DCBOOKS
Malayalam News Literature Website

‘നിങ്ങളാണ് നിങ്ങളുടെ ഡോക്ടര്‍’; പ്രമേഹരോഗദിനത്തില്‍ സാക്ഷ്യമായി താരങ്ങളുടെ അനുഭവങ്ങള്‍

പ്രമേഹം തന്നെ പിടികൂടുമോ എന്നു ഭയന്ന് ഡോക്ടറെ കണ്ടിരുന്നുവെന്ന് നടന്‍ ഫഹദ് ഫാസില്‍. മാതാപിതാക്കള്‍ പ്രമേഹത്തിനെതിരെ പോരാടുന്നവരാണ്. ഗ്രാന്റ് പേരന്റ്‌സിനും പ്രമേഹമുണ്ട്. അതിനാല്‍ എനിക്കും ഉണ്ടാകുമോ എന്നു ഭയന്നിരുന്നു. എന്നാല്‍ നിങ്ങളാണ് നിങ്ങളുടെ ഡോക്ടര്‍ എന്നു പറഞ്ഞ് പ്രമേഹരോഗവിദഗ്ധനായ ഡോ.ജോണി ജെ. കണ്ണമ്പിള്ളി ധൈര്യം പകരുകയായിരുന്നുവെന്ന് ഫഹദ് പറഞ്ഞു. ലോക പ്രമേഹരോഗദിനത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഡോ.ജോണി ജെ.കണ്ണമ്പിള്ളിയുടെ പ്രമേഹം അപകടകരമായ രോഗം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.

ലോകപ്രമേഹരോഗദിനമായ നവംബര്‍ 14-ന് ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്നാണ് ഡോ.ജോണി ജെ.കണ്ണമ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തത്. ജീവിതത്തില്‍ തന്നെ സ്വാധീനിച്ച വളരെക്കുറിച്ചു വ്യക്തികളിലൊരാളാണ് ഡോ.ജോണി കണ്ണമ്പിള്ളിയെന്ന് നസ്രിയ പറഞ്ഞു. തങ്ങള്‍ ഇരുവരും ഡോ.ജോണിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് വണ്ണം കുറയ്ക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നത്. ഞങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണം തന്നെയാണ് കഴിക്കുന്നതെന്നും എന്നാല്‍ കുറഞ്ഞ അളവിലാണ് ഭക്ഷണം കഴിക്കുന്നതെന്ന് നസ്രിയ സൂചിപ്പിച്ചു.

പുസ്തകപ്രകാശനത്തോടൊപ്പം ഡോ. ജോണി ജെ. കണ്ണമ്പിള്ളിയുടെ നേതൃത്വത്തില്‍ പ്രമേഹരോഗനിവാരണത്തിനായി ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ഒന്നിച്ചു പൊരുതാം, പ്രമേഹരഹിത കേരളത്തിനായി എന്ന ക്യാമ്പയിന്‍ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. വ്യായാമവും ഭക്ഷണവും ഉറക്കവും ക്രമീകരിച്ചാല്‍ പ്രമേഹത്തെ തടയാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൃദയം, നാഡി, വൃക്ക, കരള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഏതു രോഗികളെ പരിശോധിച്ചാലും അതിന്റെ മൂലകാരണം പ്രമേഹമാണെന്നു കാണാം. അതിനാല്‍തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തി പ്രമേഹം തടയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്റെ മാതാപിതാക്കള്‍ക്ക് ഡയബറ്റിസ് ഉണ്ടായിരുന്നു. അത് പിന്തുടരാന്‍ തനിക്ക് സാധിച്ചില്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെ അല്ലെങ്കില്‍ എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോള്‍ ഷട്ടില്‍ കളിക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി. ക്യാമ്പയിനിന്റെ ഭാഗമായി ടീഷര്‍ട്ടും തൊപ്പിയും സ്റ്റിക്കറും അദ്ദേഹം പ്രകാശനം ചെയ്തു. ലോകത്ത് എവിടെയായാലും കോര്‍ട്ട് കണ്ടെത്തി അവിടെ ഷട്ടില്‍ കളിക്കാറുണ്ട്. ഒരിക്കലും കളി മുടക്കില്ല. ഇതുകണ്ട് ഭാര്യ പ്രിയ തനിക്ക് വട്ടാണോയെന്ന് കളിയാക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ആരോഗ്യപരമായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാനാവുമെന്ന് ഡോ.ജോണി ജെ.കണ്ണമ്പിള്ളി പറഞ്ഞു. പത്തു വര്‍ഷം മുന്‍പേ പ്രമേഹം വരുമോ ഇല്ലയോ എന്നു കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്നു ലഭ്യമാണ്. ആരോഗ്യപരമായ വണ്ണം കുറയ്ക്കലിലൂടെയും അത് നിലനിര്‍ത്തുന്നതിലൂടെയും ഡയബറ്റിക് വരാതെ നോക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ പ്രകാശനം നടന്‍ ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളായുള്ള തന്റെ ഡയബറ്റിക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത് ഡോ. ജോണിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപള്ളി, വി.പി.എസ് ലേക്ക്‌ഷോര്‍ സി.ഇ.ഒ എസ്.കെ. അബ്ദുള്ള, ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹന്‍മാത്യു, സൗമ്യ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.