DCBOOKS
Malayalam News Literature Website

സ്കൂൾ ച്ചലേ ഹം: അജി മാത്യു കോളൂത്ര എഴുതുന്നു

അജി മാത്യു കോളൂത്ര

“When I wake up in the morning, love
And the sunlight hurts my eyes
And something without warning, love
Bears heavy on my mind
Then I look at you
And the world’s alright with me
Just one look at you
And I know it’s gonna be
A lovely day”

Bill Withers ന്റെ ശബ്ദത്തിൽ അലാറം ഉച്ചത്തിലടിച്ചു. ഇന്നിപ്പോൾ അൽപ്പം നേരത്തെയാണ്. അങ്ങനെ പറയാമോ എന്നറിയില്ല. എന്നെപോലെ ഫോണും രണ്ട് വർഷത്തിന് ശേഷം പഴയ പതിവുകളിലേക്ക് തിരികെ പോകുകയാണ്. അന്നൊരു മാർച്ച്‌ 14നാണ് അവസാനമായി ഈ സമയത്ത് ഞാൻ എഴുന്നേറ്റത്. പിന്നെ പടിവാതിൽക്കലോരു മഹാവ്യാധി വന്നു. കൊറന്റൈൻ ലോക്ക്ഡോൺ, സോഷ്യൽ ഡിസ്റ്റൻസിങ്. . . എന്നിങ്ങനെ കഴിഞ്ഞ കാലത്തോന്നും കേട്ടിട്ടില്ലാത്ത എന്തൊക്കയോ പുതിയ വാക്കുകളും നിബന്ധനകളും കേട്ടു. ഈ സമയത്ത് എഴുന്നേറ്റിട്ടും ഒന്നും ചെയ്യാനില്ലന്ന സ്ഥിതിവന്നു. സ്വഭാവവൈകല്യം കൊണ്ടെന്നപോലെ അടുത്ത കുറേ ദിവസങ്ങളിൽകൂടി ഫോണിൽ Bill Withers അതിരാവിലെ പാടി, പക്ഷെ പാതി തുറന്ന മിഴികളുടെ തെളിച്ചത്തിൽ ചൂണ്ടു വിരലിന്റെ തലോടൽ കൊണ്ട് ഞാനതിനെ തട്ടിയുറക്കി. പിന്നെയെപ്പോഴോ അതൊരു അലോസരമായി തോന്നിയപ്പോൾ അലാറത്തിന്റെ ഉണർത്തു പാട്ടിനെ ഒഴിവാക്കി.

കുറച്ച് നാൾ മുൻപാണ്, ഫോണിൽ അലാറം വെക്കാതെ സ്വൈര്യനിദ്രയെ പുൽകുന്ന കഥകൾ ഡെയ്സി ടീച്ചറിനോട് പറഞ്ഞപ്പോൾ അവിടെനിന്നു കേട്ട മറുപടി രസകരമായിരുന്നു. പോലിസ് ഉദ്യോഗസ്ഥനായ ഭർത്താവിന് മിക്ക ദിവസവും ജോലിക്ക് പോകണം. ഭാര്യയുടെ കൈകൊണ്ടൊരു കാപ്പി, കിടക്കയിൽ നിന്നും എഴുനേൽക്കാൻ സ്നേഹപൂർവമായ നാലഞ്ചു നിർബന്ധങ്ങൾ ഇതൊന്നുമില്ലാതെ കിടക്കവിട്ടുണരാൻ അതിയാനാവില്ല. അതുകൊണ്ട് ജോലിക്ക് പോകണ്ടെങ്കിലും ആറരക്ക് ഉണർന്ന് ഭർതൃപരിപാലനം നടത്തിയേ കഴിയു. പൂർത്തിയാക്കാനാവാത്ത പ്രഭാതസ്വപ്നങ്ങളെ താലോലിക്കാൻ ഡെയ്സിടീച്ചർ തന്റെ ഫോണിലെ അലാറം സോങ് മാറ്റി. ഇപ്പോഴതിൽ അതിരാവിലെ പാടുന്നത് ബ്രൂണോയാണ്.

“Today I don’t feel like doing anything
I just wanna lay in my bed
Don’t feel like picking up my phone, so leave a message at the tone
‘Cause today I swear I’m not doing anything.. . .
Nothing at all”

എന്നെല്ലാം ബ്രൂണോ എന്നും താളത്തിൽ പാടിയിട്ടും പൊലീസിന് കാര്യം മനസിലായിട്ടില്ല. എനിക്കും നിങ്ങളെപ്പോലെ അൽപ്പം കൂടി കിടന്നുറങ്ങാൻ ആഗ്രഹമുണ്ടുവ്വേ എന്ന് പറയാനുള്ള ഭാര്യയുടെ സൈക്കോളജിക്കൽ മൂവാണ് മാറിയ ഈ പാട്ടിനു പിന്നിലുള്ളതെന്നു മനസിലാകാത്ത ഇങ്ങേരൊക്കെ എങ്ങനെ കിട്ടുന്ന കേസുകൾ അന്വേഷിക്കുമാവോ എന്ന് പറഞ്ഞ് ഞങ്ങൾ രണ്ടും അന്ന് ഒരുപാട് ചിരിച്ചു. അതിന് ശേഷം ആറേഴു മാസം കടന്നു പോയി. ടീച്ചറിന്റെ ഫോണിൽ ബ്രൂണോ ഇപ്പോഴും പാട്ട് നിർത്തിയിട്ടില്ല.

പതിയെ എഴുനേറ്റ് കട്ടിലിൽ ചാരി ഇരുന്നു. ഗൃഹനാഥൻ ചരിഞ്ഞു കിടന്നുറങ്ങുന്നു. ചായയുടെയും ഉണരുന്നതിന്റെയും കാര്യത്തിൽ വലിയ നിർബന്ധങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് കഴിഞ്ഞ രണ്ട് വർഷത്തോളം ഉറക്കം സുഖകരമായിരുന്നു. ആ തണുന്ന പ്രഭാതങ്ങളിൽ, തുറന്നിട്ട ജനലിനുമപ്പുറത്ത് മഴയുടെ താരാട്ട് കേട്ട പുലരികളിൽ, വേനൽ ചൂടിന്റെ കഠിനതയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളുടെ തുടർച്ചയായി വന്ന കുളിരഞ്ഞിഞ്ഞ വെളുപ്പാൻകാലങ്ങളിൽ ഒരു ബുദ്ധിമുട്ടും അനുഭവിക്കാതെ ഉറങ്ങാൻ കഴിഞ്ഞിരുന്നു. ഇന്നിപ്പോൾ എല്ലാം മാറുകയാണ്. രണ്ട് വർഷങ്ങളുടെ വലിയ ഇടവേളക്കൊടുവിൽ സ്‌കൂളിലേക്ക് മടങ്ങുകയാണ്.

പണ്ട് അച്ഛന്റെ കൈപിടിച്ച് ആദ്യമായി സ്കൂളിൽ പോയ ദിവസത്തിന്റെ ഓർമകളിലായിരുന്നു ഇന്നലെ രാത്രിമുഴുവൻ. ചേച്ചിമാരുടെ സ്കൂളിൽപോക്ക് കണ്ട് കുറേ നാളുകളായി എനിക്കുണ്ടായിരുന്ന ആവേശത്തിന്റെ പരിസമാപ്തി. ഇരുവശത്തേക്കും കൊമ്പായി ചീകിക്കെട്ടിയ എണ്ണ തേച്ച് മിനുസപ്പെടുത്തിയ തലമുടി. നീട്ടിയെഴുതിയ കണ്ണുകൾ. തിരുനെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ. ദൃഷ്ടിദോഷങ്ങൾ ഒഴിവാക്കാൻ കവിളിലൊരു കാക്കപ്പുള്ളി. തടിയിൽ ഫ്രെയിം തീർത്ത സ്ലേറ്റും, തുടക്കാൻ ഇലകൾ പറിച്ചുമാറ്റി വൃത്തിയാക്കിയ വെള്ളാതുള്ളി ചെടികളുടെ തണ്ടും, കല്ല് പെനിസിലും വരയിട്ട ചെറിയൊരു ബുക്കും. അങ്ങനെവേണ്ടതെല്ലാം അച്ഛൻ വാങ്ങി നൽകി. ആവേശത്തോടെ ഞാനതെല്ലാം കൊണ്ട്‌ സ്കൂളിന്റെ പടി കയറി. അന്നത്തെ അതേ ആവേശമായിരുന്നു ഇന്നലെ മുതൽ എനിക്കും. സാരിയും ബ്ലൗസും തേച്ഛ് റെഡിയാക്കി വച്ചു. ക്ലാസ്സെടുക്കാനുള്ള നോട്ടുകൾ ബാഗിൽ ഒതുക്കി വച്ചു. വീണ്ടും കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കാൻ കുട്ടികൾക്കായി ഒരു പാക്കറ്റ് മുട്ടായി. ചുമന്ന പേനയും നീലപേനയും ഓരോന്ന്. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാനാ ഒന്നാംക്ലാസുകാരിയെ എന്നിൽ വീണ്ടും കണ്ടു.

കൃത്യമായി പറഞ്ഞാൽ രണ്ട് വർഷവും മൂന്നര മാസവുമായി സ്കൂളിൽ പഠനം നിലച്ചിട്ട്. 2020ൽ കൊറോണയുടെ വരവിൽ അവസാന പരീക്ഷപോലും നടത്താതെയാണ് ആ അധ്യയന വർഷം അവസാനിച്ചത്. പിന്നെ പഠിപ്പിക്കാൻ സ്‌കൂളിലേക്ക് വന്നിട്ടില്ല. ഇടയ്ക്കിടെ നടക്കുന്ന ഓഫ്‌ലൈൻ സ്റ്റാഫ് മീറ്റിങ്ങുകൾ, കഴിഞ്ഞ മാർച്ചിൽ നടന്ന പത്താം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകൾ. അങ്ങനെ അപൂർവമായി മാത്രമേ സ്‌കൂളിലേക്ക് പോകേണ്ടി വന്നിട്ടുള്ളൂ. അതും മാസ്കും ഗ്ലൗസും സാനിട്ടയ്‌സറും സോഷ്യൽ ഡിസ്റ്റൻസിങ്ങും ഒക്കെയായി ആരോടും മനസ് തുറന്ന് സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ. ഇന്നിത് 2022 July 4. കൊറോണക്കെതിരെയുള്ള യുദ്ധം ജയിച്ചതായി സർക്കാർ ഔദ്യോധികമായി പ്രഖ്യാപിചിട്ട് മൂന്നാം ദിവസം. അഞ്ചു വയസിനു മുകളിൽ എല്ലാവർക്കും വാക്സിനേഷൻ കിട്ടിക്കഴിഞ്ഞു. കൊറോണക്കും അതിന്റെ ബാക്കിപത്രമായി വന്ന മറ്റ് രോഗങ്ങൾക്കും മീതെ ജനങ്ങൾ നേടിയ വിജയത്തിന്റെ ആഘോഷങ്ങളാണെങ്ങും. എങ്കിലും 2020 മാർച്ചിന് മുൻപുള്ള ആ ജീവിതത്തിലേക്ക് പൂർണമായും മടങ്ങിപോകാനാകുമെന്ന് ഒരുറപ്പുമില്ല. കൊറോണക്ക് മുൻപെന്നും പിൻപെന്നും കാലം അതിന്റെ യാത്രയേ അടയാളപെടുത്തിക്കഴിഞ്ഞു. കാതോരത്തും കണ്മുൻപിലും വന്നു നിന്ന ആ വ്യാധിക്കെതിരായ യുദ്ധത്തിൽ നാം അണിഞ്ഞ കവചകുണ്ഡലങ്ങൾ പൂർണമായും ഉപേക്ഷിക്കുവാനായിട്ടില്ല. പെരുമാറ്റ ശീലങ്ങളിൽ നാം പുലർത്തിയ നിയന്ത്രണങ്ങളും ആഘോഷങ്ങളിലെ ലാളിത്യവും ഉപേക്ഷിക്കാൻ ആയിട്ടില്ല. പിന്നിലുപേക്ഷിച്ച കാലത്തിന്റെ സ്വഭാവികതയിലേക്ക് നമുക്കിനിയും പോകാനായിട്ടില്ല. യുദ്ധം ജയിച്ചവരാണ് നാം. വിജയാരവം മുഴക്കാൻ അവകാശമുണ്ട്. എങ്കിലും കലിംഗയിലെ അശോകന്റെ മനസോടെ വേണം നാം ഈ നിമിഷങ്ങളെ ആശ്ലേഷിക്കേണ്ടത്. വിജയകാഹളങ്ങളെയെല്ലാം ശാന്തിയുടെ ബുദ്ധസൂക്തങ്ങളാക്കി മാറ്റണം. സാമൂഹ്യബോധത്തിന് പ്രശാന്തിയുടെ ബോധനമന്ത്രങ്ങൾ പകരണം.

ഒൻപതു മണിക്കെങ്കിലും ഇറങ്ങിയാലേ കൃത്യ സമയത്ത് സ്കൂളിൽ എത്തു. അതിന് മുൻപ് റെഡിയാകണം. ഓൺലൈൻ ക്ലാസുകൾ ആയിരുന്നപ്പോൾ അൽപ്പം എളുപ്പമായിരുന്നു. എപ്പോഴാണോ ക്ലാസ്, അപ്പോൾ തലയൊന്നു ചീകിയൊതുക്കി , മുഖമൊന്നു മിനുക്കി ലാപ്ടോപ്പിന്റെ മുൻപിലേക്ക് വന്നിരുന്നാൽ മതി. സ്ലൈഡ് ഷോയും ഗൂഗിൾ സേർച്ച്‌ റിസൾട്ട്ടും ഒക്കെയായി സ്ക്രീൻ ഷെയർ ചെയ്യാനുണ്ടങ്കിൽ അങ്ങനെയും മാനേജ് ചെയ്യാം പക്ഷെ ഇനിയിപ്പോൾ അത് പറ്റില്ലലോ. എല്ലാം കൃത്യമായി പ്ലാൻ ചെയ്തു ചെയ്യണം. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം ഗൃഹഭരണവും ജോലിത്തിരക്കുകളും പരസ്പരയുദ്ധം തുടങ്ങുകയാണ്. നാശങ്ങൾ സംഭവിക്കാതെ അവയെ നിയന്ത്രിക്കണം.

ഓൺലൈൻ ക്‌ളാസുകൾ തുടങ്ങിയതിൽ പിന്നെ പലപ്പോഴും വീട്ടിൽത്തന്നെയായിരുന്നു. പുറത്തേക്ക് ഇറങ്ങിയത് അപൂർവമായി മാത്രം. കടയിൽ പോകാനും സാധങ്ങൾ വാങ്ങാനുമുള്ള അവസരങ്ങളൊക്കെ ഭർതൃരൂപീ സന്തോഷത്തോടെ ഏറ്റെടുത്തിരുന്നു. ഒരു സഞ്ചിയിലേ പച്ചക്കറിക്ക് ചിലപ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ കൂടി മൂല്യമുണ്ട്. അതാണ് സ്നേഹനിധിയായ ഭർത്താവ് തട്ടിയെടുത്തത്. ഈ നാട്ടിൽ പുരുഷമേധാവിത്വമില്ലന്ന് ആരാണ് പറയുന്നത്. . . . .

മുകളിൽ തിങ്ങി നിറഞ്ഞ മഴമേഘങ്ങൾക്കിടയിലൂടെ സൂര്യൻ പുഞ്ചിരിക്കുന്നു. കെട്ടകാലത്തിലും തളർന്നു പോകാതെ പിടിച്ചു നിന്ന ജീവിതം പോലെ. സ്‌കൂട്ടറിന്റെ ചക്രങ്ങൾ പതിയെ ഉരുണ്ടുതുടങ്ങി. പോകുന്ന വഴിയിൽ മഴ പെയ്താൽ സ്‌കൂളിലെത്താൻ താമസിക്കും. ടിക്കിയിൽ റെയിൻ കോട്ടുണ്ട്. പെയ്തു തുടങ്ങിയാൽ അതിടാം. എന്തായാലും പോകുകതന്നെ. ഈ സമയത്ത് ടൗണിലേക്ക് വന്നിട്ട് ഒരുപാടുകാലമായി. വലിയ മാറ്റങ്ങൾ ഒന്നുമില്ല. ചുറ്റുമുള്ള മുഖങ്ങളിൽ മാത്രം അപരിചിതത്വം. സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ നടത്തിയിരുന്ന റഷീദിന്റെ ബിരിയാണിക്കട പൂട്ടിപ്പോയി. വായിൽ കൊതിവെള്ളം നിറച്ച എത്ര ബിരിയാണികൾ കഴിച്ച സ്ഥലമാണ്, ഇനിയതില്ല. സ്‌കൂളിന് മുന്നിലെ ചായക്കടയിൽ നിന്നും എന്നും ചായ തന്നിരുന്ന സരസ്വതി ചേച്ചിയെയും അക്ഷരാ ബുക്ക് സ്റ്റാളിലെ രാജനെയും കൊറോണ കൊണ്ടുപോയി. എന്നും കണ്ടുകൊണ്ടിരുന്ന മുഖങ്ങളാണ് ഇനിയവയില്ല. ഇനിയും നികത്താനാകാതെ കാലം ബാക്കി വച്ച കടപ്പത്രങ്ങൾ. റഷീദിന്റെ ബിരിയാണിക്കടയുടെ (ഇനിയെങ്ങനെ പറയാമോ എന്നറിയില്ല) മുന്നിലൂടെ ഇടത്തേക്ക് വണ്ടി തിരിയുമ്പോൾ നോട്ടമൊന്നു പാളി. അടഞ്ഞു കിടക്കുന്ന ഷട്ടറുകൾ. നിർത്താതെ മുന്നോട്ട് പായുന്ന ചക്രങ്ങൾ. ചായക്കടയും ബുക്ക് സ്റ്റാളും കടന്ന് സ്‌കൂട്ടർ സ്‌കൂളിന് മുന്നിലേക്ക്. ഗേറ്റിന് വെളിയിലേക്ക് പടർന്നു കിടക്കുന്ന ചെമ്പരത്തിയിൽ നിറയെ ചുവന്ന മൊട്ടുകൾ. മഴക്കാലത്തു ചെമ്പരത്തി പൂക്കുന്നത് പതിവുള്ളതല്ല. ഒരുപക്ഷെ നീണ്ട കാലത്തിന് ശേഷം മുറ്റം നിറയെ കുട്ടികളെ കണ്ടതിൽ ചെടിയുടെ സന്തോഷമാകാം. കാലത്ത് നഷ്ടപെട്ട ഉറക്കത്തിന്റെ അലോസരങ്ങളെല്ലാം നീലയും വെള്ളയും നിറമണിഞ്ഞ യുണിഫോമുകളുടെ കാഴ്ച്ചയിൽ അലിഞ്ഞില്ലാതെയായി. ഇടവേളക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങിപ്പോകുന്നത് കാലങ്ങളോളം മണ്ണിൽ കുഴിച്ചിട്ട് മത്തും മണവും മൂത്ത വിന്റേജ് വീഞ്ഞുപോലെ ഉന്മാദമുണർത്തുന്നതാണ്. അതിന്റെ ദർശനം എന്റെ കണ്ണുകളിൽ ഹരിതശോഭ നിറച്ചു.

ഗേറ്റിൽ വർഗീസേട്ടൻ കാവലുണ്ട്. മൂക്കിന് മുകളിലെ കറുപ്പ് ഒരൽപ്പം കുറഞ്ഞിട്ടുണ്ടോ? . ഒന്നുരണ്ടു വയസ് കുറഞ്ഞത് പോലെ. ആഹാ കൊറോണക്ക് ഇങ്ങനെയുമൊരു ഗുണമുണ്ടോ. പാർക്കിങ് ഏരിയയിൽ സ്‌കൂട്ടർ പാർക്ക്‌ ചെയ്ത് സ്റ്റാഫ്‌ റൂമിലേക്ക് നടന്നെത്താറായപ്പോൾ മഴ ചാറി തുടങ്ങി. നിമിഷാർദ്രം കൊണ്ട് വെള്ളം ഇരമ്പിയാർത്തു. ഓടി വരാന്തയിൽ കയറിയത്കൊണ്ട് നനയാതെ രക്ഷപെട്ടു. സ്റ്റാഫ്‌ റൂമിൽ ഒട്ടുമിക്ക ആളുകളും എത്തിയിട്ടുണ്ട്. ശാരദ ടീച്ചറിരുന്ന കസേര ഒഴിഞ്ഞ് കിടക്കുന്നു. പുറകിലെ ഭിത്തിയിൽ ടീച്ചറിന്റെ ചിരിക്കുന്ന ചിത്രം തൂക്കിയിരിക്കുന്നു. കൊറോണയുട നഷ്ടങ്ങളിൽ ഒന്നുകൂടി. മഴ പെയ്യുന്നത് കൊണ്ട്‌ ഇന്നിനി അസംബ്ലി നടക്കില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം ആവേശത്തോടെ സ്കൂളിൽ എത്തിയപ്പോൾ ഉണ്ടായ ഏറ്റവും വലിയ നിരാശ. ഇനി എന്നാണാവോ യൂണിഫോമിന്റെ ഒരുമയിലും ഹൌസ് ഡ്രെസ്സിന്റെ വർണ്ണങ്ങളിലും പുളകിതരായ കുട്ടികളെ നിരനിരയായി ഈ സ്കൂൾ മുറ്റത്ത് കാണാൻ കഴിയുക. ഒട്ടേറെ ഇഷ്ടമുള്ള മഴയെ വെറുത്തു പോകുന്നത് ഇങ്ങനെ ചില നിമിഷങ്ങളിലാണ്. ജീവിതം എപ്പോഴും അങ്ങനെ ആണല്ലോ. ചില നഷ്ടങ്ങൾക്ക് കാരണമാകുമ്പോൾ അത്രമേൽ പ്രിയപ്പെട്ട പലതും നമുക്ക് നിന്ദ്യമായി തോന്നിത്തുടങ്ങും. . . .

ഫസ്റ്റ് ബെൽ ഉച്ചത്തിൽ മുഴങ്ങുന്നു. കർണപുടങ്ങളെ പുളകിതമാക്കുന്ന ആ ശബ്ദം വീണ്ടും കാതിൽ വന്നടിക്കുമ്പോൾ ഉള്ളിലെവിടേയോ വസന്തം പൂവിട്ടുണരുന്നു. ശരീരമാകെ ചിത്രശലഭങ്ങൾ പാറിപറക്കുന്നു. . ഭൂമിയിലൊരു സ്വർഗ്ഗമുണ്ടങ്കിൽ അതിതാണ് ഇതാണ്. . . (ഏറ്റവും കുറഞ്ഞപക്ഷം എനിക്കെങ്കിലും.) ഒരേ എണ്ണത്തിൽ ഒരേ താളത്തിൽ മുഴങ്ങുന്ന ബെലുകളിൽ ഒന്ന് ഫസ്റ്റ് ബെല്ലും മറ്റൊന്ന് ലാസ്റ്റ് ബെല്ലും ആയതെങ്ങനെയെന്ന് ചുമ്മാ ആലോചിച്ചു. സമയം, സമയവും ചിന്തയുമാണ് ബെല്ലുകളെ വേർതിരിക്കുന്നത്. ആളുകളെയും. ഒരേ താളത്തിൽ മുഴങ്ങുന്ന ബെല്ലെന്ന പോലെ നമുക്ക് മുന്നിൽ ഒരേ രൂപത്തിലുള്ള സാഹചര്യങ്ങൾ മാത്രമേയുള്ളു. അത് അവസരമായി കരുതണോ പരാജയമായി കണക്കാക്കണോ എന്ന് തീരുമാനിക്കുന്നത് സമയവും ചിന്തകളുമാണ്. വീട്ടു വാതിൽക്കൽ മുട്ടിവിളിച്ച ഒരു മഹാമാരിയെ അതിജീവനത്തിന്റെ അവസരമായി കരുതിയവർ ഇപ്പോഴും എന്റെ ചുറ്റിലുമുണ്ട്. പൊരുതി നോക്കാനാകാതെ വീണുപോയവർ പൊയ്ക്കഴിഞ്ഞിരിക്കുന്നു.

ടൈം ടേബിളിൽ ഒന്നാം പീരിയഡ് ക്ലാസുണ്ടന്നു കണ്ടപ്പോൾ ഒരു മൺസൂൺ ബംമ്പർ എടുക്കാനാണ് ആദ്യം തോന്നിയത് . അത്രക്ക് ഭാഗ്യവതിയാണല്ലോ ഞാനെന്ന വിചാരത്തിൽ. അതേ ഭാഗ്യം എല്ലാ ക്ലാസിലും ഓരോ അധ്യാപകർക്കും ലഭിച്ചിട്ടുണ്ടന്നോർത്തപ്പോൾ ആവേശം മെല്ലെയൊന്നടങ്ങി. ക്ലാസിലേക്ക് നടന്നപ്പോൾ വരാന്തയിൽ നിന്ന കുട്ടികളിൽ ഒരനക്കം. ഓൺലൈൻ ക്ലാസുകളിൽ മാത്രം കണ്ടു പരിചയിച്ച മുഖങ്ങൾ. പ്ലസ്ടു ക്കാരാണെന്നു തോന്നുന്നു. അവരുടെ ഒന്നാം വർഷം മുഴുവൻ പാഠം പകർന്നത് ഇന്റർനെറ്റിന്റെ വിശാലതയായിരുന്നല്ലോ. നേരിൽ കാണാൻ ഇത് ആദ്യ അവസരം. ക്ലാസിനോട് അടുക്കുംതോറും വരാന്തയിൽ ആളൊഴിഞ്ഞു. ടീച്ചർ ടീച്ചറെന്ന അടക്കം പറച്ചിലുകളിലൂടെ അവർ അകത്തേക്ക് കയറി. ഞാനും. ഗൂഡ്ഡ് മോർണിങ് ടീച്ചർ. . .. . ഒന്നിച്ചോന്നായി ഒരു ശബ്ദം. ഉള്ളിൽ വിരിഞ്ഞ പൂക്കൾ സന്തോഷത്താൽ ഒന്നുലഞ്ഞു. ഒരായിരം പൂമ്പാറ്റകൾ തലക്ക് മീതെ പറന്നു.

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടങ്കിൽ അതിതാണ് ഇതാണ്. എനിക്ക് മാത്രമല്ല ഇവർക്കും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.