DCBOOKS
Malayalam News Literature Website

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ പ്രതിഭകള്‍ പ്രതിഭാസങ്ങള്‍

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രതിഭകള്‍ പ്രതിഭാസങ്ങള്‍. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരിപ്പില്ലാത്തവരുമായ വ്യക്തിത്വങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളില്‍നിന്നും ജീവിച്ചിരിപ്പില്ലാത്തവരെക്കുറിച്ച് എഴുതിയവ മാത്രമാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിലായി തനിക്ക് പരിചയപ്പെടാന്‍ കിട്ടിയ ഏതാനും ആളുകളുടെ അന്തഃസത്ത കുറിച്ചിരിക്കയാണ് ഇവിടെ. നിരീക്ഷണം സൂക്ഷ്മമാണ്. കാടും പടലുമല്ല വ്യക്തിത്വത്തിന്റെ ഊടുംപാവും കണ്ടെടുക്കുന്നു.

പുസ്തകത്തിന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ആമുഖക്കുറിപ്പ്…

ഭാരതീയ ജനസമൂഹത്തിലിപ്പോള്‍ ഏതാണ്ട് 65 ശതമാനത്തോളം ആളുകള്‍ 35 വയസ്സില്‍ താഴെയുള്ളവരാണ്. 21-ാം നുറ്റാണ്ട് ഭാരതത്തിന്റെതാക്കി മാറ്റേണ്ടത് ഈ യുവതി-യുവാക്കളാണ്. കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ള എത്രയോ മഹത്തായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ് ഭാരതീയര്‍. നമ്മുടെ ജനങ്ങളുടെ കെല്‍പ്പും ധൈഷണികതയും വിജയകരമാണ്. എന്നാല്‍ പ്രതിഭകളെയും ധിഷണാശാലിക
ളെയും കണ്ടെത്തി അര്‍ഹമാംവിധം അംഗീകാരം നല്‍കി അവരെ ഉന്നതസ്ഥാനങ്ങളിലെത്തിക്കാന്‍ നാം ശ്രദ്ധിക്കുന്നില്ലെന്നത് ഒരു വലിയ പോരായ്മതന്നെയാണ്.

പുതിയ തലമുറകള്‍ക്ക് സാധനാപാഠമാകേണ്ട മഹത്‌വ്യക്തികളെക്കുറിച്ച് രേഖപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ചരിത്രരചനാരംഗം വേണ്ടത്ര വിജയിച്ചതായി തോന്നുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഞാന്‍ ഒട്ടേറെ മഹത്‌വ്യക്തികളെക്കുറിച്ച് എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലതെടുത്ത് വാക്കുകളും വരികളും ഒരു പുസ്തകരൂപത്തില്‍ ഇപ്പോള്‍ സംയോജിപ്പിക്കുകയാണ്. വ്യത്യസ്ത മേഖലകളില്‍ തങ്ങളുടെതായ അടയാളപ്പെടുത്തല്‍ നടത്തിയവരാണ് ഈ മഹാരഥന്മാര്‍. മനുഷ്യജീവിതങ്ങളുമായി ഊഷ്മളബന്ധം പുലര്‍ത്തുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പ്രതിഭകളെയാണ് ‘പ്രതിഭകള്‍ പ്രതിഭാസങ്ങള്‍’ എന്ന ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

നമ്മെ വിട്ടുപിരിഞ്ഞവരായ ഇത്തരം വ്യക്തികളെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ അവരുമായി ബന്ധപ്പെട്ട ചില പ്രത്യേക സാഹചര്യങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. എഴുതിയ കാലഘട്ടത്തിലെ പശ്ചാത്തലങ്ങളോട് ബന്ധപ്പെട്ട് അവയൊക്കെ വിലയിരുത്തുകയാണ് വേണ്ടത്. ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച 8 ഡസനോളം പുസ്തകങ്ങളെപോലെ ഇതിനെയും സഹൃദയ കേരളം തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

 

Comments are closed.