പ്രകൃതിക്ഷോഭങ്ങള്‍..
ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറുന്നു. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ പ്രത്യക്ഷരൂപത്തിലുള്ള ഉദാഹരണങ്ങളാണ്. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് കേരളക്കരയെ തച്ചുടച്ച ഓഖി പോലെയുള്ള ചുഴലിക്കാറ്റും കടല്‍ ക്ഷോഭവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 100 ല്‍പരം മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഇതിലൂടെ അപഹരിക്കപ്പെട്ടത്.
ഭൂമികുലുക്കവും പ്രകൃതിദുരന്തങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഭൂമിയുടെ അകക്കാമ്പിലുണ്ടാകുന്ന പെട്ടെന്നുള്ള ഊര്‍ജ്ജപ്രസരണം ഭൂകമ്പതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഉപരിതലത്തിലെത്തുന്നതോടെ ഈ തരംഗങ്ങള്‍ പ്രകമ്പനങ്ങളായി മാറുന്നു. ഭൂമികുലുക്കം കൊണ്ട് ജീവികള്‍ക്കോ മനുഷ്യര്‍ക്കോ നേരിട്ടു ഹാനിയുണ്ടാകുന്നില്ല. എന്നാല്‍ അതിന്റെ ദ്വിതീയ സംഭവങ്ങളായ കെട്ടിടങ്ങളുടെ തകര്‍ച്ച, അഗ്നിബാധ, സുനാമി എന്നീ കാരണങ്ങള്‍ കൊണ്ടാണ് ജീവഹാനി സംഭവിക്കുന്നത്. ഭൗമശാസ്ത്രപരമായി ദുരന്തങ്ങള്‍ പ്രസ്താവിക്കുമ്പോള്‍ ഹിമപാതം, ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍ എന്നിവയാണ്. ഹിമപാതം ഭൂമിശാസ്ത്രപരമായ അത്യാഹിതമാണ്. ഇങ്ങനെ ഭൂമിയിലും പ്രകൃതിയിലുമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന ശാസ്ത്രസാഹിത്യരചനയാണ് സുരേഷ് മണ്ണാറശാല തയ്യാറാക്കിയ പ്രകൃതിക്ഷോഭങ്ങള്‍. കാട്ടൂതീ, അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചുമുള്ള പഠനമാണ് പ്രകൃതിക്ഷോഭങ്ങള്‍ എന്ന പുസ്തകം.
ചില പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചറിയാം..
അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ (Volcanoes)
അഗ്നിപര്‍വ്വത സ്‌ഫോടനം കൊണ്ട് ലാവാ പ്രവാഹത്താലും പാറകള്‍ പതിച്ചും വലിയ ജീവഹാനിയുണ്ടാകുന്നു. അഗ്നിപര്‍വ്വത സ്‌ഫോടനസമയത്ത് ഉയരുന്ന ചാരം മേഘരൂപത്തില്‍ സമീപനഗരങ്ങളിലെല്ലാം നാശം വിതക്കുന്നു. ഈ ചാരം വെള്ളവുമായി ചേര്‍ന്ന് കോണ്‍ക്രീറ്റു പോലെയുള്ള വസ്തുവായി മാറുന്നു. ഇത് കെട്ടിടങ്ങള്‍ക്ക് കേടു വരുത്തുന്നു. നേരിയ തോതില്‍ പോലും ഈ ചാരം ശ്വസിക്കുന്ന ജീവികള്‍ക്ക് വന്‍തോതില്‍ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്നു. അഗ്നിപര്‍വ്വ തങ്ങളിലെ ഭീകരന്മാരാണ് സൂപ്പര്‍ അഗ്നിപര്‍വ്വതങ്ങള്‍. ഇവ സ്‌ഫോടനസമയത്ത് ചുറ്റുപാടിനെ മൊത്തമായി നശിപ്പിക്കുകയും ആ പ്രദേശത്തെ സസ്യജാലങ്ങ ളെയൊക്കെ ഇല്ലാതാക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ ചാരം പുറപ്പെടുവിക്കുന്ന ഇവ വ്യാപകമായ ദുരന്തങ്ങള്‍ ഭൗമോപരിതലത്തിലും അന്തരീക്ഷത്തിലുമുണ്ടാകുന്നു.
വെള്ളപ്പൊക്കം (Flood)
ഭൂവല്‍ക്കത്തില്‍ കരമണ്ഡലത്തില്‍ വെള്ളം ക്രമാതീതമായി ഉയരുന്നതിനെയാണ് വെള്ളപ്പൊക്കം എന്നു പറയുന്നത്. അമിതമായ മഴ, വേലിയേറ്റം തുടങ്ങി നിരവധി കാരണങ്ങള്‍കൊണ്ടു വെള്ളപ്പൊക്കമുണ്ടാകാം.
കൊടുങ്കാറ്റുകള്‍, ചുഴലിക്കാറ്റുകള്‍ (Storms, Cyclones)
ചക്രവാതങ്ങള്‍ പല രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മധ്യരേഖാചക്രവാതങ്ങള്‍, ഹരിക്കെയ്ന്‍, ടൈഫൂണ്‍ എന്നീ പേരുകളിലാണ് ഇവ പ്രത്യക്ഷപെടുന്നത്. വിശാലമായ സമുദ്രങ്ങളിലാണ് ഇത് രൂപം കൊള്ളുന്നത്. ഏറ്റവും വലിയചക്രവാതം 1780 ല്‍ അറ്റ്‌ലാന്റിക് ഹരിക്കെയ്ന്‍ എന്ന പേരിലാണ് ഉണ്ടായത്. ഇത് മാര്‍ട്ടിനിക്ക്, സെന്റ്‌യൂസ്റ്റേഷ്യസ്, ബാര്‍ബഡോസ് എന്നിവിടങ്ങളില്‍ സംഹാര താണ്ഡവമാടി. ഇതുപോലെ തന്നെ ഭീകരമായ ഒരു ദുരന്തമായിരുന്നു അമേരിക്കന്‍ ഐക്യനാടുകളില്‍ ചുറ്റിയടിച്ച കത്രിന ചുഴലിക്കാറ്റ്. ഇത് ഐക്യനാടുകളുടെ കടലിടുക്കു പ്രദേശങ്ങളെയാകെ തകര്‍ത്തുകളഞ്ഞു.
വരള്‍ച്ച (Drought)
മണ്ണിന്റെ അസാധാരണമായ ജലനഷ്ടം മൂലമാണ് വരള്‍ച്ച ഉണ്ടാകുന്നത്. വളരെകാലത്തേയ്ക്ക് മഴ മാറി നില്‍ക്കുന്ന പ്രദേശങ്ങളിലാണ് സാധാരണയായി ഇതുണ്ടാകുന്നത്. ചൂടു പിടിച്ച വരണ്ട കാറ്റുകള്‍, ഉയര്‍ന്ന ഊഷ്മാവ്, ഉപരിതലത്തിലെ ഈര്‍പ്പത്തിന്റെ വര്‍ദ്ധിച്ച ബാഷ്പീകരണം എന്നിവ മൂലം വരള്‍ച്ച ഉണ്ടാകുന്നു. 1900 ല്‍ രണ്ടരലക്ഷത്തിനും മൂന്നേകാല്‍ ലക്ഷത്തിനുമിടയിലുള്ള ആളുകളാണ് ഇതുമൂലം ഇന്ത്യയില്‍ മരിച്ചത്. ഇതുപോലെ തന്നെ 1921-22 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനിലുണ്ടായ വരള്‍ച്ച മൂലമുണ്ടായ പട്ടിണിയില്‍ 5 മില്യണ്‍ ആള്‍ക്കാര്‍ മരിച്ചു.
ടൊര്‍ണാടോ (Tornado)
ടൊര്‍ണാടോ (Tornado) ചുഴലിക്കാറ്റുകളുടെ കൂട്ടത്തില്‍പ്പെടുന്നു. അന്തരീക്ഷത്തിന്റെ മര്‍ദ്ദ വ്യത്യാസമാണ് ഇതിനു തുടക്കം കുറിക്കുന്നത്. ഇത് പല രൂപത്തിലും വലിപ്പ ത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു സാന്ദ്രീകരണ ചോര്‍പ്പിന്റെ ആകൃതിയിലാണ് ഇത് ഉണ്ടാകുന്നത്. ഇതിന്റെ ഇടുങ്ങിയ ഭാഗം ഭൂമിയില്‍ സ്പര്‍ശിക്കുന്നു. പുകയും പൊടിപടലങ്ങളുമൊക്കെ ചുഴറ്റിക്കൊണ്ട് ഇത് മേഘങ്ങളോളം ഉയരുന്നു. മണിക്കൂറില്‍ 177 കിലോമീറ്ററില്‍ താഴെയാണ് ടൊര്‍ണാടോകളുടെ വേഗത. ഇവയ്ക്ക് ഏതാണ്ട് നൂറു മീറ്റര്‍ വരെ ഉയരമുണ്ടാകാറുണ്ട്. എങ്കിലും ഇവ അപ്രത്യക്ഷമാകുന്നതിന് മുന്‍പ് കിലോമീറ്ററുകളോളം സഞ്ചരിക്കാറുണ്ട്. അപൂര്‍വ്വമായി മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുകളും രൂപപ്പെടാറുണ്ട്.
കാട്ടുതീ (Forest fire)
വിസ്തൃതമായ കര പ്രദേശത്താണ് കാട്ടുതീ ഉണ്ടാകുന്നത്. വരള്‍ച്ചയും മിന്നലുമാണ് പ്രകൃത്യാ കാട്ടുതീ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍. 1871ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പെഷ്റ്റിഗോയിലുണ്ടായ അഗ്നിബാധ ഭീകരമായിരുന്നു. ഇത് അനേകം നാശനഷ്ടങ്ങള്‍ പ്രകൃതിക്കു വരുത്തിയതോടൊപ്പം 1700ലധികം പേരുടെ മരണത്തിനും കാരണമായി. ജീവജാലങ്ങള്‍ ആ പ്രദേശത്തു നിന്നുതന്നെ അപ്രത്യ ക്ഷമായി. 2009ല്‍ ആസ്‌ട്രേലിയയിലെ വിക്‌ടോറിയന്‍ കാടുകളിലുണ്ടായ കാട്ടുതീയും വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി.
സുനാമി (Tsunami)
കടലിനടിയിലുണ്ടാകുന്ന ഭൂകമ്പമാണ് സുനാമികളിലുണ്ടാകുന്നത്. 2004ല്‍ സുമാത്രയിലുണ്ടായ ഭൂചലനം വന്‍ സുനാമി സൃഷ്ടിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുനാമിയായിരുന്നു അത്. ഉരുള്‍പൊട്ടല്‍ കൊണ്ടും സുനാമി ഉണ്ടാകാറുണ്ട്. അലാസ്‌കയിലെ ലിടുയാ ഉള്‍ക്കടലില്‍ ഇത്തരത്തില്‍ സുനാമി ഉണ്ടായിട്ടുണ്ട്. 2011 മാര്‍ച്ച് പതിനൊന്നിനുണ്ടായ സുനാമി ജപ്പാനിലെ ഫുക്കുഷിമയെ തകര്‍ത്തു കളഞ്ഞു. ഇത് കൂടുതലായി അനുഭവപ്പെട്ടത് പസഫിക് സമുദ്രത്തിലാണ്.
ക്ഷുദ്രഗ്രഹങ്ങള്‍ (Asteroids)
ക്ഷുദ്രഗ്രഹങ്ങള്‍ പലപ്പോഴും ഭൂമിയില്‍ പൊട്ടിത്തെറിച്ചു വന്നു പതിക്കുമ്പോള്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു. ഇവ സൗരയൂഥത്തില്‍ ചൊവ്വ, വ്യാഴം, ഭൂമി എന്നിവയ്ക്കിടയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഭൂമിയില്‍ കൂട്ടി ഇടിക്കുകയോ ജനവാസ പ്രദേശത്ത് പതിക്കുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്നു. സൗരയൂഥത്തിലെ കുഞ്ഞന്‍ ഗ്രഹങ്ങളാണിവ. ധൂമകേതുക്കളെ പോലെ ഇവ അപകടകാരിയല്ലെങ്കിലും ചില വേളകളില്‍ അപ്രതീക്ഷിതമായി കടന്നുവന്ന് നാശം വിതക്കുന്നു. സൂര്യനും ഗ്രഹങ്ങള്‍ക്കുമിടയിലുള്ള ആകര്‍ഷണ വികര്‍ഷണങ്ങള്‍ ചിലപ്പോള്‍ ക്ഷുദ്രഗ്രഹങ്ങളുടെ സഞ്ചാരപാതയെ വ്യത്യാസപ്പെടുത്തുന്നു. ദശലക്ഷകണക്കിന് ക്ഷുദ്രഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പ്രയാസമാണ്. ഇവ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ കാണാനാകുന്നു.
ഹിമവാതങ്ങള്‍ (Blizzards)
വളരെ തണുപ്പേറിയ കാറ്റുകളാണിവ. ഇത്തരം കാറ്റുകളടിച്ചു തുടങ്ങിയാല്‍ മഞ്ഞുവീഴ്ച ഒപ്പം ഉണ്ടാകുന്നു. 1888ല്‍ അമേരിക്കന്‍ ഐക്യനാടുകളിലുണ്ടായ ഹിമ വാതത്തിന്റെ ഫലമായി ടണ്‍ കണക്കിന് ഗോതമ്പു പാടങ്ങള്‍ മഞ്ഞിനടിയിലായി നശിച്ചുപോയി. 2008ല്‍ അഫ്ഗാനിസ്ഥാനില്‍ ഇതേപോലുള്ള ഒരു ഹിമവാതമുണ്ടായി. 1947ല്‍ വടക്കേ അമേരിക്കയില്‍ പലയിടത്തും ഹിമവാതം താണ്ഡവമാടി. 1972 ഇറാന്‍ ഹിമവാതത്തില്‍ 4000 പേര്‍ മരിച്ചുപോയി. ലോകത്തില്‍ ഹിമവാതങ്ങളുണ്ടാകുന്ന അനേകം പ്രദേശങ്ങളുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, ആസ്‌ട്രേലിയ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളില്‍ ഇത് സാധാരണയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും 1972 ല്‍ ഇറാനിലുണ്ടായ ഭീകരമായ ഹിമവാതം തന്നെയാണ് ഏറ്റവും വലിയ ദുരന്തമായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
ആലിപ്പഴക്കാറ്റ് (Hail storm)
മഴ പോലെയുള്ള ഒരു പ്രതിഭാസമാണിത്. എന്നാല്‍ മഴത്തുള്ളികള്‍ക്കു പകരം മഞ്ഞുകട്ടയാണ് ഭൂമിയില്‍ വന്നു പതിക്കുന്നത്. ഇവ ഭൂമിയില്‍ ഉരുകുന്നതിനു മുന്‍പ് വന്നു വീഴുന്നു. ഇതി പലപ്പോഴും ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. 1984 ജൂലൈ 12ന് ജര്‍മ്മനിയിലുണ്ടായ ആലിപ്പഴക്കാറ്റ് 2 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടാക്കി. ആലിപ്പഴമുണ്ടാകുന്നത് ശക്തമായ വായുവിന്റെ മുകളിലേക്കുള്ള തള്ളിക്കയറ്റം മൂലമാണ്. ഉയര്‍ന്ന മര്‍ദ്ദത്താല്‍ വലിയ ഗോളങ്ങള്‍ പോലെ ജലം ഘനീഭവിക്കുന്നു. മധ്യരേഖാ പ്രദേശത്തുള്ള ഭൂഖണ്ഡങ്ങളുടെ വളരെ ഉയരത്തില്‍ നിന്നാണിത് രൂപം കൊള്ളുന്നത്.
ലിംനിക് സ്‌ഫോടനം (Limnic eruption)
അപൂര്‍വമായി നടക്കുന്ന പ്രകൃതിദുരന്തമാണ് ലിംനിക് സ്‌ഫോടനം. ജലാശയങ്ങളിലെ ജലത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പെട്ടെന്നു വേര്‍പെട്ട് മുകളിലേക്കു വരുന്ന പ്രതിഭാസമാണിത്. സാധാരണയായി വന്‍തടാകങ്ങളിലാണ് ഇതുണ്ടാകുന്നത്. ജീവജാലങ്ങള്‍ക്കും ജലജീവികള്‍ക്കും മനുഷ്യനുമൊക്കെ ഇത് ശ്വാസംമുട്ടലുണ്ടാക്കുന്നു. കാമറൂണിലെ മോനോന്‍ തടാകത്തില്‍ 1984ല്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 38 പേര്‍ മരിക്കുകയും അനേകം നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതിനടുത്തുള്ള ന്യോസ് തടാകത്തില്‍ 1986ല്‍ ഉണ്ടായ ലിംനിക് സ്‌ഫോടനത്തില്‍ 80 മില്യന്‍ ക്യുബിക് മീറ്റര്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് വമിച്ചത്. 1700 പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്.
നീര്‍ച്ചുഴി (Whirlpool)
എതിര്‍ദിശയില്‍ വരുന്ന ശക്തമായ രണ്ട് ജലപ്രവാഹങ്ങള്‍ സംഗമിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. സാധാരണയുണ്ടാകുന്ന ചുഴികള്‍ വലിയ ശക്തിയുള്ളതായിരിക്കില്ല. സമുദ്രങ്ങളില്‍ ഇതുണ്ടാകുന്നത് വേലിയേറ്റ വേലിയിറക്കങ്ങള്‍ മൂലമാണ്. ചെറിയ നീര്‍ച്ചുഴികള്‍ വെള്ളച്ചാട്ടങ്ങള്‍ വന്നു പതിക്കുന്ന ഭാഗത്തുണ്ടാകാറുണ്ട്. നയാഗ്ര വെള്ളച്ചാട്ടത്തിനോടൊത്ത് ചേര്‍ന്ന് ശക്തമായ നീര്‍ച്ചുഴികള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും ശക്തമായ നീര്‍ചുഴികള്‍ ഉണ്ടാകുന്നത് ഇടുങ്ങിയതും ആഴം കുറഞ്ഞതും വേഗത്തിലൊഴുകുന്നതുമായ നദികളിലാണ്. നോര്‍വയിലെ സാള്‍ട്ട്‌സ്‌ട്രോമനിലെ നീര്‍ച്ചുഴികള്‍ ശ്രദ്ധേയമായ ഒരു പ്രതിഭാസമാണ്.
ശൈത്യവാതങ്ങള്‍ (Cold winds)
ശൈത്യവാതങ്ങള്‍ പലപ്പോഴും കൊടുംതണുപ്പ് സൃഷ്ടിക്കാറുണ്ട്. ധ്രുവപ്രദേശങ്ങളോട് അടുക്കുന്തോറും ഇത് ഏറി വരുന്നു. എന്നാല്‍ മധ്യരേഖാ പ്രദേശത്തോടടുക്കുമ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വരുകയും ചൂടുകാറ്റുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ചൂടുകാറ്റുകള്‍ മരുഭൂമിയിലാണ് ധാരാളമായി ഉണ്ടാകുന്നത്. ഇത് മനുഷ്യനും ജീവികള്‍ക്കും ആരോഗ്യത്തെ വളരെ ദോഷകരമായി ഭവിക്കുന്നു. കഠിനമായ ചൂടില്‍ മണല്‍ക്കാറ്റുകളും മറ്റുമുണ്ടാകുമ്പോള്‍ അത് ജീവികളെ രൂക്ഷമായി ബാധിക്കുന്നു. യൂറോപ്പില്‍ പലപ്പോഴും ഈ രണ്ടു വിധത്തിലുള്ള കാറ്റുകളും അനുഭവപ്പെടാറുണ്ട്.
Comments are closed.