DCBOOKS
Malayalam News Literature Website

കാഴ്ചയ്ക്കപ്പുറത്തെ വാര്‍ത്താക്കാഴ്ചകള്‍

ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ്‌ ട്രൂത്ത് ടെലിവിഷൻ ‘ എന്ന പുസ്തകത്തിന് എ.ചന്ദ്രശേഖര്‍ എഴുതിയ വായനാനുഭവം 

മുഖം നോക്കാത്ത സമീപനമാണ് ഒരു വിമര്‍ശകന് ഏറ്റവും പ്രധാനമായുണ്ടാവേണ്ട ഗുണം. നിഷപക്ഷത പ്രധാന മൂല്യമായ, സ്ഥാപിത ധര്‍മ്മം ആവേണ്ട മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോള്‍ അതു ചെയ്യുന്നയാളെ സംബന്ധിച്ച് ഉത്തരവാദിത്തം ഒന്നുകൂടി കൂടുന്നു. നിലപാടുകളിലെ ക്ളിനിക്കല്‍ നിഷ്പക്ഷതയാണ് ഡോ.ടി.കെ.സന്തോഷ്‌കുമാറിന്റെ മാധ്യമവിമര്‍ശനങ്ങളില്‍ എന്നും തെളിഞ്ഞുകണ്ടിട്ടുള്ളത്. അതദ്ദേഹം സിനിമയെക്കുറിച്ചെഴുതുമ്പോഴും ടെലിവിഷനെക്കുറിച്ചെഴുതുമ്പോഴും പ്രകടമായിട്ടുള്ളതുമാണ്. ഡോ സന്തോഷ് കുമാറിന്റെ പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍ എന്ന ഏറ്റവും പുതിയ പുസ്തകവും ഇതിനുദാഹരണമാണ്.
ഒരുപക്ഷേ, ഭാഷാധ്യാപകനാകുന്നതിന്റെ പൂര്‍വാശ്രമത്തില്‍ മുഖ്യധാരാ അച്ചടി/ദൃശ്യമാധ്യമങ്ങളില്‍ സ്റ്റാഫായിത്തന്നെ മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തനം നടത്തിയുള്ള പരിചയവും, പിന്നീട് മലയാള മാധ്യമസാഹിത്യചരിത്രത്തിലെ തന്നെ അമൂല്യമെന്നു വിശേഷിപ്പിക്കാവുന്ന, കേരള മീഡിയ അക്കാദമി പ്രസിദ്ധീകരണമായ മലയാള ടെലിവിഷന്‍ ചരിത്രം എന്ന സമഗ്ര ഗ്രന്ഥത്തിന്റെ രചയിതാവെന്ന നിലയില്‍ ആര്‍ജിച്ചെടുത്ത മാധ്യമചരിത്രബോധവും കൊണ്ടാവണം, മാറിനിന്ന് മാധ്യമങ്ങളെ വിശകലനം ചെയ്യാന്‍ മുതിരുമ്പോഴും തന്റെ നിലപാടുകളില്‍ തെല്ലും ചായ് വുണ്ടാവാതെ നോക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. രാഷ്ട്രീയമോ സാമൂഹികമോ സാമുദായികമോ ആയ മുന്‍വിധികളുടെ കണ്ണാടിയിലൂടെയല്ല സന്തോഷ് ഈ പുസ്തകത്തിലെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള 12 ലേഖനങ്ങളിലും തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. കൃത്യമായ സൈദ്ധാന്തിക പിന്തുണയോടെ, കാലികമായി സംഭവഗതികളെ ആഴത്തില്‍ ഇഴപിരിച്ച് വിശകലനവിധേയമാക്കിക്കൊണ്ടു മാത്രമാണ് സന്തോഷ് തന്റെ ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തുന്നത്. അതുകൊണ്ടുതന്നെ അവയ്ക്ക് ആധികാരികതയുണ്ട്, വിശ്വാസ്യതയും. എതിര്‍ക്കുന്നവര്‍ക്കുപോലും സ്വീകാര്യമായ സൈദ്ധാന്തിക തലങ്ങളിലൂടെയാണ് സന്തോഷ് ഓരോ വാദവും പ്രതിവാദവും അവതരിപ്പിക്കുന്നത് എന്നതുകൊണ്ടുതന്നെ അന്തിച്ചര്‍ച്ചകളില്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഭീഷണിയുടെയും കൊഞ്ഞനംകുത്തലിന്റെയും പതിനെട്ടാമടവെടുക്കുന്നവര്‍ക്കു പോലും സന്തോഷിനെ വായിക്കുമ്പോള്‍ ആത്മപരിശോധനയ്ക്കു തോന്നാം.

സത്യാനന്തര കേരളത്തില്‍ മാധ്യമങ്ങളുണ്ടാക്കിയെടുക്കുന്ന വ്യാജത്വത്തിന്റെ ഭിന്നമുഖങ്ങളെയും അനാവരണം ചെയ്യുന്നുണ്ട് സന്തോഷിന്റെ രചന. ക്യാമറയിലെ പെണ്ണുടലുകള്‍ എന്ന ഭാഗം അത് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ തന്നെ ദൃശ്യമാധ്യമങ്ങള്‍ ഭൂരിപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടുന്നതെങ്ങനെയെന്നും പുസ്തകം സവിസ്തരം സ്ഥാപിച്ചു കാണിച്ചുതരുന്നു.

ലോകത്തെമ്പാടും അധികാരവും മൂലധനതാല്‍പര്യങ്ങളും തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്. അതിന് ഏറ്റവും പ്രധാനമായി അവര്‍ കരുതുന്നത് മാധ്യമങ്ങളെ ചങ്ങലയ്ക്കിടുകയും. ഹിറ്റ് ലറുടെ വാര്‍ത്താവിനിമയ മന്ത്രിയായിരുന്ന ജോസഫ് ഗിബ്ബല്‍സ് വിജയകരമായി പരീക്ഷിച്ച മാതൃക തന്നെയാണ് സത്യാനന്തരകാലത്തും പൊതുജനതാല്‍പര്യം അട്ടിമറിക്കാന്‍ അധികാരവും വാണിജ്യവും പിന്തുടര്‍ന്നുപോരുന്നത്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പോടെ ലോകം Textവ്യാപകമായി കേട്ടുതുടങ്ങുകയും ചര്‍ച്ചചെയ്യുകയും ചെയ്ത സത്യനാന്തരം എന്ന മാധ്യമനിര്‍മ്മിത സാമൂഹികവ്യവസ്ഥയെ അയത്നലളിതമായി അടയാളപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുകയാണ് സൈന്‍ ഇന്‍ എന്ന ആമുഖപ്രയോഗത്തോടെ അവതരിപ്പിച്ചിട്ടുള്ള  വ്യാജവാര്‍ത്തകളും കെട്ടുകാഴ്ചകളുടെ രാഷ്ട്രീയവും എന്ന പ്രവേശികാലേഖനത്തില്‍. സത്യാനന്തരലോകത്തെ മാധ്യമദുരവസ്ഥയായി വ്യാജവാര്‍ത്ത എങ്ങനെ വിലസിവിളങ്ങുന്നു എന്ന് ഈ അധ്യായം സാധാരണക്കാര്‍ക്കുപോലും മനസിലാവുംവിധം വ്യക്തമാക്കിത്തരുന്നു.ഒപ്പം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി പക്ഷപാത/ഏകപക്ഷീയ ദൃശ്യാഖ്യാനങ്ങളും ആര്‍പ്പുവിളികളും കൊണ്ട് ടെലിവിഷന്‍ വാര്‍ത്താവ്യവസായം മു്ന്നോട്ടു വയ്ക്കുന്ന അര്‍ണാബിസം പോലുള്ള സത്യാനന്തരപ്രവണതകളെയും സന്തോഷ് സോദാഹരണം വിശദീകരിക്കുന്നുണ്ട്. ഇവിടെ ബസാര്‍ മീഡിയ, പ്രെസ്റ്റിറ്റിയൂറ്റ്സ് എന്നീ വാക്കുകളാല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്ന സാഹചര്യത്തെപ്പറ്റിയും പുസ്തകം വിശദമാക്കുന്നു.കുറച്ചു വര്‍ഷം മുമ്പ് കേരളത്തില്‍ അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായ ശണ്ഠയെത്തുടര്‍ന്ന് മാധ്യമങ്ങളെ അഭിഭാഷകര്‍ നാലാംലിംഗം എന്നു വിളിച്ച് അധിക്ഷേപിച്ച കാര്യമാണ് ഇതു വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത്.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിശ്ശബ്ദമാക്കാന്‍ അധികാരം കൂട്ടുപിടിക്കുന്ന വളഞ്ഞ വഴികള്‍ക്ക് എക്കാലത്തും സമാനസ്വഭാവമാണുള്ളതെന്ന് സെന്‍സറിങ് പാഠങ്ങള്‍ എന്ന ഭാഗത്തെ ഭയം കൊണ്ടു മുറിവേറ്റവര്‍ എന്ന ലേഖനം വ്യക്തമാക്കുന്നു. അഹിതസത്യം വിളിച്ചുപറയുന്നവര്‍ക്കെതിരേ വ്യാജക്കേസുകളും റെയ്ഡുകളും ദേശീയതയുടെ പേരിലുള്ള ഇതര കേസുകളുമടക്കം ആരോപിച്ച് സംപ്രേഷണം തടയുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുക മുതല്‍ മാധ്യമങ്ങളെ പൊതുവേ നിശ്ബദമാക്കാനുള്ള കരിനിയമങ്ങള്‍ കൊണ്ടുവരിക വരെയാണ് മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഇന്ത്യയിലും കൈക്കൊണ്ടിട്ടുള്ളതെന്ന് ഈ ഭാഗത്തിലെ മൂക്കുക്കയറും നിലവിളിയും, യുദ്ധത്തിന്റെ കുഴലൂത്തുകാര്‍, ശബ്ദം നിശബ്ദമാക്കുമ്പോള്‍ തുടങ്ങിയ അധ്യായങ്ങളും സ്ഥാപിക്കുന്നു. ലോകസാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുകൂടിയാണിത് സാധ്യമാക്കുന്നതെന്നതുകൊണ്ടുതന്നെ സത്യാന്തര ലോകത്തെ മാധ്യമങ്ങളോടുള്ള ഭരണകൂടസമീപനത്തെപ്പറ്റി വായനക്കാരന് ഒരേകദേശരൂപം കിട്ടുന്നു.

ടെലിവിഷനില്‍ സ്ത്രീ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, ആവിഷ്‌കരിക്കപ്പെടുന്നു, ലിംഗപരമായി അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നാണ് ക്യാമറയിലെ പെണ്ണുടലുകള്‍ എന്ന ഭാഗത്തെ ലേഖനങ്ങള്‍ പരിശോധിക്കുന്നത്. ഇതില്‍ വാര്‍ത്തയില്‍ ഇരകളായി പ്രത്യക്ഷപ്പെടുന്നവരും ആരോപണവിധേയരായി അവതരിപ്പിക്കപ്പെടുന്നവരുമായ സ്ത്രീകളുടെ നേര്‍്ക്കു മാത്രമല്ല മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കുപോലും വന്നു പതിക്കുന്ന ആണ്‍നോട്ടത്തിന്റെ കൗടില്യം അസന്ദിഗ്ധമായിത്തന്നെ സന്തോഷ് പ്രതിപാദിക്കുന്നു. വിഷ്വല്‍ ക്യാപിറ്റലിസത്തിന്റെ ചന്തകള്‍ എന്ന ഉപശീര്‍ഷകത്തില്‍ സന്തോഷിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക- ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ സ്്ത്രീ ആരോപണവിധേയയോ പ്രതിയോ ആകുന്ന സന്ദര്‍ഭത്തില്‍, ആ സ്ത്രീയുമായി ബന്ധപ്പെട്ടു സംപ്രേഷണം ചെയ്യുന്ന വാര്‍ത്തകളും ദൃശ്യങ്ങളും വിലയിരുത്താന്‍ മാധ്യമയിടങ്ങളില്‍ ജോലി എടുക്കുന്ന സ്ത്രീകള്‍ മുതിരുതയോ പിഴവുകള്‍ തിരുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷേ അങ്ങനെ തചെയ്യാനുള്ള ഇടം/അധികാരം മാധ്യമസ്ഥാപനത്തില്‍ കിട്ടണം എന്നില്ല.

ജേര്‍ണലിസവും ആക്ടിവിസവും ഒന്നല്ല എന്ന അടിസ്ഥാനപരമായ തിരിച്ചിറിവില്ലായ്മയാണ് സത്യാനന്തര മാധ്യമലോകത്തെ ജീര്‍ണിപ്പിക്കുന്ന കാരണങ്ങളില്‍ പ്രധാനം. വസ്തുതകളെ പരമാവധി നിഷ്പക്ഷമായി പൊതുസമക്ഷം എ്ത്തിക്കുകയും അതിന്റെ ഇരുവശവും ധാര്‍മ്മികമായി ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്ത് മാറി നില്‍ക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. ശരിയേത് ചെറുക്കപ്പെടേണ്ടതേത് എന്ന് പിന്നീട് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതവര്‍ മാധ്യമവാര്‍ത്തകള്‍ വായിച്ചും കണ്ടും കഴിഞ്ഞ് സ്വന്തം നിലയ്ക്ക് സ്വീകരിച്ചുകൊള്ളും. അവര്‍ക്കു വേണ്ടി അവരുടെ കുപ്പായമണിഞ്ഞ് പക്ഷം പിടിക്കേണ്ട ബാധ്യത ധാര്‍മ്മികമായി മാധ്യമങ്ങള്‍ക്കില്ല. ഇതു മറന്ന് സാമൂഹിക അജന്‍ഡ കൃത്രിമമായി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നിടത്താണ് ദൃശ്യമാധ്യമങ്ങളിലെ അവതാരകര്‍ ഏകാധിപതികളും ന്യായാധിപന്മാരുമായി വാര്‍ത്താ ചര്‍ച്ചയെ പരസ്യവിചാരണയാക്കി മാറ്റുന്നത്. ഇന്ത്യയ്ക്കതറിയേണ്ടതുണ്ട് എന്ന് ആക്രോശിക്കാന്‍ ഭരണഘടനാപരമായ മൗലികാവകാശത്തിലപ്പുറം യാതൊരു പരിരക്ഷയുമില്ലാത്ത മാധ്യമപ്രവര്‍ത്തകന് ഉണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഇക്കാര്യങ്ങളൊക്കെ സന്തോഷം തന്റെ അധ്യായങ്ങളില്‍ ന്യായയുക്തം അവതരിപ്പിക്കുന്നു.

വാര്‍ത്ത തന്നെ വാണിജ്യപരമായി ദൃശ്യമാധ്യമങ്ങളില്‍ ചൂടപ്പമായി വില്‍ക്കപ്പെടാവുന്ന വിഭവമായിത്തീരുന്ന അവസ്ഥയില്‍ ഉല്‍പ്പന്നവല്‍കൃത വാര്‍ത്താ സമൂഹത്തില്‍ സമൂഹമാധ്യമങ്ങളുടെ കൂടി കടന്നുവരവോടെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വിനോദവ്യവസായവും വാര്‍ത്താവ്യവസായവും തമ്മിലുളള അതിരുകള്‍ അലിഞ്ഞില്ലാതാവുന്നതിന്റെ സത്യക്കാഴ്ച കൂടി രേഖപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍ എന്ന പുസ്തകം സമാപിക്കുന്നത്. മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമങ്ങളോട് കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം വായിക്കാവുന്ന, അല്ല നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 128 പേജ് മാത്രമുള്ള ഒരു ലഘു പുസ്തകമാണിത് എന്നതില്‍ എനിക്കു സംശയമില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.