DCBOOKS
Malayalam News Literature Website

വ്യാജവാര്‍ത്തകളും കെട്ടുകാഴ്ചകളുടെ രാഷ്ട്രീയവും

നവംബര്‍ 21- ലോക ടെലിവിഷന്‍ ദിനം

ടി.കെ.സന്തോഷ്‌കുമാര്‍

ബഹുജനമാധ്യമങ്ങളെ ഫ്രഞ്ച് ഫിലോസഫറായ ജീന്‍ ബോദ്രിലാര്‍ദ് ബഹുജനങ്ങളെ നിശ്ശബ്ദമാക്കുന്ന-silencing the mass-മാധ്യമം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഒരേ വിഷയത്തില്‍ യാതൊരന്വേഷണവുമില്ലാതെ ഓരോ മാധ്യമവും വെവ്വേറെ വാര്‍ത്തകള്‍/വിവരങ്ങള്‍ ബഹുജനത്തിന്റെ മുന്നിലേക്ക് എടുത്തിടുന്നു. അതെല്ലാം കണ്ടും കേട്ടും ഏതാണ് ശരി എന്നറിയാതെ ജനം നിശ്ശബ്ദരായിപ്പോകുന്നു. വാര്‍ത്തകൊണ്ട് ജനത്തിന്റെ വായ്മൂടിക്കെട്ടുന്ന സ്ഥിതി. നാക്ക് മരവിക്കുന്ന അവസ്ഥ. എന്നാല്‍ സത്യത്തെ എത്ര ഭാരമുള്ള സ്വര്‍ണ്ണത്തളികകൊണ്ടു മൂടിവയ്ക്കാന്‍ ശ്രമിച്ചാലും മരവിപ്പിക്കപ്പെട്ട നാവ് സത്യം മുളപൊട്ടുന്ന മരമായി വളര്‍ന്ന് ഉയര്‍ന്നു വരും. നുണകള്‍കൊണ്ട് കെട്ടിപ്പൊക്കിയ വ്യാജസത്യങ്ങളുടെ പഗോഡകള്‍ നിലം പരിശാകും. ഇത് ജനാധിപത്യത്തിന്റെയും ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചുനില്ക്കുന്ന രാഷ്ട്രീയത്തിന്റെയും ശക്തികൊണ്ടാണ്. ഇവിടെ പരാമര്‍ശിച്ച രണ്ട് കാര്യങ്ങളുണ്ടല്ലോ-ശരിയായ അന്വേഷണമില്ലാതെ പടച്ചുവിടുന്ന വാര്‍ത്തകൊണ്ട് ജനത്തിന്റെ വായമൂടിക്കെട്ടലും വ്യാജസത്യങ്ങളുടെ നിര്‍മ്മിതിയും-ഇവ രണ്ടും കൂടി സൃഷ്ടിക്കുന്ന സവിശേഷകാലമാണ് വാസ്തവത്തില്‍ സത്യാനന്തരകാലം- Post Truth Era.

ഒരു ചിത്രം ഒരു പത്രം അച്ചടിച്ചപ്പോള്‍ ആ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പിഴവ് സംഭവിക്കുന്നു. അത് എഡിറ്റര്‍ അടുത്തദിവസം തിരുത്തുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ചേര്‍ന്നു നില്ക്കുന്ന വ്യക്തികള്‍ യഥാര്‍ത്ഥ സന്ദര്‍ഭത്തില്‍ അങ്ങനെ ഒരിക്കലും നിന്നിട്ടില്ലാത്തവരാണ്. Textആരോ അത്തരത്തില്‍ വ്യാജമായി ചേര്‍ത്തു നിര്‍ത്തി പ്രചരിപ്പിച്ചത്, യാതൊരു പരിശോധനയും കൂടാതെ പത്രം പ്രസിദ്ധീകരിച്ചതാണ്. തൊട്ടടുത്ത ദിവസം വീണ്ടും എഡിറ്ററുടെ തിരുത്തുവന്നു. ആ ചിത്രം വ്യാജമായിരുന്നു. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? ഉത്തരം ലളിതമാണ്. പത്രപ്രവര്‍ത്തനം ഉത്തരവാദിത്വരഹിതമായ ജോലിയായി അധഃപതിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ സത്യമെന്നു തോന്നും വിധം പ്രചരിക്കുന്ന നുണകളുടെ പിടിയില്‍ പത്രപ്രവര്‍ത്തനം അമര്‍ന്നുപോകുന്നു. ഇത്തരത്തില്‍ അകപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ളുടെ സൃഷ്ടിയാണ് അച്ചടിമാധ്യമത്തിന്റെ സത്യാനന്തരത.

വിവാദമായ കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടാണ് ബന്ധം എന്ന് തിരവാര്‍ത്താമാധ്യമങ്ങളെല്ലാം രാവിലെ മുതല്‍ അന്വേഷിക്കുകയാണ്. ഉച്ചയോടുകൂടി ചില മുഖ്യധാരാചാനലുകള്‍ അയാളുടെ അമ്മയുടെ ബൈറ്റ് സംപ്രേഷണം ചെയ്തു. വൈകാതെ അമ്മയുടെ തിരുത്തുവന്നു. താന്‍ അങ്ങനെയല്ല പറഞ്ഞത്. തന്റെ രാഷ്ട്രീയവിശ്വാസത്തെയാണ് മകന്റേതാക്കി സംപ്രേഷണം ചെയ്തിരിക്കുന്നതെന്ന്. ഇവിടെ സംഭവിച്ചത്, ഏതോ റിപ്പോര്‍ട്ടര്‍ ബൈറ്റ് എടുത്തത് അയാളുടെ ഇഷ്ടപ്രകാരം എഡിറ്റു ചെയ്തു മറ്റുള്ള ചാനലുകള്‍ക്ക് നല്കി. അല്ലെങ്കില്‍ ബോധപൂര്‍വ്വം ചില ചാനലുകള്‍ അങ്ങനെ തെറ്റിച്ചു കൊടുത്തു. അതുമല്ലെങ്കില്‍ ആ അമ്മ പറഞ്ഞത് ശ്രദ്ധിക്കാതെ തിരക്കിട്ട് സംപ്രേഷണം ചെയ്തു. ഇതില്‍ ഏതായാലും തെറ്റ് തിരുത്തിയില്ലെങ്കില്‍ കേസുകൊടുക്കും എന്ന് ആ അമ്മ പറഞ്ഞതോടെ ചാനലുകള്‍ തിരുത്തി.

പറ്റിയ വീഴ്ച, അത് ഏതു തലത്തില്‍ സംഭവിച്ചതാണെങ്കിലും തിരുത്തുക, ഖേദം പ്രകടിപ്പിക്കുക എന്നതാണ് മാധ്യമമര്യാദ. ആ മര്യാദ ചാനലുകള്‍ കാണിച്ചുവെങ്കിലും ചാനലുകള്‍ രാഷ്ട്രീയപ്രേരിതമായി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നു എന്ന വിശ്വാസത്തെ ഈ സംഭവം പൊതുമണ്ഡലത്തില്‍ ഉറപ്പിച്ചു നിര്‍ത്തി. പരിശോധനകളില്ലാത്ത ഇത്തരം എടുത്തു ചാട്ടങ്ങളുടെ സൃഷ്ടിയാണ് ദൃശ്യവാര്‍ത്തയിടത്തിലെ സത്യാനന്തരത.

പത്രങ്ങളുടെ ഒറിജിനല്‍ പതിപ്പുകളെ അതിശയിപ്പിക്കും വിധം തലക്കെട്ടും വാര്‍ത്തയും വിന്യസിച്ച് ഓണ്‍ലൈനായി പത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുക; ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ എംബ്ലം അതേപോലെ പകര്‍ത്തി സമാനമായ വര്‍ണ്ണവിന്യാസത്തോടെ വാര്‍ത്തയുടെ തെറ്റായ ഉള്ളടക്കം ചേര്‍ത്ത് വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ ഓണ്‍ലൈനായി പ്രചരിപ്പിക്കുക; വാര്‍ത്തയെ തങ്ങള്‍ക്കിഷ്ടമായ രീതിയില്‍ വ്യാഖ്യാനിച്ചും വളച്ചൊടിച്ചും ഓണ്‍ലൈന്‍ തിരയിടത്തില്‍ ലിഖിതരൂപത്തിലും വീഡിയോയായും നെറ്റിസന്‍ ജേണലിസത്തിന്റെ പേരില്‍ അപ് ലോഡ് ചെയ്യുക-ഇങ്ങനെ യാതൊരു നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ സത്യമേത്,മിഥ്യയേത് എന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത വിശകലനങ്ങളും വഹിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ചാനലുകളും സമൂഹമാധ്യമങ്ങളുടെ പ്ലാറ്റ് ഫോമുകളും അനുദിനം പെരുകുമ്പോള്‍ സൈബര്‍ പൊതുമണ്ഡലം നിശ്ശബ്ദമായിപ്പോകുന്നു. ആ നിശ്ശബ്ദത സൃഷ്ടിക്കുന്ന വ്യാജനിര്‍മ്മിതിയാണ് സൈബിറടത്തിലെ സത്യാനന്തരത.

ലോകം എന്നാല്‍ ഇന്ന് മാധ്യമലോകം തന്നെയാണ്. മാധ്യമങ്ങളുടെ നെറ്റ്‌വര്‍ക്കിനുള്ളില്‍-വലക്കണ്ണുകള്‍ക്കുള്ളില്‍-മനുഷ്യര്‍ ബന്ധനസ്ഥരാണ്. പൊതുജനാഭിപ്രായം വസ്തുനിഷ്ഠമായി സ്വരൂപിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുക എന്നതാണ്, ആദ്യകാലം മുതലേ പ്രാഥമിക മാധ്യമധര്‍മ്മമായി കരുതിപ്പോന്നത്. എന്നാല്‍ അതിനെ കുരുതി ചെയ്ത് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും സാമുദായിക സമ്മര്‍ദ്ദശക്തികള്‍ക്കും വാണിജ്യവ്യവസായ ലോബികള്‍ക്കും അനുകൂലമായി പൊതുജനാഭിപ്രായം കൃത്രിമമായി നിര്‍മിച്ചെടുക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വസ്തുതകള്‍ ബലികഴിക്കപ്പെട്ടു.

ടി.കെ. സന്തോഷ്‌കുമാറിന്റെ ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍’ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Leave A Reply