നിപ്പോള്‍ ഇത് രണ്ടാം വായനയാണ്. അതായത്, ഡോണള്‍ഡ് റ്റ്രംപ് അധികാരത്തില്‍ മുന്‍പുണ്ടായിരുന്ന കാലത്ത് ആണ് ഇതിലെ ചില കഥകള്‍ എഴുതപ്പെട്ടതും ഞാന്‍ വായിച്ചിട്ടുള്ളതും. റ്റ്രംപ് അധികാരഭ്രഷ്ടനായിരുന്ന കാലത്താണ് മറ്റു ചിലത് എഴുതപ്പെട്ടത്. ഇപ്പോള്‍, വീണ്ടും റ്റ്രംപ് അധികാരത്തില്‍ വന്ന കാലത്ത് അതു പുസ്തകമായെത്തി, വീണ്ടും വായനയ്ക്കു വിധേയമാകുന്നു. അതേസമയം, നരേന്ദ്രമോഡി ആദ്യവട്ടം അധികാരത്തിലിരുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇവയിലെ ചില കഥകള്‍ എഴുതപ്പെട്ടത്. ആ കഥകള്‍ക്കു ശേഷം മോദി വീണ്ടും അധികാരത്തിലേക്ക് വന്നു, അഥവാ, അധികാരത്തില്‍ തുടര്‍ന്നു. ആ കാലത്തും റാഫി ചില കഥകള്‍ എഴുതി. ഇപ്പോള്‍, മോദി മൂന്നാംവട്ടവും അധികാരം നേടി. ഈ കാലത്ത് റാഫി കഥകളൊന്നും എഴുതിയില്ല. പക്ഷേ, ഈ കാലത്ത് ഈ സമാഹാരം വരുന്നു, ഇതിലെ കഥകള്‍ വീണ്ടും വായിക്കപ്പെടുന്നു. ഒരുപക്ഷേ, കുറേയേറെയാളുകളെ സംബന്ധിച്ചിടത്തോളം ആദ്യമായി വായിക്കുന്നു.

ഇതെല്ലാം പറഞ്ഞത്, ഈ കഥകളെ ഈ അധികാരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി, രാഷ്ട്രീയമാക്കാനല്ല. കഥ കാലത്തിന്റെ സംഭാവനയും മുദ്രണവും വായനയും പുനര്‍വായനയും ചരിത്രബദലും ആണെന്ന ധാരണകളെ ആധാരമാക്കി ചിന്തിച്ചാല്‍, ഈ കഥകളുടെ ചരിത്രപരത, അതിലെയും അതിന്റെ വായനയിലെയും കാലപ്രയാണങ്ങളെക്കൂടി സമന്വയിപ്പിച്ചുകൊണ്ട് കണക്കിലെടുക്കാനാകുന്നതും ആയത്, വായനയെ പ്രബലപ്പെടുത്തുന്നതുമാണെന്ന ഒരു സൂചന നല്കാന്‍ മാത്രമാണ്. അതേസമയം, ഇവയ്ക്കിടയില്‍ പെട്രോ റ്റ്രംപിന് ഐതിഹാസികമായ, ചരിത്രപരമായ ഒരു കത്ത് എഴുതിയിരിക്കുന്നു. സിയാറ്റില്‍ മൂപ്പന്റെ കത്തിനോട് കിടപിടിക്കുന്ന ഒന്ന്. കത്തുവായിച്ചു കിടുങ്ങാന്‍, അമേരിക്കന്‍ പ്രസിഡന്റുമാരുടെ ജീവിതം ഇനിയും ബാക്കി. മറ്റൊന്നുകൂടി ചരിത്രത്തെ പ്രച്ഛന്നവേഷത്തില്‍വന്നു പിളര്‍ത്തുന്നു. ഡല്‍ഹിയിലെ വിജയത്തെത്തുടര്‍ന്ന് നരേന്ദ്രമോദി പറയുന്നു – വികസിതമായ ഡല്‍ഹിയാണ് ഞങ്ങളുടെ ഗ്യാരന്റി എന്ന്. മോദിയുടെ ഗ്യാരന്റി എന്നതില്‍നിന്ന് ഞങ്ങളുടെ ഗ്യാരന്റി എന്നതിലേക്ക് എത്തുകയാണു വാക്കുകള്‍. ഇത് പ്രധാനപ്പെട്ട മറ്റൊരു സൂചനയാണ്.

റാഫിയും ഞാനും പിന്നെ, എനിക്കു പരിചയമുള്ള ഒരുപാടുപേരും അടിയന്തിരാവസ്ഥക്കാലത്തു ജനിച്ചവരാണ്. എന്നിട്ട്, ഞങ്ങള്‍ വളര്‍ന്ന്, ഇപ്പോള്‍ അന്‍പതു വയസ്സോടടുക്കുന്നു. ഞങ്ങളുടെ പരിചയവലയത്തിലും സൗഹൃദത്തിലും സംവാദത്തിലും വരുന്ന മിക്കവരും അടിയന്തിരാവസ്ഥയ്ക്കു തൊട്ടുമുന്‍പോ തൊട്ടുപിന്‍പോ ജനിച്ചവരുമാണ്. പിന്നെ, ചില കഥാപാത്രങ്ങളും. ഉദാഹരണത്തിന്, അനന്തരം എന്ന അടൂര്‍ ചിത്രത്തിലെ നായകനായ അജയന്‍ ഞങ്ങളെപ്പോലെ അടിയന്തിരാവസ്ഥയില്‍ ജനിച്ചവനാണ്. കഥാവശേഷനിലെ ഗോപിയും അങ്ങനെതന്നെ. പോക്കുവെയില്‍ എന്ന അരവിന്ദന്‍ ചിത്രത്തിലെ നായകനായ ബാലന്‍ അതിന് അല്പകാലം മുന്‍പു ജനിച്ചവനാണ്. എം.മുകുന്ദന്റെ ആദിത്യനും രാധയും മറ്റു ചിലരുമിലെ കഥാപാത്രങ്ങളും അങ്ങനെതന്നെ.

അടിയന്തിരാവസ്ഥക്കാലത്ത് ജനിച്ച്, എണ്‍പതുകളില്‍ വളര്‍ന്ന്, കര്‍സേവ കണ്ട്, ബി.ജെ.പി. രണ്ടു ഘട്ടങ്ങളിലായി അധികാരത്തിലേക്കു വരുന്നതും വളരുന്നതും കണ്ട്, കോണ്‍ഗ്രസ് ശിഥിലവും ഛിന്നഭിന്നവുമാകുന്നത് കണ്ട്, കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തകര്‍ന്ന്, കേരളാ പോക്കറ്റ് എന്ന നിലയിലേക്ക് മാറുന്നതും കണ്ട്, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ദുരന്തവധക്രമങ്ങളെ അനുഭവിച്ചും സോവിയറ്റ് തകര്‍ച്ചയും ഗള്‍ഫ് യുദ്ധവും പുടിന്‍ഭരണവും ചൈനാവളര്‍ച്ചയും ജര്‍മന്‍ ഏകീകരണവും കിം ജോംഗ് ഉന്നും അറബ് വസന്തവും താലിബാനും ടിയനന്‍മെന്‍ സ്‌ക്വയറും മദനിയും ട്വിന്‍ ടവര്‍ ആക്രമണവും വാര്‍ ഓണ്‍ ടെററും ഇസ്ലാമോഫോബിയയും പോപ്പിന്റെ രാജിയും ഹദിയ സോഫിയയും താലിബാന്‍ തിരിച്ചുവരവും ഉക്രെയിന്‍ യുദ്ധവും ഗസ രക്തവീഴ്ചകളും അറിഞ്ഞവര്‍. ഒടുവില്‍, മൊബൈല്‍ ഫോണിന്റെ വരവും വ്യാപനവും രാക്ഷസീയവളര്‍ച്ചയും കണ്ടും കൊണ്ടും എന്നാല്‍, അതിന്റെ ആദ്യമുഗ്ദ്ധതകളേല്‍ക്കാന്‍ കഴിയാതെ വലഞ്ഞും പോയവര്‍. നോട്ടുനിരോധനവും പൗരത്വനിയമവും കര്‍ഷകസമരവും അനുഭവിച്ചവര്‍. കോവിഡിനെ അനുഭവിച്ചതാണ് അന്‍പതു വയസ്സാകുന്നതോടെ, പിന്മാറ്റമാരംഭിക്കുന്ന, തന്തത്തരത്തിലേക്കു തലയുംകുത്തിവീഴുന്ന ഞങ്ങളുടെ അവസാനത്തെ പ്രധാനപ്പെട്ട സാമൂഹികാനുഭവം എന്നുപറയാം. ഇനിയുള്ളവ മിക്കപ്പോഴും പിന്‍തിരശ്ശീലയിലെ പ്രതിഫലനങ്ങള്‍ മാത്രം. അഥവാ, അലയടിച്ചുയരുന്ന എ.ഐ.യുടെ പുതുയുഗത്തില്‍ ഞങ്ങള്‍ അതിന്റെ സഹായത്തോടെ കാറല്‍ ചാപ്പെക്കുമായി ഒരുടമ്പടിയിലേര്‍പ്പെട്ടെന്നുവരാം. കാര്യം കാലത്തിനു വിട്ടുകൊടുക്കുക.

റാഫിയുടെ കഥകള്‍ അടിയന്തിരാവസ്ഥമുതല്‍ കോവിഡ് വരെയുള്ള, ഈ കാലത്തിന്റെ ക്ലൈമാക്‌സിനെ നേരിട്ടു സ്പര്‍ശിക്കുന്നവയാണ് എന്നതാണ് ഒന്നാമത്തെ കാര്യം. റാഫി പറയുന്നത്, അയാള്‍ കോളജില്‍ പഠിക്കുമ്പോള്‍ കഥാരചനയ്ക്കു സമ്മാനമൊക്കെ വാങ്ങിയിട്ടുണ്ടെന്നാണ്. അതൊന്നും നമ്മുടെ പ്രശ്‌നമല്ല. നമ്മെ സംബന്ധിച്ചിടത്തോളം അയാള്‍ സാഹിത്യം എഴുതുന്നത് 2018 മുതല്‍ക്കാണ്. അതായത്, ആദ്യമോദിസര്‍ക്കാരിന്റെ അവസാനത്തെ വര്‍ഷം മുതല്‍ക്ക്. 2022 വരെ നാലുവര്‍ഷക്കാലം റാഫി എഴുതി. 13 കഥകളും ഒരു നോവലും. ഇനിയും എഴുതുമായിരിക്കും. അതും നമുക്കറിയില്ല. ഈ കഥകള്‍ നോട്ടുനിരോധനത്തിന്റെ ബദല്‍ചരിത്രമുദ്രയായിത്തീരുന്ന ഓട്ടക്കാല്‍പ്പണംമുതല്‍ കോവിഡിന്റെ ബദലനുഭവക്കുറിപ്പുകൂടിയാകുന്ന ഗുജറാത്തോ കാണുന്നില്ലയോ വരെ നീളുന്നു.

ലക്ഷ്മണനാനയും മരീജുവാനയും പിന്നെ ലീനാ പോളും എന്ന കഥയില്‍ തേഡ് പേഴ്‌സനായും ഗുജറാത്തില്‍ ഫസ്റ്റ് പേഴ്‌സനായും വരുന്ന അജ്മലും ലൂയിസിന്റെ ആദ്യകൂദാശയും പ്രൊഫസര്‍ ഹരിസും എന്ന കഥയിലെ ശ്രീകുമാറും മിഠായിത്തെരുവിലെ അയാളും ഉപ്പനിലെ അശോകനും ഒരംസംബന്ധഹ്രസ്വചിത്രത്തിന്റെ തിരക്കഥാന്ത്യം എന്ന കഥയിലെ ജയനും അന്‍വറും ഒക്കെ ഇതേ അരനൂറ്റാണ്ടുതലമുറയെ പ്രതിനിധീകരിക്കുന്നു. അവരോടൊപ്പം കലരുന്ന പെണ്ണുങ്ങള്‍, ലീനയും സൗദാമിനിയും സൈറയും സമാനര്‍ തന്നെ. എന്നാല്‍, അദ്ധ്യാപകന്‍ കൂടിയായ റാഫിക്ക് ഒരപരജീവിതമെന്നമട്ടില്‍, സമകാലികതയുടെ രാഷ്ട്രീയസത്യം എന്ന നിലയില്‍ പുതിയ തലമുറയെയും പരിചിതമാണെന്നു തെളിയിക്കുന്നുണ്ട് ഈ സമാഹാരത്തിലെ മറ്റുചില കഥകള്‍, രോഹിത് വെമുലയുടെ ആത്മഹത്യയാല്‍ സ്വന്തം ആത്മഹത്യയ്ക്കു കുറിപ്പെഴുതിയ കാലം കൂടിയാണല്ലോ ഈ കാലം. അതോ അതിന്റെ അനുസ്പന്ദങ്ങളോ സജീവമാകുന്നവയാണ് കാണുന്നില്ല, ജനി തബലയില്‍ വീഴ്ത്തിയ മുറിപ്പാടുകള്‍, ദര്‍വീശ് പോലെയുള്ള കഥകള്‍. ഓട്ടക്കാല്‍പ്പണം അടക്കമുള്ള കഥകള്‍, ഈ അനുഭവവൈയക്തികതയെ വെടിഞ്ഞ് ഇന്ത്യന്‍ സമകാലികസാമൂഹികയാഥാര്‍ത്ഥ്യങ്ങളോട് പ്രതിസ്പന്ദിക്കാനുള്ള ശ്രമമായും തീരുന്നു. അതിന്റെ സ്വാഭാവികമായ പരിണതിയും പരിസമാപ്തിയുമായിത്തീരുന്നുണ്ട് സമാഹാരത്തിന്റെ പേരുകൂടി വഹിക്കുന്ന പ്രാവുകളുടെ ഭൂപടം എന്ന  കഥ. ആ കഥ ജീവിതം കൂടിയായി പരിണമിക്കുന്ന ചരിത്രം റാഫി ആമുഖത്തില്‍ കുറിക്കുന്നത് കൗതുകകരമാണ്. അങ്ങനെ, കഥ ജീവിതം തന്നെയായും ജീവിതത്തിന്റെ പ്രവചനം കൂടിയായും മാറുന്നു. എനിക്ക് സമാനമായൊരു അനുഭവമുണ്ട്. ഞാനെഴുതിയ ഐസ്‌ക്രീം എന്ന കഥയിലെ കഥാപാത്രത്തെ മറ്റൊരു പേരില്‍ ഉത്തരേന്ത്യയില്‍വച്ച് കണ്ടുമുട്ടി ഞാന്‍ അന്ധാളിച്ചുപോയതാണാ അനുഭവം. കഥയെഴുതുമ്പോള്‍ ആ മനുഷ്യനെ എനിക്കു പരിചയമുണ്ടായിരുന്നില്ല. പ്രാവുകളുടെ ഭൂപടം എഴുതുമ്പോള്‍, അഹമ്മദ് യൂസഫ് പജ്‌വാലയെ റാഫിക്കു പരിചയമുണ്ടായിരുന്നില്ല. ഹബീബുള്ള എന്നാണയാളുടെ പേരെന്നുപോലും റാഫി പിന്നീടാണു മനസ്സിലാക്കിയത്. പക്ഷേ, ഹബീബുള്ള കേവലം ജീവിതം മാത്രമാണ്. അര്‍ത്ഥം പ്രകടമായ ജീവിതം. എന്നാല്‍, അഹമ്മദ് യൂസഫ് പജ്‌വാല അര്‍ത്ഥങ്ങള്‍ അനന്തമായി കുടിയിരിക്കുന്ന ബിംബമായിത്തീരുന്നു. ജീവിതത്തിന്റെയും കാലത്തിന്റെയും കാലാകാലങ്ങളുടെയും ചരിത്രധ്വനികളുടെയും ബിംബം.

ചുരുക്കിപ്പറഞ്ഞാല്‍, ഈ കഥകളെ മൂന്നായിത്തിരിക്കാം: ആത്മവൈയക്തികതയുടെ കഥകള്‍, അപരവൈയക്തികതയുടെ കഥകള്‍, രാഷ്ട്രീയവൈയക്തികതയുടെ കഥകള്‍.  

കഥയിലെ കഥാപാത്രങ്ങളായ ഭാവനാമനുഷ്യര്‍ക്കപ്പുറം, ചില ശരിമനുഷ്യരെ നമുക്കു കാണാം. മെഹ്ദിഹസ്സനെന്ന വന്ദ്യഗായകന്‍, പ്രൊഫസര്‍ ഹാരിസ് എന്ന അനുഭവതത്ഥ്യ, ജഗതി ശ്രീകുമാറെന്ന ചരിത്രവ്യക്തി, വൈക്കം മുഹമ്മദ് ബഷീറെന്ന ഐഹികൈതിഹ്യം തുടങ്ങി പലരും കഥകളില്‍ കടന്നുവരുന്നു. ആനയും മരീജുവാനയും ഗസലും തബലയും ഷെയ്ക്പിയറുമൊക്കെ അവിടവിടെയായി അലയടിക്കുന്നു. മിക്കപ്പോഴും കേരളം വിട്ട് ഉത്തരേന്ത്യയിലേക്കു നീളുന്ന പഥങ്ങളിലാണു കഥകള്‍ സഞ്ചരിക്കുന്നതും. ഉത്തരാധുനികതയുടെ അനുഭവരാശിയിലേക്ക് ആധുനികമായ വ്യസനങ്ങളുടെ പാപഭാരം ചൊരിയുന്നതുപോലെയാണ് ചിലപ്പോള്‍ കഥകളിലെ സങ്കടസാന്ദ്രനിമിഷങ്ങള്‍ സംസാരിക്കുന്നത്. എന്റെ തലമുറയുടെ കുനിഞ്ഞ ശിരസ്സ് ഈ കഥകളിലെമ്പാടും ഞാന്‍ കാണുന്നു.

എങ്കിലും ഇതേ തലമുറയുടെ വ്യാജഭാരങ്ങളും വ്യാജഭാവങ്ങളും കൂടി ഈ കഥകളില്‍ ഉണ്ടെന്നുപറഞ്ഞാലേ, പറച്ചില്‍ പൂര്‍ണ്ണമാകൂ. മറച്ചുവച്ച ഒരു സ്ത്രീവിരുദ്ധ ആണത്തഭാവം ഈ കഥകളില്‍ പതിയിരിക്കുന്നുണ്ട്. പ്രകടമായും പെട്ടെന്നും സ്ത്രീസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നതാണ് ഈ ഭാവം. ആഴത്തില്‍ പരിശോധിച്ചാലാണ് അതിന്റെ വിപരീതം പുറത്തുവരിക. ചുമ്മാ ഒരുദാഹരണം പറയാം. ഗുജറാത്ത് എന്ന കഥയിലെ നായിക സൈറ അജ്മലുമായി വിവാഹം കഴിച്ചിരിക്കുന്നു. അജ്മലിന് കുട്ടികള്‍ വേണ്ട, സൈറയ്ക്കു വേണം. പെണ്ണെന്നുപറഞ്ഞാല്‍, മാതാവാകാനുള്ളതല്ലെന്ന് അജ്മല്‍ എത്ര പറഞ്ഞിട്ടും സൈറയ്ക്കു മനസ്സിലാകുന്നില്ല. ഒടുവില്‍, അജ്മല്‍ കൂടി സമ്മതിച്ച് സൈറ വേറൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. അത് മുന്‍പ് വിവാഹം കഴിച്ച് കുട്ടിയുള്ള ഒരുവനാണ്. ഇത്രയും കഴിഞ്ഞ് കഥയില്‍ നാം കാണുന്ന വരി, അപ്പോള്‍ സംഗതി ഗ്യാരണ്ടിയാണ് എന്നാണ്. ബാര്‍ത് ചോദിച്ചതുപോലെ (കിടക്കട്ടെ, ബാര്‍ത്തൊരെണ്ണം, മരുന്നിന്! ഹെന്റി ബെഫെവഅ്‌യെക്കൂടി ഫിറ്റു ചെയ്യാമായിരുന്നു!!) ഇതാരുടെ ശബ്ദമാണ്, കഥാകൃത്തിന്റേതാണോ കഥാപാത്രത്തിന്റേതാണോ മനസ്സാക്ഷിയുടേതാണോ എന്നൊക്കെ വേണമെങ്കില്‍ തര്‍ക്കിച്ച് ചര്‍ച്ച കലുഷമാക്കാം. അമ്പലത്തില്‍പ്പോണ പെണ്‍കുട്ടികളെപ്പറ്റി പറഞ്ഞത് കഥാപാത്രമാണോ കഥാകൃത്താണോ എന്ന ചര്‍ച്ചപോലെ സംഗതി നീട്ടാം. പുസ്തകമാക്കുമ്പോള്‍ അതു നീക്കുകയാണെങ്കില്‍ അതു ചെയ്തത് കഥാപാത്രമാണോ കഥാകൃത്താണോ പ്രസാധകനാണോ എന്നും ചര്‍ച്ചചെയ്യാം. എന്തായാലും പാത്രമാണെങ്കിലും കൃത്താണെങ്കിലും അതില്‍ കുടിയിരിക്കുന്ന ഭാവാര്‍ത്ഥത്തിന് ഒരു കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇത്തരത്തില്‍, ഉള്‍ക്കാമ്പില്‍, ഈ കഥകള്‍ ഒരു രണ്ടാംഭാവം പേറുന്നുണ്ട്. അത് എഴുത്തുകാരന്റെ കുഴപ്പമല്ല. ഈ തലമുറയുടെ ചിന്താകുഴപ്പമാണ്. അതുകൂടി വരുമ്പോഴാണ് കഥയില്‍ സത്യം പ്രകാശിക്കുന്നത്.

ആകമാനമായ വീക്ഷണത്തില്‍ എന്‍.വി. മുഹമ്മദ് റാഫിയുടെ ഈ കഥകള്‍, 1975 മുതല്‍ 2025 വരെയുള്ള അരനൂറ്റാണ്ടിന്റെ അഗാധകാലത്തെ ആവഹിക്കുകയും 2018 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷത്തിന്റെ സ്പഷ്ടകാലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന മൂന്ന് വിഭിന്നവൈയക്തികതകളിലും അതതിന്റെ വൈകാരികതകളിലും അവയെ സാദ്ധ്യമാക്കുന്ന രാഷ്ട്രീയതകളിലും സാമ്പത്തികകതകളിലും ഉള്‍ക്കൊള്ളുന്ന കഥകളാണെന്നു പറയാം. ഈ കാലത്തെ ഇങ്ങനെയൊരു സമീക്ഷയില്‍ സാദ്ധ്യമാക്കുന്ന അധികം കഥകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഈ കഥകളുടെ ചരിത്രസാന്നിദ്ധ്യത്തെ നിശിതമാക്കുന്നുവെന്ന് ഉറക്കെപ്പറയാന്‍ ഞാന്‍ മടിക്കുന്നില്ല. കഥകള്‍ കെട്ടിയ കാലുകളുമായി റാഫി പറത്തിവിടുന്ന പ്രാവുകള്‍ എവിടെവിടങ്ങളില്‍ വെടിയേറ്റുവീഴുമെന്നോ എങ്ങെങ്ങെല്ലാം തടവിലാക്കപ്പെടുമെന്നോ ഏതേതിടങ്ങളില്‍ കൊറ്റും വെള്ളവും തേടുമെന്നോ പറയാന്‍ പക്ഷേ, ഞാന്‍ ആളല്ല!!

ഇവനെ ഞാന്‍ അറിയുന്നില്ല ദൈവമേ!

ഇവനു കാവലാള്‍ ഞാനല്ല ദൈവമേ!!

പ്രാവുകളുടെ ഭൂപടത്തിനായി ക്ലിക്ക് ചെയ്യൂ..

Leave A Reply