പ്രകാശം എന്ന പ്രതിഭാസം
റാഷിദ്
ഭൂമി എന്ന ജീവഗോളത്തിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സാണ് സൗരയൂഥത്തിന്റെ 99 ശതമാനം പിണ്ഡവും ഉള്‍ക്കൊള്ളുന്ന സൂര്യനെന്ന നക്ഷത്രം. ഭൂമിയിലെ ജീവന്റെ തുടിപ്പിന് വെള്ളവും വായുവും പോലെതന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്രകാശവും. സൂര്യനില്ലാത്ത ഭൂമിയെക്കുറിച്ച് സങ്കല്പിച്ചിട്ടുണ്ടോ സൂര്യനില്‍നിന്നുള്ള പ്രകാശത്തിന്റെ വരവ് പെട്ടെന്ന് നിലച്ചുപോയാല്‍ എന്തു സംഭവിക്കുമെന്നു സങ്കല്പിച്ചിട്ടുണ്ടോ ആ നിമിഷം ഭൂമിയുടെ അവസാനം ആരംഭിക്കും.
ഭൂമിയുടെ ഒരുപുറത്ത് പകലും മറുപുറത്ത് രാത്രിയുമെന്നുള്ള യാഥാര്‍ത്ഥ്യം ചരിത്രമാകും. ഭൂമി ഇരുട്ടിലേക്കു തള്ളപ്പെടും. പ്രകാശസംശ്ലേഷണത്തിലൂടെ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്ന പ്രക്രിയയും തല്‍ഫലമായി ഓക്സിജന്റെ പുറംതള്ളലും നിലയ്ക്കും. ഭൂമിയിലെ ശരാശരി താപനില കുറയാന്‍ ആരംഭിക്കും. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങും. ധ്രുവപ്രദേശങ്ങളിലെ താപനില കുറഞ്ഞ അവസ്ഥയില്‍നിന്ന് വീണ്ടും കുറയുന്നതോടെ ധ്രുവപ്രദേശങ്ങളും ധ്രുവപ്രദേശങ്ങളോടടുത്ത പ്രദേശങ്ങളും ജീവന് നിലനില്‍പ്പില്ലാത്ത പ്രദേശങ്ങളായി മാറും. ഭൂമധ്യരേഖാപ്രദേശങ്ങളും തണുത്തുറയാന്‍ തുടങ്ങും. താപനില താഴുന്നതോടെ ജലത്തിന് ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കാനാവാതെവരികയും ഘരരൂപത്തിലേക്ക് മാറുകയുംചെയ്യും. കുളങ്ങളും തടാകങ്ങളും പുഴയും കടലും എല്ലാം ഖരാവസ്ഥയിലേക്ക് മാറും. ജീവികള്‍ തണുപ്പിനെ അതിജീവിക്കാനാകാതെ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ ആരംഭിക്കും. മനുഷ്യന്‍ അതിജീവനത്തിന് നെട്ടോടമോടും. മനുഷ്യശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ ശരീരത്തിന് കൃത്യമായ ഒരു ഊഷ്മാവ് നിലനിര്‍ത്താന്‍ അതിശൈത്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരും. താപനില വീണ്ടും കുറയുന്നതോടെ മനുഷ്യനും കൂട്ടത്തോടെ
മരിച്ചുവീഴാന്‍ ആരംഭിക്കും. പതുക്കെ ഭൂമിയെന്ന ജീവഗോളം തണുത്തുറഞ്ഞ ഒരു ഗോളമായിത്തീരും. എന്നാല്‍ അങ്ങനെയൊരു ദാരുണാന്ത്യം ഭൂമിക്ക് സംഭവിക്കില്ല. കാരണം സൂര്യനില്‍ നിന്നുള്ള പ്രകാശം എപ്പോഴും ഭൂമിയില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ലളിതമായി പറഞ്ഞാല്‍, സൂര്യപ്രകാശത്തിന്റെ അഭാവത്തില്‍ ഭൂമിയില്‍ ഒരിക്കലും ജീവന്‍ സാധ്യമാവില്ല.
അപ്പോള്‍ എന്താണ് പ്രകാശം ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. മാറിവരുന്ന രാത്രിയും പകലും, പകല്‍നേരങ്ങളില്‍ തലയ്ക്കു മുകളില്‍ ജ്വലിച്ചുനില്‍ക്കുന്ന സൂര്യനും രാത്രി ആകാശത്തെ വൃദ്ധിക്ഷയത്തോടുകൂടിയ ചന്ദ്രനും പൊട്ടുകള്‍പോലെ ചിന്നിച്ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളും എല്ലാംതന്നെ ആദിമമനുഷ്യന് ഒരത്ഭുതമായിരുന്നു. തീയാണ് മനുഷ്യന്റെ ആദ്യത്തെ കൃത്രിമ പ്രകാശസ്രോതസ്സ്. അതിന്റെ പ്രകാശവും ചൂടുപിടിപ്പിക്കാനുള്ള കഴിവുമെല്ലാം മനുഷ്യന്‍ അവന്റെ ജീവിതത്തിനാവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. പ്രകാശത്തെക്കുറിച്ചുള്ള അത്ഭുതങ്ങള്‍ക്കു പിന്നിലെ അന്വേഷണങ്ങളില്‍ ചിലത് മനുഷ്യനെ പലതരത്തിലുള്ള വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സൃഷ്ടിപ്പിന് കാരണമാക്കിത്തീര്‍ത്തു. പകലിനെ പല കാരണങ്ങളാല്‍ സ്നേഹിച്ചപ്പോള്‍ സൂര്യനെ അവര്‍ ഒരു ശക്തിയായിക്കണ്ട് ആരാധിക്കാന്‍ ആരംഭിച്ചു. രാത്രിയില്‍ സൂര്യന്റെ അഭാവം ദുഷ്ടശക്തികള്‍ക്ക് തുണയാണെന്നും അതുപോലുള്ള മറ്റു വിശ്വാസങ്ങളും അവര്‍ വെച്ചുപുലര്‍ത്തി. അതിനാല്‍ രാത്രിയെ അവര്‍ ഭയത്തോടുകൂടി നോക്കിക്കണ്ടു. രാത്രി ആകാശത്തിലെ നക്ഷത്രങ്ങള്‍ അവര്‍ക്ക് ദിശ അറിയുവാന്‍ പ്രയോജനപ്പെടുത്തിയതോടൊപ്പം ആ നക്ഷത്രങ്ങള്‍ക്കു പിന്നില്‍ പല കഥകളും അവര്‍ ഉണ്ടാക്കിയെടുക്കുകയും ആ കഥകളിലെ കഥാപാത്രങ്ങളുടെ രൂപത്തില്‍ നക്ഷത്രക്കൂട്ടങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തു. ഈ കഥകള്‍ ഒരുപക്ഷേ, അവര്‍ക്ക് നക്ഷത്രഗണങ്ങളെ ഓര്‍ത്തുവെക്കാന്‍ സഹായകമായിത്തീര്‍ന്നു. നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനുമെല്ലാം കാലക്രമേണ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായിത്തീര്‍ന്നു. എന്നാല്‍ അക്കാലഘട്ടത്തിലെ എല്ലാവരും ഒരുപോലെ ചിന്തിച്ചവരല്ല. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ അവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു. ഈ വ്യത്യസ്തത പുതിയതും വ്യതിരിക്തവുമായ ആശയങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഇവിടെനിന്നാണ് തുടങ്ങുന്നത്. അതായത്, ഏകദേശം ബി.സി. 5ാം നൂറ്റാണ്ട് മുതല്‍. അവിടന്നു മുതല്‍ പ്രകാശത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ അറിയപ്പെട്ടവരും അല്ലാത്തവരുമായ ഒരുപാടുപേര്‍ പ്രകാശത്തെക്കുറിച്ചുള്ള പഠനത്തില്‍ സംഭാവനങ്ങള്‍ നല്‍കി. തീര്‍ച്ചയായും പണ്ടുകാലത്ത്, അതായത് അന്ധവിശ്വാസങ്ങള്‍ കൂടുതലായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ശാസ്ത്രം വളര്‍ന്നുവരിക എന്നത് അത്ര എളുപ്പമായൊരു കാര്യമായിരുന്നില്ല. കാരണം ഒരു പ്രതിഭാസത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണം പലപ്പോഴും അവരുടെ വിശ്വാസങ്ങള്‍ക്ക്എ തിരായിരുന്നു. സൂര്യനെ ദൈവമായിക്കാണുന്ന ഒരു സമൂഹത്തോട് അതൊരു നക്ഷത്രമാണെന്നു പറഞ്ഞാല്‍ ഉണ്ടാകുന്ന വിപത്തുകള്‍ വലുതായിരുന്നു. ഇങ്ങനെ സൂര്യന്‍ മാത്രമല്ല, നക്ഷത്രങ്ങള്‍, ചന്ദ്രന്‍, ആകാശം, ഭൂമി, കല്ല്, ജലം, മരം, മൃഗങ്ങള്‍ എന്നിവയെ എല്ലാംതന്നെ ആരാധിക്കുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇത്തരം സമൂഹത്തില്‍ നിന്നുകൊണ്ട് ശാസ്ത്രസത്യങ്ങള്‍ വിളിച്ചു പറയുക എന്നത് സ്വന്തം ജീവനുപോലും വിപത്ത് വിളിച്ചുവരുത്തുന്നതിന് തുല്യമായിരുന്നു. എന്നാല്‍ ജീവന്‍പോലും പണയപ്പെടുത്തി ശാസ്ത്രസത്യങ്ങള്‍ തലമുറകളോട് വിളിച്ചുപറഞ്ഞ ഒട്ടേറെപ്പേര്‍ അക്കാലഘട്ടത്തില്‍ നിന്നും ഉയര്‍ന്നുവന്നു. അതിന്റെ പേരില്‍ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങുകയും നാടുകടത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഒട്ടേറെ പേരെ ചരിത്രത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ ശാസ്ത്രസത്യങ്ങള്‍ ഇതിനെയെല്ലാം അതിജീവിച്ച് വളരാന്‍ ആരംഭിച്ചു. പിന്നീട് പ്രകാശത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും രചിക്കപ്പെട്ടു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുന്നതിനുപകരം നശിപ്പിക്കപ്പെടുകയും ചെയ്തു. പഠനങ്ങള്‍ രഹസ്യമായും പരസ്യമായും മുന്നോട്ടുപോവുകയും കൂടുതല്‍ ആധികാരിക ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയുംകൂടി ചെയ്തതോടെ പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. യൂക്ലിഡ്, അല്‍ ഹസ്സന്‍, ഗലീലിയോ
തുടങ്ങിയ നിരവധി പ്രഗല്ഭരായ ചിന്തകന്മാര്‍ പ്രകാശത്തെക്കുറിച്ചുള്ള പഠനത്തില്‍ കൂടുതല്‍ ബലം പകരുന്ന സംഭാവനകള്‍ നല്‍കി.
പ്രകാശത്തെക്കുറിച്ചുള്ള പഠനത്തിന് ഭൗതികശാസ്ത്രത്തില്‍ ഒപ്റ്റിക്‌സ് അഥവാ പ്രകാശശാസ്ത്രം എന്നു പറയുന്നു. കാഴ്ച, വീക്ഷണം എന്നര്‍ത്ഥംവരുന്ന ഗ്രീക്ക് പദമായ ഒപ്റ്റിക എന്നതില്‍നിന്നാണ് ഒപ്റ്റിക്‌സ് എന്ന വാക്ക് വരുന്നത്. പ്രകാശത്തിന്റെ സ്വഭാവവും ദ്രവ്യവുമായിട്ടുള്ള പ്രകാശത്തിന്റെ പരസ്പരപ്രവര്‍ത്തനത്തെക്കുറിച്ചും പഠിക്കുന്ന ഭൗതിക ശാസ്ത്രത്തിലെ പ്രധാന ശാസ്ത്രശാഖയാണ് ഒപ്റ്റിക്‌സ് എന്നു പറയുന്നത്.
Comments are closed.