അഴീക്കോട് എന്ന തിരുത്തല്‍ശക്തി; അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രതിഭകള്‍ പ്രതിഭാസങ്ങള്‍. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരിപ്പില്ലാത്തവരുമായ വ്യക്തിത്വങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളില്‍നിന്നും ജീവിച്ചിരിപ്പില്ലാത്തവരെക്കുറിച്ച് എഴുതിയവ മാത്രമാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിലായി തനിക്ക് പരിചയപ്പെടാന്‍ കിട്ടിയ ഏതാനും ആളുകളുടെ അന്തഃസത്ത കുറിച്ചിരിക്കയാണ് ഇവിടെ. നിരീക്ഷണം സൂക്ഷ്മമാണ്. കാടും പടലുമല്ല വ്യക്തിത്വത്തിന്റെ ഊടുംപാവും കണ്ടെടുക്കുന്നു.
പുസ്തകത്തില്‍ നിന്നും..
അഴീക്കോട് എന്ന തിരുത്തല്‍ശക്തി
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളാരെന്നു ചോദിച്ചാല്‍ ഏതു ഭാരതീയനും നല്‍കുന്ന ഉത്തരത്തില്‍ ഗാന്ധിജിയും ജയപ്രകാശ് നാരായണനുമുണ്ടാകും. അവര്‍ രണ്ടുപേരും നിര്‍ണ്ണായക ഘട്ടത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അധികാര രാഷ്ട്രീയത്തില്‍ അംഗത്വം സ്വീകരിച്ച് അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചരിത്രമുള്ളവരല്ല. എന്നാല്‍ രാജനൈതിക പ്രശ്‌നങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ച് തങ്ങളുടെ അംഗുലീചലനങ്ങള്‍ക്കനുസരിച്ച് നിലവിലുള്ള വ്യവസ്ഥമാറ്റിയെടുക്കുന്നതില്‍ ഇവരോളം വിജയിച്ച നേതാക്കള്‍ നാട്ടില്‍ വേറേയില്ല.
അധികാര രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഇത്തരം ജനനായകന്മാരുടെ അഭാവമാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്‌നം. നിര്‍ഭയന്റെ നേരെഴുത്തും വാക്കൊഴുക്കുംകൊണ്ട് ഒരു സമൂഹത്തെ നേര്‍വഴി നടത്താന്‍ യത്‌നിച്ച ഡോ: സുകുമാര്‍ അഴീക്കോട് കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിലെ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു. കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചും മന്ദമാരുതനെപ്പോലെ കുളിര്‍ക്കാറ്റേകിയും അഴീക്കോട് മാഷ് കടന്നുപോയപ്പോള്‍ അവശേഷിപ്പിച്ച വഴിയടയാളം മലയാളിക്ക് എന്നും വഴികാട്ടിയാണ്. വിവാദങ്ങളും അപവാദങ്ങളും അടിക്കടി അരങ്ങുതകര്‍ക്കുന്ന രാഷ്ട്രീയരംഗത്ത് പ്രതിസന്ധിയുടെ നിര്‍ണ്ണായക ഘട്ടങ്ങളിലൊക്കെ ഒരു വേറിട്ട ശബ്ദത്തിനായി മലയാളി കാതോര്‍ത്തിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിലേക്കായിരുന്നു.
കേരളത്തിന്റെ ഹൃദയമിടിപ്പായി മാറി സമസ്തമേഖലകളിലും വാക്കുകളുടെ ഒടുങ്ങാത്ത അലകളുമായി അഴീക്കോട് ആറു പതിറ്റാണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഇന്നു രാഷ്ട്രീയമെന്നു കേള്‍ക്കുമ്പോള്‍ കക്ഷിരാഷ്ട്രീയം അഥവാ അധികാര രാഷ്ട്രീയമാണ് പെട്ടെന്ന് സ്മൃതി
പഥത്തിലെത്തുക. എന്നാല്‍ അധികാരം വേണ്ട; ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി പോരാടുമെന്നുദ്‌ഘോഷിക്കുന്ന യഥാര്‍ത്ഥ രാഷ്ട്രീയത്തിന് കക്ഷിരാഷ്ട്രീയത്തിനുമേല്‍ എക്കാലത്തും മേധാശക്തിയുണ്ട്. കേരളത്തില്‍ സുകുമാര്‍ അഴീക്കോട് അത്തരം യഥാര്‍ത്ഥ രാഷ്ട്രീയം കൈയ്യാളിയ ജനനായകനായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ മൂലസ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിപോലും ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഉറക്കെ ഉറപ്പിച്ചുപറയാതെ മൗനത്തിന്റെ വല്മീകങ്ങളില്‍ അഭയം കണ്ടെത്തി രക്ഷപ്പെടുന്ന കാലമാണിത്. അത്തരമൊരു നാട്ടില്‍ ”ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലനില്‍ക്കുന്നതുവരെ” എന്ന് പ്രഖ്യാപിച്ച് പോരാട്ടം നയിക്കാന്‍ അഴീക്കോടല്ലാതെ മറ്റേതു സാംസ്‌കാരിക-സാഹിത്യനായകനാണ് മലയാളമണ്ണില്‍ ചങ്കൂറ്റം കാട്ടിയിട്ടുള്ളത്?
ക്ഷോഭിക്കുന്ന സുവിശേഷകന്‍ എന്നറിയപ്പെടുന്ന ഈ അക്ഷരതമ്പുരാന്‍ നിത്യനിദ്രയിലേക്കുപോകുംമുമ്പ് നമ്മോടു പറഞ്ഞത്, ”എന്റെ കുഴിമാടത്തിനു മുന്നില്‍നിന്ന് നിങ്ങള്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആ ശവക്കല്ലറ തകര്‍ത്തുകൊണ്ട് ഞാനിറങ്ങിവരും” എന്നായിരുന്നു. കര്‍മ്മമാണ് മോക്ഷമെന്ന് ഉറച്ചുവിശ്വസിച്ച് ‘മാനവസേവ മാധവസേവയെന്ന്’ ഉദ്‌ഘോഷിച്ച ഋഷിതുല്യനായ അവധൂതനായിരുന്നു ഈ സാംസ്‌കാരിക ചക്രവര്‍ത്തി. ഭാരതമെന്ന വികാരം മാനവികതയുടെ മാനദണ്ഡങ്ങള്‍ക്കൊപ്പം പ്രാണജ്വാലയായി ഉള്‍ക്കൊണ്ടല്ലാതെ അഴീക്കോടിന് പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല.
ഭാരതം ബ്രിട്ടീഷുകാര്‍ കരം പിരിക്കാനായി കൂട്ടിചേര്‍ത്ത നാടുകളുടെ സമുച്ചയമാണെന്ന് ഇപ്പോഴും വാവിട്ടുപറയുന്നവരുടെ നാവടക്കിക്കാന്‍ സുകുമാര്‍ അഴീക്കോടിന്റെ ഭാരതീയതയെക്കുറിച്ചുള്ള തൃശൂരിലെ ഏഴു ദിവസത്തെ പ്രഭാഷണപരമ്പരയും ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും അതുള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ക്കുമപ്പുറം മറ്റെന്താണ് വേണ്ടത്. ഗുജറാത്തിലെ നരേന്ദ്രമോഡിയെ ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ വേട്ടയാടുന്ന കാലത്താണ് ഈ ലേഖകനും പ്രൊഫസര്‍ അഴീക്കോടും ഒന്നിച്ച് ചാലക്കുടിയില്‍ ആതിരപ്പള്ളി പദ്ധതി വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുത്തത്. അന്ന് വീണുകിട്ടിയ ഇടവേളയില്‍ ഗുജറാത്തിലെ സത്യസന്ധമായ വസ്തുതകളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ഈ വിനീതനു കഴിഞ്ഞിരുന്നു. അദ്ദേഹം അതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചതായും എനിക്കറിയാന്‍ കഴിഞ്ഞു.
ഏതാണ്ട് മൂന്നാഴ്ചക്കുള്ളില്‍ മംഗളം ഞായറാഴ്ചപ്പതിപ്പില്‍ വിഭജനകാലം മുതല്‍ പാകിസ്ഥാനോട് കൂറുള്ളവര്‍ ഗാന്ധിനഗറിലും അഹമ്മദാബാദിലുമുണ്ട്. ശഠനോടു ശാഠ്യമെന്ന നിലപാട് സ്വീകരിക്കാന്‍ നരേന്ദ്രമോഡി ചിലപ്പോഴൊക്കെ നിര്‍ബന്ധിതനായിട്ടുണ്ട് എന്നദ്ദേഹം തുറന്നെഴുതി. ഇതിനെതിരേ എന്‍.ഡി.എഫുകാര്‍ കോഴിക്കോട്ടും മഞ്ചേരിയിലും പ്രകടനം നടത്തിയിട്ടും അദ്ദേഹം കൂസിയില്ല. പിന്നീട് പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിലും ഈ മംഗളം ഇന്റര്‍വ്യൂ അതേപോലെ അദ്ദേഹം ചേര്‍ക്കുകയുണ്ടായി. നിര്‍ഭയമായ മനസ്സും നിലപാടുകളിലെ നിര്‍ഭയത്വവുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. അക്ഷരാഗ്നികൊണ്ട് മലയാളിയുടെ മനസ്സില്‍ ചിന്തയുടെ ഹോമാഗ്നി ആളിക്കത്തിച്ച ഈ വാഗ്‌ദേവതാ ഉപാസകന്‍ ചങ്കൂറ്റത്തിന്റെ ദണ്ഡ് ഒരിക്കലും ഉപേക്ഷിക്കാതെ കൊണ്ടുനടന്നിരുന്നു.
തൂലിക പടവാളും നാവ് പടത്തോക്കുമായി ഒരു ഏകാംഗ പോരാളിയായി തലങ്ങും വിലങ്ങും അദ്ദേഹം പാഞ്ഞുനടന്ന് അനീതിക്കെതിരേ യുദ്ധം നടത്തി. രാജനൈതികരംഗത്ത് സൂക്ഷ്മചലനങ്ങള്‍പോലും തൊട്ടറിഞ്ഞ് പ്രതികരിക്കാന്‍ അദ്ദേഹം മുന്നിലായിരുന്നു. രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ തിരുത്തല്‍ശക്തിയായിരുന്നു ഈ കര്‍മ്മയോദ്ധാവ്. കക്ഷിരാഷ്ട്രീയത്തില്‍ അടിഞ്ഞുകൂടി അതിര്‍വരമ്പുകള്‍ക്കുള്ളില്‍ വിനീതവിധേയനായി
നില്‍ക്കുന്നതിലായിരുന്നില്ല അഴീക്കോടിന് താത്പര്യം. ഏതു പാര്‍ട്ടിയെന്നോ ഏതു നേതാവെന്നോ നോക്കാതെ പ്രശ്‌നങ്ങളുടെ ന്യായാന്യായങ്ങള്‍ നോക്കി തുറന്നടിച്ച് വിമര്‍ശനങ്ങളുടെ സ്‌ഫോടനം സൃഷ്ടിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
ശ്രീ കെ. കേളപ്പന്‍ തുടങ്ങി കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി വരെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ അഴീക്കോടിന്റെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയവരായിരുന്നു. സി.പി.എം. മുഖ്യമന്ത്രിക്കെതിരേ ‘കൊലവെറി’ ആരോപിച്ചതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ കല്യാണത്തിന്റെ ആര്‍ഭാടത്തെ വിമര്‍ശിച്ച് അഴീക്കോട് പരസ്യമായി രംഗത്തുവന്നതുമൊക്കെ കാലിക പ്രാധാന്യമുള്ളവയാണ്. ശ്രീ അദ്വാനിജി കേസ്സില്‍ പ്രതിയായപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞ സംഭവം ചൂണ്ടിക്കാട്ടി ഗുരുവായൂരിലെ ഡി.വൈ.എഫ്.ഐ. സംസ്ഥാന ക്യാമ്പില്‍ അദ്വാനിയുടെ മാതൃക നിങ്ങള്‍ സ്വീകരിക്കുമോ എന്ന് മുഖത്തുനോക്കി ചോദിക്കാനുള്ള ആര്‍ജ്ജവം അഴീക്കോട് കാട്ടിയിരുന്നു.
യഥാര്‍ത്ഥ ജ്ഞാനികള്‍ ജനനത്തിലോ മരണത്തിലോ ആകുലചിത്തരാകുന്നില്ല എന്ന ഭഗവത്ഗീതാ സന്ദേശം അഴിക്കോടിന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. പ്രതിഭയുടെ തെളിമയില്‍ സാത്വികനായി ജീവിച്ചുവെങ്കിലും നോവിച്ചും സ്‌നേഹിച്ചും മലയാളികള്‍ക്കിടയില്‍ അദ്ദേഹം നടന്നും പാഞ്ഞും നീങ്ങുകയായിരുന്നു. എതിരാളികളെയും ശത്രുക്കളെയും ആശുപത്രിക്കിടക്കയ്ക്കരികില്‍ വരുത്തി വ്യവഹാരങ്ങളും കലഹങ്ങളും അവസാനിപ്പിച്ച് മാപ്പുചോദിച്ചും മാപ്പ് ഏറ്റുവാങ്ങിയുമാണ് മാഷ് യാത്രയായത്. സ്വച്ഛന്ദമൃത്യു എന്ന് പരമേശ്വര്‍ജി വിശേഷിപ്പിച്ചത് തികച്ചും അര്‍ത്ഥവത്താണ്. ”അഴിക്കോടുണ്ടായിരുന്നില്ലെങ്കില്‍ ആധുനിക സംഭവങ്ങളുടെ അതിദ്രുതമായ മലവെള്ളപ്പാച്ചിലിനിടയില്‍
പ്രതികരണശേഷി നഷ്ടപ്പെട്ട യാന്ത്രികസമൂഹമായി കേരളം അവശേഷിക്കുമായിരുന്നു” എന്നുള്ള ഡോ. എം.ജി.എസ്. നാരായണന്റെ വാക്കുകള്‍ അഴീക്കോടിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്.
അഴീക്കോടിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ഇടതുപക്ഷക്കാരനായി ചിത്രീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. മാനവസംസ്‌കൃതി മാസികയ്ക്കുവേണ്ടി പി.ടി. തോമസ് നടത്തിയ അഭിമുഖത്തില്‍ ഇടതുപക്ഷത്തോടും കോണ്‍ഗ്രസ്സിനോടുമുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. ”ഞാന്‍ ഏറെ വിമര്‍ശിച്ചവരാണ് ഇവിടത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍. എന്റെ വിമര്‍ശനം എന്നേ സ്വാധീനിച്ചിട്ടുണ്ടെന്നാണ് എന്നോടുള്ള അവരുടെ സമീപനം തെളിയിക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ പ്ലാറ്റ്‌ഫോം കണ്ടല്ല ഞാന്‍ പ്രസംഗിക്കുന്നത്. എന്റെ ഓഡിയന്‍സിനെ കണ്ടിട്ട് അവര്‍ എന്നോട് സൗഹൃദം കാണിക്കുന്നതാവാം.
സാധാരണ എഴുത്തു
കാര്‍ക്ക് കമ്യൂണിസ്റ്റുകാരെ ഭയമാണ്. എനിക്ക് ഭയമില്ല. കോണ്‍ഗ്രസ്സിനെ അറ്റാക്ക് ചെയ്യുന്നത് കമ്യൂണിസ്റ്റുകാരോടുള്ള സൗഹാര്‍ദ്ദം മൂലമല്ല. അവര്‍ തിരുത്താനാണ്. ഇന്ദിരാഗാന്ധി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടുകളാണ് എന്നേ കോണ്‍ഗ്രസ്സില്‍നിന്നും അകറ്റിയത്. അഴിമതി കോണ്‍ഗ്രസ്സില്‍ കുടിയേറി.” 2007 ഒക്‌ടോബര്‍ 21 ലെ മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച അഴീക്കോട് ഏതു ചേരിയില്‍ എന്ന സംഭാഷണത്തില്‍ ശ്രീ എം.എന്‍. കാരശ്ശേരിയുടെ ചോദ്യത്തിനുത്തരമായി വിമോചന സമരകാലത്ത് ‘ദിനവാര്‍ത്ത’ പത്രത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് നല്‍കിയ നിര്‍വചനം അഴീക്കോട് സ്ഥിരീകരിക്കയാണുണ്ടായത്.
”മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും, മൃഗമധഃപ്പതിച്ചാല്‍ കമ്യൂണിസ്റ്റാവും, കമ്യൂണിസ്റ്റ് അധഃപതിച്ചാല്‍ കേരള കമ്യൂണിസ്റ്റാവും, കേരള കമ്യൂണിസ്റ്റ് അധഃപതിച്ചാല്‍ മുണ്ടശ്ശേരിയാവും” എന്നതായിരുന്നു അത്.
വര്‍ത്തമാന ചുറ്റുപാടില്‍ എന്റെ പാര്‍ട്ടിയെ ചില പ്രശ്‌നങ്ങളില്‍ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അഴീക്കോട് അണിനിരന്ന സന്ദര്‍ഭങ്ങളുണ്ട്. എതിര്‍ക്കുന്നവരെപ്പോലും മാനിക്കാന്‍ പഠിപ്പിച്ച അടല്‍ജിയുടെ കാഴ്ചപ്പാട് സാധനാപാഠമായി ബി.ജെ.പി. ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടാവാം എക്കാലത്തും ഡോ. അഴീക്കോടുമായി നല്ല ബന്ധം പുലര്‍ത്താന്‍ ഈ ലേഖകനായിട്ടുണ്ട്. പരമേശ്വര്‍ജിയുടെ ആദ്യപുസ്തകമായ ശ്രീനാരായണഗുരുസ്വാമികള്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥത്തിന് ശ്രദ്ധേയമായ അവതാരിക നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അഴീക്കോട് സാര്‍ എഴുതിനല്‍കിയിരുന്നു. അദ്ദേഹം രോഗബാധിതനാണെന്നറിഞ്ഞ
ശേഷമാണ് എന്റെ ലേഖനസമാഹാരമായ ‘നേരിന്റെ നേര്‍മ്മ’ എന്ന പുസ്തകത്തിന് അവതാരിക എഴുതാനായി അദ്ദേഹത്തെ സമീപിച്ചത്. 7-12-2011 ന് അദ്ദേഹം കോഴിക്കോട്ടേക്ക് അത് എഴുതി കൊടുത്തയച്ചപ്പോള്‍ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും ബഹുമതിയുമായി ഈ വിനീതനുതോന്നി. അദ്ദേഹം അവസാനമായി പങ്കെടുത്ത സംഘപരിവാറുമായി ബന്ധപ്പെട്ട കൊച്ചിയിലെ പുസ്തകമേളയും തൃശൂരിലെ അദ്ധ്യാത്മിക പരിപാടി ഉദ്ഘാടനവും അവസാനത്തെ അവതാരിക ഒരു ബി.ജെ.പി. ചുമതലക്കാരന് എഴുതി നല്‍കിയതുമെല്ലാം ഭാരതീയതയെ മനസ്സില്‍ താലോലിക്കുന്ന ഒരു മഹാമനസ്സിന്റെ ബഹിര്‍സ്ഫുരണമായി കണക്കാക്കേണ്ടതാണ്.
മൂല്യശോഷണംകൊണ്ട് നട്ടം തിരിയുന്ന നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ മേഘപാളിയില്‍ ഇടിമിന്നല്‍പോലെ ഇടയ്‌ക്കൊക്കെ തെളിഞ്ഞിരുന്ന സത്യമായിരുന്നു അഴീക്കോടെന്ന കൃശഗാത്രന്‍. ഒരായുസ്സ് പൂര്‍ണ്ണമായും ധാര്‍മ്മിക രാജനൈതികതയ്ക്കും സാമൂഹിക-സാഹിത്യ സപര്യയ്ക്കുമായി അദ്ദേഹം അര്‍പ്പിച്ചു. സ്വന്തം ജീവിതംതന്നെ തന്റെ തിരിച്ചറിയല്‍ കാര്‍ഡായി കൊണ്ടുനടന്ന പ്രതിഭയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്. ആരോടും വിദ്വേഷമോ ഭയമോ ഇല്ല എന്നു വിശ്വസിച്ച അദ്ദേഹത്തിന്റെ ശൈലി തല്ലിന്റെയും തലോടലിന്റെയുമായിരുന്നു. ഭാരതീയ ദര്‍ശനങ്ങളോടുള്ള അടിയുറച്ച പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ വായ്, വരമൊഴികളിലൂടെ പ്രകാശിതമായത്. ജീര്‍ണ്ണതയ്‌ക്കെതിരായ പോരാട്ടമായിരുന്നു സംഭവബഹലമായ ആ ജീവിതത്തിന്റെ കാതല്‍.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.