DCBOOKS
Malayalam News Literature Website

പ്രഭാകരന്‍ പഴശ്ശിയുടെ ‘പോസ്റ്റ് മോഡേണ്‍ ഹിതോപദേശ കഥകള്‍’

ഓര്‍മ്മകളുടെയും വെളിപാടുകളുടെയും ‘അവിചാരിതങ്ങ’ളുടെയും സമാഹാരമാണ് പ്രഭാകരന്‍ പഴശ്ശിയുടെ പോസ്റ്റ്‌മോഡേണ്‍ ഹിതോപദേശ കഥകള്‍. പലകാലങ്ങളിലായി എഴുതിയ ചെറുകഥകളുടെ സമാഹാരം. ഭാഷാകേളികള്‍ പ്രധാനമാകുന്ന ചില കഥാപാത്രങ്ങളുണ്ട് ഈ കഥകളില്‍. ഓരോ വാക്കും എന്തൊക്കെയോ അര്‍ത്ഥ/ ശബ്ദസാദ്ധ്യതകളെ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ബോധ്യമാകുന്ന എഴുത്തുശൈലിയും കഥയെ വ്യത്യസ്തമായ വിതാനത്തിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനവും ഈ ചെറുകഥകളെ ഏറെ ഹൃദ്യമാക്കുന്നു.

‘പ്രശസ്തരുടെ മിനിക്കഥകളിലും മിനി മാസികകളിലെ കഥകളിലും എണ്‍പതു ശതമാനവും കഥയില്ലാക്കഥകളാണ്. പലതും കഥകളോ കവിതകളോ എന്ന ആശങ്കയുളവാക്കുന്നതും. എന്നാല്‍ ഈ കഥകള്‍ അങ്ങനെയല്ല എന്നാണെന്റെ വിശ്വാസം.’ പ്രഭാകരന്‍ പഴശ്ശി പുസ്തകത്തിന് ആമുഖമായി കുറിയ്ക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന  പോസ്റ്റ് മോഡേണ്‍ ഹിതോപദേശ കഥകളുടെ ആദ്യ പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കായി ലഭ്യമാണ്.

പുസ്തകത്തിന് ഇ.പി രാജഗോപാലന്‍ എഴുതിയ അവതാരികയില്‍ നിന്ന്

ചെറിയ കഥകള്‍, നാടന്‍ കഥാഖ്യാനത്തിന്റെ ഭാഗമായി എല്ലാ ഭാഷകളിലും ഉണ്ടെന്നുവേണം വിചാരിക്കാന്‍. നോവല്‍ (ദേശ)രാഷ്ട്രത്തിനും കഥ, ഗ്രാമത്തിനും പകരം നില്ക്കുന്നു എന്നൊരു സിദ്ധാന്തം കുറച്ചുകാലമായി നിലനിന്നുപോരുന്നു. കഥ ചെറുതാകുമ്പോള്‍ ആഖ്യാനപരമായ ഏകാഗ്രതയേറും; ഓരോവാക്കും പ്രധാനമാവും. ചീറ്റിപ്പോകാന്‍ ഏറെ സാദ്ധ്യതയുള്ള ആഖ്യാനശ്രമമാണ്, ചെറിയ കഥയുടേത്. കഥാകാരന്‍ ഇത്തരം കഥകള്‍ക്കായി ഏറെയും ആശ്രയിക്കാനിട തനിക്കു പെട്ടെന്നുണ്ടാകുന്ന പ്രചോദനത്തെയായിരിക്കുമെന്നു തോന്നുന്നു. ഒരു മിന്നലാണത്. അതു കെട്ടുമറയുംമുമ്പ് വാക്കുകളില്‍ സൂക്ഷിക്കണം. അതിന്റേതായ വേഗവും ആത്മാര്‍ത്ഥതയും പൊതുവേ ചെറിയ കഥകളില്‍ കാണാറുണ്ട്. ഇത്തരം മിന്നലുകള്‍തന്നെയാണ്, ചെറിയ കഥകളുടെ വായനക്കാര്‍ ആഗ്രഹിക്കുന്നതും.

പ്രഭാകരന്‍ പഴശ്ശിയുടെ പല ചെറിയ കഥകളും ഈ മിന്നലിന്റെ സൗന്ദര്യതത്ത്വം അനുസരിക്കുന്നവയാണ്. പാതി യാഥാര്‍ത്ഥ്യവും പാതി ഭാവനയുമായി നില്‍ക്കുന്ന ‘കണ്ടക്റ്ററും കുട്ടിയും’ മിന്നലായി വന്നത് കുട്ടികളോട് മോശമായി പെരുമാറാന്‍ നിര്‍ബ്ബന്ധിതനായ ബസ് തൊഴിലാളിയുടെ ചിത്രത്തില്‍നിന്നാവാം അത് ഒരു റിപ്പോര്‍ട്ടിങ് മാത്രമാണ്. കഥ കലാവിഷ്‌കാരമാവാന്‍ അതുപോര. ക്ലാസ്മുറിയുടെ ചിത്രത്തിലൂടെ കഥ പതിവു മട്ടു വിടുന്നു. ചിരിയുടെ പ്രചോദനമായിത്തീരുന്നു (‘മയിസ്രേട്ടും മാഷും’ ഇതിന്റെ വേറൊരു പാഠമാണ്). കാഴ്ചയുടെ കാര്യത്തിന് അമിതത്വം കാട്ടുന്ന ഒരു ലോകത്തിന്റെ വിമര്‍ശനത്തിനായാണ് ‘ഇടയനും ഞാനും നരിയും’ ഉണ്ടാകുന്നത്. ധര്‍മ്മത്തെക്കാള്‍ ദൃശ്യം പ്രധാനമാവുന്നതിന്റെ തരക്കേട് കഥയില്‍ എളുപ്പത്തില്‍ തെളിയുന്നു. ഹിംസയുടെ ലോകം എന്ന യാഥാര്‍ത്ഥ്യമാണ്, ‘കാഞ്ഞങ്ങാട്ടു നിന്നും ഒരീച്ച’യുടെ പ്രചോദനം എന്നു പറയാവുന്നതാണ്. ഇരയുടെ ഭാഷണമാണത്. ‘സിദ്ധനും’ നേരിട്ടുള്ള സാമൂഹികപ്രേഷണം അവകാശപ്പെടാവുന്ന ചെറിയ കഥയാണ്. സിദ്ധനായിപ്പോയ യുക്തിവാദിയുടെ മൗനം കഥയിലെ ഗുരുതരമായ വിഷയമാണെന്നുകൂടി അറിയേണ്ടതുണ്ട്. നെടുനാള്‍ അദ്ധ്യാപകനായിരുന്നു, പ്രഭാകരന്‍ പഴശ്ശി.

Comments are closed.